Current Date

Search
Close this search box.
Search
Close this search box.

സാങ്കേതികവിദ്യക്ക് കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ജീവിതലക്ഷ്യം

cyber.jpg

ദൈവപ്രീതി നേടി പരലോകവിജയം വരിക്കുന്ന വിശ്വാസിയാവുക എന്നതാണല്ലോ നമ്മുടെ ജീവിതലക്ഷ്യം. ഉത്തരവാദിത്തങ്ങള്‍ നാം ഏറ്റെടുത്ത് സുകൃതങ്ങള്‍ ചെയ്ത് ജീവിക്കുമ്പോള്‍ നമ്മുടെ ജീവിത പുരോഗതിയുടെ വഴികള്‍ പ്രപഞ്ചനാഥന്‍ തുറന്നു തരും. ഇത് നാഥന്റെ വാഗ്ദാനമാകുന്നു. രണ്ട് കാര്യങ്ങള്‍ അതിനുണ്ടാവണം. ഒന്ന് ലക്ഷ്യം, മറ്റേത് അതിനുള്ള പരിശ്രമം. സ്രഷ്ടാവ് ഇഷ്ടപ്പെടുന്ന യഥാര്‍ഥ വിശ്വാസിയവുക എന്ന ജീവിതലക്ഷ്യം സ്വായത്തമാക്കാന്‍ നല്ല അധ്വാനപരിശ്രമങ്ങള്‍ അത്യാവശ്യമാണ്. ജീവിതവുമായി ബന്ധപ്പെട്ട് ഏത് കര്‍മങ്ങളില്‍ മുഴുകുമ്പോഴും ഉണ്ടാകുന്ന ദൈവ ബോധമാണ് വിശ്വാസിയെ വിജയിപ്പിക്കുന്നത്. ചുറ്റുപാടുകളിലെ തിന്മകളില്‍ നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ കഴിയുന്നുവെങ്കില്‍ അത് ജീവിതത്തെ ധന്യമാക്കിത്തീര്‍ക്കും. പരമാവധി അനാവശ്യങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും മാറി നിന്ന് ദൈവ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കാന്‍ പ്രയത്‌നിക്കുന്നവര്‍ക്ക് മാത്രമാണ് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. അല്ലാത്തവര്‍ അപമാനകരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘വിനോദവാക്കുകള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ.’ (സൂറത്ത് ലുഖ്മാന്‍ : 6)

ഒരുവശത്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹരായവരും മറുവശത്ത് നിര്‍ഭാഗ്യവാന്‍മാരുമായ ആളുകളുണ്ട്. സ്വന്തം അധ്വാന പരിശ്രമങ്ങളിലൂടെയും ജീവിത പ്രയത്‌നങ്ങളിലൂടെയും മാത്രമേ അല്ലാഹുവിന്റൈ കരൂണ്യവും പാപ മോചനവും അനു ഗ്രഹവും ശാശ്വതസമാധാനവും തൃപ്തിയുമെല്ലാം നമുക്ക് നേടിയെടുക്കാന്‍ കഴിയൂ. ‘മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ യാതൊന്നുമില്ല’ എന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനവും ഏറെ ഗൗരവമേറിയതാണ്. സ്രഷ്ടാവിനെയും പരലോകത്തെയും കുറിച്ച ഓര്‍മകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണമായേക്കാവുന്ന ആധുനിക സംവിധാനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യമനസ്സിനെ പൂര്‍ണമായി കീഴടക്കുകയും മറ്റുകാര്യങ്ങളില്‍ നിന്നും അവനെ അശ്രദ്ധനാക്കുകയും ചെയ്യുന്നവയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയുന്നവര്‍ക്കെ വിജയം വരിക്കാന്‍ കഴിയൂ. അനാവശ്യവും നിന്ദ്യവുമായ കര്‍മങ്ങളില്‍ മുഴുകി ലക്ഷ്യബോധം വിസ്മരിച്ച് ജീവിതം നയിക്കുന്നവര്‍ നിര്‍ഭാഗ്യവാന്മാരായ ആളുകളായിരിക്കുമെന്നും നാം അറിയുക. അലസതയുടെയും നിഷ്‌ക്രിയത്വത്തിന്റെയും ഈ ആധുനിക കാലത്ത് സ്വയം സംശുദ്ധമാകാന്‍ കൊണ്ടു പിടിച്ച ശ്രമം നടക്കേണ്ടതുണ്ട്. നന്മകളെ പുണര്‍ന്നും തിന്മകളില്‍ നിന്നകന്ന് ജീവിക്കാനും നമുക്ക് കഴിയണം.

ഭൗതിക സംവിധാനങ്ങളും സുഖസൗകര്യങ്ങളും നമ്മെ അടിമകളാക്കാന്‍ അനുവദിക്കരുത്. സ്രഷ്ടാവിന്റെ മാത്രം നിഷ്‌കളങ്കരായ ദാസന്മാരാവാനാണ് നാം തയ്യാറാവേണ്ടത്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ പലപ്പോഴും നമ്മെ അടിമകളാക്കുന്ന അവസ്ഥയെ കുറിച്ച് നാമെപ്പോഴെങ്കിലും ഗൗരവത്തോടെ ആലോചിച്ചിട്ടുണ്ടോ? മോശമായ ദൃശ്യങ്ങളില്‍ നിന്നും തിന്മയില്‍ നിന്നും മാറി നില്‍ക്കാന്‍ നമ്മുടെ വിശ്വാസം നമുക്ക് പ്രചോദന മാകേണ്ടതുണ്ട്. ‘ലജ്ജ സത്യവിശ്വാസത്തിന്റെ ശാഖയാണ്’ എന്ന നബി വചനം എപ്പോഴും നാം ഓര്‍ക്കുക. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം മനുഷ്യന്റെ ലജ്ജാബോധമാണ്. മിക്കപ്പോഴും ഈയൊര സ്വഭാവഗുണമാണ് അനാവശ്യ കര്‍മങ്ങളില്‍ നിന്നും പലപ്പോഴും തടഞ്ഞു നിര്‍ത്തുന്നത്. ‘ലജ്ജയില്ലെങ്കില്‍ തോന്നിയതൊക്കെ പ്രവര്‍ത്തിച്ചു കൊള്ളുക’ എന്ന് നബി തിരുമേനി(സ) പറഞ്ഞതിന്റെ കാരണവും അത് തന്നെയാവാം.

ആധുനിക യുഗത്തിലെ വൃത്തിക്കേടുകളില്‍ പലതും നമ്മുടെ പുതുതലമുറ പിന്‍പറ്റുന്നത് അവരില്‍ ലജ്ജാബോധം കുറയുന്നതിന്റെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും സംസ്‌കാരത്തിലുമെല്ലാം ദുസ്വാധീനങ്ങള്‍ക്ക് വശംവദരാകുന്നത് പലപ്പോഴും ഇക്കാരണം കൊണ്ടാണ്. ലജ്ജ നഷ്ടപ്പെടുന്ന പുതുതലമുറയെ പൊലിമയാര്‍ന്ന ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി സ്വാധീനിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയെ കുറിച്ച് നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമൂഹത്തില്‍ അന്തസ്സിന്റെ അതിരടയാളങ്ങള്‍ നിശ്ചയിക്കുന്നത് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ആയിക്കൂടാ. മനസ്സില്‍ പുതിയ വികാരവിചാരങ്ങളും മോഹങ്ങളും വളര്‍ത്തിയെടുക്കാന്‍ ഈ സൗകര്യങ്ങള്‍ വഴിവെച്ചു കൂടാ. ധാര്‍മികസനാതന മൂല്യങ്ങള്‍ അവഗണിച്ച് ആധുനിക സാങ്കേതിക വിദ്യകളുടെ പ്രലോഭനങ്ങളില്‍ പെടാതിരിക്കാന്‍ നല്ല ശ്രദ്ധയും സൂക്ഷ്മതയും അനിവാര്യമാണ്. നമ്മുടെ ജീവിതത്തിന്റെ ദിശയും നിയന്ത്രണവും തീരുമാനിക്കാനുള്ള അവകാശം മറ്റാര്‍ക്കുമല്ല. മറിച്ച് സ്രഷ്ടാവായ ദൈവത്തിനാണെന്ന ഉറച്ച ബോധമാണ് നമ്മെ എപ്പോഴും നയിക്കേണ്ടത്. നമ്മുടെ ചിന്തയും ലക്ഷ്യവും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഇച്ഛാശക്തി നേടുന്നതിലാണ് നമ്മുടെ വിജയം. മനുഷ്യ നന്മക്കും പുരോഗതിക്കും നിമിത്തമാകേണ്ട ആധുനിക സാങ്കേതിക വിദ്യകള്‍ ഒരിക്കലും നമ്മുടെ ജീവിതലക്ഷ്യം വിസ്മരിപ്പിക്കുന്നതായി മാറരുത്.

Related Articles