Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് പൂര്‍ത്തീകരിച്ചവന് ചില വസ്വീയത്തുകള്‍

hajj.jpg

പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച ഹാജി ഓര്‍ത്തിരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അല്ലാഹുവിന്റെ ആതിഥ്യമനുഭവിച്ച് തിരിച്ചെത്തിയതാണ് താനെന്ന ബോധവും ഭക്തിയും അവന്റെ ജീവിതത്തിലുണ്ടാവണം. യാത്രപൂര്‍ത്തീകരിച്ച് കുടുംബത്തിലേക്ക് തിരിച്ചെത്താന്‍ തുണച്ച റബ്ബിനോട് നന്ദിയും കടപ്പാടുമുള്ളവനാകണം. ഹജ്ജ് പൂര്‍ത്തീകരിച്ച് മടങ്ങിയെത്തിയവന് ഉപകാരപ്പെട്ടേക്കാവുന്ന ചിലകാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

1) പരിശുദ്ധവും അനുഗ്രഹീതവുമായ ഹജ്ജ് എന്ന നിര്‍ബന്ധ കര്‍മം പൂര്‍ത്തീകരിച്ച് തിരിച്ചുവരാന്‍ ഉതവി നല്‍കിയ നാഥനെ സ്തുതിച്ചുകൊണ്ടിരിക്കണം. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍ നാം നിനക്ക് അനുഗ്രഹങ്ങള്‍ അധികരിപ്പിച്ച് തരും.’ (14:7)

2) ഹജ്ജ് തന്റെ ജീവിതത്തില്‍ മാറ്റത്തിനുള്ള ഒരു അവസരമാണെന്ന് മനസ്സിലാക്കണം. അതിനനുസരിച്ച് ജീവിതം പരിവര്‍ത്തിപ്പിക്കാനും ഹാജി സന്നദ്ധനാകണം. അല്ലാഹു പറയുന്നു: ‘ഒരു ജനത സ്വയം പരിവര്‍ത്തനത്തിന് വിധേയമാകാതെ അല്ലാഹു അവരെ മാറ്റുകയില്ല.’ (13:11)

3) ഹജ്ജില്‍ നിന്ന് നേര്‍വഴിയാണ് ജനങ്ങള്‍ നേടിയെടുക്കേണ്ടത്. ആ നേര്‍വഴിയുമായാണ് ഹാജി മടങ്ങേണ്ടത്. എല്ലാ നമസ്‌കാരത്തിലും ഫാതിഹ ഓതുന്നതിലൂടെ നാം ചോദിക്കുന്നത് ഈ നേര്‍വഴിയാണല്ലോ. ‘നേരായ മാര്‍ഗത്തിലേക്ക് ഞങ്ങളെ നീ വഴികാണിക്കേണമേ!’ (1:6)

4) നിരന്തരമായ വിശ്വാസ-പ്രവര്‍ത്തനങ്ങളില്‍ നിന്നാണല്ലോ നമ്മള്‍ മടങ്ങി വരുന്നത്. അതുകൊണ്ട് പ്രവര്‍ത്തന നൈരന്തര്യം നിലനിര്‍ത്തല്‍ ഹാജിയുടെ കടമയാണ്. മക്കയില്‍ നിന്ന് മടങ്ങുന്നതോടെ ആരാധനകളും അനുഷ്ഠാനങ്ങളും നിര്‍ത്തരുത്. ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരാണ് നാശത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍’ (അല്‍ അസ്വ്ര്‍: 2,3)

5) സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദശം കൂടിയാണ് ഹജ്ജ് ഹാജിക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ സാഹോദര്യവും ഐക്യവും നിലനിര്‍ത്താന്‍ നാം പരമാവതി പരിശ്രമിക്കണം. ‘തീര്‍ചയായും വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്’ (49:10)

6) ഹജ്ജിനിടെ അല്ലാഹുവേട് ധാരാളമായി പ്രാര്‍ഥിക്കുകയും ദിക്‌റുകള്‍ ചൊല്ലുകയും ചെയ്തിരുന്നല്ലോ. അവ ഹജ്ജ് കഴിയുന്നതോടെ നിര്‍ത്തിവെക്കരുത്. പ്രവാചകന്‍ പറഞ്ഞത് ഓര്‍ക്കുക: ‘പ്രാര്‍ഥനയാണ് ആരാധന’.

7) ഹജ്ജിനിടയില്‍ സുന്നത്തുകള്‍ ധാരാളം ഹാജി ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ടല്ലോ. അത്തരം സുന്നത്തുകള്‍ ബാക്കി ജീവിതത്തിലും തുടരാന്‍ ഹാജി ശ്രദ്ധചെലുത്തണം. ‘ഐഛികമായ കര്‍മങ്ങള്‍ കൊണ്ട് അടിമ അല്ലാഹുവിലേക്ക് അടുത്തുകൊണ്ടിരിക്കും’ എന്നാണല്ലോ പ്രവാചകന്‍ പറഞ്ഞത്.

8) ഹാജി കുട്ടികളുടെ നിഷ്‌കളങ്കതയോടെയാണ് ഹജ്ജ് കഴിഞ്ഞ് മടങ്ങുകയെന്നാണല്ലോ പ്രവാചകന്‍ പറഞ്ഞത്. ആ വൃത്തിയും വെടിപ്പും ജീവിതത്തില്‍ കാത്ത് സൂക്ഷിക്കണം.

9) ഹാജി ഹജ്ജിനിടെ തന്റെ മുന്‍കഴിഞ്ഞ വീഴ്ചകളും പാപങ്ങളും നാഥനോട് ഏറ്റുപറഞ്ഞ് പശ്ചാതപിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ അത്തരം കുറ്റങ്ങളിലേക്ക് തിരിച്ച് പോകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാതെ സൂക്ഷിക്കണം. നേര്‍മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റാതിരിക്കാന്‍ പ്രാര്‍ഥിക്കണം. ‘നാഥാ! നേര്‍വഴിയിലായ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ വഴിതെറ്റിക്കരുതേ!’ (3:8) എന്ന് പ്രാര്‍ഥിച്ച്‌കൊണ്ടിരിക്കണം.

10) അല്ലാഹുവിലേക്കുള്ള ദഅ്‌വത്ത് ഹാജി ഒരു ചുമതലയായി ഏറ്റെടുക്കണം. അല്ലാഹുവിന്റെ വിളികേട്ട് അതിന് ഉത്തരം നല്‍കിയ അതിഥിയാണ് അവന്‍. ആ വിളി അവന്‍ തുടര്‍ന്നുകൊണ്ടിരിക്കണം. ‘അല്ലാഹുവിലേക്ക് വിളിച്ചവനെക്കാള്‍ നല്ല വാക്കുകള്‍ പറഞ്ഞവന്‍ ആരുണ്ട്?!’ (41:33)

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles