Current Date

Search
Close this search box.
Search
Close this search box.

ഹൃദയം കടുത്തു പോയാല്‍..

darkened.jpg

അല്ലാഹു നമ്മെ നിരീക്ഷിക്കുന്നുണ്ട് എന്ന ബോധം ഇല്ലാതാകുക, നേര്‍മാര്‍ഗത്തെക്കുറിച്ച് അശ്രദ്ധമാകുക, വിവേകത്തിന്റെ പാതയെ അവഗണിക്കുക, ഇച്ഛകളെ പിന്‍പറ്റുകയും ഇഹലോക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക മുതലായവയെല്ലാം ഹൃദയത്തെ ബാധിക്കുന്ന അപകടകരമായ രോഗമാകുന്നു.
മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്ന വലിയ ശിക്ഷയാണ് ഹൃദയ കാഠിന്യം.  
സഹ്ല്!ബിന്‍ അബ്ദുല്ല പറയുന്നു :  ഹൃദയത്തിന്റെ ശിക്ഷകളോഴിച്ചുള്ള എല്ലാ ശിക്ഷകളും ശുദ്ധീകരണമാണ്. ഹൃദയത്തിന്റെ ശിക്ഷ  മനസ് കടുത്ത് പോകലാണ്. (ഹീലതുല്‍ ഔലിയാഅ് വ ത്വബഖാതുല്‍ അസ്ഫിയാഅ് /അബീ നഈം)
ഇബ്‌നുമന്‍ളൂര്‍ പറയുന്നു: ഹൃദയ കാഠിന്യമെന്നാല്‍ ഹൃദയത്തിന്റെ നൈര്‍മല്യവും കാരുണ്യവും ദൈവഭയവും ഇല്ലാതാകലാണ്. (ലിസാനുല്‍ അറബ്)
ഖുര്‍തുബി പറയുന്നു : കാഠിന്യം എന്നാല്‍ അല്ലാഹുവിനെ പ്രതിനീധീകരിക്കുന്നതില്‍ നിന്നും കീഴ്‌പ്പെടുന്നതില്‍ നിന്നും മുക്തമാകലാണ്.
മാലിക് ബിന്‍ ദീനാര്‍ പറയുന്നു : നാല് കാര്യങ്ങള്‍ ദൗര്‍ഭാഗ്യത്തിന്റെ അടയാളങ്ങളാണ്. 1.ഹൃദയം കടുത്ത് പോകുക 2. കണ്ണുകള്‍ വരണ്ടു പോകുക (തെറ്റ് ചെയ്യുമ്പോള്‍ കുറ്റ ബോധത്താടെയുള്ള കണ്ണുനീരില്ലാതാവുക) 3. അമിത പ്രതീക്ഷ 4. ഇഹലോകത്തോടുള്ള ആര്‍ത്തി (അസ്‌സുഹ്ദു വസ്വിഫതു സാഹിദീന്‍/ ഇബ്‌നുല്‍ അറബി)
ഇബ്‌നുല്‍ഖയ്യിം പറയുന്നു : ചില ഹൃദയങ്ങളെ അല്ലാഹുവന് കീഴൊതുങ്ങിയതാക്കുകയും മറ്റു ചില ഹൃദയങ്ങളെ കടുത്തതാക്കുകയും ചെയ്ത അല്ലാഹു എത്ര പരിശുദ്ധന്‍ ഹൃദയം കഠിനമായതിനും അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു എന്നതിനും ചില അടയാളങ്ങളുണ്ട്.  

ഹൃദയ കാഠിന്യത്തിന്റെ അടയാളങ്ങള്‍
1. ഹൃദയം കടുത്ത് പോകുന്നതിനെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. അത് സത്യത്തെ സ്വീകരിക്കുന്നതിനെയും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനെയും തടയുമെന്ന് അല്ലാഹു പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ :   
‘പക്ഷേ, ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തു. ശിലകള്‍പോലെ കടുത്തു. അല്ല, അതിലധികം കടുത്തുപോയി. എന്തെന്നാല്‍ ചില പാറകളില്‍നിന്ന് ആറുകള്‍ പൊട്ടിയൊഴുകാറുണ്ടല്ലോ. മറ്റുചിലതാകട്ടെ സ്വയം പിളരുകയും അതില്‍നിന്നു വെള്ളമൊലിക്കുകയും ചെയ്യുന്നു. ഇനിയും ചിലതോ, ദൈവഭയത്താല്‍ കിടുകിടുത്തു നിലംപതിക്കുന്നു. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ.’ (അല്‍ബഖറ : 74)

ഇതിലെ ‘ചില പാറകളില്‍ നിന്ന് ‘ എന്ന ഖുര്‍ആനിക പരാമര്‍ശത്തെ വിശദീകരിച്ച് കൊണ്ട് ഇബ്‌നു അബ്ബാസ്(റ) പറയുന്നു: പാറകളില്‍ ചിലതിന് നിങ്ങളുടെ ഹൃദയങ്ങളേക്കാള്‍ നൈര്‍മല്യമുണ്ടാകും. നിങ്ങളെ സത്യത്തിലേക്ക് വിളിക്കുന്നു പക്ഷെ, നിങ്ങള്‍ ഉത്തരം നല്‍കുന്നില്ല.  (തഫ്‌സീര്‍ ഇബ്‌നു കഥീര്‍)

2. അല്ലാഹു ഹൃദയം കടുത്ത് പോയവര്‍ക്ക് വേദനാജനകമായ ശിക്ഷയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹൃദയം അടഞ്ഞ് പോകാനും വഴികേടിലാകാനും ഹൃദയ കാഠിന്യം ഇടയാക്കുമെന്ന് അല്ലാഹു വിശദീകരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു : ‘അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങള്‍ക്കു നേരെ ഹൃദയം കടുത്തുപോയവര്‍ക്ക് മഹാനാശമുണ്ട്. അവര്‍ തെളിഞ്ഞ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരാകുന്നു ‘(സുമര്‍: 22)
 
‘അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങള്‍ക്കു നേരെ ഹൃദയം കടുത്തുപോയവര്‍ക്ക് മഹാനാശമുണ്ട” എന്ന ആയതിന്റെ ഉദ്ദേശ്യം: അല്ലാഹുവിന്റെ ഗ്രന്ഥത്തോട് നൈര്‍മല്യം പുലര്‍ത്താതിരിക്കുക, അതിലെ ദൃഷ്ടാന്തങ്ങള്‍ ഓര്‍ക്കാതിരിക്കുക, അതിനെ സ്മരിച്ച് കൊണ്ട് മനശാന്തിയടയായിതിരിക്കുക, എന്നിട്ട് അല്ലാഹുവിനെ അവഗണിച്ച് മറ്റുള്ളവരിലേക്ക് തിരിയുക അങ്ങനെയുള്ള വര്‍ക്ക് അല്ലാഹു കഠിനമായ നരകവും വലിയ ദൂഷ്യങ്ങളും ഒരുക്കി വെച്ചിട്ടുണ്ട് എന്നാണ്.  
‘അവര്‍ തെളിഞ്ഞ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരാകുന്നു’ എന്നതിന്റെ ഉദ്ധേശ്യം രക്ഷിതാവിനെ അവഗണിക്കുകയും, ആ അവഗണനയെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും അതില്‍ മന:സാക്ഷിക്ക് ദു:ഖമില്ലാതിരിക്കുകയും ചെയ്യുക എന്നത് ഹൃദയ കാഠിന്യത്തിന്റെ അടയാളമാണ്.

3. കടുത്ത്‌പോയ ഹൃദയത്തില്‍ ഏറ്റവും ദുര്‍ബലമായ വിശ്വസമാണുണ്ടാകുക. അത് സംശയമുള്ളതു കെട്ടിക്കുഴഞ്ഞതുമായ കാര്യാങ്ങളുടെ പിറകെ പോയി അത് സ്വീകരിക്കുകയും പിന്നീട് കുഴപ്പങ്ങളിലും വഴികേടിലും അകപ്പെടുകയും ചെയ്യും. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു :
‘മനസ്സുകളില്‍ (കാപട്യ)ദീനമുള്ളവര്‍ക്കും കഠിനഹൃദയര്‍ക്കും ചെകുത്താന്റെ കൈകടത്തല്‍ പരീക്ഷണമാകേണ്ടതിനുംഈ അതിക്രമികള്‍ ധിക്കാരത്തില്‍ ബഹുദൂരം അകന്നുപോയിരിക്കുന്നു എന്നതത്രെ ‘ (അല്‍ഹജ്ജ് :53)

ഇവിടെ ‘കഠിനഹൃദയര്‍ക്കും’ എന്നതിന്റെ ഉദ്ദേശ്യം ഉല്‍ബോധനത്തിനും ഭീഷണിക്കും വഴങ്ങാത്തവരുടെ ഹൃദയം കടുത്ത് പോയതിന്റെ ഫലമായി അല്ലാഹുവിനെയോ റസൂലിനെയോക്കുറിച്ചോ മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പിശാച് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് ലഭിച്ചാല്‍ അത് അവര്‍ തങ്ങളുടെ അസത്യങ്ങള്‍ക്ക് തെളിവായി ഉദ്ധരിച്ച് തര്‍ക്കിച്ച് അല്ലാഹുവിനെയും റസൂലിനെ പ്രതിസന്ധിയിലാക്കന്‍ ശ്രമിക്കും. അത് കൊണ്ടാണ് അല്ലാഹു അവരെക്കുറിച്ച് പറഞ്ഞത് : ‘ഈ അതിക്രമികള്‍ ധിക്കാരത്തില്‍ ബഹുദൂരം അകന്നുപോയിരിക്കുന്നു എന്നതത്രെ’ അതായത് അവര്‍ അല്ലാഹുവിനെപ്രതി സന്ധിയിലാക്കാന്‍ ശ്രമിക്കുക വഴി സത്യത്തിനെതിരെ നില കൊള്ളുന്ന ഈ വിഭാഗം ഒരു പരീക്ഷണമാണ്. ഇങ്ങനെയുള്ള ഘട്ടത്തില്‍ അവരുടെ ഹൃദയത്തില്‍ ഒളിപ്പിച്ച് വെച്ച എല്ലാ കാര്യങ്ങളും വെളിവാകും. (തയ്‌സീറുല്‍ കരീമുര്‍റഹ്മാന്‍)

4. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോകുകയും ശിക്ഷയിറങ്ങുകയും ചെയ്യുക: അല്ലാഹുവിശുദ്ധ ഖുര്‍ആനില്‍ പറയുന്നു :  ‘ നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്കു നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ആ സമുദായങ്ങളെ വിപത്തുകളിലും യാതനകളിലും അകപ്പെടുത്തിയിട്ടുമുണ്ട് അവര്‍ താഴ്മയോടെ നമ്മുടെ മുമ്പില്‍ തലകുനിക്കേണ്ടതിന്ന്. അതിനാല്‍, നമ്മുടെ പീഡനം ബാധിക്കുമ്പോള്‍ ഇക്കൂട്ടര്‍ കീഴ് വണക്കം കാണിക്കാത്തതെന്ത്? പക്ഷേ, ഇവരുടെ മനസ്സുകള്‍ ഏറെ കടുത്തുപോയിരിക്കുന്നു. ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ചെകുത്താന്‍ അവരെ തോന്നിപ്പിക്കുകയും ചെയ്തു. പിന്നെ അവര്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങള്‍ വിസ്മരിച്ചപ്പോള്‍ സകലവിധ സൌഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാം അവര്‍ക്കു തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു ലഭിച്ച ഔദാര്യങ്ങളില്‍ ഏറെ നിഗളിച്ചപ്പോള്‍ നാം അവരെ പെട്ടെന്നു പിടികൂടി. അപ്പഴോ, അവരതാ എല്ലാറ്റിലും നിരാശരായിത്തീരുന്നു. അക്രമം പ്രവര്‍ത്തിച്ച ആ ജനം അങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടു. സര്‍വലോകനാഥനായ അല്ലാഹുവിനു സ്തുതി. (എന്തെന്നാല്‍ അവന്‍ അവരുടെ മുരടറുത്തുകളഞ്ഞു.) (അല്‍അന്‍ആം 4244)
ഹൃദയം കടുത്ത് പോയി എന്നതിന്റെ ഉദ്ദേശ്യം വിനയാനിതരായിത്തീരാനാവശ്യമായ നൈര്‍മല്യം അവര്‍ക്ക് ലഭിച്ചിട്ടില്ല. അവര്‍ ചെയ്യുന്ന മ്ലേച്ഛ പ്രവര്‍ത്തികള്‍ പിശാച് അവര്‍ക്ക് മനോഹരമാക്കി കാണിച്ച് കൊടുക്കുന്നതിലൂടെ അവര്‍ പരീക്ഷിക്കപ്പെടുന്നു. ഇതെല്ലാം സംഭവിക്കുന്നത് അവരുടെ ഹൃദയം കടുത്ത് പോയത് കൊണ്ടാണ്. (തഫ്‌സീറുല്‍ ഖാസിമി)

ഹൃദയ കാഠിന്യത്തിനുള്ള പരിഹാരം
ഖുര്‍ആന്‍ പാരായണവും ദിക്‌റുകള്‍ വ്യാപിപ്പിക്കലും മനസിനെ നൈര്‍മല്യമാക്കുന്ന കാര്യങ്ങളാണ്. അല്ലാഹു പറയുന്നു: (ഈ പ്രവാചകന്റെ സന്ദേശം) സ്വീകരിച്ചവരും ദൈവസ്മരണയില്‍ മനശ്ശാന്തി പ്രാപിക്കുന്നവരും ഇങ്ങനെയുള്ളവര്‍ തന്നെയാകുന്നു. അറിഞ്ഞിരിക്കുവിന്‍ ദൈവസ്മരണയാല്‍ മാത്രമാകുന്നു ഹൃദയങ്ങള്‍ ശാന്തിയടയുന്നത്.’ (അര്‍റഅ്ദ് :28)  

‘നാം ഒരു പര്‍വതത്തിന്മേല്‍ ഈ ഖുര്‍ആന്‍ ഇറക്കിയിരുന്നെങ്കില്‍, അത് ദൈവഭയത്താല്‍ വിഹ്വലമായി പൊട്ടിത്തകരുന്നത് നിനക്ക് കാണാമായിരുന്നു.31 ഈ ഉദാഹരണങ്ങള്‍ ജനത്തിനു വിവരിച്ചുകൊടുക്കുന്നത്, അവര്‍ (തങ്ങളുടെ അവസ്ഥയെക്കുറിച്ച്) ചിന്തിക്കേണ്ടതിനാകുന്നു.’ (അല്‍ഹശ്ര്!: 21)

ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുവാനുള്ള അല്ലാഹുവിന്റെ ആഹ്വാനമാണ് ഈ സൂക്തങ്ങള്‍. ഹൃദയം പര്‍വ്വതം പോലെ കടുത്തതാണെങ്കില്‍ പോലും ഖുര്‍ആനിന് അതിനെ നൈര്‍മല്യമുള്ളാതാക്കാന്‍ കഴിയും. കാരണം ഖുര്‍ആന്‍ പര്‍വതത്തിന്മേല്‍  ഇറങ്ങിയിരുന്നെങ്കില്‍, അത് ദൈവഭയത്താല്‍ വിഹ്വലമായി പൊട്ടിത്തകരുമായിരുന്നു. അതുപോലെ ഇതിനെ ഹൃദയങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ കഴിയും. ഖുര്‍ആനിന്റെ ഉല്‍ബോധനമാണ് ഏറ്റവും വലിയ ബോധനം. അതിലെ കല്‍പനകളും നിരോധങ്ങളുമുള്‍ക്കൊള്ളുന്ന വിധികളിലുമെല്ലാം ബോധനമുണ്ട്. മനസുകള്‍ക്ക് പെട്ടെന്ന് മനസിലാക്കാവുന്നതും ശരീരത്തിന് എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതുമാണ്. അതില്‍ അഭിപ്രായ വ്യത്യസങ്ങളോ അനുഷ്ഠിക്കാന്‍ പ്രയാസമുള്ളതോ ആയ കാര്യങ്ങളില്ല. അത് കാലഘട്ടത്തിലും നടപ്പിലാക്കാവുന്ന തരത്തില്‍ കാലാതിവര്‍ത്തിയാണ്. അതിനെക്കുറിച്ച് ചിന്തിക്കുന്നതിലൂടെ വിജ്ഞാനത്തിന്റെ വാതിലുകളാണ് അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. അതിലൂടെ നന്മയുടെയും തിന്മയുടെയും പാതകള്‍ വിശദമാക്കപ്പെടുകയും ചെയ്യും അത് ഉന്നതമായ സ്വഭാവ ഗൂണങ്ങള്‍ അനുഷ്ടിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും മ്ലേച്ഛകാര്യങ്ങളില്‍ നിന്ന് തടയുകയും ചെയ്യുന്നു. (തയ്‌സീറുല്‍ കരീമുര്‍റഹ്മാന്‍/ സഅ്ദി)

ഖബറിങ്ങളെയും രോഗികളെയും സന്ദര്‍ശിക്കുന്നതിലൂടെ ഇഹലോക വിരക്തിയും മരണത്തെക്കുറിച്ചുള്ള സ്മരണയും ഹൃദയത്തെ നൈര്‍മല്യവുമുണ്ടാകും പ്രവാചകന്‍(സ) പറയുന്നു:
‘നിങ്ങള്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുവിന്‍ അത് നിങ്ങളില്‍ പരലോക ചിന്ത ഉണ്ടാക്കും’ (ഇബ്‌നുമാജ)
തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ അബീഹുറൈറ പ്രവാചകനെ ഉദ്ധരിക്കുന്നു: ‘ആസ്വദനങ്ങളെ നശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച്(മരണം) നിങ്ങള്‍ ഓര്‍ക്കുവിന്‍’

മനാവി പറയുന്നു: ഹൃദയ കാഠിന്യത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഔഷധം ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് ഖബ്‌റാളികളുടെ അവസ്ഥയെക്കുറിച്ചും അന്ത്യനാളിലെ പുനരുദ്ധാനത്തെക്കുറിച്ചും ഓര്‍ക്കുക എന്നതാണ്. മരണം ആസന്നമായവരെ ദര്‍ശിക്കുക, മയ്യിത് കുളിപ്പിക്കുകയും അയാള്‍ക്ക് വേണ്ടി നമസ്‌കരിക്കുക മുതലായവ ഹൃദയ കാഠിന്യം കുറക്കും.

അഗതിക്ക് ഭക്ഷണം കൊടുക്കുക, അനാഥയെ തലോടുക
പ്രവാചകന്റെ അടുക്കല്‍ ഹൃദയത്തിന്റെ കാഠിന്യത്തെക്കുറിച്ച് പരാതി പറഞ്ഞ് കൊണ്ട് ഒരു മനുഷ്യന്‍ വന്നു, പ്രവാചകന്‍ അയാളോട് പറഞ്ഞു: നിനക്ക് ഹൃദയം നൈര്‍മല്യമുള്ളതാകാനും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാനു ആഗ്രഹമുണ്ടോ? അനാഥയോട് കാരുണ്യം കാണിക്കുക, അവനെ തലോടുക, നിന്റെ ഭക്ഷണത്തില്‍ നിന്ന് അവനെ ഭക്ഷിപ്പിക്കുക. നിന്റെ ഹൃദയം നൈര്‍മല്യമുള്ളതാകും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.

പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുക
പ്രവാചകന്‍ കൂടുതലായി ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു: ഹൃദയങ്ങള്‍ ഇളക്കി മറിക്കുന്ന നാഥാഎന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ! ഥാബിതുല്‍ ബുനാനീ പറയുന്നു എനിക്കെപ്പോഴാണ് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുക എന്ന് എനിക്കറിയാം അപ്പോള്‍ അനുയായികള്‍ ചോദിച്ചു: എവിടെ നിന്നാണ് അത് പഠിച്ചത് ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ തൊലിപ്പുറം തുടിക്കുമ്പോഴും, ഹൃദയം പ്രകമ്പനം കൊള്ളുമ്പോഴും, കണ്ണ്‌നീര്‍ വാര്‍ന്ന് പോകുമ്പോഴും, എനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടും.

ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ശരീരം രോഗാതുരമാകുന്നത് പോലെ ഹൃദയവും രോഗതുരമാകും അതിന്റെ ശമനം പശ്ചാത്താപമാണ്. അത് കണ്ണാടി കറപിടിക്കുന്നത് പോലെ കറപിടിക്കും അതിനെ വെളുപ്പിക്കുന്നത് ദൈവസ്മരണ കൊണ്ടാണ്. അത് ശരീരം വിരൂപമാകുന്നത് പോലെ വിരൂപമാകും അതിന്റെ അലങ്കാരം ദൈവഭക്തിയാകുന്നു. ശരീരത്തിന് ദാഹവും വിശപ്പും ഉണ്ടാകുന്നത് പോലെ ഹൃദയത്തിനും വിശക്കും സ്‌നേഹവും വിജ്ഞാനവും, തവക്കുലും, സേവനവു മെല്ലാമാണ് അതിന്റെ ഭക്ഷണവും പാനീയവും.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles