Current Date

Search
Close this search box.
Search
Close this search box.

സാധ്യതകളുടെ ഒരായിരം വാതിലുകള്‍

chance.jpg

എപ്പോഴൊക്കെ ഗുഹാവാസികളുടെ കഥ ഞാന്‍ വായിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കണ്ണ് നിറഞ്ഞിട്ടുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിച്ച നിഷ്‌കളങ്കരായ ആ യുവാക്കളില്‍ എന്ത് അത്ഭുതമാണ് അല്ലാഹു പ്രവര്‍ത്തിച്ചതെന്ന് ഓര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അര്‍പണബോധത്തിന്റെയും പാഠങ്ങളാണ് തീര്‍ച്ചയായും ഗുഹാവാസികളുടെ ചരിത്രത്തിലൂടെ ഖുര്‍ആന്‍ കൈമാറുന്നത്. എത്രയോ എഴുത്തുകാരും വാഗ്മികളും ഈ കഥ ഉദ്ധരിക്കുകയും പറയുകയും എഴുതുകയുമൊക്കെ ചെയ്തിരിക്കുന്നു. എന്നാല്‍ എപ്പോള്‍ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുമ്പോഴും ഈ കഥയുടെ ലാളിത്യവും മാസ്മരികതയും എന്നെ സദാ വിസ്മിയിപ്പിച്ചിട്ടുണ്ട്.  

വിഗ്രഹാരാധനയും അനാചാരങ്ങളും വാണിരുന്ന ഒരു പട്ടണത്തില്‍ ജീവിച്ചിരുന്നവരായിരുന്നു ആ യുവാക്കള്‍. എന്നാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തി, സ്വന്തം ജനതയോടും ഭരണാധികാരിയോടും സമരം ചെയ്ത് ഏകദൈവാരാധന സ്വീകരിക്കുകയാണ് അവര്‍ ചെയ്തത്. എല്ലാവിധ മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തങ്ങളുടെ നാഥന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് അവര്‍ പ്രാര്‍ത്ഥിച്ചു: ”ഞങ്ങളുടെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാംവിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൗകര്യമൊരുക്കിത്തരേണമേ” (അല്‍-കഹ്ഫ്: 10). ശത്രുക്കളില്‍ നിന്ന് രക്ഷപ്പൈട്ട് അവര്‍ അഭയം തേടിയതാകട്ടെ ഒരു ഗുഹയിലും. അവിടെ ദൈവിക ദൃഷ്ടാന്തമെന്നോണം നൂറുകണക്കിന് വര്‍ഷങ്ങള്‍ അവര്‍ ദീര്‍ഘനിദ്രയിലാണ്ടു കിടന്നു. വിരലിലെണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമുള്ള തങ്ങളുടെ സംഘം പടപ്പുറപ്പാട് നടത്തിയിരിക്കുന്നത് ഒരു നാടിന്റെ ഭരണാധികാരിയോടാണ് എന്നറിഞ്ഞിട്ടും, തങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ പോവുകയാണ് എന്നു മനസ്സിലാക്കിയിട്ടും ആ യുവാക്കള്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് ലവലേശം പിന്മാറിയില്ല. അല്ലാഹു പറയുന്നു:
”ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ നാഥനാണ്. അവനെവിട്ട് മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും” എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി.” (അല്‍-കഹ്ഫ്: 14)

ജനത്തിനോ അധികാരി വര്‍ഗത്തിനോ എത്രമേല്‍ അരോചകമായാലും ചെയ്തത് നന്മയാണെന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ നമുക്ക് ചെയ്യാനുള്ളത് ഒറ്റ കാര്യമാണ്, അല്ലാഹുവില്‍ പൂര്‍ണമായി ഭരമേല്‍പ്പിക്കുകയും അവന്റെ സഹായത്തിനായി അര്‍ത്ഥിക്കുകയും ചെയ്യുക. എത്രയോ കടമ്പകളും പ്രതിസന്ധികളും നമ്മുടെ മുന്നില്‍ ഉയര്‍ന്നു വരും. അവയൊക്കെ നമ്മെ ലക്ഷ്യത്തില്‍ നിന്ന് ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ തീയില്‍ കുരുത്തത് വെയിലത്ത് വാടാത്തത് പോലെ അല്ലാഹുവില്‍ സകലതും ഭരമേല്‍പിച്ച നമുക്ക് ഇവയൊന്നും വെല്ലുവിളികളേ അല്ല. ഗുഹാവാസികളുടെയും മുന്‍കാല പ്രവാചകരുടെയും ജീവിതത്തില്‍ നടന്നത് പോലെ മരണത്തെ മുഖാമുഖം കണ്ടാലും അല്ലാഹുവിലുള്ള വിശ്വാസം കൈവെടിയരുത്. അത് അവസാനത്തെ കച്ചിത്തുരുമ്പായിത്തീരും, ഉറപ്പ്. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് സാധ്യതകളുടെ ഒരായിരം വാതിലുകള്‍ നമുക്ക് മുന്നില്‍ മലര്‍ക്കെ തുറക്കപ്പെടും.

വിവ: അനസ് പടന്ന

Related Articles