Current Date

Search
Close this search box.
Search
Close this search box.

ദൈവ കാരുണ്യം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍ പതിവാക്കാം

വായുവും ജലവും ഇല്ലാതെ ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്തത് പോലെ ദൈവിക കാരുണ്യമില്ലാതെ ഒരു നിമിഷം പോലും കഴിഞ്ഞ് കൂടുക സാധ്യമല്ല. ദൈവിക കാരുണ്യത്തിന്‍റെ വിവിധ ഭാവങ്ങളാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്.  ജനനം മുതല്‍ മരണം വരേയും അതിനപ്പുറവുമുള്ള ജീവിതത്തിലും നാമെല്ലാം ആ കാരുണ്യത്തിന്‍റെ തണല്‍വിരിക്കുന്ന മേഘപാളികള്‍ക്കടിയിലാണ് കഴിഞ്ഞ് കൂടുന്നത്. ഈ ലോകത്ത് മാത്രമല്ല പരലോകത്തും അല്ലാഹുവിന്‍റെ കാരുണ്യത്തിലാണ് നമ്മുടെ പ്രതീക്ഷ.   നബി (സ) പറഞ്ഞു: അറിഞ്ഞ് കൊള്ളുക.  കര്‍മ്മം കൊണ്ട് നിങ്ങളില്‍ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ശിഷ്യന്മാര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ താങ്കളും അങ്ങനെയാണൊ? അവിടന്ന് പ്രതിവചിച്ചു: അതെ. ഞാനും അങ്ങനെ തന്നെ. അല്ലാഹുവിന്‍റെ കാരുണ്യാനുഗ്രഹങ്ങള്‍ കൊണ്ട് എന്നെ തുണച്ചാലല്ലാതെ എനിക്കും സ്വര്‍ഗ്ഗ പ്രവേശനം സാധ്യമല്ല.

അല്ലാഹു നമുക്ക് രണ്ടു തരത്തിലുള്ള കാരുണ്യത്തെ കുറിച്ച് പരിചയപ്പെടുത്തി തരുന്നുണ്ട്. ഒന്ന് റഹ്മാന് എന്നും മറ്റേത് റഹീം എന്നുമാണ് അറിയപ്പെടുന്നത്. അനന്തവും പരിധി ഇല്ലാത്തതുമായ അല്ലാഹുവിന്‍റെ കാരുണ്യത്തെ വിശേഷിപ്പിക്കുന്നതാണ് റഹ്മാന്‍ എങ്കില്‍ അവനെ അനുസരിക്കുന്നവര്‍ക്കും വഴിപ്പെടുന്നവര്‍ക്കും പ്രത്യേകമാകപ്പെട്ടതാണ് റഹീം എന്ന പദം. റഹീം എന്ന വിശേഷണത്തിലൂടെ അല്ലാഹു ചൊരിയുന്ന കാരുണ്യത്തിനര്‍ഹാനാവാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങളാണ് ചുവടെ.

1.സത്യ വിശ്വാസവും തദനുസൃതമായ പ്രവര്‍ത്തനവും അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കാന്‍ നിമിത്തമാവുമെന്ന് ഖുര്‍ആന്‍ പറയുന്നു:  “വിശ്വസിക്കുകയും പലായനം ചെയ്യുകയും ദൈവമാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരാരൊ,അവരാകുന്നു ദൈവ കാരുണ്യം പ്രതീക്ഷിക്കാനര്‍ഹരായവര്‍.അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാലുവുമാണ്.” (ബഖറ: 218.)  മറ്റൊരു അധ്യായത്തില്‍ ഇങ്ങനെ കാണാം: അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കുവിന്‍. നിങ്ങള്‍ക്ക് കരുണ ലഭിക്കുമെന്ന് ആശിക്കാം. (ആലിഇംറാന്‍: 132.)

പ്രവാചക ജീവിതത്തിലെ സുപ്രധാനമായ യുദ്ധമാണല്ലോ ഉഹ്ദ് യുദ്ധം. നൈമിഷികമായ ചാപല്യത്തിന് വിധേയമായി ഉഹ്ദ് യുദ്ധത്തില്‍ സഹാബികള്‍ നബിയുടെ കല്‍പന ധിക്കരിച്ചപ്പോള്‍ ശത്രു സൈന്യം കടന്നാക്രമണം നടത്തിയത് അനുസരണകേടിന്‍റെ തിക്തഫലമായിരുന്നു എന്ന് മാത്രമല്ല, ബദ്റില്‍ ലഭിച്ച കാരുണ്യം ഉഹ്ദില്‍ ലഭിക്കാതെ പോവുകയും ചെയ്തതിന്‍റെ ഉദാഹരണം കൂടിയാണ്. പിന്നീട് പ്രവാചകന്‍റെ കരുത്തുറ്റ നേതൃപാഠവത്തിലൂടെ ഉഹ്ദ് യുദ്ധത്തില്‍ അന്തിമ വിജയം ഉണ്ടായി എന്നത് മറ്റൊരു കാര്യം.

Also read: സാമ്പത്തിക ശാക്തീകരണം ഇസ്‌ലാമിക വീക്ഷണത്തില്‍

2. കാരുണ്യം ലഭിക്കാനുള്ള രണ്ടാതത്തെ മാര്‍ഗ്ഗമാണ് വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത്. അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെങ്കില്‍ ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തണമെന്നത് അല്ലാഹു നിര്‍ദ്ദശിച്ച കാര്യമാണ്.  ഖുര്‍ആന്‍ പറയുന്നു. ഇത് ഒരു അനുഗ്രഹപൂര്‍ണ്ണമായ ഗ്രന്ഥമായി നാം അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഖുര്‍ആനെ പിന്തുടരുകയും ദൈവ ഭക്തി കൈകൊള്ളുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (അല്‍ അന്‍ആം:155)

3. കാരുണ്യം ലഭിക്കാനുള്ള ഏറ്റവും ഫലദ്രമായ കര്‍മ്മമാണ് പ്രാര്‍ത്ഥന. എല്ലാ ആരാധനകളുടേയും മജ്ജയാണ് പ്രാര്‍ത്ഥന എന്ന് നബി (സ) നമ്മെ പഠിപ്പിക്കുകയുണ്ടായി. പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുമെന്ന് ഖുര്‍ആനും വ്യക്തമാക്കുന്നു: ഭൂമിയുടെ സംസ്കരണം കഴിഞ്ഞിരിക്കെ ഇനി അതില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍.ഭയത്തോടും പ്രതീക്ഷയോടും കൂടി അല്ലാഹുവിനെ മാത്രം പ്രാര്‍ഥിക്കുവിന്‍. നിശ്ചയം, ദൈവാനുഗ്രഹം സുകൃതരുടെ സമീപത്താകുന്നു. സൂറത്ത്: (അല്‍അഅ്റാഫ്: 56)

4. ഒരു പുണ്യത്തിന് വേണ്ടി ഖുര്‍ആന്‍ കാസറ്റിലൂടെയൊ മെബൈലിലൂടെയൊ തുറന്ന് വെക്കുകയും അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത നമുക്കിടയിലുണ്ട്.  എന്നാല്‍ ഖുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നത് കാരുണ്യം ലഭിക്കാന്‍ അര്‍ഹമായിത്തീര്‍ന്നേക്കാം എന്നാണ് ഖുര്‍ആന്‍ നമ്മെ ഒര്‍മ്മപ്പെടുത്തുന്നത്. “നിങ്ങള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായി അത് ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ കാരുണ്യത്തിന് വിധേയമായേക്കാം  (അല്‍ അഅ്റാഫ്: 204)

5. കാരുണ്യം ലഭിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത് നമസ്കാരം നിര്‍വ്വഹിക്കലാണ്. നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക. സക്കാത്ത് നല്‍കുക. ദൈവ ദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിക്കുമെന്ന് ആശിക്കാം. (അന്നൂര്‍: 56)  നബിക്ക് പ്രയാസം നേരിടുമ്പോള്‍, ബിലാലേ നമുക്ക് ആശ്വാസം നല്‍കൂ എന്ന് പറഞ്ഞ് കൊണ്ട് നമസ്കാരത്തില്‍ അഭയം പ്രാപിച്ചിരുന്നതായി പ്രവാചക ചരിതങ്ങളില്‍ വിശ്രുതമാണ്.

6. അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ തേടുന്നത് അഥവാ മാപ്പിരക്കുന്നത് വലിയ പുണ്യമുള്ള കാര്യമാണെന്ന് ഖുര്‍ആനും തിരുവചനങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നബി (സ) ദിനേന എഴുപത് പ്രാവിശ്യം അല്ലാഹുവിനോട് മാപ്പിരുന്നതായി ഹദീസുകളില്‍ കാണാം. അതിനാല്‍ കാരുണ്യം ലഭിക്കാനുള്ള മാര്‍ഗ്ഗം ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുക എന്നതാണെന്ന് ഖുര്‍ആന്‍ പറയുന്നു:  സാലിഹ് നബി താന്‍ നിയോഗിക്കപ്പെട്ട സമൂദ് ഗോത്രക്കാരോട് പറഞ്ഞു: നന്മക്ക് മുമ്പായി നിങ്ങള്‍ തിന്മക്ക് തിടുക്കം കൂട്ടുന്നതെന്തിന്? അല്ലാഹുവിനോട് മാപ്പ് തേടിക്കൂടെ? നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.   (അന്നംല് 46)

7. ബന്ധങ്ങള്‍ നന്നാക്കുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. കാരണം അവനാണ് വിവിധ തരം മനുഷ്യ ബന്ധങ്ങള്‍ സൃഷ്ടിച്ചത്.  ഖുര്‍ആന്‍ പറയുന്നു: സത്യ വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവാരാവുകയും ചെയ്യുവിന്‍. നങ്ങള്‍ അവന്‍റെ കാരുണ്യത്തിന് പാത്രീഭൂതമായേക്കാം. (ഹുജ്റാത്ത്: 10)

8. പ്രപഞ്ചത്തില്‍ പ്രകടമായി കാണുന്നത് കാരുണ്യമാണ്. അത് കൂടുതലായി ലഭിക്കുന്നത് സകാത്ത് കൊടുക്കുന്നവര്‍ക്കും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കാണെന്ന്  ഖുര്‍ആന്‍:
എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളേയും ഉള്‍കൊള്ളുന്നതാകുന്നു. എന്നാല്‍ ധര്‍മ്മ നിഷ്ട പുലര്‍ത്തുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഞാന്‍ അത് രേഖപ്പെടുത്തുന്നതാകുന്നു.  (അല്‍ അഅ്റാഫ് :156)

9. എന്താണൊ നാം കൊടുക്കുന്നത് അതാണ് നമുക്ക് കിട്ടുക. സേ്നഹം കൊടുത്താല്‍ സേ്നഹം കിട്ടും. കാരുണ്യം കൊടുത്താല്‍ കാരുണ്യമാണ് ലഭിക്കുക. പ്രവാചകന്‍ (സ) അരുളി: ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരണ്യം കാണിക്കും.  നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങളായി വഴിഞ്ഞിറങ്ങുന്നതാണ് അല്ലാഹുവിന്‍റെ കാരുണ്യം. മനുഷ്യന്‍ മനുഷ്യനോട് തന്നെ ക്രൂരത കാണിക്കുന്ന ഒരു കരാള കാഘഘട്ടത്തിലൂടെയാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്. പിന്നെ എവിടെ നിന്നാണ് നമുക്ക് കാരുണ്യം ലഭ്യമാവുക.

Also read: യുവാക്കളെ ഇസ്‌ലാം പഠിപ്പിക്കേണ്ടതെങ്ങനെ ?

10. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉള്‍പ്പെടുമെങ്കിലും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് വളരെ പ്രശസ്തമാണ്:  മദീനയിലെ മസ്ജിദ് നബവിയില്‍ ഇഅ്തികാഫ് ഇരിക്കവെ ചിലര്‍ ആവശ്യ നിര്‍വ്വഹണത്തിനായി അദ്ദേഹത്തെ സമീപിച്ചു. പള്ളിയില്‍ നിന്നും അദ്ദേഹം അവരുടെ ആവശ്യപൂര്‍ത്തീകരണത്തിനായി അവരോടൊപ്പം പോയി. ചിലര്‍ ചോദിച്ചു: താങ്കള്‍ ഇഅ്തികാഫില്‍ നിന്ന് വിരമിക്കുകയൊ? നബി (സ) യുടെ ഖബറിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു: ഈ ഖബറിന്‍റെ ഉടമ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: നിന്‍റെ സഹോദരന്‍റെ ആവശ്യപൂര്‍ത്തീകരണത്തിനായി പുറപ്പെടുന്നത് ഈ പള്ളിയില്‍ 40 ദിവസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഉത്തമമാണ്.

ആസ്ത്രലിയന്‍ വനാന്തരങ്ങളിലെ ആദിവാസികള്‍ ഉപയോഗിക്കുന്ന ബൂമ്റാംഗ് എന്ന അസ്ത്രത്തെ കുറിച്ച് പലരും കേട്ടിരിക്കും.  അസ്ത്രം ദൗത്യം നിര്‍വ്വഹിച്ച് അമ്പൈയതവനിലേക്ക് തന്നെ തിരിച്ച് വരുന്ന വിചിത്ര പ്രകൃതമാണ് ഈ അമ്പിന്‍റെ പ്രത്യേകത. അത് പോലെയാണ് നാം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളൂം. അത് നമ്മിലേക്ക് തന്നെ തിരിച്ച് വരുന്നത് എത്ര ചേതോഹരമാണ്. അതിനാല്‍ നാം എറിയുന്ന ബൂമ്റാംഗ് കാരുണ്യത്തിന്‍റേതാണൊ ക്രൂരതയുടേതാണൊ എന്ന് ചിന്തിക്കുക.

Related Articles