Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിനുമുണ്ട് സംസ്‌കാരം

apple.jpg

സംവാദം വികസനോന്മുഖമായ സമൂഹത്തിന്റെ സവിശേഷതയാണ്. മാനവികതയുടെ വളര്‍ച്ചക്കും സംസ്‌കരണത്തിനും ആശയങ്ങളുടേയും കാഴ്ചപ്പാടുകളുടേയും  കൈമാറ്റം അനിവാര്യമത്രെ.. ആരോഗ്യകരമായ സംവദം ജനാധിപത്യമുല്യങ്ങള്‍ സമൂഹത്തില്‍ സംരക്ഷിക്കപ്പെടുന്നതിന്റെ അടയാളമാണ്. ശരിയായ ദിശയിലേക്ക് അത് വഴികാണിക്കും.

സംവാദം സമൂഹത്തിന്റെ വൈകൃതമായിത്തീരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാവും. അത് ലക്ഷ്യം തെറ്റുകയും സംസ്‌കരശൂന്യമാവുകയും ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. സാസ്‌കാരിക തകര്‍ച്ചയിലേക്കും മാനവിക മൂല്യങ്ങളുടെ പതനത്തിലേക്കുമാണത് നയിക്കുക. ആ സന്ദര്‍ഭത്തില്‍ ജനാധിപത്യമുല്യങ്ങള്‍ ജനസംഞ്ചയത്തിന് ശാപമായി അനുഭവപ്പെടും.

എല്ലാറ്റിലുമെന്ന പോലെ ഇസ്‌ലാമിക മുല്യങ്ങള്‍ സംവാദത്തെകുറിച്ചും നിശബ്ദമായിട്ടില്ല. മാനവ സമുദായത്തിന്റെ മാര്‍ഗ്ഗ ദര്‍ശനമായി  അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനും പ്രവാചകനും സംവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേവല സംവാദമല്ല, ഏറ്റവും ഉത്തമമായ സംവാദമാണ് പ്രോത്സാഹിപ്പിക്കപ്പെട്ടത്. ഖുര്‍ആന്‍ ആവശ്യപ്പെടുന്നതിങ്ങനെയാണ്.
‘യുക്തി ദീക്ഷയോടെയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗ്ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദത്തിലേര്‍പ്പെടുക……… ‘ (വി.ഖു:’16:125)
‘ വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്………….. ‘(വി.ഖു:29:46)

സംവാദം ഫലപ്രദമാവുന്നത് അത് ഏറ്റവും മാന്യമാവുമ്പോഴാണ്. മാന്യമായ സംവാദത്തില്‍ മാനവിക മൂല്യങ്ങളും ഉത്തമ വികാരങ്ങളും നല്ല വിചാരവുമാണ് ഉത്തേജിപ്പിക്കപ്പെടുക. അധര്‍മ്മകാരിയുടെ ഹൃദയത്തില്‍ പോലും സദ്വിചാരങ്ങളെ ചലിപ്പിക്കാന്‍ കഴിയുന്നതാവണം സംവാദം. ഫറോവയുമായി സാസാരിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് അല്ലാഹു പറഞ്ഞതിപ്രകാരമാണ്.
‘ നിങ്ങള്‍ രണ്ടുപേരും ഫറോവയുടെ അടുത്ത് ചെല്ലുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് അവനോട് സൗമ്യമായി സംസാരിക്കുക. ഒരു വേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയേക്കാം, അല്ലെങ്കില്‍ ഭയപ്പെട്ടു എന്നുവരാം ‘ ( വി. ഖു: 20:43,44)
‘നീ ഫറോവയുടെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിരു കവിഞ്ഞിരിക്കുന്നു. എന്നിട്ട് ഇപ്രകാരം ചോദിക്കുക, നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ ? ‘ ( വി.ഖു: 79: 18,19)

അഥവാ വ്യക്തിയുടേയും സമൂഹത്തിന്റേയും നിര്‍മാണാത്മക വശത്തെ ശക്തിപ്പെടുത്തുകയും സംഹാരാത്മക വികാരങ്ങളെ നിയന്തിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ സംവാദം. സനേഹവും  സഹാനുഭൂതിയുമാണ് അതിന്റെ പ്രേരകങ്ങള്‍. അറിവിന്റെയും അന്വേഷണത്തിന്റയും കവാടങ്ങള്‍ ഇരു കക്ഷികള്‍ക്കുമുമ്പിലും അതു മുഖേന തുറക്കപ്പെടും. പക്ഷപാദിത്തവും  അക്ഷേപവും മുറിവേല്‍പ്പിക്കുന്ന കടുത്തവാക്കുകളും പരിഹാസവും അതിലുണ്ടാവുകയില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയില്ല. നിരര്‍ത്ഥകമായ വാദങ്ങള്‍ക്ക് സമയം പാഴാക്കുകയില്ല. അര്‍തഥശൂന്യമായ തലനാരിഴകീറലോ ഏതിരാളികളുടെ ന്യായവാദങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കലോ സംഭവിക്കുകയില്ല. എതിര്‍ക്കാനുള്ള വികാരവും പരാജയപ്പെടുത്താനുള്ള ത്വരയുമല്ല അത്തരം സംവാദത്തെ നയിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ക്ഷോഭാകുലമായ വാദകോലാഹലങ്ങള്‍ക്ക് കളമൊരുങ്ങുകയാണ് ഫലം. സംഘര്‍ഷത്തിന്റെയും ശക്തിപരീക്ഷയുടെയും കൈയാങ്കളിയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിഷേധികളുടെ സംവാദ സംസ്‌കാരത്തിലാണ് ഈ നിഷേധാത്മക വശങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നതെന്ന് ഖുര്‍ആന്റെ പ്രതിപാദനങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രവാചന്മാര്‍ തങ്ങളുടെ ജനതകളെ അഭിമുഖീകരിച്ചപ്പോള്‍ തള്ളിപ്പറഞ്ഞവരില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ പരിഹാസവും ശത്രുതയും പകയും പക്ഷപാദിത്തവും നിറഞ്ഞതായിരുന്നു.

വാദത്തിന്റെ മാര്‍ഗ്ഗങ്ങള്‍ പലതാവാം. എഴുത്തും പ്രഭാഷണവും അവയില്‍ പ്രധാനമാണ്. എന്നാല്‍ മാര്‍ഗ്ഗത്തെക്കാള്‍ പ്രധാനമാണ് സംവാദത്തില്‍ ദീക്ഷിക്കപ്പെടുന്ന സംസ്‌കാരം. സംസ്‌കാര ശൂന്യമായ സംവാദങ്ങള്‍ നിഷ്ഫലമാണ്. അതിനാല്‍ അത്തരം സംവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുതെന്ന് ഖൂര്‍ആന്‍ ആവശ്യപ്പെടുന്നു. ‘ നീ അവിവേകികളെ അവഗണിക്കുക…… ‘, ‘ അവര്‍ വിവേകരഹിതരോട് സംസാരിച്ചാല്‍ സലാം പറഞ്ഞ് പിരിഞ്ഞുപോകും….. ‘

സത്യത്തിനുവേണ്ടിയാണെങ്കിലും സംവാദവും തര്‍ക്കവും സംസ്‌കാര ശുന്യമാകാതെ സുക്ഷിക്കേണ്ടത്  അത്യാവശ്യമാണ്. ഉള്‍ക്കൊള്ളാനുള്ള വിശാലതക്ക് പകരം തള്ളിക്കളായാനും പരാജയപ്പെടുത്താനും പ്രേരിപ്പിക്കുന്ന സങ്കുചിതത്വവും ശത്രുതയുമായിരിക്കും അത് മുഖേന ശക്തിപ്പെടുന്നത്. അതിനാലാണ് പ്രവാചകന്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചത്.

‘സത്യത്തിനു വേണ്ടിയാണെങ്കിലും കുതര്‍ക്കം ഒഴിവാക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്‌വരയില്‍ ഒരു ഭവനം ലഭിക്കാന്‍ ഞാന്‍ അല്ലാഹുവിനോട് വാദിക്കും. ‘ (അബൂ ദാവൂദ്)
‘തമാശക്ക് വേണ്ടി പോലും കളവ് പറയാതിരിക്കുകയും സത്യവാനാണെങ്കിലും കുതര്‍ക്കത്തിലേര്‍പ്പെടാതിരിക്കുകയും ചെയ്യുന്നത് വരെ ഒരടിമ പൂര്‍ണ്ണ വിശ്വാസിയാവുകയില്ല. ‘ (അഹ്മദ്)

ഇത്തരം തര്‍ക്കങ്ങള്‍ സത്യം സ്വീകരിക്കുന്നതിനല്ല, മറിച്ച് വഴികേടിലേക്ക് നയിക്കപ്പെടാനാണ് കാരണമാവുകയെന്ന് നബി (സ) പഠിപ്പിച്ചു. ‘കുതര്‍ക്കം കാരണമല്ലാതെ സന്മാര്‍ഗ്ഗ ലഭിച്ച ശേഷം  ഒരു ജനതയും വഴിപിഴച്ചിട്ടില്ല. ‘(തിര്‍മുദി, ഇബ്‌നുമാജ) . ഇത്തരം വഴിതെറ്റിയ സംവാദങ്ങള്‍ മാനുഷിക ബന്ധങ്ങളിലും, മുസ്‌ലിം സമുദായത്തിനകത്താണെങ്കില്‍ ആദര്‍ശ ബന്ധത്തിലും അപകടകരമായ വിള്ളലുകള്‍ വിഴ്തുകയാണ് ചെയ്യുന്നത്. അതിനാല്‍ പൊതുവെയും, സമുദായത്തിനകത്തെ സംവാദങ്ങളില്‍ വിശേഷിച്ചും,  ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട അധ്യാപനാങ്ങളാണ് ഇവയൊക്കെയും. ദൈവിക ദീനിനെ ഉന്നതിയിലെത്തിക്കേണ്ടവര്‍ അധമമായ ഈ തര്‍ക്കസംസ്‌കാരത്തിലൂടെ ഇസ്‌ലാമിനെ അവമതിക്കുകയാണ് ചെയ്യുന്നത്.

Related Articles