Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഫൈസല്‍ മൗലവി: പ്രതിഭാധനനായ പ്രബോധകന്‍

faisal-moulavi.jpg

ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് ഫൈസല്‍ മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് ശിഷ്യനായ ഡോ: സ്വലാഹ് സുല്‍ത്താന്‍ കുറിച്ച ഏതാനും വരികള്‍. 

1.ദൈവ ബോധമുള്ള വ്യക്തി
ശൈഖ് ഫൈസല്‍ മൗലവിയുമായി ലഘു സംഭാഷണം നടത്തിയാല്‍ തന്നെ വിനയാന്വിത ഹൃദയവും ദൈവസ്മരണയുള്ള നാവും, ഭക്തിപാരമ്യതയാല്‍ തളരിതമായ നയനങ്ങളുമുള്ള വ്യക്തിയാണെന്ന് മനസ്സിലാകും. അദ്ദേഹത്തിന്റെ മുഖം എപ്പോഴും പ്രശോഭിതമായിരുന്നു. എത്ര വിദൂരതയിലാണെങ്കിലും അത് താങ്കളെ ആകര്‍ഷിക്കുകയും, സമീപസ്ഥമാകുമ്പോള്‍ അദ്ദേഹത്തില്‍ വിനയം പ്രകടമാവുകയും ചെയ്യും. പ്രകാശത്തിന്റെ ശോഭ കാരണം അദ്ദേഹത്തിന്റെ മുഖത്തേക്ക് ദീര്‍ഘനേരം നോക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ഹൃദയമാണ് ഈ പ്രകാശത്തിന്റെ പ്രഭവ കേന്ദ്രം. അല്ലാഹുവുമായി അഗാധ ബന്ധമുള്ള ആളുകള്‍ക്ക് മാത്രമേ ഈ ഔദാര്യം ലഭ്യമാകുകയുള്ളൂ. ‘അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു.'(അത്തഗാബുന്‍ 13) അല്ലാഹു പറയുന്നു. ‘നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല, അല്ലാഹു സച്ചരിതരോടൊപ്പമാണ്’ (അന്‍കബൂത്ത്: 69)

2. ദൈവഭയമുള്ള പണ്ഡിതന്‍
സൂക്ഷ്മ ജ്ഞാനവും ദീനില്‍ പാണ്ഡിത്യവുമില്ലാത്ത ദൈവബോധമുള്ള വ്യക്തികള്‍ ഉണ്ടാകും. അവര്‍ ഒരിക്കലും മഹത്തുക്കളല്ല. പ്രമാണങ്ങളെക്കുറിച്ചും ജീവിക്കുന്ന ലോകത്തെക്കുറിച്ചും ഉള്‍ക്കാഴ്ചയുള്ള വ്യക്തിയായിരുന്നു ശൈഖ് ഫൈസല്‍ മൗലവി. പ്രമാണങ്ങളെ സംഭവ ലോകവുമായി ബന്ധിപ്പിക്കാന്‍, അല്ലാഹുവില്‍ നിന്നുള്ള പ്രത്യേകസിദ്ധിയും അദ്ധേഹത്തിനു ലഭിച്ചിരുന്നു. ഇമാം ശാത്വബി പറയുന്നു: ഫിഖ്ഹ് മൂന്ന് ഇനമുണ്ട്. ഒന്ന്. പ്രമാണത്തെക്കുറിച്ച അവഗാഹം. രണ്ട്. സംഭവലോകത്തെക്കുറിച്ച ജ്ഞാനം. മൂന്ന്. പ്രമാണങ്ങളെ സംഭവലോകത്ത് പ്രയോഗവല്‍കരിക്കാനുള്ള കഴിവ്. ഇത് അല്ലാഹു തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് മാത്രം ലഭ്യമാകുന്ന അപൂര്‍വ്വ സിദ്ധിയാണ്. പ്രമാണങ്ങളെ സംഭവലോകത്ത് നടപ്പില്‍ വരുത്താനുള്ള അന്വേഷണത്വരയും അധ്വാന പരിശ്രമങ്ങളുമാണ് അദ്ദേഹത്തെ നയിച്ചത്. യൂറോപ്യന്‍ ഫത്‌വ സഭയില്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ വിജ്ഞാനീയങ്ങളില്‍ അദ്ദേഹത്തിനുള്ള വ്യുല്‍പത്തി നിനക്ക് ബോധ്യപ്പെടും. ഖുര്‍ആന്‍, സുന്നത്ത്, പണ്ഡിതന്മാരുടെ വീക്ഷണം എന്നിവ മുന്നില്‍ വെച്ച്് മനനഗവേഷണങ്ങളിലൂടെ വിധികള്‍ രൂപപ്പെടുത്തുന്ന കര്‍മശാസ്ത്ര വിശാരദനെ അദ്ദേഹത്തില്‍ നമുക്ക് ദര്‍ശിക്കാം. ഫിഖ്ഹുല്‍ മഖാസിദിലും മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും അദ്ദേഹം നിപുണനായിരുന്നു. കാലികപ്രശ്‌നങ്ങളെ അതിന്റെ എല്ലാ പ്രതീക്ഷയോടും കരുത്തോടും കൂടി ഗ്രഹിക്കാനും, യോജിച്ച വിധികള്‍ കണ്ടെത്താനുമുള്ള പ്രത്യേക സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കോടതിയുടെ മുമ്പിലുള്ള ഒരു വിഷയത്തില്‍ ജഡ്ജി വിധി പ്രസ്താവിക്കുന്നത് പോലെ എല്ലാ ന്യായപ്രമാണങ്ങളോടെയും യുക്തിപൂര്‍വ്വകവുമായും, തികഞ്ഞ ആത്മ വിശ്വാസത്തോടെയുമായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നത്.
ശൈഖ് ഫൈസല്‍ മൗലവിയുടെ പഠനങ്ങള്‍, ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍, ഫത്‌വകള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ചു പുറത്തിറക്കുകയും അദ്ദേഹത്തിന്റെ ചിന്താ രീതികളെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് അനിവാര്യമായും നിര്‍വ്വഹിക്കേണ്ട പദ്ധതിയാണ്. അദ്ദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ നീതിയും അത് തന്നെയായിരിക്കും.

3.ദൈവബോധമുള്ള പ്രബോധകന്‍
രോഗം മൂര്‍ഛിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സന്ദര്‍ഭം സംജാതമാകുന്നത് വരെ പ്രബോധനമാര്‍ഗത്തിലെ നിരന്തര പ്രയാണം അദ്ദേഹത്തില്‍ ഒരു മടുപ്പുമുളവാക്കിയില്ല. രോഗസന്ദര്‍ശനത്തിനെത്തുന്നവരോട് പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അദ്ദേഹം വസിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. ആരോഗ്യമുള്ള കാലത്ത് ഇസ്‌ലാമികപ്രബോധനാവശ്യാര്‍ത്ഥം ലോകം മുഴുവന്‍ അദ്ദേഹം ചുറ്റിസഞ്ചരിച്ചു. പല പ്രബോധകന്മാരും ഫഖീഹുകളല്ല, പല ഫഖീഹുകളും പ്രബോധകരുമല്ല. പക്ഷെ ഈ രണ്ട് വിശേഷണങ്ങളും ഒരുമിച്ചു കൂടിയ വ്യക്തിത്വമായിരുന്നു ഫൈസല്‍ മൗലവി. നിരന്തരമായ അന്വേഷണങ്ങള്‍, ഉള്‍ക്കാഴ്ച, യുക്തിജ്ഞാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രകടമായിരുന്നു. രോഗം ഗുരുതരമായ സന്ദര്‍ഭത്തില്‍ പോലും ഡോക്ടറുടെ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് അദ്ദേഹം തന്റെ ദൗത്യത്തിലേര്‍പ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ ചിന്തയെ തൊട്ടുണര്‍ത്തുന്ന ഹൃദയത്തിനിണങ്ങുന്ന അവതരണ മികവ് ദര്‍ശിക്കാമായിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും താല്‍പര്യത്തോടെ പഠിക്കുകയും ചെയ്തിരുന്നു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി അദ്ദേഹം ചെറുപ്പം മുതലെ കൂറ് പുലര്‍ത്തിയിരുന്നു. അതിന്റെ വേരുകളെക്കുറിച്ചും മൗലിക സ്രോതസ്സുകളെക്കുറിച്ചും സമൂഹത്തോടും ലോകത്തോടുമുള്ള വീക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷെ സംഘടനയുടെ കെട്ടുപാടുകളില്‍ കുടുങ്ങി സമൂഹമെന്ന സാഗരത്തെ അദ്ദേഹം വിസ്മരിച്ചില്ല. അതോടൊപ്പം ഇഖ്‌വാന്റെ ശുദ്ധമായ സ്രോതസ്സിനെ അദ്ദേഹം ഒരിക്കലും വിസ്മരിച്ചില്ല.
ലബനാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമീറും ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇഖ്‌വാന്റെ മുഖ്യ കാര്യദര്‍ശി ആയിക്കൊണ്ട് നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം ആ പദവിക്ക് ഏറ്റവും അര്‍ഹനുമായിരുന്നു. തല്‍സഥാനത്തേക്ക് തെരഞ്ഞെടുക്കപ്പൊതിരിക്കത്തന്നെ ലോകത്തുള്ള ഇഖ്‌വാനികളുടെ മനസ്സുകളില്‍ അദ്ദേഹത്തിന് വളരെ ആദരണീയമായ സ്ഥാനം ഉണ്ടായിരുന്നു.

4.പണ്ഡിതനായ നേതാവ്
നേതൃശേഷി എന്നത് ദൈവികാനുഗ്രഹമാണ്. ദൈവബോധമുള്ള പണ്ഡിതനായ ഫൈസല്‍ മൗലവിയെ പോലുള്ള ഒരുവ്യക്തിയില്‍ ഈ ഗുണവിശേഷണം നിലീനമാകുകയാണെങ്കില്‍ അതിന് മാറ്റുകൂടും. അദ്ദേഹത്തിന് ചുറ്റും ജനങ്ങള്‍ ഒരുമിച്ചുകൂടിയിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം സ്‌നേഹ സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കൃത്യമായിരുന്നു. കണ്ണുകൊണ്ടുള്ള ആംഗ്യങ്ങള്‍ ഔദ്യോഗിക കല്‍പനകളേക്കാള്‍ ശക്തമായിരുന്നു. വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ഗാംഭീര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കല്‍പനകള്‍ ന്യായാധിപന്റെ കല്‍പനകള്‍ പോലെ അനുയായികള്‍ നടപ്പിലാക്കിയിരുന്നു.

നേതൃശേഷിയുടെ ഉദാഹരണങ്ങള്‍
1. ഇസ്‌ലാമിക പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത: ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. രോഗം മൂര്‍ച്ചിക്കുന്നതുവരെ ഈ സ്ഥാനം വഹിക്കേണ്ടി വന്നു. രണ്ട് കാലയളവില്‍ കൂടുതല്‍ നേതൃത്വം ഏല്‍പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി, സംഘടനക്ക് വ്യക്തമായ ചില അടിസ്ഥാനങ്ങളനുസരിച്ച് ശൂറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
2. വൈജ്ഞാനിക മേഖല: യൂറോപ്പിലെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഇസ്‌ലാമിക പ്രബോധകരെ വാര്‍ത്തെടുത്ത പ്രഥമസ്ഥാപനമായ ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ സയന്‍സിന്റെ രൂപീകരണത്തില്‍ വൈജ്ഞാനികമായി പങ്ക് വഹിച്ചു. ഈ സ്ഥാപനങ്ങളിലെ പഠിതാക്കളില്‍ യൂറോപ്പിലെ ഇസ്‌ലാമിക് സെന്ററിലുള്ളവര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അവിടെ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. വൈജ്ഞാനിക പഠന നിലവാരത്തില്‍ ഫ്രാന്‍സിലെ സര്‍ബോന്‍ യൂണിവേഴ്‌സിറ്റിയേക്കാള്‍ മികച്ചതായിരുന്നു ശൈഖ് ഫൈസല്‍ മൗലവിയും സഹപ്രവര്‍ത്തകരും നടത്തിയ സ്ഥാപനം.
3. പ്രബോധന സംരംഭം: ലബനാനിലെ ബൈതുദ്ദഅ്‌വ വല്‍ ഇദാറയുടെ നിര്‍മാണം ഇതില്‍ പ്രധാനമായിരുന്നു. ലബനാനിലെ പ്രമുഖ പണ്ഡിതന്മാര്‍ പഠനങ്ങളും കോഴ്‌സുകളും ഇവിടെ നടത്തിയിരുന്നു. അവരുടെ യോഗ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും കഴിവുകള്‍ക്ക് മാറ്റു കൂട്ടുകയും ചെയ്തത് ഇവിടെ നിന്നായിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയുമായി ചേര്‍ന്ന് ലോക മുസ്‌ലിം പണ്ഡിത സഭ രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്തു.
4. ഫലസ്തീന്‍ പ്രശ്‌നത്തിലെ ഇടപെടല്‍: അധിനിവേശക്കാരായ സയണിസ്റ്റുകള്‍ക്കെതിരെ ലബനാനില്‍ സുന്നികളുടെ പ്രതിരോധ സംഘടന രൂപീകരിച്ചു. ഫലസ്തീനികളെ സഹായിക്കാനായി ഫലസ്തീനു പുറത്ത് നിന്ന് സേവനമനുഷ്ടിക്കുന്ന പ്രഥമ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍ നാഷണല്‍ ഖുദ്‌സ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കു വഹിക്കുകയുണ്ടായി. ശൈഖിന്റെ ഈ പ്രസ്ഥാനം ആഗോള തലത്തില്‍ തന്നെ ഫലസ്തീന്‍ പ്രശ്‌നം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വലിയ വിജയം കണ്ടു. അതിന്റെ സമ്മേളനങ്ങളില്‍ ജോര്‍ജ് ജാലാവിയെ പോലുള്ള മുസ്‌ലിങ്ങളിലും അമുസ്‌ലിങ്ങളിലും പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുകയുണ്ടായി. അറബ് ദേശീയവാദികളും കമ്യൂണിസ്റ്റുകളും മതേതരവാദികളുമടങ്ങുന്ന നീതിയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവനാളുകളെയും ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടാന്‍ സംഘടനക്ക് കഴിഞ്ഞു.
5. മധ്യമ രീതിയിലുള്ള അഭിസംബോധന: ലബനാനിലെ പ്രശ്‌നങ്ങളില്‍ സന്തുലിതമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ലബനാനില്‍ സാമൂഹ്യസുരക്ഷക്കായി ദേശീയമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെടുകയുണ്ടായി.
ശൈഖിന്റെ നേതൃശേഷി പ്രകടമാക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. മറ്റു പ്രബോധകന്മാരില്‍ നിന്നും വ്യത്യസ്ഥമായി സവിശേഷമായ നേതൃപാടവമുള്ള ദൈവഭയമുള്ള പണ്ഡിതനായിരുന്നു ശൈഖ് ഫൈസല്‍ മൗലവി.
5. വാത്സല്യ നിധിയായ പിതാവ്:
മേല്‍പ്രസ്താവിച്ച യോഗ്യതകളെല്ലാം ഉള്ളതോടൊപ്പം ശൈഖ് ഫൈസല്‍ മൗലവി സ്‌നേഹനിധിയായ പിതാവ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നോട്ടത്തിലും സംസാരത്തിലും ഒരുപിതാവിന്റെ കാരുണ്യം ദര്‍ശിക്കാം. ഹൃസ്വമായ സംസാരത്തില്‍ തന്നെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ സ്‌നേഹം നമുക്ക് ബോധ്യപ്പെടും. അപ്രകാരം തന്നെ ശൈഖ് ഒരിക്കലും നിന്റെ മുമ്പില്‍ നടക്കുകയല്ല. നിന്നെ നെഞ്ചോട് ചേര്‍ത്തുവെക്കുകയാണ് ചെയ്യുന്നതെന്ന് നിനക്ക് ബോധ്യപ്പെടും. ഇത്തരത്തില്‍ സാരസമ്പൂര്‍ണമായ ജീവിതത്തിന്റെ ഉടമയായിരുന്നു ശൈഖ് ഫൈസല്‍ മൗലവി.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles