Current Date

Search
Close this search box.
Search
Close this search box.

സന്തുഷ്ട ജീവിതത്തിലേക്ക് മൂന്നു ചുവടുകള്‍

steps.jpg

ജീവിതത്തിന്റെ നാനാ തുറകളിലെയും ആളുകള്‍ ലക്ഷ്യം വെക്കുന്ന ഒന്നാണല്ലൊ സന്തോഷം. അത്യുന്നത ബുദ്ധി ശക്തിയുടെ ഉടമകളാവട്ടെ, തത്വ ചിന്തകരാകട്ടെ, അക്ഷര ജ്ഞാനമില്ലാത്ത തൊഴിലാളികളാകട്ടെ, കഠിനാദ്ധ്വാനം ചെയ്തു സന്തോഷമന്വേഷിക്കുന്നു. ജീവീത വൈഷമ്യങ്ങളില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നു.
എന്നാല്‍, പ്രശ്‌നങ്ങളില്‍ നിന്നും താല്‍ക്കാലികാശ്വാസം നല്‍കുന്ന, ഭാഗികമോ, കൃത്രിമമോ ആയ സന്തോഷം മാത്രമാണ് പലര്‍ക്കും ലഭിക്കുന്നത്. മനുഷ്യനെ സാക്ഷാല്‍ വിജയത്തിലേക്ക് നയിക്കുന്ന സംതൃപ്തി അന്വേഷിക്കുന്നതിന്ന്, ഒരു തുറന്ന ഹൃദയവും മനസ്സും ഉണ്ടായിരിക്കേണ്ടതുണ്ട്. സത്യമന്വേഷിക്കുകയും കണ്ടെത്തിയാല്‍ ഉടനെ അത് കൈകൊള്ളുകയും ചെയ്യുന്നവനാണല്ലൊ വിവേകി.

1. അഖണ്ഡ വിശ്വാസവും സുകൃതാനുഷ്ടാനവുമാണ് സംതൃപ്തിയുടെ മുഖ്യ മാര്‍ഗവും സകല സൗഖ്യങ്ങളുടെയും അടിസ്ഥനവും. ഖുര്‍ആന്‍ പറയുന്നു:
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (16: 97)
അഖണ്ഡ വിശ്വാസവും സുകൃതാനുഷ്ടാനവും ഉള്ളവര്‍ക്ക് സംതൃപ്ത ജീവിതവും, ശാശ്വതമായ പാരത്രിക പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുകയാണിവിടെ. ഇതിന്റെ ന്യായം വളരെ വ്യക്തമാണ്. സുകൃതങ്ങളിലേക്ക് നയിക്കുന്ന ശരിയായ വിശ്വാസവും, സംസ്‌കൃത മനസ്സും, ഉല്‍കൃഷ്ട സ്വഭാവവും ഉള്ള ആളുകളെ സംബന്ധിച്ചിടത്തൊളം, തങ്ങളുടെ ഏത് കാര്യങ്ങളിലും, അത് സംതൃപ്തിയും ആഹ്ലാദവും പ്രദാനം ചെയ്യുന്ന കൃത്യങ്ങളാകട്ടെ, ദുഖവും വ്യസനവും ഉണ്ടാക്കുന്നവയാകട്ടെ, അവര്‍ക്കൊരു അടിസ്ഥാനമുണ്ടായിരിക്കും. സത്യവിശ്വാസികളുടെ ഈ സവിശേഷത പ്രവാചകന്‍ വിവരിക്കുന്നതിങ്ങനെയാണ്:
വിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരം! അയാളുടെ എല്ലാ കാര്യങ്ങളും ഗുണകരമായിരിക്കും. വിശ്വാസിയില്‍ മാത്രമെ ഈ ഗുണം കാണുകയുള്ളു. സന്തോഷമുണ്ടായാല്‍ അയാള്‍ കൃതജ്ഞത കാണീക്കുന്നു. അങ്ങനെ, അതയാള്‍ക്ക് ഗുണകരമായി തീരുന്നു. വിഷമം ബാധിച്ചാല്‍, അയാള്‍ ക്ഷമ കൈകൊള്ളുന്നു. അങ്ങനെ, അതും അയാള്‍ക്ക് ഗുണകരമായി ഭവിക്കുന്നു.” (മുസ്‌ലിം)
സന്തോഷം ലഭിച്ചാലും വിഷമം ബാധിച്ചാലും വിശ്വാസിയുടെ പ്രതിഫലം ഇരട്ടിക്കപ്പെടുമെന്നാണല്ലോ പ്രവാചകന്‍ സൂചിപ്പിക്കുന്നത്.
2. പ്രയോജനകരമായ കര്‍മ്മാനുഷ്ടാനങ്ങളിലും ഉപയോഗപ്രദമായ ജ്ഞാനം ആര്‍ജ്ജിക്കുന്നതിലും വ്യാപരിക്കുക.
തദ്വാരാ, ദുഖവും വ്യസനവും ഉണ്ടാക്കുന്ന സകല കാര്യങ്ങളില്‍ നിന്നും മാറി, സകല വിഷമങ്ങളെയും പൂര്‍ണമായി മറന്നു, പൂര്‍ണ സംതൃപ്തിയിലെത്താന്‍ മനുഷ്യന്നു കഴിയുന്നു.
ഇക്കാര്യത്തില്‍, വിശ്വാസികളും അവിശ്വാസികളും സമമാണെന്നത് ശരി തന്നെ.  എന്നാല്‍, പ്രെയോജനകരമായ കാര്യങ്ങള്‍ അനുവര്‍ത്തിക്കുമ്പോഴുള്ള വിശ്വാസം, ആത്മാര്‍ത്ഥത, പ്രതിഫലേച്ഛ എന്നിവ വിശ്വാസിയെ വ്യതിരിക്തനാക്കുന്നു.  ഒരു ആരാധനാ കര്‍മ്മമാണ് ചെയ്യുന്നതെങ്കില്‍, അതിന്റെ പ്രതിഫലം അയാള്‍ക്കു ലഭിക്കുന്നു. ആരാധനക്ക് ശക്തി പകരുന്ന പ്രവര്‍ത്തനങ്ങള്‍ പോലുള്ള, ഏതെങ്കിലും ഭൗതിക കര്‍ത്തവ്യമാണ് ചെയ്യുന്നതെങ്കില്‍, ദുഖവും ഉല്‍കണ്ഠയും അകറ്റുന്നതില്‍ അതിന്നു വലിയ തോതിലുള്ള സ്വാധീനമുണ്ടായിരിക്കും.
3. ഭാവിയെ കുറിച്ച ഉല്‍കണ്ഠയോ, കഴിഞ്ഞതിനെ കുറിച്ച വിലാപമോ ഇല്ലാതെ, ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന കര്‍ത്തവ്യത്തില്‍ നിരതനാവുകയാണ് സംതൃപ്ത ജീവിതം പ്രദാനം ചയ്യുന്ന മറ്റൊരു മാര്‍ഗം.
ആശങ്കയില്‍ നിന്നും ദുഖത്തില്‍ നിന്നും പ്രവാചകന്‍ അല്ലാഹുവില്‍ ശരണം തേടിയത് ഇത് കൊണ്ടത്രെ. സാധാരണയില്‍, കഴിഞ്ഞു പോയതിനെ കുറിച്ചണ് ഒരു മനുഷ്യന്‍ ദുഖമനുഭവിക്കുന്നത്. വ്യസനമാകട്ടെ, ഭാവിയെ കുറിച്ച ആശങ്കയും എന്തു സംഭവിക്കുമെന്നതിനെ കുറിച്ച ഭീതിയും കാരണമായുണ്ടാകുന്നതാണ്.
സംസാര നിമിഷത്തിന്നു വേണ്ടി ജീവിക്കുന്നവനാണ് വിശ്വാസി. സമയം മുഴുവന്‍ ഏറ്റവും നല്ല മാര്‍ഗത്തില്‍ വിനിയോഗിക്കാനാണയാള്‍ ശ്രമിക്കേണ്ടത്. അത് വഴി ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനും ദുഖവും വ്യസനവും മറക്കാനും അയാള്‍ക്ക് കഴിയും.
പ്രാര്‍ത്ഥിക്കുമ്പോള്‍, ആവശ്യം നേടിയെടുക്കാനുള്ള കഠിന ശ്രമങ്ങള്‍ നടത്താനും അത് തള്ളപ്പെടാന്‍ ഹേതുക്കളായ കാര്യങ്ങള്‍ വര്‍ജ്ജിക്കാനും പ്രവാചകന്‍ പഠിപ്പിക്കുന്നു.
നിനക്ക് പ്രയോജനകരമായത് ആഗ്രഹിക്കുക; അല്ലാഹുവോട് സഹായം തേടുക; സ്വയം അപ്രാപ്തനായി കാണരുത്; എന്തെങ്കിലും വിഷമം നേരിട്ടാല്‍, ‘ഇന്നിന്ന കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍..’ എന്നു പറഞ്ഞു പോകരുത്; ‘ഇതാണ് അല്ലാഹുവിന്റെ നിയതി, അവന്‍ ഇച്ഛിക്കുന്നത് അവന്‍ ചെയ്യുന്നു’ എന്നു പറയുക; ‘ചെയ്തിരുന്നുവെങ്കില്‍’ എന്നത് പിശാചിന്റെ പ്രവര്‍ത്തനോദ്ഘാടനമാണ്.” (മുസ്‌ലിം)

അവലംബം : www.islamweb.net

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles