Current Date

Search
Close this search box.
Search
Close this search box.

നാം ഓളിച്ചോടുന്ന മരണത്തെക്കുറിച്ച്

വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഒരു ഇന്തോനേഷ്യന്‍ സ്ത്രീ അവള്‍ യാത്ര ചെയ്യുന്ന സ്ഥലത്തെ മറ്റൊരാളുമായി തന്റെ വിമാനയാത്രയുടെ സന്തോഷം പങ്കിട്ടു. ടിക്കറ്റുകളെല്ലാം നേരത്തെ ബുക്ക് ചെയ്ത് രണ്ട് മക്കള്‍ക്കൊപ്പം ജനാലക്കരികില്‍ മൂന്ന് സീറ്റിലായിട്ടായിരുന്നു ജനുവരി 9 ശനിയാഴ്ച അവരുടെ യാത്ര. ജക്കാര്‍ത്തയില്‍ നിന്ന് ടേക്ക്ഓഫ് ചെയ്ത് നാല് മിനിറ്റിനകം തകര്‍ന്നുവീഴുന്നതിന് മുമ്പ് അവര്‍ മൂന്ന് പേരും എത്രമാത്രം സന്തുഷ്ടരായിരുന്നുവെന്ന് അവസാനമായി അവര്‍ പകര്‍ത്തിയ സെല്‍ഫിയില്‍ നിന്നും വ്യക്തമാകും. യാത്രയിലുടെനീളം അവരുടെ ആനന്ദം പ്രകടിപ്പിക്കാന്‍ അവര്‍ ഉത്സുകരായിരുന്നു. അത് ദൂരത്തെ കൂടുതല്‍ അടുപ്പിക്കാനും പ്രയാസങ്ങളെയും ദുരിതങ്ങളെയും വേര്‍പാടിന്റെ വേദനയെയും ദൂരത്താക്കാനും സഹായകമാകുമെന്ന് അവര്‍ വിശ്വസിച്ചു. സ്വന്തം ശരീരത്തെക്കാളും ആത്മാവിനെക്കാളും കവിഞ്ഞുള്ള സന്തോഷം പിന്നീട് അടങ്ങാത്ത സന്താപത്തില്‍ ചെന്നാണ് കലാശിച്ചത്.

മഹാനായ അബൂദര്‍ദാഅ്(റ) പറയുന്നുണ്ട്: ‘ദുനിയാവിനെ ആഗ്രഹിച്ചു നടക്കുന്നവനെ കാണുമ്പോള്‍ എനിക്ക് ചിരിവരും, മരണം അവനെ തേടിക്കൊണ്ടിരിക്കുകയാണ്. അവന്‍ അശ്രദ്ധവാനാണെങ്കിലും മരണം അവനെത്തൊട്ട് അശ്രദ്ധവാനല്ല’. അവസാനമായി എടുത്ത സെല്‍ഫിയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ആ മൂന്ന് പേരും അടുത്ത ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ മരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ഉന്മാദപൂര്‍ണമായ അവരുടെ മുഖവും മനസ്സുമെല്ലാം തങ്ങള്‍ക്ക് ജീവിച്ചുതീര്‍ക്കാന്‍ അനേകം ആയുസ്സുണ്ടെന്ന അബദ്ധ ധാരണയിലായിരുന്നു സന്തോഷത്താല്‍ പ്രകാശിച്ചു നിന്നത്. വിത്യസ്ത പ്രായത്തിലുള്ളവരെയാണ് മരണം തട്ടിയെടുത്തത്. അതിലെ മാതാവ് പ്രായമുള്ളവളും ജീവിതത്തില്‍ സുഖ ദുഖങ്ങളെയെല്ലാം ഒരുപാട് തവണ നേരിട്ടവളുമാണെങ്കില്‍ ജീവിതത്തിന്റെ മധുരം നുണഞ്ഞു തുടങ്ങിയിട്ടില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമാണ് ആ മാതാവിനൊപ്പം മരണത്തിന് കീഴടങ്ങിയത്. ജീവിതത്തിന്റെ രണ്ട് വിത്യസ്ത തലത്തിലുള്ളവര്‍.

ഈ മാതാവിന്റെയും അവരുടെ രണ്ട് മക്കളുടെയും ജീവിതം യഥാര്‍ത്ഥത്തില്‍ നമ്മുടെയും കൂടി ജീവിതമാണ്. ഐഹിക ജീവിതത്തിന്റെ കപടഭംഗിയില്‍ നാമെല്ലാം വഞ്ചിതരായിരിക്കുന്നു. അബൂ സഈദില്‍ ഖുദ്‌രി(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘ഇഹലോകം ഒരു മധുരപലഹാരം പോലെയാണ്. അല്ലാഹു നിങ്ങളെയതില്‍ അവന്റെ പകരക്കാരാക്കി നിയോഗിച്ചു. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അവന്‍ നീരീക്ഷിച്ചുകൊണ്ടിരിക്കുന്നു'(ബുഖാരി). അപ്രകാരംതന്നെ, മരണവും നമ്മുടെ സ്‌നേഹിതന്മാരുടെയും കൂട്ടുകാര്‍ക്കും മുകളില്‍ വട്ടമിട്ട് പറക്കും. അതില്‍ നമ്മെക്കാള്‍ പ്രായം കുറഞ്ഞവരും യുവാക്കളുമുണ്ടാകും. അടുത്ത തവണ മരണം എന്നിലേക്ക് വരുമെന്നോ അതെന്റെ വിധിയാണെന്നോ ഐഹിക ജീവിതത്തിന്റെ ലഹരിയില്‍ നാം മറന്നുപോകും. അതിനെക്കുറിച്ച് ആരെങ്കിലും നമ്മെ ഓര്‍മ്മപ്പെടുത്തിയാല്‍ അല്‍പം നിമിഷത്തേക്ക് മാത്രമേ നമ്മില്‍ ആ ചിന്ത നിലനില്‍ക്കുകയൊള്ളൂ. അതുകഴിഞ്ഞ് വീണ്ടും നാം ദുനിയാവിന്റെ മോഹിപ്പിക്കുന്ന പൂന്തോട്ടത്തില്‍ അഭിരമിക്കാന്‍ തുടങ്ങും. ഈ ഐഹിക ലോകത്ത് ജീവിക്കുമ്പോഴും ഇതൊട്ടും ശാശ്വതമല്ലെന്ന് എപ്പോഴും ഓര്‍ത്തുകൊണ്ടിരുന്നവര്‍ അമ്പിയാക്കളും മുര്‍സലുകളും മാത്രമായിരിക്കും. ശാശ്വതമായൊരു ലോകത്തെക്കുറിച്ചുള്ള ചിന്തയില്‍ അവരിലും മുന്‍പന്തിയിലുണ്ടാവുക അല്ലാഹുവിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബി(സ്വ)യായിരിക്കും. തിരുനബിയെയും അവിടുത്തെ സന്തത സഹചാരികളെയും ഇനി അന്ത്യനാള്‍ വരെ വരാനിരിക്കുന്ന സമൂഹത്തെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: ‘നിശ്ചയം, താങ്കള്‍ മരണത്തിന് വിധേയനാകും; അവരും മരിച്ചുപോവുക തന്നെ ചെയ്യുന്നതാണ്'(സുമര്‍: 30).

അല്ലാഹുവില്‍ നിന്നും യാതൊരു തരത്തിലും മാപ്പര്‍ഹിക്കാത്ത രീതിയില്‍ തിന്മയിലും തെമ്മാടിത്തരത്തിലും അഭിരമിച്ച ഒരുത്തനെ സംബന്ധിച്ചെടുത്തോളം അവനോട് മരണത്തെക്കുറിച്ച് ചോദിച്ചാല്‍ അവന്‍ പറയും; ‘അതെ, ഞാന്‍ മരിക്കും. പക്ഷെ, ഇപ്പോഴല്ല. കുറച്ച് കഴിഞ്ഞ്’. സുദീര്‍ഘമായൊരു ഐഹിക ജീവിതത്തിനുള്ള ആഗ്രഹം ദുന്‍യാവിന്റെ വഞ്ചനകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അല്ലാഹു പറയുന്നു: ‘നബിയെ പ്രഖ്യാപിക്കുക, ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ, അത് നിങ്ങളെ കണ്ടുമുട്ടുക തന്നെ ചെയ്യും. ശേഷം രഹസ്യ-പരസ്യങ്ങളറിയുന്നവനിലേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ സ്വന്തം ചെയ്തികളെപ്പറ്റി നിങ്ങള്‍ക്കവന്‍ വിവരം നല്‍കുന്നതാകുന്നു.'(ജുമുഅ: 8). മരണം വരുന്ന ദിശയറിയാതെ നാമതിനെ പിന്നിലാക്കി ഒളിച്ചോടാനാണ് നാം ശ്രമിക്കുന്നത്. എങ്ങോട്ട് പോയി ഒളിച്ചാലും അത് നമ്മെ കണ്ടുമുട്ടുക തന്നെ ചെയ്യും.

മുഹമ്മദ് മുതവല്ലി ശഅ്‌റാവി മരണത്തെക്കുറിച്ച് പറയുന്നു: നിന്റെ ജനനത്തോട് കൂടി തൊടുത്തുവിടപ്പെട്ട അമ്പാണത്. അത് നിന്നിലേക്ക് എത്തിച്ചേരുന്ന അത്രയേ നിനക്ക് ആയുസ്സൊള്ളൂ. നാമെല്ലാം മരിച്ചവരുടെ മക്കളും ഇനി മരിക്കാനുള്ളവരുമാണ്. ജനിച്ചത് മുതല്‍ അവസാന ശ്വാസം വരെ ഓരോ നിമിഷവും തീര്‍ന്നുപോകുന്ന ജീവിതമാണ് നമ്മുടേത്. മരണമെത്തിയാല്‍ പിന്നെ ഒരുവട്ടം കൂടി ശ്വാസമെടുക്കാനോ ഈ ഭൂമിയിലേക്ക് തന്നെ മടങ്ങാനോ സാധ്യമല്ല. നാം നന്നായി സ്‌നേഹിക്കുന്നവരും നമ്മോട് ഏറ്റവും അടുത്തവരുമായിരിക്കും ചിലപ്പോള്‍ മരണത്തെ വല്ലാതെ കൊതിക്കുക. എന്നാല്‍, സദ്‌വൃത്തരെന്ന് നാം ധരിച്ചുവെച്ചവരായിരിക്കും പലപ്പോഴും അതില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുക.

ഹലാലായതും അല്ലാത്തതുമായ മാര്‍ഗത്തില്‍ മനുഷ്യന്‍ സമ്പാദിക്കുന്നു. പക്ഷെ, അതിനെക്കുറിച്ചെല്ലാം താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന ബോധം അവനില്ല. അവനോട് അടുത്ത് നില്‍ക്കുന്ന മരണത്തെക്കുറിച്ചും ചിന്തയില്ല. വിമാനമായാലും കപ്പലായാലും കാറായാലും അവന്റെ യാത്രയില്‍ ഏത് സമയത്തും മരണം അവനെ പിടികൂടിയേക്കാമെന്ന് അവന്‍ മനസ്സിലാക്കുന്നില്ല. മരണത്തിന് വേണ്ടി തയ്യാറെടുത്തവരാണ് വിജയികള്‍. വിജയകരമായൊരു അന്ത്യം അല്ലാഹു നമുക്ക് നല്‍കട്ടെ. നമ്മുടെ പാപങ്ങളെല്ലാം പൊറുക്കുകയും കരുണ വര്‍ഷിപ്പിക്കുകയും ചെയ്യട്ടെ. മാനുഷിക ബാധ്യതകളില്‍ വിഴ്ച വരുന്നതില്‍ നിന്നും അവന്‍ നമ്മെ സംരക്ഷിക്കട്ടെ.

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles