Current Date

Search
Close this search box.
Search
Close this search box.

സ്വര്‍ഗം കവര്‍ന്നെടുക്കുന്ന ചെറുപാപങ്ങള്‍

values.jpg

മനുഷ്യര്‍ എന്ന നിലയില്‍ ജീവിതത്തിലുടനീളം തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളവരാണ് നാം ഓരോരുത്തരും. അല്ലാഹു അവന്റെ അപാരമായ കാരുണ്യത്താല്‍ ഏറെ പൊറുത്തു കൊടുക്കുന്ന മാസമാണ് റമദാന്‍. അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം നമ്മുടെ ഭാഗത്തും നിന്നുമുണ്ടാകേണ്ടതുണ്ട്. റമദാന്‍ മാസത്തിന്റെ പ്രത്യേകതയായി നബി(സ) പറഞ്ഞു:

إذا دخل شهر رمضان أمر الله حملة العرش أن يكفوا عن التسبيح ويستغفروا لامة محمد والمؤمنين

(റമദാന്‍ ആഗതമായാല്‍ അര്‍ശിനെ വഹിച്ചു കൊണ്ടിരിക്കുന്ന മലക്കുകളെ വിളിച്ച് അല്ലാഹുവിനുള്ള പ്രകീര്‍ത്തനം അവസാനിപ്പിച്ച് മുഹമ്മദ് നബിയുടെ ഉമ്മത്തിന് വേണ്ടി പാപമോചനം തേടാന്‍ കല്‍പിക്കും.)
അല്ലാഹുവിന്റെ സിംഹാസനം വഹിക്കുന്ന മാലാഖമാര്‍ പോലും നമുക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭം എന്ന നിലയില്‍ അല്ലാഹുവോട് കൂടുതല്‍ അടുക്കാനും പ്രാര്‍ഥിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.

റമദാന്‍ മാസത്തെ മുന്‍നിര്‍ത്തി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും അവനോട് കൂടുതലായി പ്രാര്‍ഥിക്കാനും പലര്‍ക്കും സാധിക്കുന്നില്ല. നമുക്ക് നമ്മെ കുറിച്ചുള്ള അഭിപ്രായമാണതിന് കാരണം. കണ്ണുനീര്‍ വാര്‍ത്ത് അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ മാത്രം വലിയ തെറ്റുകളൊന്നും ചെയ്യുന്നില്ല എന്ന സ്വന്തത്തെ കുറിച്ച ധാരണയാണത്.

തെറ്റുകളെ ലാഘവത്തോടെ കാണുന്നത് വിശ്വാസിയുടെ ഗുണമല്ലെന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. നബി(സ) പറയുന്നു: വിശ്വാസി തന്റെ മേല്‍ ഏത് സമയത്തും പതിച്ചേക്കുമെന്ന് ഭയക്കുന്ന പര്‍വതത്തെ കാണുന്നത് പോലെയാണ് തന്റെ തെറ്റുകളെ കാണുക. എന്നാല്‍ മുനാഫിഖ് തന്റെ മൂക്കിന് മുന്നിലുള്ള, ആട്ടിയാല്‍ പാറുന്ന ഈച്ചയെ കാണുന്നത് പോലെയാണ് തന്റെ തെറ്റുകളെ കാണുക. ഇബ്‌ലീസിനെ കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. വിഗ്രഹാരാധന പോലുള്ള വലിയ കുറ്റങ്ങള്‍ നിങ്ങളെ കൊണ്ട് ചെയ്യിക്കുന്നതില്‍ പിശാച് നിരാശനാണ്. എന്നാല്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചെറിയ തെറ്റുകളുടെ കാര്യത്തില്‍ അവന്‍ സംതൃപ്തനാണ്. അതില്‍ നിങ്ങള്‍ കാണിക്കുന്ന ലാഘവവും നിരന്തരം തുടരുന്നതും കാരണം നാളെ പരലോകത്ത് വലിയ കുറ്റമായി അവ പരിണമിക്കുമെന്നുള്ള വിചാരമാണ് പിശാചിനെ സന്തോഷിപ്പിക്കുന്നത്. ‘നിങ്ങള്‍ ചെറിയ ചെറിയ തെറ്റുകളെ കരുതിയിരിക്കണം. അവയെല്ലാം ഒരാളില്‍ ഒരുമിച്ചു കൂട്ടിയാല്‍ അതവനെ നശിപ്പിക്കും.’ എന്ന് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണവും അതാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ ചെറിയ തെറ്റുകളെ പരലോകത്ത് അല്ലാഹു ഒരുമിച്ച് കൂട്ടിയാല്‍ ഒരാളെ നരകാവകാശിയാക്കുന്നതി അത് തന്നെ മതിയാകും. ഒരു ഉദാഹരണത്തിലൂടെ സഅദ് ബിന്‍ ജുനാദ നമുക്ക് വിവരിച്ചു തരുന്നുണ്ട്. ഹുനൈന്‍ യുദ്ധം കഴിഞ്ഞ് മടങ്ങി വരുന്ന സന്ദര്‍ഭത്തില്‍ വിശ്രമിക്കാനായി പ്രവാചകനും അനുയായികളും ഒഴിഞ്ഞ പ്രദേശത്ത് ഇരുന്നു. ഒറ്റനോട്ടത്തില്‍ ഒന്നും തന്നെ കാണാനില്ലാത്ത തികച്ചും ഒഴിഞ്ഞ പ്രദേശമായിരുന്നു അത്. അവിടെ നിന്നെ എന്തെങ്കിലും ശേഖരിക്കാന്‍ പ്രവാചകന്‍(സ) സഹാബിമാരോട് ആവശ്യപ്പെട്ടു. ഒന്നുമില്ലാത്ത അവിടെ നിന്ന് എന്ത് ഒരുമിച്ച് കൂട്ടാന്‍ എന്ന സഹാബിമാരുടെ സംശയത്തിന് വല്ല പല്ലിന്റെയോ എല്ലിന്റെയോ കഷണങ്ങള്‍ കണ്ടാല്‍ അത് പെറുക്കികൂട്ടട്ടെ. അല്‍പസമയം കൊണ്ട് അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരം അവിടെ ഒരുമിച്ച് കൂട്ടാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിലേക്ക് ചൂണ്ടി കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞത് ഇതുപോലെയായിരിക്കും നിങ്ങള്‍ ചെയ്യുന്ന ചെറിയ കുറ്റങ്ങളെയും വീഴ്ച്ചകളെയും പരലോകത്ത് അല്ലാഹു ഒരുമിച്ച് കൂട്ടിയാല്‍ എന്നാണ്.

നമ്മുടെ കണ്ണും, കാതും, കൈകാലുകളുമെല്ലാം തെറ്റുകളില്‍ അകപ്പെടാന്‍ ഏറെ സാധ്യതയുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. അത്തരം വീഴ്ച്ചകള്‍ നിത്യേന സംഭവിക്കുന്നുമുണ്ട്. അതുകൊണ്ട് നമ്മുടെ തെറ്റുകളെ വളരെ ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. ചെറിയ വീഴ്ച്ചകളെ പോലും വലിയ ഗൗരവത്തോടെയാണ് മഹാന്‍മാരായ ആളുകള്‍ കണ്ടിരുന്നത്. അതവരെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഖലീഫയായിരിക്കുന്ന സമയത്ത് ഉമര്‍(റ) ശാമില്‍ നിന്നും വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന വേളയില്‍ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഒരു മൂലയിലെ വളരെ ചെറിയ ഒരു കൂരയില്‍ അദ്ദേഹം എത്തി. വളരെ ശോചനീയമായ സാഹചര്യത്തില്‍ ഒരു വൃദ്ധയാണ് അവിടെ കഴിഞ്ഞിരുന്നത്. വൃദ്ധക്ക് ആഗതനെ മനസ്സിലായില്ല. നിങ്ങള്‍ ഇത്രത്തോളം പ്രയാസത്തില്‍ ജീവിക്കുന്നത് രാജ്യം ഭരിക്കുന്ന ഖലീഫ ഉമറിനെ അറിയിച്ചു കൂടേ എന്ന് ഉമര്‍ അവരോട് ചോദിച്ചു. ഖലീഫക്ക് അതിനെവിടെ സമയം, അദ്ദേഹം വിദേശയാത്ര നടത്തി കൊണ്ടിരിക്കുകയല്ലേ എന്ന മറുപടിയാണ് വൃദ്ധ അതിന് നല്‍കിയത്. ആ മറുപടി ഉമറിനെ ഏറെ പ്രയാസപ്പെടുത്തി. ഇത്രയും വിശാലമായ രാജ്യത്തിന്റെ ഒരു മൂലയില്‍ താമസിച്ചു കൊണ്ടിരിക്കുന്ന നിങ്ങളെ കുറിച്ച് ഖലീഫക്ക് അറിയാഞ്ഞിട്ടായിരിക്കും എന്ന് ഉമര്‍ ആ വൃദ്ധയോട് പറഞ്ഞു. സ്വന്തം രാജ്യത്തെ പ്രജകളെ കുറിച്ച് അറിയില്ലെങ്കില് പിന്നെയെന്തിനാണ് അദ്ദേഹം ഖലീഫയാണെന്ന് പറഞ്ഞ് നടക്കുന്നത് എന്നതായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് ഉമര്‍ പുറത്തിറങ്ങി പൊട്ടിക്കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് കേണു: ‘അല്ലാഹുവേ, ഇതുപോലെ എത്രപേരുടെ പാപഭാരവും പേറിയാണ് ഈ ഉമര്‍ ജീവിക്കുന്നത്. നീ പൊറുത്തു തന്നില്ലെങ്കില്‍ എന്റെ പരലോകം എന്തായിരിക്കും.’ സ്വര്‍ഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട അദ്ദേഹത്തെ പോലുള്ള ആളുകള്‍ക്ക് തങ്ങളുടെ കുറ്റങ്ങളെ കുറിച്ച് അല്ലാഹുവോട് പറയുവാനും പോപമോചനം തേടുവാനും സാധിച്ചിരുന്നു. എന്നാല്‍ നമ്മെ പോലുള്ളവര്‍ക്ക് അതിന് സാധിക്കാതെ പോകുന്നത് നമ്മെ പരലോകത്ത് പരാജയത്തിലേക്കാണ് നയിക്കുക എന്ന് നാ തിരിച്ചറിയേണ്ടതുണ്ട്.

Related Articles