Current Date

Search
Close this search box.
Search
Close this search box.

സേഛ്വാധിപത്യം സമൂഹത്തിന്റെ സ്പന്ദനങ്ങളെ മറച്ചുവെക്കുന്നു

autocraft.jpg

സമൂഹത്തിന്റെ സ്പന്ദനങ്ങളെ സേഛ്വാധിപത്യം മറച്ചുവെക്കുന്നു. ഇഛാശക്തിയെയും ബുദ്ധിശക്തിയെയും നശിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലും നിഷേധിച്ച് ജനങ്ങളെ അടിമകളാക്കുന്നു. സമൂഹത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ധിഷണയെയും ചിന്തയെയും ഷണ്ഡീകരിച്ച് ഏകീകരിക്കുന്നു. അവിടെ ഞാനാണ് സത്യം, എന്റെ ചിന്തയാണ് ജനതയുടെ ചിന്ത. സത്യത്തെ മിഥ്യയുമായി കൂട്ടിക്കുഴക്കുന്നു എന്നതാണ് സേഛ്വാധിപത്യത്തിന്റെ ദുരന്തം. നീതിയുടെ പേരില്‍ അതിക്രമവും നിര്‍മാണത്തിന്റെ പേരില്‍ സംഹാരവും നടമാടുന്നു. ഇതര സമൂഹങ്ങള്‍ക്കിടയില്‍ തന്റെ യശസ്സുയരാന്‍ വേണ്ടി സമുദായത്തെ പണയം വെക്കാനും ഭരണതലത്തില്‍ പ്രതിസന്ധി നേരിടുമ്പോള്‍ അരാജകത്വവും അസ്വസ്ഥയും സൃഷ്ടിക്കുക എന്നതും സേച്വാധിപത്യത്തിന്റെ പ്രവണതകളാണ്.

ബസറയിലെ ഗവര്‍ണറായ അദിയ്യുബ്‌നു അര്‍ത്വ ഭരണാധികാരിയായ ഉമറുബ്‌നു അബ്ദുല്‍ അസീസിന് എഴുതി. അല്ലാഹുവിന്റെ ധനം അപഹരിച്ച ഒരു വിഭാഗം എന്റെ മുമ്പിലുണ്ട്. ശക്തമായ ശിക്ഷ നടപ്പാക്കിയാല്‍ മാത്രമേ അവരില്‍ നിന്ന് അത് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അമീറുല്‍ മുഅ്മിനീന്‍ എനിക്ക് അനുവാദം നല്‍കുകയാണെങ്കില്‍ ഞാന്‍ അവരില്‍ നിന്നും അത് തിരിച്ചുപിടിക്കും. ഉമറുബ്‌നു അബ്ദുല്‍ അസീസ് കത്തിന് ഇപ്രകാരം മറുപടി എഴുതി. അനുവാദം തേടിക്കൊണ്ടുള്ള നിന്റെ എഴുത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു. ദൈവശിക്ഷയില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും! നീ അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടുമ്പോഴാണ് ഞാന്‍ സംതൃപ്തനാകുന്നത്. അനീതി  പ്രവര്‍ത്തിച്ചു എന്ന് തെളിഞ്ഞവരില്‍ നിന്ന് അത് തിരിച്ചുപിടിക്കുക. കുറ്റസമ്മതം നടത്തിയവരില്‍ നിന്ന് അത് ശേഖരിക്കുക. അല്ലാഹുവാണെ! ഈ ജനം അവരുടെ വഞ്ചനയുമായി അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനേക്കാള്‍ അവരുടെ നിണവുമായി നീ അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ് എനിക്കിഷ്ടം.

ഒരു ഗവര്‍ണര്‍ ഉമറുബ്‌നു അബ്ദുല്‍ അസീസിന് എഴുതി. ഞാന്‍ മൂസലില്‍ എത്തി. ഏറ്റവും കൂടുതല്‍ മോഷണവും പിടിച്ചുപറിയും നടക്കുന്ന പ്രദേശമാണ് അതെന്ന് എനിക്ക് മനസ്സിലായി. സംശയത്തിന്റെ പേരില്‍ ജനങ്ങളെ പിടികൂടാനും ആരോപണങ്ങള്‍ തെളിയിക്കാനുമായി ശിക്ഷ നടപ്പാക്കാന്‍ എനിക്ക് അനുമതി നല്‍കിയാല്‍ ഞാന്‍ അപ്രകാരം ചെയ്യാം. ഈ മാര്‍ഗേണയല്ലാതെ അവരെ സംസ്‌കരിക്കാന്‍ മറ്റൊരു വഴിയുമില്ല. ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു. വ്യക്തമായ തെളിവുകളുടെയും ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന രീതിയിലും മാത്രം നീ അവരെ പിടികൂടുക. സത്യസന്ധമായ മാര്‍ഗത്തില്‍ അവരെ സംസ്‌കരിക്കാന്‍ സാധിക്കാത്ത പക്ഷം മറ്റൊരു മാര്‍ഗത്തിലൂടെ അല്ലാഹു അവരെ സംസ്‌കരിക്കുകയില്ല.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഭരണം എന്ന മഹിതമായ ആശയത്തെ പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കപ്പുറം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന ഭരണാധികാരിയാണ് ഉമറുബ്‌നു അബ്ദുല്‍ അസീസ്. ഒരു ജനാധിപത്യഭരണകൂടത്തിന് ഭദ്രമായ അടിത്തറകളും പ്രായോഗിക മാതൃകകളും സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
നീതിമാനായ സേഛ്വാധിപതിയിലൂടെയല്ലാതെ പൗരസ്ത്യലോകത്ത് പരിവര്‍ത്തനം സാധ്യമല്ല എന്ന ഒരു പ്രസ്താവന ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പേരില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പരിഷ്‌കര്‍ത്താവായ അദ്ദേഹത്തിലേക്ക് ചേര്‍ത്തുകൊണ്ടുള്ള ഈ പ്രസ്താവനയില്‍ എനിക്ക് സന്ദേഹമുണ്ട്. കാരണം ഒരു സേഛ്വാധിപതിക്ക് ഒരിക്കലും നീതിമാന്‍ ആകാന്‍ കഴിയുകയില്ല. ഒരു നീതിമാന്‍ ഒരിക്കലും സേഛ്വാധിപതി ആകുകയുമില്ല. അതിക്രമത്തിന്റെയും അവകാശധ്വംസനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും രൗദ്രഭാവമാണ് സേഛ്വാധിപത്യം. നീതിമാനും നിശ്ചയദാര്‍ഢ്യവുമുള്ള ഭരണാധികാരിയിലൂടെ മാത്രമേ പൗരസ്ത്യദേശത്ത് പരിവര്‍ത്തനം സാധ്യമാകുകയുള്ളൂ എന്നതാണ് ശരി, നിശ്ചയദാര്‍ഢ്യവും നീതിയും അനുപൂരകമാണ്. അതാണ് കാലഘട്ടം താല്‍പര്യപ്പെടുന്നത്.
സ്വാതന്ത്ര്യം എന്നത് അരാജകത്വത്തിനുള്ള ലൈസന്‍സാണെന്നാണ് ജനത മനസ്സിലാക്കിയിരിക്കുന്നത്. ഭരണത്തിന്റെയും നിയമത്തിന്റെയും അന്തസത്ത കളഞ്ഞുകൊണ്ട് ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുകയാണ് ഭരണാധികാരികള്‍. സേഛ്വാധിപതികള്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ ജനങ്ങളുടെ അന്തസത്തയും പിച്ചിച്ചീന്തുന്നു. ഇതു രണ്ടിനും ഇടയിലുള്ള മധ്യമനിലപാടാണ് ഉത്തമമായത്. രണ്ട് തിന്മകള്‍ക്കിടയിലുള്ള നന്മയാണ് നമുക്കാവശ്യം. ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിപ്രസ്താവിക്കുക, നീതിക്ക് സാക്ഷികളാകുക എന്നതാണ് ഇസ്‌ലാമിക ഭരണത്തിന്റെ അടിസ്ഥാനം.

വിവ: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles