Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ സമ്പത്തില്‍ വല്ല അന്യായവും കലരുന്നുണ്ടോ?

സത്യവിശ്വാസികള്‍ സല്‍സ്വഭാവികള്‍ ആയിരിക്കണം. അവരുടെ ഭാവം സൗമ്യതയുമാകണം. ഇവ ആര്‍ജിച്ചെടുക്കുവാന്‍ നിരന്തരം പരിശ്രമിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ അവയവങ്ങളെ മാത്രമായി നന്നാക്കിയെടുക്കാന്‍ സാധിക്കുമോ? അങ്ങനെ നന്നാകുവാനുള്ള ശ്രമങ്ങള്‍ സ്വഭാവം ശുദ്ധീകരിക്കപ്പെടുമോ?

നാവിന്റെ സ്വഭാവശുദ്ധിയെ കുറിച്ച് പരാമര്‍ശിക്കുന്നിടങ്ങളില്‍ പണ്ഡിതന്മാര്‍ ഇത് വിശദീകരിക്കുന്നുണ്ട്. ഹമ്പലി മദ്ഹബിന്റെ സ്ഥാപകനായ ഇമാം അഹ്മദ്ബ്‌നു ഹമ്പലിനോട് ഒരാള്‍ ചോദിച്ചു: ‘ഞാന്‍ സത്യസന്ധനും എന്റെ നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനുമാകണമെന്ന് ആഗ്രഹിക്കുന്നു. എങ്ങനെയാണ് നാവിനെ നന്നാക്കുക? അങ്ങനെ തീരുമാനിച്ചാല്‍ നാവു വഴങ്ങി തരുമോ?

ഇമാം നല്‍കിയ മറുപടി :’കഴിക്കുന്ന ഭക്ഷണം, ഉടുക്കുന്ന വസ്ത്രം ഉപയോഗിക്കുന്ന ധനം ഇവയില്‍ ഹലാലായത് മാത്രം ഉയോഗിക്കുന്നതു വഴിയല്ലാതെ നാവിന് ഒരിക്കലും നേരെയാക്കാന്‍ കഴിയില്ല. സ്വഭാവവും നന്നാകില്ല. ഹറാം ഒഴിവാക്കി ജീവിക്കുന്ന ആളുകള്‍ക്ക് മാത്രമേ നാവിനെ തന്റെ പരിധിയില്‍ കിട്ടുന്ന രീതിയില്‍ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്വഭാവം ശുദ്ധമാക്കാന്‍ സാധിക്കൂ.

ഖുര്‍ആന്‍ സൂറ ‘ഹുമസ’ യിലൂടെ ഈ കാര്യത്തെ വിശദീകരിക്കുന്നുണ്ട്. നാവിന്റെ സ്വഭാവശുദ്ധിയെ സൂക്ഷിക്കാത്തവനും, സമ്പത്ത് ഹറാമെന്നോ ഹലാലെന്നൊ ചിന്തയില്ലാതെ അവ ശാശ്വതമാണെന്ന ചിന്തയില്‍ കുന്നുകൂട്ടുന്നവര്‍ക്ക് കടുത്ത നരകശിക്ഷ ലഭിക്കുമെന്ന് പറയുന്നു. തുടര്‍ന്ന് ഇത്തരത്തില്‍ ജീവിക്കുന്നവരെ നാളെ പരലോകത്ത് അടിച്ചു പിഴിയുന്ന അഗാധ ഗര്‍ത്തത്തിലേക്ക് ഇടുമെന്നും പടച്ചവന്‍ മുന്നറീയിപ്പ് നല്‍കുന്നു.

ഇവിടെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന ജീവിതവിഭവങ്ങളെല്ലാം നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരിക്കല്‍ പ്രവാചകനെ രാത്രിയില്‍ ഉറങ്ങാതെ വളരെ അസ്വസ്ഥനായി ആയിഷ (റ) കാണുകയാണ്. പ്രവാചകനെ അത്തരത്തില്‍ കാണുക വിരളമാണ്. ആയിഷ(റ) എന്തു പറ്റിയെന്ന് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: ‘ഞാന്‍ കിടക്കുന്ന സ്ഥലത്ത് ഒരു കാരക്ക കണ്ടു. ഞാന്‍ അതെടുത്തു ഭക്ഷിച്ചു. പിന്നീടാണ് ഓര്‍ത്തത് നമ്മള്‍ താമസിക്കുന്ന ഈ ഇടം പാവപ്പെട്ടവര്‍ക്ക് സകാത്ത് നല്‍കേണ്ട ഈത്തപ്പഴങ്ങള്‍ ശേഖരിച്ചു വെക്കുന്നത്തിന്റെ അടുത്താണ്. അതില്‍ നിന്നും ഒരെണ്ണമാണോ ഞാന്‍ ഭക്ഷിച്ചതെന്ന ആശങ്കയില്‍ എനിക്ക് പേടി തോന്നുന്നു.

പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത്, ‘നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഒരംശം, അത് ഹലാല്‍ ആണോ എന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്തുന്നതായിരിക്കണം. അത്രത്തോളം സൂക്ഷ്മത അക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്.’ പ്രവാചകന്റെയടുക്കലായിരുന്നു നാട്ടിലെ ജനങ്ങള്‍ വിശ്വസ്തയോടെ തങ്ങളുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. നബി ആക്കാര്യത്തില്‍ സ്വീകരിച്ച ജാഗ്രത അത്ഭുതകരമാണ്. ഒരാള്‍ തന്ന സാധനമോ ധനമോ അത് അതുപോലെ ഏല്‍പിച്ച സാധനം തന്നെ തിരിച്ചു നല്‍കുമായിരുന്നു. പ്രവാചകന്‍ അതിന്റെ വെറും സൂക്ഷിപ്പുകാരനായിട്ടാണ് നിലകൊണ്ടത്. തന്നെ ഏല്‍പിച്ചിരുന്ന മറ്റുള്ളവരുട സൂക്ഷിപ്പുമുതല്‍ തന്റെ ആവശ്യങ്ങള്‍ക്ക് ഒരിക്കലും ഉപയോഗപ്പെടുത്തുവാന്‍ പാടില്ല എന്നുള്ള മാതൃകയാണ് നബി(സ) സ്വീകരിച്ചത്. ഏല്‍പിച്ച വസ്തു തിരിച്ചു ചോദിക്കുന്ന ആ നിമിഷം തന്നെ അയാളുടെ മുതല്‍ തിരിച്ചു കൊടുക്കുവാന്‍ കഴിയുന്നതാണ് ഏറ്റവും ഉത്തമം എന്ന് നബി പഠിപ്പിക്കുന്നു.

മറ്റൊരു സംഭവം, സഅദ്ബ്‌നു അബീ വക്കാസ് (റ) സ്വര്‍ഗ്ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട പത്തു സ്വഹാബികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ചരിത്രത്തില്‍ നിന്ന് കാണാന്‍ കഴിയുന്ന ഒരു കാര്യം , അദ്ദേഹം എവിടെ നിന്നാണ് താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പണം രൂപപ്പെട്ടത് എന്നറിയാതെ ഒരു അംശം പോലും ഭക്ഷിച്ചിരുന്നില്ല എന്നാണ്. ഹറാമില്‍ നിന്ന് വിട്ടു നിലക്കാന്‍ അദ്ദേഹം അത്രത്തോളം സൂക്ഷ്മത പുലര്‍ത്തിയിരുന്നു.

സ്വന്തത്തെ കുറിച്ച് ഉറപ്പുള്ള വിശ്വാസിയായി നമ്മള്‍ മാറേണ്ടതുണ്ട്. ഇത് ഭാര്യമാരും കുടുംബിനികളും ശ്രദ്ധിക്കേണ്ട പ്രത്യേക വിഷയമാണ്. ഭര്‍ത്താക്കന്മാരോട് അവര്‍ ചോദിക്കേണ്ടതുണ്ട്,വാപ്പയോട് മക്കള്‍ ചോദികേണ്ടതുണ്ട്. എവിടെ നിന്നാണ് നമ്മുടെ വരുമാനം? എവിടെ നിന്നാണ് അതിന്റെ സ്രോതസ്. അപ്പോഴാണ് നമ്മുടെ സൂക്ഷ്മത നമുക്ക് ബോധ്യപ്പെടുക. ലോട്ടറിയും ഷെയര്‍ മാര്‍ക്കറ്റും പോലുള്ള തട്ടിപ്പുകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ ഇവ തിരിച്ചറിയെയേണ്ടതുണ്ട്. മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റപോയ മുഹാജിറുകളായ സ്ത്രീകള്‍ ചോദിക്കുന്ന ചോദ്യം ഇസ്ലാമിക ചരിത്രത്തില്‍ ഇതിനു മാതൃകയായി നമുക്ക് കാണാന്‍ കഴിയും. മക്കയില്‍ നിന്നും കുടുംബ സമേതം ഹിജ്‌റ ചെയ്ത് മദീനയില്‍ വന്ന മുഹാജിറുകളായ ഈ ദമ്പതിമാര്‍ മദീനയിലും ഒരുമിച്ചുള്ള ജീവിതം തുടര്‍ന്നു. അവരുടെ ജീവിതം വളരെ കഷ്ടത നിറഞ്ഞതായിരുന്നു. കാരണം തങ്ങളുടെ ഏല്ലാ സ്വത്തുക്കളും ഇട്ടെറിഞ്ഞിട്ടാണ് അവര്‍ ഹിജ്റ ചെയ്തത്. മറ്റൊരാളുടെയും അഭയം ഒറ്റയായി വന്നവരെ പോലെ അവര്‍ സ്വീകരിച്ചുമില്ല. ഒരു നേരത്തെ വിശപ്പ് മാറ്റാന്‍ തന്നെ അവര്‍ കഷ്ടപെട്ടിരുന്നു. തങ്ങളുടെ ജീവിതം ഒട്ടും മെച്ചമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അത്രത്തോളം കഷ്ടപ്പാടുകളില്‍ നിന്നുപോലും, തങ്ങളുടെ പട്ടിണി മാറ്റുവാന്‍ വീടിനു പുറത്തേക്കിറങ്ങുന്ന സ്വഹാബിമാരോട് അവരുടെ ഭാര്യമാര്‍ പറഞ്ഞിരുന്നു, ‘ ഞങ്ങള്‍ പട്ടിണികിടന്നു കൊള്ളാം, ഹറാമായത് നല്‍കി ഞങ്ങളെ നരകത്തിന്റെ തീ തീറ്റിക്കരുത്. നബി(സ) പഠിപ്പിച്ചത് അന്യായമായി കട്ടും മോഷ്ടിച്ചും സ്വന്തം ശരീരത്തിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നവര്‍ക്ക് നരകമാണ് ഏറ്റവും നല്ലതെന്നാണ്.

ഉമറുബ്‌നു അബ്ദുല്‍ അസീസ്, അദ്ദേഹത്തിനെ രണ്ടാം ഉമര്‍ എന്നും അഞ്ചാം ഖലീഫ എന്നും പറയുന്നത്, അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ട് മാത്രമല്ല. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും കൂടി കൊണ്ടാണ്. ഒരിക്കല്‍ അദ്ദേഹം സക്കാത്തിന്റെ കണക്കുകള്‍ നോക്കുകയായിരുന്നു. അദ്ദേഹം സകാത്ത് വകകളെ തരം തിരിക്കുകയായിരുന്നു. സമ്പത്ത് വര്‍ദ്ധനവ് അധികമായ ഒരു കാലഘട്ടമായിരുന്നു അത്. ആ സമയം അദ്ദേഹത്തിന്റെ കുടുംബം അവിടേക്ക് കടന്നു വരികയാണ്. കുറച്ചുനേരത്തേക്ക് ചെയ്തുകൊണ്ടിരുന്ന ജോലി നിര്‍ത്തിവെച്ചുകൊണ്ട് അദ്ദേഹം കുടുംബത്തോടൊപ്പം ചേര്‍ന്നു. എന്നാല്‍ അദ്ദേഹം അവിടെ കത്തിച്ചു വെച്ചിരുന്ന വിളക്ക് അണച്ചു. എന്നിട്ട് മറ്റൊരുവിളക്ക് കത്തിക്കുകയാണ്. അപ്പോള്‍ കുടുംബക്കാര്‍ ചോദിച്ചു : ‘ താങ്കള്‍ എന്താണ് ഈ ചെയ്യുന്നത്.? ‘അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുസ്ലീങ്ങളുടെ സക്കാത്ത് കണക്കെടുക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒരു പണിയാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. അതിന് കത്തിക്കൊണ്ടിരുന്ന വിളക്ക് ഇസ്ലാമിക രാഷ്ട്രീയത്തിന് അവകാശപ്പെട്ടതാണ്. നമ്മള്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ടത് നമ്മുടെ സ്വകാര്യതക്കായി ഉപയോഗപ്പെടുത്തുന്ന നമ്മുടെ വിളക്ക് ആയിരിക്കണം.’ അദ്ദേഹം കുടുംബത്തോട് പറഞ്ഞു: ‘പകല്‍ നോമ്പെടുക്കുക രാത്രി ദീര്‍ഘനേരം നമസ്‌കരിക്കുക, ഇത് ഇടകലര്‍ത്തി ചെയ്യുന്നത് മാത്രമാണ് ‘തഖ്വ’എന്ന് തെറ്റിദ്ധരിക്കരുത്. യഥാര്‍ത്ഥത്തില്‍ ‘തഖ് വ’ എന്നാല്‍ അല്ലാഹു എന്തൊക്കെ നിഷിദ്ധമാക്കിയോ അതില്‍ നിന്നും മാറിനില്‍ക്കുക എന്നതാണ്.’

‘തഖ്വ’ എന്ന അറബി പദത്തിന് അര്‍ത്ഥം ‘ഭയഭക്തി’ എന്നല്ല.’സൂക്ഷ്മത’ എന്നാണ്. സൂക്ഷ്മതയിലൂടെയാണ് വിശ്വാസിയുടെ പദവി അല്ലാഹു ഉയര്‍ത്തുന്നത്. സൂക്ഷ്മത ഇല്ലാത്ത ഒരു മനുഷ്യന്റെ ഇബാദത്തുകള്‍ക്ക് ഒരു ഫലവും ഉണ്ടാവുകയില്ല. നബി (സ) ഉദാഹരണം സഹിതം ഈ കാര്യം വിശദീകരിക്കുന്നു. ഒരാള്‍ ഹജ്ജ് ചെയ്യുന്നതിനുവേണ്ടി പുറപ്പെട്ടു. അയാളുടെ വിശുദ്ധമായ ധനം കൊണ്ട്. അങ്ങനെ അയാളുടെ വാഹനത്തിലേക്ക് അയാള്‍ കാലെടുത്തുവെച്ചു. അയാള്‍ വിളിച്ചു പറഞ്ഞു. പടച്ചവനെ ഞാന്‍ നിനക്ക് ഉത്തരം നല്‍കിയിരിക്കുന്നു. ഞാനിതാ നിന്റെ വിശുദ്ധഗേഹത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു. അപ്പോള്‍ ആകാശലോകത്ത് നിന്ന് ഒരു മാലാഖ വിളിച്ചു പറയും. നിനക്കും അല്ലാഹു ഉത്തരം നല്‍കപ്പെട്ടിരിക്കുന്നു. കാരണം നിന്റെ ധനം വിശുദ്ധമാണ് നിന്റെ വാഹനം വിശുദ്ധമാണ്. നിന്റെ വസ്ത്രം വിശുദ്ധമാണ്. അതിനാല്‍ നിന്റെ ഹജ്ജ് സ്വീകരിക്കപ്പെടുന്നതാകുന്നു. മോശമായ രീതിയിലുള്ള ധനമായിട്ട് ഒരാള്‍ ഹജ്ജിനു പുറപ്പെട്ടാല്‍ ആകാശ ലോകത്തിലുള്ള മലക്ക് അയാള്‍ക് മറുപടി കൊടുക്കും. നിന്റെ ഒരു വിളിക്കും ഉത്തരമില്ല. കാരണം നിന്റെ ധനം നിഷിദ്ധമാണ്. നീ കഴിക്കുന്ന ഭക്ഷണം, നിന്റെ വസ്ത്രം, നിന്റെ വാഹനം എല്ലാം ഹറാമാണ്. നിനക്കൊരു സൗഭാഗ്യവും ഇല്ല. ഒരിക്കലും പുണ്യകരമല്ലാത്തൊരു ഹജ്ജാണ് താങ്കള്‍ ചെയ്യുന്നത്.’

അനന്തരാവകാശപരമായി ലഭിക്കുന്ന സ്വത്തുക്കള്‍ ആണെങ്കില്‍ കൂടി അതിന്റെ ഉറവിടം അറിയേണ്ടത് -അന്വേഷിക്കേണ്ടത് കടമയാണ്. സമ്പത്തിന്റെ കാര്യത്തില്‍ നബി(സ)സൂക്ഷ്മത പുലര്‍ത്താന്‍ പറയുന്നത് ഇങ്ങനെയാണ്, ‘സ്വന്തം അല്ലാത്ത ഒരു ചാണ്‍ ഭൂമിയെങ്കിലും അന്യായമായി മറ്റൊരാളില്‍ നിന്ന് ഒരാള്‍ കൈക്കലാക്കിയാല്‍ അയാള്‍ക്കുവേണ്ടി നരകത്തില്‍ എത്രത്തോളം വലിയ കുഴി രൂപപ്പെടുമെന്ന് അയാള്‍ അറിഞ്ഞിരിക്കട്ടെ ‘
നമ്മുടെ സ്വഭാവരൂപീകരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളുടെ തുടക്കവും അടിസ്ഥാനവും ഈ സൂക്ഷ്മതയില്‍ നിന്നാണ്. നമ്മള്‍ കഴിക്കുന്ന കാര്യത്തില്‍, നമ്മള്‍ കൊടുക്കുന്ന കാര്യത്തില്‍, നമ്മള്‍ പഠിക്കുന്ന കാര്യത്തില്‍, നമ്മുടെ വാഹനത്തിന്റെ കാര്യത്തില്‍ എല്ലാത്തിലും അതും നമ്മള്‍ ഹറാമിനേയും ഹലാലിനെയും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തെ നന്മയിലേക്ക് മാറ്റി പണിയുന്നതിലെ ആദ്യത്തെ ഘട്ടം അന്യായമായ ഒഴിവാക്കലാണ്. ആധുനിക രീതിയിലെ പണമിടപാടുകളും അനന്തരവകാശ കൈമാറ്റത്തിലും എത്രത്തോളം ഹറാമിന്റെ സ്വാധീനം ഉണ്ടെന്നു അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ ജീവിതം എത്ര കഷ്ടത്തിലാണെങ്കിലും അല്ലാഹു ഹറാമാക്കിയവയില്‍ നിന്ന് വിട്ട് നില്‍ക്കലാണ്- ‘തഖ്വ’യാണ് നമ്മുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

തയ്യാറാക്കിയത് : മുഹമ്മദ് വിദാദ്

Related Articles