Tharbiyya

ചുമരിനോടുള്ള സംഭാഷണം

ഒരു രാത്രിയില്‍ ഞാനെന്റെ മുറിയിലിരുന്ന് അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കെ മുറിയുടെ ചുമരതാ പിളരുന്നു. മുകളില്‍ നിന്ന് താഴേക്ക് പിളര്‍ന്ന അതിലേക്ക് ഞാനൊന്ന് നോക്കി. അതിന്‍മേല്‍ കൈവെച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: എന്റെ വീട് പുതിയതാണല്ലോ! എന്താണിത് സംഭവിച്ചത്. വല്ല ഭൂമികുലുക്കവുമുണ്ടായോ?!
അപ്പോള്‍ ചുമര്‍ സംസാരിക്കാന്‍ തുടങ്ങി: എത്രയെത്ര രാത്രികളായി ഈയൊരു സന്ദര്‍ഭത്തിനായി ഞാന്‍ കാത്തിരിക്കുന്നു? എത്രയെത്ര ദിവസങ്ങളായി ഈ ഏകാന്തതയിലെ ഇരുത്തം ഞാന്‍ പ്രതീക്ഷിക്കുന്നു? നീ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അതിന്റെ തഫ്‌സീറുകള്‍ പഠിക്കുകയും ചെയ്തിരുന്ന ആ ദിനങ്ങള്‍ എവിടെ പോയി? നീ എന്നില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു. എനിക്കറിയില്ല, എന്താണതിന് കാരണം?
അബ്ദുല്ല: (ചുമരിലേക്ക് നോക്കിക്കൊണ്ട്) നാഥനോടുള്ള ബാധ്യതയില്‍ ഞാന്‍ വീഴ്ച്ച വരുത്തിയിരിക്കുന്നു.
ചുമര്‍: ജീവനില്ലാത്ത ഓരോ വസ്തുവും പരലോകത്ത് നിനക്ക് വേണ്ടി സാക്ഷിപറയുമെന്ന് നിനക്കറിയില്ലേ? അല്ലാഹു പറയുന്നത് നോക്കൂ: ‘ഭൂമി അതിന്റെ ഭാരങ്ങളെ പുറന്തള്ളും, അതിനെന്ത് സംഭവിച്ചുവെന്ന് മനുഷ്യനപ്പോള്‍ ചോദിക്കും. ആ ദിവസം അതിന്റെ വാര്‍ത്തകളത് സംസാരിക്കും.’ നീ നന്മകള്‍ ചെയ്യുക, ഞാന്‍ പരലോകത്ത് നിനക്ക് വേണ്ടി സാക്ഷി പറയും.
അബ്ദുല്ല: നേരത്തെ ആളുകള്‍ ഇങ്ങനെ ഏകാന്തതയില്‍ സമയം ചെലവഴിക്കാറുണ്ടായിരുന്നോ?
ചുമര്‍: ഉണ്ടായിരുന്നു, വഹ്‌യ് അവതരിക്കുന്നത് വരെ നബി(സ) ഹിറാ ഗുഹയില്‍ ഒറ്റക്ക് സമയം ചെലവിടാറുണ്ടായിരുന്നു. രാത്രിയില്‍ നമസ്‌കരിക്കുന്നതിനായി തിരുമേനി ഒറ്റക്ക് ഉണര്‍ന്നിരുന്നു. റമദാനിന്റെ അവസാന പത്തിലെ രാത്രികളിലും അല്ലാഹുവിന് വേണ്ടി അദ്ദേഹം ഏകാന്തതയില്‍ സമയം ചെലവിട്ടിരുന്നു.
അബ്ദുല്ല: ഈ ഏകാന്തത കൊണ്ട് എന്ത് ഫലമാണുള്ളത്?
ചുമര്‍: സയ്യിദ് ഖുതുബ് പറഞ്ഞതാണ് ഞാന്‍ നിന്നോട് പറയുന്നത്. ”മനുഷ്യജീവിതത്തെ സ്വാധീനിക്കാനും അതിനെ വേറിട്ടൊരു ദിശയിലേക്ക് തിരിക്കാനും ആഗ്രഹിക്കുന്ന ഏതൊരാളും അല്‍പസമയമെങ്കിലും ഭൂമിയിലെ എല്ലാ തിരക്കുകളില്‍ നിന്നും ജീവിത ബഹളങ്ങളില്‍ നിന്നും ജനങ്ങളുടെ വ്യഥകളില്‍ നിന്നും അകന്ന് ഏകാന്തതയില്‍ സമയം ചെലവിടേണ്ടത് അനിവാര്യമാണ്. വിശാലമായ ഈ പ്രപഞ്ചത്തെയും അതിലെ യാഥാര്‍ഥ്യങ്ങളെയും കുറിച്ച് ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യാന്‍ സമയം മാറ്റിവെക്കേണ്ടത് ആവശ്യമാണ്.” അതിലൂടെ മനസ്സ് വലുതാവുകയും നിലവിലെ അവസ്ഥകളെ മാറ്റാന്‍ തക്കതായ ശക്തി ബാഹ്യസ്രോതസ്സില്‍ നിന്ന് ലഭിക്കുകയും ചെയ്യും.
അബ്ദുല്ല: അല്ലാഹുവുമായി ഒറ്റക്ക് സമയം ചെലവിടുന്നതിലൂടെ പ്രബോധന പ്രവര്‍ത്തകന് കൂടുതല്‍ ഊര്‍ജ്ജസ്വലതയും ശക്തിയും ലഭിക്കുമെന്നാണ് നീ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.
ചുമര്‍: അതെ, അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്നവന് പോഷണം ലഭിക്കുമെന്ന് തന്നെയാണ് ഞാനുദ്ദേശിച്ചത്. പുതിയൊരു മനസ്സുമായി പുതിയൊരു സൃഷ്ടിയായിട്ടാണവന്‍ അടുത്ത പ്രഭാതത്തില്‍ പുറത്തുവരിക.
അബ്ദുല്ല: ഇപ്രകാരം ഒറ്റക്കിരിക്കുന്നത് കൊണ്ടുള്ള ഫലങ്ങളെന്തെല്ലാമാണ്?
ചുമര്‍:
1. നാവിന്റെ വിപത്തുകളില്‍ നിന്നുള്ള സംരക്ഷണം
2. രിയാഇല്‍ (ലോകമാന്യം) നിന്ന് ഹൃദയത്തിന് സംരക്ഷണം
3. ദൈവാനുസരണത്തിന്റെ മാധുര്യം
4. കണ്ണിന് സംരക്ഷണം
5. വിരക്തിയും ആത്മസംതൃപ്തിയും
6. മനസ്സിനും ശരീരത്തിനും സ്വസ്ഥത
7. ചിന്തിക്കാനും പാഠങ്ങളുള്‍ക്കൊള്ളാനുമുള്ള അവസരം. ഏകാന്തത കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നതിതാണ്.
അബ്ദുല്ല: എനിക്കാവശ്യമുള്ളതാണിതെല്ലാം.
ചുമര്‍: അതെ, അതുകൊണ്ട് നീയിന്ന് അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യാനിരുന്നപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്റെ സന്തോഷത്തിന്റെ കാഠിന്യം കൊണ്ട് ഞാന്‍ പിളരുകയായിരുന്നു.
അബ്ദുല്ല: ഏകനായി സമയം ചെലവിടുന്നത് രാത്രിയാവണെന്ന് വല്ല നിബന്ധനയുമുണ്ടോ?
ചുമര്‍: അതാണ് ഏറ്റവും ഉത്തമം. നീ ളുഹാ (മധ്യാഹ്നം) നമസ്‌കരിക്കുന്ന സമയത്തും നിനക്ക് ഏകനായി സമയം ചെലവിടാം.
അബ്ദുല്ല: എന്തുകൊണ്ടാണ് രാത്രിയിലത് കൂടുതല്‍ ശ്രേഷ്ഠമാകുന്നത്?
ചുമര്‍: ജനങ്ങളെല്ലാം സ്വസ്ഥമായി വിശ്രമിക്കുന്ന, ശാന്തമായ സമയമാണത്. അപ്പോഴത്തെ നിന്റെ സന്തോഷം വളരെ കൂടുതലായിരിക്കും. മഹാനായ ബശറുല്‍ ഹാഫി പറയുന്നു: ”വിശ്വാസിയുടെ സമ്പാദ്യം ജനങ്ങള്‍ അവനെ കുറിച്ച് അശ്രദ്ധരാവലും തന്റെ സ്ഥാനം അവരില്‍ നിന്ന് മറഞ്ഞിരിക്കലുമാണ്.” അതുകൊണ്ട് മാസത്തില്‍ ഒരു മണിക്കൂറെങ്കിലും ഏകനായി സമയം ചെലവിടാന്‍ നീ ശ്രമിക്കുക. സഹാബിയായ യഅ്‌ല ബിന്‍ ഉമയ്യ ഇഅ്തികാഫിന്റെ നിയ്യത്തോടെ പള്ളിയില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കാറുണ്ടായിരുന്നു.
ഇമാം അഹ്മദ് ബിന്‍ ഹമ്പലിനെ കുറിച്ച് അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല പറയുന്നു: ഒറ്റക്ക് സമയം ചെലവിടുന്ന കാര്യത്തില്‍ ജനങ്ങളില്‍ ഏറ്റവും കഴിവുള്ള ആളായിരുന്നു എന്റെ പിതാവ്. പള്ളിയിലോ ജനാസ ചടങ്ങിലോ രോഗീ സന്ദര്‍ശനത്തിലോ ആയിട്ടല്ലാതെ ഒരാളും എന്റെ ഉപ്പയെ കണ്ടിട്ടില്ല. അങ്ങാടികളിലൂടെയുള്ള നടത്തം അദ്ദേഹം വെറുത്തിരുന്നു.
നമ്മുടെ പൂര്‍വികരുടെ നിശ്ചയദാര്‍ഢ്യമാണിത് പ്രതിഫലിപ്പിക്കുന്നത്. അത്തരം മഹത്തുക്കളെ അനുകരിക്കുക, അവരെ അനുകരിക്കുന്നത് വിജയത്തിലേക്ക് നയിക്കും.
അബ്ദുല്ല: ഇങ്ങനെ ഒറ്റക്കിരിക്കുമ്പോള്‍ ചെയ്യാവുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് കൂടി പറയാമോ?
ചുമര്‍: അല്ലാഹുവിനൊപ്പം ഒറ്റക്ക് സമയം ചെലവിടുമ്പോള്‍ ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഖുര്‍ആന്‍ പാരായണം, തഫ്‌സീറുകളുടെയും ഹദീസ് ഗ്രന്ഥങ്ങളുടെയും വായന, ഈമാന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളുടെ വായന, അല്ലാഹുവിനെ സ്മരിക്കല്‍, ചിന്തിക്കുകയും പാഠങ്ങളുള്‍ക്കൊള്ളുകയും ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ അപ്പോള്‍ ചെയ്യാം.
അതിനാല്‍ ഇബ്‌നു തൈമിയ പറയുന്നു: പ്രാര്‍ഥന, ദൈവസ്മരണ, നമസ്‌കാരം, ചിന്ത, ആത്മവിചാരണ, ആത്മസംസ്‌കരണം എന്നീ കാര്യങ്ങള്‍ക്കായി ഓരോ ദൈവദാസനും ഒറ്റക്ക് സമയം ചെലവഴിക്കേണ്ടത് അനിവാര്യമാണ്. മറ്റൊരാളുടെയും പങ്കാളിത്തമില്ലാത്ത ഈ കാര്യങ്ങള്‍ക്ക് ഒറ്റക്ക് സമയം ചെലവിടേണ്ടത് ആവശ്യമാണ്. അത് വീട്ടിലാവാം അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആവാം.
അബ്ദുല്ല: ഈ ഉപകാരത്തിന് അല്ലാഹു നിനക്ക് പ്രതിഫലം നല്‍കട്ടെ, വീടിന്റെ എല്ലാ ചുമരുകളും പിളര്‍ന്ന് എനിക്കുപകാരപ്പെടുന്ന രീതിയില്‍ നീ സംസാരിച്ച പോലെ സംസാരിച്ചിരുന്നെങ്കില്‍.
ചുമര്‍: എനിക്ക് അവസാനമായി ഒരു ഉപദേശം കൂടി നല്‍കാനുണ്ട്.
അബ്ദുല്ല: എന്താണത്?
ചുമര്‍: ശരീരം പരീക്ഷിക്കപ്പെടുന്നത് പോലെ മനസ്സും പരീക്ഷിക്കപ്പെടുമെന്ന് നീ മനസ്സിലാക്കണം. രോഗങ്ങളും വിപത്തുകളും കൊണ്ടാണ് ശരീരം പരീക്ഷിക്കപ്പെടുന്നതെങ്കില്‍ പ്രലോഭനങ്ങള്‍ കൊണ്ടാണ് ഹൃദയം പരീക്ഷിക്കപ്പെടുക. അല്ലാഹു പറയുന്നു: ”അവരുടെ ഹൃദയങ്ങളെ അല്ലാഹു ദൈവഭക്തിക്കുവേണ്ടി പരീക്ഷിച്ചിരിക്കുന്നു.” (അല്‍ഹുജുറാത്ത്: 3) അതുകൊണ്ട് സ്വന്തത്തോടുള്ള ഇടപാടില്‍ നീ യുക്തിയുള്ളവനാവുക. നല്ല ഏകാന്തതയും അതിന്റെ ഫലങ്ങളും അനുഭവിക്കാന്‍ അല്ലാഹു എന്നെയും നിന്നെയും അനുഗ്രഹിക്കട്ടെ.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker