Tharbiyya

വിട്ടുവീഴ്ച നിറഞ്ഞതാവട്ടെ ഈ ഹ്രസ്വജീവിതം

സമൂഹത്തോട് നിത്യസമ്പര്‍ക്കം പുലര്‍ത്തി കഴിയുന്നവനാണ് മുസ്‌ലിം. പള്ളിയെയും തെരുവിനെയും സംതുലിതത്വത്തോടെ ബന്ധിപ്പിച്ചാണ് അവന്‍ ജീവിതപ്രയാണം നടത്തുന്നത്. അതിനാല്‍, ധാരാളം വ്യക്തികളെയും അവരുടെ വ്യത്യസ്തസ്വഭാവങ്ങളെയും മുസ്‌ലിം അഭിമുഖീകരിക്കേണ്ടിവരും. അവയില്‍ ഉദാരത, ആദരവ്, സ്‌നേഹം പോലുള്ള ഉത്തമസ്വഭാവങ്ങളും ദേഷ്യം, അവഗണന, നിരുത്സാഹപ്പെടുത്തല്‍ പോലുള്ള ചീത്തസ്വഭാവങ്ങളും ഉണ്ടായിരിക്കും. സഹോദരനില്‍നിന്ന് ഉണ്ടാവുന്ന ഉത്തമസ്വഭാവങ്ങളെ ഉള്‍ക്കൊള്ളാനാവും. എന്നാല്‍, ചീത്തസ്വഭാവങ്ങളോട് എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത്?

ഇഷ്ടകരമല്ലാത്ത സ്വഭാവങ്ങള്‍ സഹോദരനില്‍നിന്ന് ഉണ്ടാവുമ്പോള്‍ അവയോട് വിട്ടുവീഴ്ചാ മനോഭാവമാണ് പ്രകടിപ്പിക്കേണ്ടത്. മുസ്‌ലിമിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉത്തമസ്വഭാവമാണ് വിട്ടുവീഴ്ച. മാലാഖമാരെപ്പോലെ പരമവിശുദ്ധരല്ലല്ലോ നാം. അതിനാല്‍, വീഴ്ചകള്‍ സംഭവിക്കുക സ്വാഭാവികമാണ്. സ്വന്തം ജീവിതത്തിലും സഹോദരന്റെ ജീവിതത്തിലും വീഴ്ചകള്‍ സംഭവിക്കും. സ്വന്തത്തില്‍ സംഭവിക്കുമ്പോള്‍ അവയെ തിരുത്തുകയും ദൈവത്തോട് പശ്ചാത്തപിക്കുകയുമാണ് വേണ്ടത്. സഹോദരനില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ അവയോട് ക്ഷമിക്കുകയും വിട്ടുവീഴ്ച കാണിക്കുകയുമാണ് വേണ്ടത്. അതോടൊപ്പം, ഗുണകാംക്ഷയോടെ തെറ്റ് തിരുത്താന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുക.

Also read: ജംഅും കസ്‌റും അനുവദനീയമാകുന്നത്?

സഹോദരന്റെ വീഴ്ചകളെയും പോരായ്മകളെയും വിട്ടുവീഴ്ചാ മനോഭാവത്തോടെ സമീപിക്കല്‍ ഒരു കലയാണ്. മഹാന്മാക്കളുടെ സ്വഭാവമാണത്. മഹാത്മാക്കള്‍ സ്വന്തം സഹോദരനോട് ഉദാരത കാണിക്കുന്നു; സ്‌നേഹം പ്രകടിപ്പിക്കുന്നു; സുഖത്തിലും ദുഖത്തിലും പങ്കുകൊള്ളന്നു; സഹോദരനില്‍നിന്ന് അനിഷ്ടകരമായ വല്ലതും സംഭവിച്ചാല്‍ ക്ഷമാപൂര്‍വം സമീപിക്കുകയും സ്‌നേഹപൂര്‍വം വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, നിസാരന്മാര്‍ വിശാലമായ മനസിനുപകരം, സങ്കുചിതമായ മനസായിരിക്കും വെച്ചുപുലര്‍ത്തുക. ശ്രീബുദ്ധന്‍ അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്: ‘മഹാത്മാക്കള്‍ വിശാലമായ കാഴ്ചപ്പപാട് ഉള്ളവരും പക്ഷഭേദം കാണിക്കാത്തവരും ആയിരിക്കും. നിസാരന്മാര്‍ പക്ഷഭേദം കാണിക്കുന്നു. അവരുടെ കാഴ്ചപ്പാട് വിശാലമായിരിക്കുകയില്ല’.

വിട്ടുവീഴ്ചക്ക് ഇസ്‌ലാം പ്രയോഗിക്കുന്ന ഒരു പദം അഫ്‌വ് എന്നാണ്. അവശിഷ്ടമോ അടയാളമോ ഇല്ലാതാക്കലാണ് അഫ്‌വ്. ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ കടന്നുപോയശേഷം ഉണ്ടാവുന്ന കാല്‍പാടുകളെ കാറ്റ് മായ്ച്ചുകളയുന്ന പ്രക്രിയക്ക് അഫ്‌വ് എന്നു പറയുന്നു. വിട്ടുവീഴ്ചക്ക് ഇസ്‌ലാം പ്രയോഗിക്കുന്ന മറ്റൊരു പദം സ്വഫ്ഹ് എന്നാണ്. നേര്‍ത്ത പാളിയാക്കല്‍, അടിച്ചുപരത്തല്‍, നിര്‍മലമാവല്‍ എന്നൊക്കയാണ് സ്വഫ്ഹിന്റെ ഭാഷാപരമമയ അര്‍ഥങ്ങള്‍. അഫ്‌വിന്റെയും സ്വഫ്ഹിന്റെയും അര്‍ഥങ്ങളായി വിട്ടുവീഴ്ച, മാപ്പുനല്‍കല്‍ എന്നീ പദങ്ങളെ മലയാളത്തില്‍ മാറിമാറി പ്രയോഗിക്കാറുണ്ട്. സഹോദരനില്‍നിന്ന് സംഭവിച്ചുപോവുന്ന വീഴ്ചകള്‍ അവെയക്കുറിച്ച ഒരു ഓര്‍മയും ഇല്ലാത്തവിധം വിട്ടുവീഴച ചെയ്യുന്നതിനെ അഫ്‌വെന്നും പിന്നീട് നിര്‍മലഹൃദയത്തോടും വിശാലമനസോടുംകൂടി അവനോട് പെരുമാറുന്നതിനെ സ്വഫ്‌ഹെന്നും പറയുന്നു.

Also read: പളുങ്കുപാത്രങ്ങളാണ് ; കനിവ് കാണിക്കൂ

വിട്ടുവീഴ്ച ഒരു സംസ്‌കാരമാണ്, വിശുദ്ധവേദവും തിരുചര്യയും പകര്‍ന്നുതരുന്ന സംസ്‌കാരം. വിശുദ്ധവേദം പറയുന്നു: ”അതിനാല്‍, നീ അവരോട് വിട്ടുവീഴ്ച ചെയ്യുക; മാപ്പേകുകയും ചെയ്യുക. നിശ്ചയം, നന്മ ചെയ്യുന്നവരെ ദൈവം ഇഷ്ടപ്പെടുന്നു”(അല്‍മാഇദ: 13). വിശ്വാസിയുടെ സവിശേഷതയായി പ്രവാചകന്‍ പറയുന്നു: ”ജനങ്ങളോടൊപ്പം ഇടപെടാതിരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളില്‍ സംയമനം പാലിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയേക്കാള്‍ ഉത്തമനാണ് അവരോടൊപ്പം ഇടപെടുകയും അവരുടെ ബുദ്ധിമുട്ടുകളില്‍ സംയമനം പാലിക്കുകയും ചെയ്യുന്ന വിശ്വാസി”(ഇബ്‌നുമാജ).

ദൈവികസ്വഭാവമാണ് വിട്ടുവീഴ്ച. ദൈവത്തിന്റെ വിട്ടുവീഴ്ചയെ മുന്‍നിര്‍ത്തി പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ”ദൈവമേ, നീ വിട്ടുവീഴ്ചയാണ്. നീ വിട്ടുവീഴ്ചയെ ഇഷ്ടപ്പെടുന്നു. അതിനാല്‍, നീ ഞങ്ങളോട് വിട്ടുവീഴ്ച കാണിച്ചാലും”. ദൈവം തന്റെ സൃഷ്ടികള്‍ക്കുമേല്‍ നിരന്തരം വിട്ടുവീഴ്ച ചൊരിയുന്നുണ്ട്. ഗുരുതരമായ പാപങ്ങള്‍ ചെയ്തവര്‍ക്ക് ആത്മാര്‍ഥമായി പാപമോചനം തേടുമ്പോഴും ചെറിയചെറിയ വീഴ്ചകള്‍ സംഭവിച്ചവര്‍ക്ക് ആരാധനാദി പ്രാര്‍ഥനകള്‍ നിര്‍വഹിക്കുമ്പോഴും ദൈവം വിട്ടുവീഴ്ച ചെയ്തുകൊടുക്കുന്നു. ദൈവത്തിന്റെ സ്വഭാവം മുസ്‌ലിമും ആര്‍ജിക്കണം. സഹോദരന്റെ പോരായ്മകളെയും അനൗചിത്യങ്ങളെയും വിശാലമായ മനസോടെയാണ് സമീപിക്കേണ്ടത്. അങ്ങനെ പ്രതികരിക്കുന്നവരോടു മാത്രമേ ദൈവവും വിട്ടുവീഴ്ച്ച കാണിക്കുകയുള്ളൂ. ബൈബിളില്‍ ഇപ്രകാരം കാണാം: ‘മനുഷ്യരുടെ തെറ്റുകള്‍ അവരോട് നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍, നിങ്ങളുടെ സ്വര്‍ഗീയപിതാവ് നിങ്ങളോട് ക്ഷമിക്കും. മനുഷ്യരുടെ തെറ്റുകള്‍ അവരോട് നിങ്ങള്‍ ക്ഷമിക്കയില്ലെങ്കില്‍, നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കയില്ല'(മത്തായി 6:14). വിശുദ്ധവേദം പറയുന്നു: ”അവര്‍ വിട്ടുവീഴ്ച നല്‍കുകയും മാപ്പേകുകയും ചെയ്യട്ടെ. ദൈവം നിങ്ങള്‍ക്ക് പാപമോചനം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ദൈവം ഏറെ പാപമോചനമേകുന്നവനും കരുണാനിധിയുമത്രേ”(അന്നൂര്‍: 22).

സ്വത്വത്തിന് സമാധാനം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ശീലിച്ചേ മതിയാവുള്ളൂ. സഹോദരനില്‍നിന്നും ഉണ്ടാവുന്ന ഓരോ അനിഷ്ടകാര്യത്തോടും പ്രതികരിക്കാന്‍ തുടങ്ങിയാല്‍, പിന്നെ അതിനേ സമയം ലഭിക്കുകയുള്ളൂ. എല്ലാറ്റിനോടും പ്രതികരിക്കുന്നവന്‍ തെളിഞ്ഞ വെള്ളത്തില്‍ കല്ല് വീഴുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥപോലെ എപ്പോഴും അസ്വസ്ഥനായിരിക്കും. തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉന്തും തള്ളും സ്വാഭാവികമാണ്. ഓരോ ഉന്തിനും തള്ളിനും പ്രതികരിച്ചാല്‍ ബസില്‍ അടിയും പിടിയുമായിരിക്കും ഫലം. ബോധപൂര്‍വമല്ലാതെ സഹോദരനില്‍നിന്ന് പലതും സംഭവിച്ചെന്നിരിക്കും. ഉദാഹരണത്തിന്, സഹോദരന്റെ കൈയബദ്ധംമൂലം വിലപിടിപ്പുള്ള ഒരു ഉപകരണം നിലത്തുവീണെന്ന് കരുതുക. പ്രസ്തുത സംഭവത്തെ സംയമനത്തോടെയാണ് സമീപിക്കേണ്ടത്. കാരണം, വിലപിടിപ്പുള്ള ഉപകരണത്തേക്കാള്‍ കൂടുതല്‍ വിലയും മൂല്യവുമുണ്ട് സഹോദരര്‍ തമ്മിലുള്ള ബന്ധത്തിന്. പ്രസ്തുതബന്ധം ഊഷ്മളമാവുമ്പോഴാണ് സ്വത്വത്തിന് സമാധാനം ലഭിക്കുക. താവോ തേ ചിങ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ശത്രുഭേദമില്ലാതെ സഹിഷ്ണുത പുലര്‍ത്തുമെങ്കില്‍ സമചിത്തത പാലിക്കുന്നതില്‍ നിപുണനാകാം. സമാധാനപൂര്‍ണമായ ജീവിതത്തിന് സ്വയം വിട്ടുകൊടുക്കാനും മൃദുവായി പെരുമാറാനും തയാറാകുക’. വിശുദ്ധവേദം പറയുന്നു: ”സ്വത്വത്തിന്റെ സങ്കുചിതത്വത്തില്‍നിന്ന് ആരാണോ മോചിതരാവുന്നത്, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍”(അല്‍ഹശ്ര്‍: 9).

Also read: ‘ഇനി ഒരടി പിറകോട്ടില്ല’: ദയൂബന്ദില്‍ ശഹീന്‍ ബാഗ് മോഡല്‍ സമരം നയിച്ച് സ്ത്രീകള്‍

വിട്ടുവീഴ്ചകള്‍ നിറഞ്ഞതായിരുന്നു പ്രവാചകന്റെയും പൂര്‍വസൂരികളുടെയും ജീവിതം. ചെറിയചെറിയ കാര്യങ്ങള്‍ മുതല്‍ വലിയവലിയ കാര്യങ്ങള്‍ വരെ സഹോദരനുവേണ്ടി വിട്ടുകൊടുത്തു അവര്‍. വിട്ടുവീഴ്ചയുടെ ആള്‍രൂപമായി പ്രവാചകന്‍ തന്റെ ജീവിതത്തില്‍ ജ്വലിച്ചുനില്‍ക്കുകയുണ്ടയി. ആയിശ(റ) പറയുന്നു: ‘ദൈവത്തിന്റെ പവിത്രതകള്‍ അവഹേളിക്കപ്പെട്ടപ്പോഴല്ലാതെ, പ്രവാചകന്‍ തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാരനടപടി സ്വീകരിച്ചിട്ടില്ല'(ബുഖാരി. മുസ്‌ലിം). വിട്ടുവീഴ്ചയെ കുറിക്കുന്ന മറ്റൊരു സംഭവമിതാ: ആയിശ(റ) ക്കെതിരെയുള്ള അപവാദപ്രചരണത്തിന്റെ സത്യാവസ്ഥ ദൈവം വെളിപ്പെടുത്തിയപ്പോള്‍ അതില്‍ പങ്കാളിയായ മിസ്ത്വഹുബ്‌നു ഉസാസക്ക് ഇനിമുതല്‍ താന്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായം നല്‍കുകയില്ലെന്ന് അബൂബക്കര്‍(റ) ശപഥം ചെയ്യുകയുണ്ടായി. അബൂബക്കറി(റ) ന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അദേഹത്തിന്റെ തീരുമാനം തീര്‍ത്തും ശരിയായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട മകള്‍ ആയിശക്കെതിരെയായിരുന്നു മിസ്ത്വഹുബ്‌നു ഉസാസ അപവാദപ്രചരണത്തില്‍ പങ്കാളിയായത്. എന്നാല്‍, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. മിസ്ത്വഹുബ്‌നു ഉസാസ ചെയ്ത തെറ്റ് അബൂബക്കര്‍ വിട്ടുകൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യണമെന്നായിരുന്നു ദൈവത്തിന്റെ തീരുമാനം. അക്കാര്യമാണ് അന്നൂര്‍ ഇരുപത്തിരണ്ടാം സൂക്തത്തില്‍ ദൈവം ഇപ്രകാരം പ്രദിപാദിക്കുന്നത്: ”നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക ശേഷിയുമുള്ളവര്‍ തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും ദൈവികമാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ വിട്ടുവീഴ്ച കാണിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യട്ടെ. ദൈവം നിങ്ങള്‍ക്ക് പാപമോചനം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ദൈവം ഏറെ പാപമോചനമേകുന്നവനും കരുണാനിധിയുമത്രെ”. ദൈവത്തിന്റെ ഇംഗിതം അറിഞ്ഞ അബൂബക്കറിന്റെ(റ) പ്രതികരണം ഇപ്രകാരമായിരുന്നു: ‘നാഥാ, തീര്‍ച്ചയായും നീ ഞങ്ങള്‍ക്ക് പൊറുത്തുതരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’.

Also read: പുകപടലമൊഴിയാതെ ഇദ്‌ലിബ്

മുസ്‌ലിം തന്റെ സഹോദരനോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുമ്പോള്‍ സഹോദരനെന്നതിന്റെ നിര്‍വചനത്തില്‍ മുഴുവന്‍ മനുഷ്യരും ഉള്‍പ്പെടും. ഒരു പ്രത്യകവിഭാഗത്തില്‍ മാത്രം വിട്ടുവീഴ്ചയുടെ സംസ്‌കാരം പരിമിതിപ്പെടുത്താവതല്ല. മത, ജാതി, ഭാഷാ, ലിംഗ…….ഭേദമന്യേ മുഴുവന്‍ മനുഷ്യരോടും വിട്ടുവീഴ്ച കാണിക്കണം. കാരണം, മനുഷ്യര്‍ മുഴുവന്‍ ഏകോദര സഹോദരന്മാരാണ്. എല്ലാവരുടെയും പിതാവ് ആദമാണ്. എല്ലാവരുടെയും മാതാവ് ഹവ്വയാണ്. എല്ലാവരുടെയും സിരകളില്‍ ഒഴുകുന്ന രക്തത്തിന്റെ നിറം ഒന്നാണ്. എല്ലാവരും സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍നിന്നാണ്. മണ്ണിലേക്കു തന്നെയാണ് എല്ലാവരുടെയും മടക്കവും.

Author
ശമീര്‍ബാബു കൊടുവള്ളി
Facebook Comments
Related Articles
Close
Close