Current Date

Search
Close this search box.
Search
Close this search box.

ഹജ്ജിന്റെ ആത്മാവ്

മക്കക്കാര്‍ ഇബ്രാഹിം നബിയെ ബഹുമാനിച്ചതു അദ്ദേഹത്തിന്റെ വലിയ പ്രതിമ കഅ്ബയില്‍ പ്രതിഷ്ഠിച്ചു കൊണ്ടാണ്. മുഹമ്മദ് നബി ഇബ്രാഹിം നബിയെ ബഹുമാനിച്ചത് ആ വിഗ്രഹം തകര്‍ത്തു കൊണ്ടും. രണ്ടും ബഹുമാനമാണ്. പക്ഷെ വഴികള്‍ വിരുദ്ധവും. അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കണം എന്നത് ഖുര്‍ആനിക കല്പനയാണ്. അത് ഹൃദയത്തിന്റെ സൂക്ഷമതയോടെ ഭാഗം കൂടിയാണ്. ഹജ്ജിനു പോയാല്‍ കാണാന്‍ കഴിയുന്ന ആദരവിന്റെ രീതിയുണ്ട്. കഅബയെ തൊടല്‍ പുണ്യമുള്ള സ്ഥാനം നിര്ണിതമാണ്. അതെ സമയം പലരും തങ്ങളുടെ കയ്യിലുള്ള മധു കൊണ്ട് കഅബയെ തുടക്കുന്നതു കാണാം. മഖാമു ഇബ്രാഹിമില്‍ ചിലര്‍ ചുംബിക്കുന്നു. ഉഹദ് മലയിലെ കല്ലെടുത്തു ആദരവോടെ കയ്യില്‍ പിടിക്കുന്നവര്‍. അങ്ങിനെ ഭക്തിയുടെ വിവിധ പ്രകടനങ്ങള്‍ കാണാം.

അല്ലാഹുവിന്റെ അടയാളങ്ങള്‍ കേവലം കാഴ്ച വസ്തുക്കളല്ല. അത് മനുഷ്യരില്‍ മാറ്റം ഉണ്ടാക്കണം. ‘നിങ്ങള്ക്ക് ഉപകാരപ്രദമായതിനു സാക്ഷിയാവാന്‍’ എന്ന ഖുര്‍ആനിക പ്രയോഗം കേവല കാഴ്ചയെയല്ല സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ അടയാളങ്ങള്‍ വിശ്വാസികളില്‍ ദൈവിക സ്മരണ വര്‍ധിപ്പിക്കണം. നാം കാണുന്ന അടയാളങ്ങളുടെ പിന്നിലെ ചരിത്രം നാം അറിയണം. ആ ചരിത്രം കൂടി ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് കാഴ്ച പൂര്‍ത്തിയാവുക. റമദാന്‍ ഖുര്‍ആനിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന മാസമായി നാം മനസിലാക്കുന്നു. അത് പോലെ തൗഹീദിന്റെ പ്രാധാന്യമാണ് ഹജ്ജ് പറയുന്നത്. തൗഹീദ് സ്ഥാപിക്കാനായി ഇബ്രാഹിം നബി നടത്തിയ പ്രയത്‌നം നമ്മുടെ മനസ്സിലേക്ക് കടന്നു വരണം. തൗഹീദിന്റെ ഭാഗമായ ആരാധനയുടെ പ്രഥമ ഗേഹമാണ് കഅബ. ഇബ്രാഹിം നബി തന്റെ പ്രവര്‍ത്തനവുമായി മുന്നേറുമ്പോള്‍ അതിനു പിന്തുണ നല്‍കിയ ഹാജറയുടെ സ്മരണ സഫാ മര്വയില്‍ നിന്നും ലഭിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കാന്‍ തയാറായ ഇബ്രാഹിം നബിയുടെ സമര്‍പ്പണത്തിന്റെ ചരിത്രം മിനായില്‍ നിന്നും ലഭിക്കണം. പിശാചിന് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സങ്കടമുള്ള ദിനമാണ് അറഫാ. ആ രീതിയില്‍ അറഫയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയണം. അങ്ങിനെ അല്ലാഹുവിന്റെ അടയാളങ്ങളെ സമീപിച്ചാല്‍ അത് പുണ്യമാണ്.

ഇബ്രാഹിം നബി വക്രതയില്ലാത്ത മനസ്സിന്റെ ഉടമ എന്നാണ് ഖുര്‍ആന്‍ പറഞ്ഞു വെച്ചത്. തന്റെ രക്തിതാവിന്റെ അടുത്തേക്ക് അദ്ദേഹം വക്രതയില്ലാത്ത ഹൃദയവുമായി വന്നു എന്നാണു അതിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത് കൊണ്ടാണ് ഹജ്ജിനു ശേഷം ഹാജി പ്രസവിച്ച കുട്ടിയുടെ മനസ്സുപോലെ ആയിത്തീരുന്നത്. പരലോകത്തു സ്വര്‍ഗം ലഭിക്കുന്ന വിഭാഗം വക്രതയില്ലാത്ത മനസ്സിന്റെ ഉടമകളാണ്. തന്നെ വേദനിപ്പിച്ച നാട്ടുകാരോടും സ്വന്തം പിതാവിനോട് പോലും ഒരു വിദ്വേഷവും ഇബ്രാഹിം നബി സൂക്ഷിച്ചില്ല. തന്റെ പ്രവര്‍ത്തന മാര്‍ഗത്തില്‍ കടന്നു വന്ന വൈതരണികളെ ഇബ്രാഹിം നബി സ്ഥൈര്യത്തോടെ നേരിട്ടു. ഒരിക്കല്‍ പോലും പീഡനങ്ങളും പ്രലോഭനങ്ങളും തന്റെ മാര്‍ഗത്തില്‍ നിന്നും പിറകോട്ടു പോകാന്‍ കാരണമായില്ല. നാം ജീവിക്കുന്ന രാജ്യത്തു ഇബ്രാഹിം നബി അങ്ങിനെയാണ് പാഠമാകുന്നത്. മുസ്ലിമായി എന്നതിന്റെ പേരില്‍ കത്തിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന കാലത്ത് ഇബ്രാഹിം ഒരു പ്രചോദനമാണ്. മൂസാ നബിയും മുഹമ്മദ് നബിയും മറ്റു പ്രവാചകന്മാരും ഈ നിലയില്‍ പീഡിപ്പിക്കപ്പെട്ടു. തങ്ങളുടെ ഒരു പാട് അനുയായികള്‍ക്ക് ജീവന്‍ നഷ്ടമായി. പക്ഷെ അതൊന്നും അവരെ തങ്ങളുടെ ദൗത്യത്തില്‍ നിന്നും പിറകോട്ടു പോകാന്‍ കാരണമായില്ല.

തിരിച്ചു പ്രതീക്ഷിക്കാതെ ദൈവിക മാര്‍ഗത്തില്‍ സ്വയം മുന്നേറാന്‍ കഴിയുക എന്നത് വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹമാണ് ഇബാഹിം നബി നേടിയത്. ഹജ്ജിന്റെ ആത്മാവ് അവിടെയാണ്. ബലി പോലും അങ്ങിനെയാണ്. അതിന്റെ ബാഹ്യമായ രൂപത്തിനേക്കാള്‍ അതിന്റെ ആത്മാവാണ് പ്രാധാന്യം. കാരണം അല്ലാഹുവിന്റെ അരികില്‍ എത്തുന്നത് ബലിമൃഗത്തിന്റെ ചോരയും മാംസവുമല്ല പകരം അതിന്റെ പിന്നിലെ സൂക്ഷമതായാണ്. ഇസ്ലാമിലെ ആദരവ് ആത്മാവിന്റെ കൂടി വിഷയമാണ്. പക്ഷെ കര്‍മങ്ങളുടെ ആത്മാവ് നാമറിയാതെ പുറത്തു ചാടിപ്പോകുന്നു എന്നതാണ് പലപ്പോഴും ദുരന്തമാകുന്നതും . അത് കൊണ്ട് മക്കക്കാര്‍ ഇബ്രാഹിം നബിയെ ആദരിച്ച പോലെയല്ല നാം അടയാളങ്ങളെ ആദരിക്കേണ്ടത്

Related Articles