റമദാന്‍ മാസം വന്നണയുന്നതിന് ആറ് മാസം മുമ്പേ അതിന്റെ അനുഗ്രഹത്തിനായി അല്ലാഹുവോട് തേടുന്നവരായിരുന്നു നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. റമദാനിന്‌ശേഷം, തങ്ങള്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ സീകരിക്കുവാന്‍ വേണ്ടിയായിരുന്നു അടുത്ത ആറ് മാസത്തോളം അവരുടെ പ്രാര്‍ത്ഥന. വര്‍ഷത്തിലൊരിക്കല്‍ ആഗതനാവുന്ന അല്ലാഹുവിന്റെ അതിഥയാണ് റമദാന്‍. മുപ്പത് അല്ലെങ്കില്‍ ഇരുപത്തൊന്‍പത് ദിനരാത്രങ്ങള്‍ നമ്മോടൊപ്പം സഹവസിക്കുന്ന അതിഥി. ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ അല്ലാഹുവിന്റെ അതിഥിയെ ആദരിക്കട്ടെ.
ഈ അതിഥിയെ വരവേല്‍ക്കുന്നതിലും സ്വീകരിക്കുന്നതിലും നാം ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ട്. വ്യക്തികള്‍ക്കും, സമൂഹങ്ങള്‍ക്കും, നാടുകള്‍ക്കും, നാട്ടുകാര്‍ക്കും, രാജ്യങ്ങള്‍ക്കും അവരുടേതായ നിലവാരത്തിനനുസിച്ച രീതികള്‍. ഖേദകരമെന്ന് പറയട്ടെ – മിക്ക തയ്യാറെടുപ്പുകളും ഭക്ഷണ- പാനീയങ്ങളിലും ആഘോഷങ്ങളിലും ടി.വി. സീരിയല്‍ കാഴ്ചകളിലും മറ്റും വരുത്തുന്ന മാറ്റങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു.
എന്നാല്‍ അല്ലാഹുവിനെ രക്ഷാധികാരിയും ഇസ്‌ലാമിനെ ദീനും മുഹമ്മദ്(സ)യെ നബിയും, പ്രവാചകനും, ആയി തൃപ്തിപ്പെടുന്നവന്റെ രീതി മറ്റൊന്നാണ്; അവര്‍ നോമ്പിനു വേണ്ടി തയ്യാറെടുക്കുന്നതും റമദാനെ വരവേല്‍ക്കുന്നതും സവിശേഷമായ രീതിയിലാണ്.
പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി അറിവ് നേടുക:
നോമ്പിന്റെ കര്‍മ്മശാസ്ത്ര നിയമങ്ങളും വിധികളും പുനര്‍വായനക്കും, മനനത്തിനും വിധേയമാക്കികൊണ്ടാണ് സത്യവിശ്വാസി റമദാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ശരിയായതും സ്വീകാര്യവുമായ വ്രതാനുഷ്ടാനത്തിന്റെ നിയമങ്ങളും, നിയന്ത്രണങ്ങളും, വ്യവസ്ഥകളും അവന്‍ വീണ്ടും സ്മരിക്കുന്നു എന്തുകൊണ്ടെന്നാല്‍, റമദാനിന്റെ അന്തസ്സത്ത നിലകൊള്ളുന്നത് വക്രതയില്ലാത്ത നേരെ ചൊവ്വെയുള്ള ആരാധനകര്‍മ്മങ്ങളിലും അവ അധികരിപ്പിക്കുന്നതിലും അതിനായി പൂര്‍ണ്ണമായും ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍ കൂടിയാണ്.
നിര്‍ബന്ധം, ഐശ്ചികം എന്നിങ്ങനെയുള്ള കര്‍മ്മശാസ്ത്രപരമായ വിധികളെ കുറിച്ച അറിവിലുപരിയായി ഖുര്‍ആനും സുന്നത്തും മുന്നോട്ട് വെക്കുന്ന ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കല്‍ അവ ഗ്രഹിക്കാന്‍ ശേഷിയുള്ള എല്ലാവരുടെയും നിര്‍ബന്ധ ബാധ്യതയാണ്. നബി(സ) പറയുന്നു: അറിവ് തേടല്‍/ കരസ്ഥമാക്കല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബ്ബന്ധ ബാധ്യതയാണ്. (മുസ്‌ലിം)
ചില ഇനങ്ങളില്‍പ്പെട്ട അറിവുകള്‍ കരസ്ഥമാക്കല്‍ മുസ്‌ലിമിന്റെ നിര്‍ബ്ബന്ധ ബാധ്യതകളില്‍പ്പെട്ടതാണ്. ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കേണ്ട നിര്‍ബ്ബന്ധ അനുഷ്ഠാന കര്‍മ്മങ്ങള്‍ പോലുള്ളവയിലുള്ള അറിവ് അക്കൂട്ടത്തില്‍ പെട്ടതാണ്. അവ കേവലം അഭികാമ്യം എന്നതില്‍ പരിമിതപ്പെടുത്താനാവില്ല.
അല്ലാഹു തന്റെ പ്രവാചകനോട്, പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതിനു മുമ്പ് അറിവ് നേടാന്‍ ആവശ്യപ്പെടുന്നത് സൂറത്ത് മുഹമ്മദില്‍ നിന്നും വായിച്ചെടുക്കാം.
‘അതിനാല്‍ അറിയുക, അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് മാപ്പിരക്കുക.’ (മുഹമ്മദ്:19) ഇവിടെ അറിവ് തേടുന്നതിനെ തൗഹീദുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് അതിനെ ആധാരമാക്കി പ്രവര്‍ത്തിക്കാന്‍ ആജ്ഞാപിക്കുന്നു; അതാണ് പാപങ്ങള്‍ക്ക് വേണ്ടി മാപ്പിരക്കല്‍.
ഇമാം ബുഖാരി ഈ ആയത്തിനെ ‘കര്‍മ്മത്തിന് മുമ്പുള്ള അറിവ്’ എന്ന അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമാം മാലിക്(റ) റമദാന്‍ മാസം ആഗതമായാല്‍ പ്രഭാഷണങ്ങളും അധ്യാപനങ്ങളും നിറുത്തിവെച്ച് ഇബാദത്തില്‍ മുഴുകുമായിരുന്നു.
കര്‍മ്മങ്ങള്‍ സ്വീകരിക്കാനുള്ള രണ്ട് നിബന്ധനകള്‍:
നോമ്പിന്റെ കര്‍മ്മശാസ്ത്രപരമായ വിഷയത്തില്‍ ശറഈയായ അറിവ് നേടുന്നതിനെ സാധൂകരിക്കുന്ന മറ്റൊന്നാണ്, രണ്ട് നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത കര്‍മ്മങ്ങള്‍ അല്ലാഹു സീകരിക്കുകയില്ല എന്നത്. കര്‍മ്മങ്ങള്‍ നിഷകളങ്കവും (അല്‍ഇഖ്‌ലാസ്) നിരന്തരവും (അല്‍മുതാബഅ) ആയിരിക്കണം. പ്രവാചകന്‍(സ) അനുഷ്ടിച്ചതും നിര്‍വ്വഹിച്ചതും പോലെ കര്‍മ്മങ്ങള്‍ ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കുകയും വേണം.
‘ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളിലേര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്.’ (അല്‍-കഹഫ്: 7)
ഇമാം അല്‍ ഫുദൈല്‍ ബിന്‍ അയ്യാദ്(റ) നോട് ചോദിക്കപ്പെട്ടു, ഈ ആയത്തില്‍ പരാമര്‍ശിക്കുന്ന എറ്റവും ഉത്തമമായ കര്‍മ്മം എന്താണ? നിഷ്‌കളങ്കവും കുറ്റമറ്റതും ചൊവ്വായതും-അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും കര്‍മ്മങ്ങള്‍ നിഷ്‌കളങ്കമായിരിക്കുകയും, എന്നല്‍ ശരിയായ നിലയില്‍ നിര്‍വ്വഹിക്കപ്പെടാതിരിക്കുകയ്യും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല. ഇനി ശരിയായ രീതിയില്‍ നിര്‍വ്വഹിക്കുകയും എന്നാല്‍ നിഷ്‌കളങ്കമല്ലാതിരിക്കുകയും ചെയ്താല്‍ അതും സ്വീകരിക്കപ്പെടുകയില്ല, നിഷ്‌കളങ്കമവുന്നതുവരെ. നിഷ്‌കളങ്കത അല്ലാഹുവിനുള്ളതും, ശരി പ്രവാചകചര്യയേയും ആശ്രയിച്ചു നില്‍ക്കുന്നതുമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.
‘കളങ്കിതരോട് പറയുക വെറുതെ പ്രയാസപ്പെടേണ്ട.’
നിഷ്‌കളങ്കത ഹൃദയ സംശുദ്ധിയുടെയും, അര്‍പ്പണബോധത്തിന്റെയും പ്രതിഫലനമാണ്. അതു നീയും അല്ലാഹുവും തമ്മിലുള്ള ഇടപാടാണ്. അത് നാം മറ്റുള്ളവരുമായി പങ്കിടുകയോ, മറ്റുള്ളവര്‍ നമ്മോട് ചോദിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ കര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്നതിനെക്കുറിച്ച് നമുക്ക് ചോദിച്ചറിയാവുന്നതാണ്. നിന്റെ നോമ്പ്, രാത്രി നമസ്‌കാരം, ദാനധര്‍മങ്ങള്‍ പോലുള്ള കര്‍മ്മങ്ങള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിധേയവും, പ്രവാചക ജീവിതത്തിന്റെ അനുകരണവുമാണെന്ന് നീ എങ്ങിനെ മനസ്സിലാക്കി? എന്ന അന്വേഷണത്തിലൂടെ. ഒന്നുകില്‍ വായനയിലൂടെ, അല്ലെങ്കില്‍ പ്രഭാഷകരുടെ സദുപദേശങ്ങള്‍ കേള്‍ക്കുന്നതിലൂടെയും, കാണുന്നതിലൂടെയും, അതുമല്ലെങ്കില്‍ പണ്ഡിതന്മാരോട് വിധികള്‍ തേടുന്നതിലൂടെയുമാണോ എന്ന അന്വേഷണത്തിലൂടെ.
അറവില്ലായ്മയിലും അജ്ഞതയിലും ചെയ്യുന്ന കര്‍മ്മങ്ങളും, ആരാധനകളും വ്യര്‍ത്ഥമാണ്. അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ക്കിടയില്‍ വിധിക്കപ്പെടുന്ന വിധിന്യായങ്ങളെകുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധിന്യായ കര്‍മം എന്നതുപോലെ ഇബാദത്തുമാണ്.
നബി (സ) പറയുന്നു: ‘അജ്ഞതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടത്തിയവന്‍ നരകാവകാശിയാണ്.’ (അബുദാവൂദ്) കര്‍മ്മങ്ങള്‍ ചെറുതെങ്കിലും അറിവിലധിഷ്ടിതമെങ്കില്‍ നിനക്ക് ഉപകാരപ്പെടും. കര്‍മ്മങ്ങള്‍ ധാരാളമുണ്ടെങ്കിലും അജ്ഞതയിലധിഷ്ടിതമെങ്കില്‍ നിനക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.
അറിവ് തേടുന്നതിന് ലജ്ജ തടസ്സമാകരുത്:
റമദാനിനെ കുറിച്ചുള്ള ശറഈയായ വിധികളുമായി ബന്ധപ്പെട്ട അറിവ് നേടാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് നോമ്പിനെ കുറിച്ചുള്ള നമ്മുടെ സംശയങ്ങളും ഫത്‌വകളും ചോദിക്കാനും മനസ്സിലാക്കാനും നമ്മുടെ ലജ്ജ അനുവദിക്കുന്നില്ലെന്നുള്ളത. പ്രത്യേകിച്ചും ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടവ. അത്‌പോലെ സ്ത്രീകളുമായി ബന്ധപ്പെട്ട ആര്‍ത്തവം, പ്രസവം എന്നിവയിലുള്ള വിധികള്‍. അന്‍സാരികളായ സ്ത്രീകള്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന നിലവാരം ആയിശ(റ)യുടെ വാക്കുകളില്‍ ഇങ്ങിനെ വായിച്ചെടുക്കാം: ‘സ്ത്രീകളില്‍ ഉത്തമര്‍ അന്‍സാരി സ്ത്രീകളാണ് ദീനിന്റെ കാര്യത്തില്‍ അറിവ് ഗ്രഹിക്കുന്നതില്‍ നിന്നും ലജ്ജ അവരെ തടയുന്നില്ല.’ (ബുഖാരി)
അന്‍സാരികളല്ലാത്ത സ്ത്രീകളെ അവരുടെ ലജ്ജാശീലം ഫത്‌വകള്‍ തേടുന്നതിലും വിധികള്‍ അന്വേഷിക്കുന്നതിലും തടഞ്ഞിരുന്നുവെന്നാണ് ഇതര്‍ത്ഥമാക്കുന്നത്.
നീ അറിയുക: ക്ലേശകരമായ ചോദ്യങ്ങള്‍ നിനക്ക് മതിയായ അറിവ് നല്‍കുന്നു, വിഷമാവസ്ഥയില്‍ നിന്നും വിമുക്തനാക്കുന്നു.
ഹസന്‍ അല്‍-ബസരി പറയുന്നു: (അറിവ് കൂടാതെയുള്ള പ്രവര്‍ത്തനം നന്മയേക്കാള്‍ വിനാശമാണ് വിതക്കുക.)
(വ്രതാനുഷ്ടാനത്തിന്റെയും, റമദാനിലെ അനുഷ്ടാന കര്‍മ്മങ്ങളുടെയും രഹസ്യങ്ങള്‍ തന്റെ അനുഭവങ്ങളെ ആധാരമാക്കി വളരെ ലളിതമായി വിവരിക്കുന്ന ഡോ.ത്വാരിഖ് സുവൈദാന്റെ പുസ്തകമാണ് ‘വ്രതത്തിന്റെ രഹസ്യങ്ങളും, നാല് മദ്ഹബുകളിലെ കര്‍മ്മശാസ്ത്ര വിധികളും’. പ്രസ്തുത പുസ്തകത്തില്‍ നിന്നുള്ള പ്രസക്തമായ ചില ഭാഗങ്ങളാണ് ഈ ലേഖനം)
മൊഴിമാറ്റം: അബ്ദുസ്സമദ് പാലായില്‍
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1