Current Date

Search
Close this search box.
Search
Close this search box.

സാമൂഹികബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്

round-table.jpg

പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ലോകത്തിന്റെ അവസ്ഥ നാം വിശകലനം ചെയ്യുകയാണെങ്കില്‍ വ്യക്തികേന്ദ്രീകൃത സേഛ്വാധിപത്യ അടിമത്ത സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയും. ധനികര്‍ ദരിദ്രന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പ്രയാസങ്ങള്‍ക്ക് താങ്ങായി നിലകൊള്ളാനോ ശ്രമിക്കാതെ സുഖാസ്വാദനത്തില്‍ കഴിഞ്ഞുകൂടി. ഭരണാധികാരികളും രാജാക്കന്മാരും ജനങ്ങളെ അടിമകളാക്കിനിര്‍ത്തി സുഖാഡംബരങ്ങളിലും പ്രൗഢിയിലും ജീവിച്ചു. മതമേലധ്യക്ഷന്മാര്‍ സമ്പന്നരുടെ കയ്യിലെ കളിപ്പാവയായിരുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളാനോ, തിന്മകള്‍ക്കെതിരെ പോരാടാനോ, ദരിദ്രന്റെയും സാധാരണക്കാരുടെയും നീതിക്ക് വേണ്ടി ശബ്ദിക്കാനോ അവര്‍ തയ്യാറായില്ല. എല്ലാ നിയമസംഹിതകളും സേഛ്വാധിപതികള്‍ക്കും അക്രമികള്‍ക്കും കരുത്തുപകരുകയാണ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ സേഛ്വാധിപത്യ പ്രവണത നിലനിന്നു. ഞങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ബാധ്യത ഭരണാധികാരികള്‍ക്കാണെന്ന പൗരബോധം ജനങ്ങള്‍ക്കോ, ജനങ്ങളുടെ ഐശര്യപൂര്‍ണമായ ജീവിതം തങ്ങളുടെ ബാധ്യതയാണെന്ന ബോധം ഭരണാധികാരികള്‍ക്കോ ഉണ്ടായിരുന്നില്ല. ജനാധിപത്യ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങള്‍ നിലവില്‍ വന്ന ശേഷമാണ് തങ്ങളുടെ നിലനില്‍പിന് വേണ്ടിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ബോധം ഉയര്‍ന്നുവന്നത്.

എന്നാല്‍ ആറാം നൂറ്റാണ്ടില്‍ തന്നെ ഈ സാമൂഹിക വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ ഇസ്‌ലാമിന് സാധിച്ചു. ചരിത്രത്തിലെ ഇരുണ്ട യുഗത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തുകയും അവന്റെ അവകാശങ്ങള്‍ അപഹരിക്കുകയും ചെയ്തിരുന്നു. സാമൂഹികമായ അവന്റെ പദവിയെ അവര്‍ അംഗീകരിച്ചരുന്നില്ല. ഈ പരിതസ്ഥിതിയിലാണ് മനുഷ്യര്‍ സമന്മാരാണെന്നും ഏകോദരസഹോദരന്മാരാണെന്നുമുള്ള വിപ്ലവകരമായ ആശയം ലോകത്തിന് ഇസ്‌ലാം സമര്‍പ്പിച്ചത. ഇവിടെ പിറന്നുവീഴുന്ന ഓരോ മനുഷ്യനും അഞ്ച് മൗലികാവകാശങ്ങള്‍ പൂര്‍ത്തീകരിക്കാന് നാം ബാധ്യസ്ഥരാണെന്നും അത് ലോകത്തെ പഠിപ്പിച്ചു. ജീവിക്കാനുള്ള അവകാശം, ഏത് മതവും ആദര്‍ശവും സ്വീകരിക്കാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ജീവിതായോധനം തേടാനുള്ള അവകാശം, അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള അവകാശം എന്നിവയാണത്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമാണിത്. ഇത് സാക്ഷാല്‍കരിക്കാന്‍ വേണ്ടി നിലകൊള്ളുകയും സംരക്ഷിക്കാന്‍ വേണ്ടി യുദ്ധപോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

രാഷ്ട്രത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഐശര്യപൂര്‍ണമായ ജീവിതം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അത് ലഭിക്കുക എന്നത് അശരണരുടെയും നിരാലംബരുടെയും അവകാശത്തില്‍ പെട്ടതാണ്. ഇസ്‌ലാമിലെ സകാത്ത് ധനികന്റെ അവകാശമല്ല, മറിച്ച് ദരിദ്രന്റെ അവകാശമാണ്. ഒരു ഉദ്യോഗസ്ഥനോ സൈന്യാധിപനോ തങ്ങളുടെ ശമ്പളത്തിന് എത്രത്തോളം അവകാശമുണ്ട് അതുപോലെ ഇത്തരം അശരണരായ ജനവിഭാഗങ്ങള്‍ക്കും രാഷ്ട്രത്തിന്റെ സമ്പത്തില്‍ അവകാശമുണ്ട്.

സാമൂഹിക സേവനരംഗത്ത് ഇടപെടേണ്ടതിന്റെ കൃത്യമായ മാര്‍ഗരേഖ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്‌ലാം അവതരിപ്പിച്ചു. ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശോഭിത കാലയളവില്‍ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്. വഖഫ് സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആതുരാലയങ്ങള്‍. അഭയകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം അന്ന് പടര്‍ന്നു പന്തലിച്ചു. എന്നാല്‍ സാമൂഹികമായ പിന്നോക്കം കാരണം ഇത്തരം മേഖലകളില്‍ ഇന്ന് നാം വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നു. രാഷ്ട്രത്തിന്റെ ഭരണഘടനയിലും നിയമങ്ങളിലും ഇടംപിടിക്കുന്നതിന് മുമ്പ് ഈ മാനുഷിക വികാരം നമ്മുടെ മനസ്സുകളില്‍ രൂഢമൂലമാകേണ്ടതുണ്ട്. സമൂഹത്തിന് നമ്മെ അനുഭവിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മാണാത്മകമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ‘വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിന്നും അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിന്നും ഇടയില്‍ അല്ലാഹു ഉണ്ട്. അവസാനം അവന്റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക.’ (അല്‍ അന്‍ഫാല്‍: 24)

Related Articles