Current Date

Search
Close this search box.
Search
Close this search box.

സുകൃതങ്ങള്‍ സ്വീകരിക്കാന്‍

1. കര്‍മങ്ങളെ വലുതായികാണാതിരിക്കുക : മനുഷ്യന്‍ എത്ര സല്‍കര്‍മങ്ങള്‍ ചെയ്താലും നന്മയില്‍ മുന്നേറിയാലും അവ അല്ലാഹു നമുക്ക് നല്‍കിയ ഏതെങ്കിലും അനുഗ്രഹത്തിനു പകരമാവില്ല. കാഴ്ച ശക്തി, കേള്‍വി, സംസാരചാതുരി തുടങ്ങിയവയെല്ലാം നമ്മുടെ നന്ദിപ്രകടനത്തിനപ്പുറമാണ്. അതിനാല്‍ തന്നെ അല്ലാഹുവിന്റെ യഥാര്‍ഥ അടിയാറുകള്‍ തങ്ങളുടെ കര്‍മങ്ങളെ ചെറുതായി കാണുന്നവരായിരിക്കും. തങ്ങളുടെ കര്‍മങ്ങളെ കുറിച്ച് വലിയ മതിപ്പനുഭവപ്പെട്ടുകൊണ്ട് പ്രതിഫലം നിഷ്ഫലമാക്കുകയും അലസരാകുകയും ചെയ്യുന്ന വഞ്ചകരിലവര്‍ ഉള്‍പ്പെടുകയില്ല. പ്രവാചകന്‍(സ)യെ മഹത്തായ ഒരു ദൗത്യം നിര്‍വഹിച്ച സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കിയ ഉപദേശം ഇത്തരത്തില്‍ ശ്രദ്ദേയമാണ്. ‘പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക. നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക. നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക. അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക. കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്'(അല്‍മുദ്ദസിര്‍ 16). കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത് എന്നതിനെ നിന്റെ കര്‍മങ്ങള്‍ കൂടുതലായി എന്നുകരുതി അല്ലാഹുവിന്റെ മുമ്പില്‍ എടുത്തുപറയരുത് എന്നാണ് ഹസനുല്‍ ബസരി വിശദീകരിച്ചത്.

2.കര്‍മങ്ങള്‍ സ്വീകരിക്കുകയില്ലേ എന്ന ആശങ്ക : മുന്‍ഗാമികള്‍ തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടി അത്യധികം ജാഗ്രത പുലര്‍ത്തിയിരുന്നതായി കാണാം. മാത്രമല്ല, അതിനെ കുറിച്ച് ഭയത്തിലും ആശങ്കയിലുമായി അവര്‍ കഴിഞ്ഞുകൂടിയതായി കാണാം. അവരുടെ അവസ്ഥയെ അല്ലാഹു വരച്ചുകാട്ടുന്നു : ‘തങ്ങളുടെ നാഥങ്കലേക്ക് തിരിച്ചുചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനംചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍; ഇവരൊക്കെയാണ് നന്മ ചെയ്യാന്‍ തിടുക്കം കൂട്ടുന്നവര്‍. അവയില്‍ ആദ്യം ചെന്നെത്തുന്നവരും അവര്‍ തന്നെ.'(അല്‍ മുഅ്മിനൂന്‍ 60) . ഇക്കൂട്ടരെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്‍ വിശദീകരിച്ചു : അവര്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധര്‍മം ചെയ്യുന്നവരുമാണ് ; അതോടൊപ്പം തങ്ങളുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലേ എന്നതിനെ കുറിച്ച് അവര്‍ ഭയപ്പെടുകയും ചെയ്യുന്നു’. അലി(റ) പറഞ്ഞു : കര്‍മങ്ങളനുഷ്ഠിക്കുന്നതിനേക്കാള്‍ കര്‍മങ്ങള്‍ സ്വീകാര്യമാകുന്നതിനെ കുറിച്ച് നിങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക’ സൂക്ഷ്മത പുലര്‍ത്തുന്നവരുടെ കര്‍മങ്ങളാണ് അല്ലാഹു സ്വീകരിക്കുക’ എന്ന ഖുര്‍ആന്‍ വചനം നിങ്ങള്‍ കേട്ടിട്ടില്ലേ! എന്ന് അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു.

3. പ്രതീക്ഷയും നിരന്തര പ്രാര്‍ഥനയും : അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുകയില്ലേ എന്ന ആശങ്കയും ഭയവും മാത്രം ഉണ്ടായാല്‍ പോരാ, അതോടൊപ്പം അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച തികഞ്ഞ പ്രതീക്ഷയും ഉണ്ടായിരിക്കണം. കാരണം പ്രതീക്ഷയുടെ അഭാവത്തിലുള്ള ഭയം നിരാശയിലേക്കും പരാജയത്തിലേക്കും വഴിനടത്തും. ഭയമില്ലാത്ത കേവല പ്രതീക്ഷകള്‍ സുരക്ഷിതത്വത്തിന്റെ തണലിലേക്ക് തെന്നിമാറാന്‍ പ്രേരിപ്പിക്കും. ഇബ്രാഹീം നബിയും ഇസ്മാഈല്‍(അ)യും കഅ്ബ പടുത്തുയര്‍ത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് ഇരുകരങ്ങളും ഉയര്‍ത്തിക്കൊണ്ട് നടത്തിയ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട് : ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ’.(അല്‍ ബഖറ 127)

4. പാപമോചനം അധികരിപ്പിക്കുക : മനുഷ്യര്‍ തങ്ങളുടെ കര്‍മങ്ങള്‍ എത്രതന്നെ കുറ്റമറ്റതാക്കണമെന്ന് ആഗ്രഹിച്ചാലും ചില ന്യൂനതകള്‍ അതില്‍ പ്രകടമാകും. ആരാധനാ കര്‍മങ്ങള്‍ക്ക് ശേഷം പാപമോചനപ്രാര്‍ഥനകള്‍ ചൊല്ലാന്‍ പഠിപ്പിച്ചത് അതിനാലാണ്. ഹജ്ജില്‍ നിന്നും വിരമിച്ചതിനെ കുറിച്ച് വിവരിക്കുന്നിടത്ത് ഖുര്‍ആന്‍ ഇത് ഉണര്‍ത്തുന്നതായി കാണാം :’പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ'(അല്‍ ബഖറ 199). പ്രവാചകന്‍ അല്ലാഹുവിലുള്ള ഇബാദത്തുകളിലും ജിഹാദിലുമെല്ലാം നിരന്തരം സമയം ചിലവഴിച്ചുകൊണ്ട് ജീവിതയാത്രക്കടുത്ത സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചതും പാപമോചനത്തിന വേണ്ടി പ്രാര്‍ഥിക്കാനാണ്. ‘അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍;
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.'(അന്നസ്ര്!). എല്ലാ നമസ്‌കാരങ്ങളുടെയും ശേഷം പ്രവാചകന്‍ അല്ലാഹുവെ നിന്നോട് ഞാന്‍ പാപമോചനം തേടുന്നു എന്ന് മൂന്നുതവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു.

5. സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുക : സല്‍കര്‍മം എന്നത് ഒരു ഉത്തമ വൃക്ഷമാണ്, അത് വളര്‍ന്ന് പാകമാകുന്നതുവരെ നിരന്തര പരിചരണവും വെള്ളമൊഴിക്കലും അനിവാര്യമാണ്. സുകൃതങ്ങള്‍ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ അടയാളമാണ് അതിന് ശേഷവും സല്‍കര്‍മങ്ങളിലേര്‍പ്പെടുക എന്നത്. നന്മ പറഞ്ഞുകൊണ്ടിരിക്കും : സഹോദരാ, ഇത് അല്ലാഹുവിന്റെ അനുഗ്രഹവും ശ്രേഷ്ടതയും കാരണമാണ്. ഒരു നന്മ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അടിമയെ ആദരിക്കും, അതില്‍ ആത്മാര്‍ഥത പുലര്‍ത്തുകയാണെങ്കില്‍ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനായി മറ്റൊരു നന്മയിലേക്കുള്ള കവാടവും തുറന്നുകൊടുക്കും.  ഇസ്തിഖാമത്ത് നൈരന്തര്യം എന്നു വിശദീകരിക്കുന്നതും ഇത്തരത്തിലുള്ള കര്‍മത്തെയാണ്.

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം : സുബ്ഹി നമസ്‌കാരത്തിന്റെ നേരത്ത് പ്രവാചകന്‍ ബിലാലിനോട് ചോദിച്ചു : നീ ഇസ്‌ലാമില്‍ കൈക്കൊണ്ടിട്ടുള്ള ഏറ്റവും ഉല്‍കൃഷ്ടമായ പ്രവര്‍ത്തനത്തെ കുറിച്ചു വിവരിക്കൂ, സ്വര്‍ഗത്തില്‍ താങ്കളുടെ ചെരിപ്പടികളുടെ ശബ്ദം ഞാന്‍ ശ്രവിച്ചിട്ടുണ്ട്. അപ്പോള്‍ ബിലാല്‍ പറഞ്ഞു : ഞാന്‍ ബാങ്ക് വിളിച്ചതിനു ശേഷം രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കാതിരുന്നിട്ടില്ല’. അലി(റ) വിവരിക്കുന്നു: ഞാനും ഫാത്വിമ(റ)യും ഇരിക്കവെ പ്രവാചകന്‍ ഞങ്ങളുടെ അടുത്ത് വന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥന ഞങ്ങളെ പഠിപ്പിച്ചു. സുബ്ഹാനല്ല, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍ എന്നിവ മുപ്പത്തിമൂന്ന് പ്രാവശ്യം ഉരുവിടണമെന്ന ആ പ്രാര്‍ഥന മരിക്കുന്നതുവരെ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് അലി(റ) പറഞ്ഞു: സ്വിഫ്ഫീന്‍ യുദ്ദത്തിലെ നിര്‍ണായകമായ രാത്രിയിലോ എന്ന് അലി(റ)വിനോട് ചോദിച്ചപ്പോള്‍ അന്നും അത് ഉരുവിട്ടിരുന്നു എന്ന് അലി(റ) പ്രതികരിച്ചു. എല്ലാ സന്തോഷത്തിന്റെയും സന്താപത്തിന്റെയും സന്ദര്‍ഭത്തില്‍ അവ നിലനിര്‍ത്തുന്നതിന് അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles