Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹം മാത്രം സൂക്ഷിക്കുന്ന ഹൃദയങ്ങള്‍

love.jpg

വരണ്ട ഹൃദയങ്ങള്‍ക്ക് ഇതരരെ സ്‌നേഹിക്കുന്നതും അവര്‍ക്ക് നന്മ കാംക്ഷിക്കുന്നതും അസഹ്യമായിരിക്കും. തനിക്കും തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുമുള്ള സ്‌നേഹമായിരിക്കും ഇവരെ ഭരിച്ചുകൊണ്ടിരിക്കുക. ഇതരരെ സ്‌നേഹിക്കാന്‍ നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തത് ഇസ്‌ലാമാണ്. തന്നോട് മോശമായി പ്രതികരിച്ചാലും തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുടലെടുത്താലും മുഴുവന്‍ വിശ്വാസികളെയും അകമഴിഞ്ഞു സ്‌നേഹിക്കാന്‍ മാത്രം വിശാലമാകണം വിശ്വാസിയുടെ ഹൃദയം. നിര്‍മലമായ ഹൃദയം പരസ്പര സ്‌നേഹത്തിലും ദയയിലും മാന്യതയിലും ഇണക്കത്തിലും കെട്ടിപ്പെടുക്കപ്പെട്ടതായിരിക്കും. ഇതരരുമായി ഇണക്കത്തിലേര്‍പ്പെടാതെ അസഹിഷ്ണുതയോടെ കഴിയുന്നതില്‍ യാതൊരു നന്മയുമില്ല എന്ന് നാം തിരിച്ചറിയണം.

വിശ്വാസികള്‍ പരസ്പര സഹോദരങ്ങളാണ്. ഈ സാഹോദര്യം അനൈക്യത്തിന്റെ വേരുകള്‍ പിഴുതുമാറ്റി പരസ്പരം സ്‌നേഹിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. അല്ലാഹുവിന്റെ വിശാലമായ സ്‌നേഹത്തിന്റെ തിരുമുറ്റത്തു നിന്നുകൊണ്ട് ഈ സ്‌നേഹത്തിന് വിഘാതമാകുന്ന എല്ലാ തടസ്സങ്ങളെയും വിശ്വാസി തട്ടിനീക്കും. പ്രവാചകന്‍ വിശേഷിപ്പിച്ചതു പോലെ അവര്‍ ഒറ്റ മെയ്യായിരിക്കും.’ വിശ്വാസികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കാരുണ്യത്തിന്റെയും ഉപമ ഒരു ശരീരം പോലെയാണ്.

ഹൃദയത്തില്‍ നന്മയും സ്‌നേഹവും മാത്രം സൂക്ഷിച്ച ചിലരുടെ മഹത്തായ മാതൃകകള്‍ ഇസ്‌ലാം നമുക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. സ്വര്‍ഗാവകാശിയായ ഒരാളെ കുറിച്ച് പ്രവാചകന്‍ അനുചരന്മാരെ അറിയിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് തിരിച്ചറിയാനായി അനുഗമിച്ചവര്‍ക്ക് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്’ ഹൃദയത്തില്‍ നന്മയും സ്‌നേഹവും മാത്രം സൂക്ഷിച്ച് ആരോടും പകയില്ലാതെ കഴിഞ്ഞു’ എന്നതായിരുന്നു. ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ തോതനുസരിച്ച് മാത്രമേ ഇതരരോടുള്ള സ്‌നേഹത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയുള്ളൂ.

അല്ലാഹുവിനോടുള്ള ആത്മാര്‍ഥമായ സ്‌നേഹം വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ പെട്ടതും അതിന്റെ ഉത്തുംഗ പദവിയുമാണ്. വിശ്വാസത്തില്‍ ഏറ്റവും ശ്രേഷ്ടകരമായത് ഏതാണ് എന്ന് പ്രവാചകനോട് ചോദിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കലും കോപിക്കലും ദൈവസ്മരണയില്‍ നാവിനെ ചലിപ്പിക്കലുമാണെന്ന് അദ്ദേഹം പ്രതിവചിക്കുകയുണ്ടായി. ഈ സ്‌നേഹം പരസ്പരോപദേശങ്ങളിലും ഗുണകാംക്ഷയിലുമധിഷ്ഠിതമായിരിക്കണം. കാലത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് വിജയികളായവരുടെ വിശേഷണങ്ങള്‍ വിശുദ്ധഖുര്‍ആന്‍ നിരത്തുന്നത് നമുക്ക് കാണാം. ‘കാലം സാക്ഷി! മനുഷ്യന്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്, വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യംകൊണ്ടും ക്ഷമ കൊണ്ടും പരസ്പരോപദേശം നടത്തിയവരുമൊഴികെ’.

ആധുനിക കാലത്ത് സ്‌നേഹമെന്നത് താല്‍പര്യങ്ങളും ഉപകാരങ്ങളും മുന്‍നിര്‍ത്തിയുള്ള ഒന്നായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ പരസ്പര ബന്ധങ്ങള്‍ തകരുകയും കൂടുതല്‍ വഷളമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പരസ്പര സ്‌നേഹത്തില്‍ കഴിഞ്ഞവര്‍ ഉറ്റവരും ഉടയവരും സഹായിക്കാനില്ലാത്ത നാളില്‍ നമ്മുടെ തുണയും ശക്തിയുമായിത്തീരും. താല്‍പര്യങ്ങള്‍ക്ക് വേണ്ടി സൗഹൃദത്തിലേര്‍പ്പെട്ടവര്‍ പരസ്പര ശത്രുതയിലായിരിക്കും അന്ന് കഴിഞ്ഞുകൂടുക.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles