Current Date

Search
Close this search box.
Search
Close this search box.

സിദ്ധീഖിന്റെ മനസ്സിലെ ബോധ്യം

hand1.jpg

പ്രവാചക ശിഷ്യന്മാരില്‍ അബൂബക്കര്‍ സിദ്ധീഖി(റ)ന്റെ വ്യക്തിത്വത്തില്‍ ഉള്‍ചേര്‍ന്നതുപോലുള്ള ഗുണങ്ങള്‍ മറ്റാരിലുമുണ്ടായിരുന്നില്ല. എല്ലാ നല്ലഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു സമഗ്രവ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രവാചകനോടുള്ള സൗഹൃദവും സത്യസന്ധതയും സഹവാസവും കൊണ്ടുമാണ് ഇത്തരം ഗുണങ്ങള്‍ അദ്ദേഹത്തിലുണ്ടായത്. അദ്ദേഹത്തിന്റെ സൂക്ഷ്മത കാരണമായിരുന്നു ഇത്രയും സ്ഥാനം അദ്ദേഹത്തിന് ലഭിച്ചത്. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്.’ (അല്‍ഹുജുറാത്ത്: 13)

മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘പരമഭക്തന്‍ അതില്‍(നരകത്തില്‍) നിന്ന് അകറ്റപ്പെടും.’ (അല്ലൈല്‍:17) ഇത് അബൂബക്കറിനെകുറിച്ചാണ് പറഞ്ഞതെന്ന് പ്രമുഖ പണ്ഡിതന്മാര്‍ പറയുന്നുണ്ട്. ഈ ഖുര്‍ആന്‍ വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ട് പ്രശസ്ത താബിഈ പണ്ഡിതനായ ബകര്‍ ബിന്‍ അബ്ദുല്ലാ അല്‍മുസ്‌നി പറയുന്നു: ‘നമസ്‌കാരത്തിലോ നോമ്പിലോ ഉള്ള ആധിക്യമല്ല അബൂബക്കറിനെ മറ്റുള്ള സ്വഹാബികളെക്കാള്‍ ശ്രേഷ്ഠനാക്കുന്നത്. മറിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ അടിയുറച്ചിട്ടുള്ള ബോധ്യമാണ്.’ അതാണ് ഈമാന്‍ അതായത് വിശ്വാസം. അതുകൊണ്ടാണ് അദ്ദേഹത്തിന് സിദ്ധീഖ് (സത്യപ്പെടുത്തുന്നവന്‍) എന്ന് പേര് ലഭിച്ചത്. പ്രവര്‍ത്തനങ്ങളുടെ ആധിക്യത്തിലല്ല കാര്യം. മറിച്ച്, മനസ്സിന്റെ ഉറപ്പിലും സുരക്ഷിതത്വത്തിലും ശുദ്ധിയിലുമാണ് പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യത നിലനില്‍ക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.’ മറ്റൊരിക്കല്‍ എന്റെ ഒരു അധ്യാപകന്‍ പറഞ്ഞത് അബൂബക്കര്‍(റ) തന്റെ മനസ്സിലെ ചിന്തകള്‍ക്കും വിശ്വാസത്തിനും നല്‍കുന്ന പ്രാധാന്യം മറ്റൊന്നിനും നല്‍കിയിരുന്നില്ല എന്നാണ്. വിശ്വാസത്തെ പരിശുദ്ധവും വൃത്തിയുള്ളതും ആക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന പ്രവര്‍ത്തനം. ഇത്തരത്തില്‍ ഒരു സംശയവുമില്ലാത്ത അടിയുറച്ച മനസ്സ് ഒരാളില്‍ രൂപപ്പെടുന്നതോടെ അവന്റെ മുഴുജീവിതവും പരിശുദ്ധമാവുകയും വൃത്തിയാവുകയും ചെയ്യും. പ്രവാചകന്റെ എല്ലാ പ്രമുഖരായ ശിഷ്യന്മാര്‍ക്കും ഓരോ പ്രത്യേകതകളും ഗുണങ്ങളുമുണ്ടായിരുന്നു. ഉമറിനും അലിക്കും ഉസ്മാനുമെല്ലാം. എന്നാല്‍ അബൂബക്കറിന് അവരില്‍ നിന്നെല്ലാം വ്യതിരിക്തമായി പ്രവാചകത്വത്തിന് പിന്നില്‍ രണ്ടാമത്തെ സ്ഥാനം ലഭിക്കാന്‍ കാരണം മനസ്സിന്റെ ഉള്ളിലുണ്ടായിരുന്ന ഈ ബോധ്യത്തില്‍ മറ്റുള്ളവരുടെയെല്ലാം മുമ്പിലായിരുന്നു അദ്ദേഹമെന്നതാണ്. സ്വഹാബികളില്‍ ധീരനും ശക്തനുമായറിയപ്പെടുന്ന ഉമര്‍(റ) പ്രവാചകന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ നടത്തിയ പ്രതികരണം ചരിത്രത്തില്‍ പ്രസിദ്ധമാണ്. ആ സാഹചര്യത്തെ വിശ്വാസത്തിന്റെ ഉറപ്പുകൊണ്ട് മറികടക്കാനായത് അബൂബക്കറിനായിരുന്നു.

മനസ്സിന്റെ ബോധ്യവും ഉറപ്പും ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും മനുഷ്യന്റെ സ്വഭാവം നിര്‍ണയിക്കും. അതാണ് പ്രവാചകന്‍ പറയുന്നത്: ‘അറിയുക, ശരീരത്തില്‍ ഒരു രക്തപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നാവും. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയാകും. അതാണ് ഹൃദയം, മനസ്സ്.’
പ്രവാചകശിഷ്യന്മാരില്‍ ഓരോരുത്തര്‍ക്കും അവരവരുടെതായ വ്യതിരിക്തതകളും കഴിവുകളുമുണ്ടായിരുന്നു. അതുകൊണ്ടാണ് വ്യത്യസ്ത പ്രവാചകന്മാരുടെ ചരിത്രം വിശദീകരിച്ചശേഷം അല്ലാഹു പറയുന്നു: ‘അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക.’ എന്നാല്‍ ദീനിനെയും പ്രവാചകനെയും സത്യപ്പെടുത്തുന്നതിലും അത് ഉള്‍ക്കൊള്ളുന്നതിലും സിദ്ധീഖ് വളരെ മുമ്പിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇസ്‌ലാമില്‍ ഉന്നത സ്ഥാനവുമുണ്ടായിരുന്നു.

അല്ലാഹുവിനെയും പ്രവാചകനെയുംകുറിച്ചുള്ള ശക്തവും വ്യക്തവുമായ ബോധ്യത്തിലെത്താന്‍ സിദ്ധീഖിന് സാധിച്ചത് ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ചില കൃത്യമായ ചിട്ടകളാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് എല്ലാ സന്ദര്‍ഭത്തിലും ദൈവസ്മരണ ജീവിതത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണ്. ദൈവസ്മരണ നിലനിര്‍ത്താന്‍ അദ്ദേഹം വ്യത്യസ്ത രീതികള്‍ ആവിഷ്‌കരിച്ചിരുന്നു. അവയിലൊന്നാണ് ഖുര്‍ആനുമായുള്ള സ്ഥിരബന്ധം എന്നത്. കൃത്യമായ ഇടവേളകളില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്ത് തീര്‍ക്കാനുള്ള ഒരു പദ്ധതി വ്യക്തിപരമായി ഉണ്ടാകുന്നത് വളരെ നല്ലതാണ്. അത് ജീവിതത്തില്‍ കൃത്യനിഷ്ടത വളര്‍ത്തും.

മുമ്പ് കഴിഞ്ഞ്‌പോയ മഹാന്മാരായ പ്രവാചക ശിഷ്യരുടെയും സച്ചരിതരുടെയും ജീവിതത്തെ മുന്‍നിര്‍ത്തി നാം നമ്മുടെ ജീവിതത്തെയും മനസ്സിനെയും ഒരു പുനപ്പരിഷോധന നടത്താന്‍ തയ്യാറാകണം. അവരുടെ ചരിത്രം വായിക്കാനും അവരെ കുറിച്ചും അവരുടെ വ്യക്തിത്വങ്ങളുടെ പ്രത്യേകതകളെ കുറിച്ചും പഠിക്കാനും സമയം കണ്ടെത്തണം. പ്രവാചകന്റെ വാക്കുകള്‍ നാം എപ്പോഴും ഓര്‍ക്കുക: ‘എന്റെയും എന്റെ സച്ചരിതരായ അനുചരന്മാരുടെയും പാത നിങ്ങള്‍ പിന്‍പറ്റുക. അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക. അണപല്ലുകള്‍കൊണ്ട് അതിനെ കടിച്ച് പിടിക്കുക.’

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles