Current Date

Search
Close this search box.
Search
Close this search box.

സ്വർഗ്ഗം കിനാവ് കണ്ട് ജീവിക്കാം

വിഷപ്പൊ, ദാരിദ്ര്യമൊ, ദു:ഖമൊ, രോഗമൊ ഈ ലോകത്ത്വെച്ച് നിങ്ങളെ പിടികൂടുന്നു എന്ന് സങ്കൽപ്പിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അവകാശം നിഷേധിക്കപ്പെടുകയാണെന്നൊ നിങ്ങൾ അനീതിക്കിരയായെന്നൊ കരുതുക. അത്തരം സന്ദർഭങ്ങളിൽ ഹൃദയാനന്ദകരമായ സ്വർഗ്ഗത്തിൽ നമുക്ക് ലഭിക്കാനിരിക്കുന്ന സ്ഥായിയായ സന്തോഷത്തേയും ആനന്ദത്തേയും സുരക്ഷയേയും സമാധാനത്തെയും കുറിച്ച് സ്വയം ഓർത്ത്നോക്കു.

ഇത്തരമൊരു വിശ്വാസ സംഹിതയിലാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ, അതിന് വേണ്ടിയാണ് നിങ്ങൾ പ്രവൃത്തിക്കുന്നതെങ്കിൽ, നിങ്ങൾ നഷ്ടത്തെ ലാഭകരമാക്കുകയും ദുരിതത്തെ ഉപഹാരമാക്കുകയും ചെയ്തു. പരലോക ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ജനങ്ങളിൽ ഏറ്റവും ബുദ്ധിമാന്മാർ. അതാണ് ഏറ്റവും ഉത്തമവും എന്നെന്നും നിലനിൽക്കുന്നതും.

അന്തിമ ലക്ഷ്യമായി ഈ ലോകത്തെ പരിഗണിക്കുന്നവരും ഈ ലോകമാണ് അന്തിമ താവളമെന്ന് കരുതുന്നവരുമാണ് സൃഷ്ടികളിലെ ഏറ്റവും വലിയ വിഡ്ഡികളും ഭോഷന്മാരും. അതിനാൽ ഈ ലോകത്തെ പരീക്ഷണ സന്ദർഭത്തിൽ ജനങ്ങളിൽ ഏറ്റവും ഭീതിയുള്ളവരായി നിങ്ങൾക്ക് അവരെ കാണാം. ഈ ലൗകിക ജീവിത വീക്ഷണത്തിൻറെ ഫലമായി തങ്ങൾക്കുണ്ടാവുന്ന ദുരിതങ്ങളിൽ ഏറെ ഖിന്നിതരും ദു:ഖിതരുമാണ് അവർ.

നിസ്സാരവും നശ്വരുവുമായ ഈ ലോകത്തേക്ക് മാത്രമേ അവർ നോക്കുന്നുള്ളൂ. അതിനപ്പുറമുള്ള ലോകത്തെ കുറിച്ച് അവർക്ക് ചിന്തിക്കാനൊ പ്രവർത്തിക്കാനൊ കഴിയുന്നില്ല. അവരുടെ സന്തോഷം ഇല്ലാതാവുന്നത് അവർക്ക് അസഹനീയമാണ്. അവരുടെ ആനന്ദം ഇല്ലാതാവുന്നത് അവർക്ക് ക്ഷമിക്കാൻ സാധിക്കുന്നില്ല.

പാപത്തിൻറെ കളങ്കം അവരുടെ ഹൃദയത്തിൽ നിന്നു നീക്കിയാൽ, അജ്ഞതയുടെ മൂടുപടം അവരുടെ കൺപടലങ്ങളിൽ നിന്ന് ഇല്ലാതാക്കിയാൽ, അവർക്ക് അനശ്വരമായ ആനന്ദത്തെ കുറിച്ച് സ്വയം നിർവൃതിയിലാവാൻ കഴിയും. വെളിപാടിൻറെ സംഗീതം അവരുടെ കാതുകളിൽ മുഴങ്ങുമായിരുന്നു. നമ്മുടെ മുഴുവൻ ശ്രദ്ധയും കഠിനാധ്വാനവും അക്ഷീണ പരിശ്രമവും അർഹിക്കുന്ന അല്ലാഹു നൽകുന്ന ഒരു വീടാണത്.

സ്വർഗ്ഗവാസികളുടെ സവിശേഷതകളെ കുറിച്ച്, അവർ ഒരിക്കലും രോഗികളാവുകയില്ലെന്നും ദു:ഖിക്കുന്നവരല്ലെന്നും മരിക്കുന്നവരല്ലെന്നും, നാം എപ്പോഴെങ്കിലും ആഴത്തിൽ ചിന്തിച്ചിട്ടുണ്ടൊ? അവർ നിത്യ യുവത്വത്തിൻറെ പ്രസരിപ്പോടെ ജീവിക്കുമെന്നും അവരുടെ വസ്ത്രം എന്നെന്നും പുതുമയുള്ളതായിരിക്കുമെന്നും നാം ആലോചിച്ചിട്ടുണ്ടൊ?

അകത്ത് നിന്ന് നോക്കിയത് പോലെയായിരിക്കുകയില്ല പുറത്ത് നിന്ന് നോക്കുമ്പോൾ. തിരിച്ചും അങ്ങനെ തന്നെ. അത്രയും മനോഹരമായ ഭവനങ്ങളിലായിരിക്കും അവർ. ഒരു കണ്ണും കാണാത്ത ഒരു ചെവിയും കേൾക്കാത്ത ഒരു മനസിനും ഊഹിക്കാൻ കഴിയാത്തതായിരിക്കും അവിടത്തെ സൗകര്യങ്ങൾ.

സഞ്ചാരി അവിടത്തെ വൃക്ഷതണലിലൂടെ വർഷങ്ങളോളം സഞ്ചരിക്കും. അഭംഗുരം ഒഴുകുന്ന അരുവികൾ. ഉയർന്ന മണിമാളികകൾ. കൈ എത്തിപിടിക്കാവുന്ന ദൂരത്തിൽ അതിലെ പഴങ്ങൾ. തരുണികളാവട്ടെ അതീവ സുന്ദരികളും. അംബരചുംബികളായ കൊട്ടാരങ്ങൾ. കൈകളിൽ സജ്ജമാക്കിയ പാനപാത്രങ്ങൾ. വരിവരിയായി വെക്കപ്പെട്ട തലയണികൾ. മനോഹരമായി വിരിച്ച പരവതാനികൾ. പുർണ്ണ ആനന്ദമാണ് അവിടെ. എങ്ങും അലതല്ലുന്ന ആഹ്ലാദം. എവിടേയും അടിച്ച്വീശുന്ന സുഗന്ധം, അതിൻറെ ഗുണവിശേഷങ്ങൾ വിവരണാതീതം. അവിടെ നമ്മുടെ മഹത്തായ അഭിലാഷങ്ങൾ പൂവണിയുന്നു.

അതിനാൽ നാം എന്ത്കൊണ്ട് അതിനെ കുറിച്ച് അകാധമായി ചിന്തിക്കുകയും അതിന് മതിയായ പരിഗണനയും നൽകുന്നില്ല? ഇതാണ് നമ്മുടെ അന്തിമ വാസ സ്ഥലമെങ്കിൽ, ഈ ഭൂമിയിൽ ദുരിതമനുഭവിക്കുന്നവർ വിപത്തുക്കളെ ലഘൂവായി കാണുക. ദു:ഖിതരുടെ മുഖം പ്രശോഭിതമാവട്ടെ. ദരിദ്രരുടെ ഹൃദയങ്ങൾ സന്തോഷം നിറയട്ടെ.

ദാരിദ്ര്യത്താൽ തകർന്നടിഞ്ഞവരെ, പരീക്ഷണങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ, ശരിയായ രൂപത്തിൽ പ്രവർത്തിക്കുക. അല്ലാഹുവിൻറെ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് ശാശ്വതമായി താമസിക്കാം. മഹോന്നതനായ അവൻറെ സമീപത്തായി. ഖുർആൻ പറയുന്നു: അവർ (മലക്കുകൾ) അവരോട് പറയും: ‘നിങ്ങൾക്ക് സമാധാനം ഭവിക്കട്ടെ!ഇഹലോകത്ത് ക്ഷമയോടെ ജീവിച്ചതിനുപകരമായി ഇന്നു നിങ്ങൾ ഈ അനുഗ്രഹത്തിനർഹരായിരിക്കുന്നു. ഈ പരലോകഭവനം എന്തുമാത്രം അനുഗൃഹീതം!’ ( 13:24 )

വിവ: ഇബ്റാഹീം ശംനാട്

Related Articles