Current Date

Search
Close this search box.
Search
Close this search box.

ശഫാഅത്ത് ലഭിക്കാത്തവര്‍

shafahath.jpg

അല്ലാഹു തന്റെ കാരുണ്യത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും ശുപാര്‍ശ നല്‍കും എന്ന വ്യാമോഹത്തില്‍ കഴിയുന്ന ചിലരുണ്ട്. എന്തു തെറ്റ് ചെയ്താലും അതെല്ലാം പൊറുക്കപ്പെടുമെന്നും ശുപാര്‍ശക്ക് ഞങ്ങള്‍ അര്‍ഹരാകുമെന്നുമുള്ള മിഥ്യാധാരണയിലാണിവര്‍ കഴിയുന്നത്. എന്നാല്‍ ഒരു വ്യക്തിക്ക് അന്ത്യനാളില്‍ ശുപാര്‍ശ തടയപ്പെടാനുള്ള നിരവധി കാരണങ്ങളുണ്ട്. അതിനാല്‍ തന്നെ ശുപാര്‍ശ തിരസ്‌കരിക്കപ്പെടാന്‍ കാരണമാകുന്ന രോഗങ്ങളെ കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.

1.ശിര്‍ക്ക്(ദൈവത്തില്‍ പങ്കാളിയാക്കല്‍) കലര്‍ന്ന പ്രവര്‍ത്തനങ്ങള്‍:
ദൈവത്തില്‍ പങ്കുചേര്‍ക്കുക എന്ന മഹാപാപം ചെയ്തവന്‍ ശുപാര്‍ശ ലഭിക്കുന്നതില്‍ നിന്ന് തടയപ്പെടും. വിശുദ്ധ ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ‘അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.'(അന്നിസാഅ് 48). നമ്മുടെ പ്രവര്‍ത്തനങ്ങളെ ശിര്‍ക്ക് നിഷ്പ്രഭമാക്കുകയും ദുര്‍ബലമാക്കുകയും ചെയ്യും. എത്ര വലിയ കര്‍മങ്ങള്‍ അയാള്‍ ചെയ്താലും അതെല്ലാം ധൂളികണക്കെ പാറിപ്പോകുന്നതാണ്. ‘സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: ‘നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.'(അസ്സുമര്‍ 65).
പാപങ്ങളുടെ പാഴ്‌ചേറിലമര്‍ന്നവര്‍ക്ക് അല്ലാഹു ഒരു പക്ഷെ ശഫാഅത്ത് നല്‍കിയേക്കും. അതേ സമയം അവനില്‍ പങ്കുചേര്‍ക്കുകയും സത്യനിഷേധപരമായ വിശ്വാസങ്ങള്‍ പുലര്‍ത്തുകയും ചെയ്തവരുടെ ശുപാര്‍ശകള്‍ അവനിങ്കല്‍ സ്വീകരിക്കപ്പെടുകയില്ല.

2. അടിമകളോട് അതിക്രമം പ്രവര്‍ത്തിക്കുന്ന ഭരണാധികാരി; മതപരിത്യാഗം

പ്രവാചകന്‍(സ) പറഞ്ഞു: എന്റെ സമുദായത്തിലെ രണ്ട് വിഭാഗം  ആളുകള്‍ക്ക് എന്റെ ശഫാഅത്ത് ലഭിക്കുകയില്ല. അക്രമിയായ ഭരണാധികാരി, മതപരിത്യാഗി എന്നിവരാണവര്‍. (ത്വബ്‌റാനി)
പ്രജകളുടെ അവകാശ സംരക്ഷണമാണ് ഭരണാധികാരിയുടെ അടിസ്ഥാന ചുമതല. ശരീഅത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കുക എന്ന ഉത്തരവാദിത്തമാണ് അയാളില്‍ ഏല്‍പിക്കപ്പെട്ടത്. നീതിയായിരിക്കണം അയാളുടെ പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം. നീതിമാനായ ഭരണാധികാരി പരലോകത്ത് തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുമെന്ന് പ്രവാചകന്‍(സ) വ്യക്തമാക്കിയതാണ്. അതേ സമയം, അക്രമം പ്രവര്‍ത്തിക്കുക എന്നത് വളരെ നീചമായ പ്രവര്‍ത്തനമാണ്. സമൂഹത്തില്‍ കലാപവും കുഴപ്പവും പരീക്ഷണങ്ങളും മാത്രമാണ് അത് വിളിച്ചുവരുത്തുക. മാത്രമല്ല, അക്രമികള്‍ക്ക് പരലോകത്ത് അന്ധകാരമായിരിക്കുമെന്ന് പ്രവാചകന്‍(സ) താക്കീത് നല്‍കിയിട്ടുണ്ട്. മിക്ക സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും അധപ്പതനത്തിനും നാശത്തിനും പ്രധാന കാരണം അവരുടെ പിടിപ്പുകേടാണ്. വിശ്വസിച്ചുകൊണ്ട് ഭരണമേല്‍പിച്ചവരെ വഞ്ചിക്കുകയും അവരോട് അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന കൊടിയ പാതകമാണ് പ്രവാചകന്റെ ശഫാഅത്തില്‍ നിന്ന് അവരെ അകറ്റുന്നത്. മാത്രമല്ല, അക്രമം ഇസ്‌ലാമിക സാഹോദര്യത്തിന് വലിയ വിഘാതം സൃഷ്ടിക്കുമെന്നും പ്രവാചകാധ്യാപനങ്ങളില്‍ നമുക്ക് ദര്‍ശിക്കാം.

അപ്രകാരം തന്നെ മതപരിത്യാഗം  ആക്ഷേപാര്‍ഹമായ കാര്യമാണ്. മതത്തില്‍ അതിര് കവിയുന്നതും മതപരിത്യാഗവും വലിയ പാപമാണ്. വേദക്കാര്‍ക്ക് ഇതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയതായി കാണാം.’വേദക്കാരേ, നിങ്ങള്‍ മതത്തില്‍ അതിര് കവിയരുത്. അല്ലാഹുവിനെ കുറിച്ച് സത്യമല്ലാതെ പറയുകയും ചെയ്യരുത്'(അന്നിസാഅ് 171)പ്രവാചകന്‍ ഇതിനെ കുറിച്ച് താക്കീത് നല്‍കിയതായും കാണാം. ‘അല്ലയോ ജനങ്ങളേ, മതത്തില്‍ അതിര് കവിയുന്നതിനെ നിങ്ങള്‍ കരുതിയിരിക്കുക! നിങ്ങളുടെ പൂര്‍വ സമൂഹങ്ങളുടെ നാശത്തിന് ഹേതുവായ പ്രവര്‍ത്തനമാണത്’.(ഇബ്‌നുമാജ).

3. ശഫാഅത്തിനെ കളവാക്കുക.
അനസ് ബിന്‍ മാലിക്(റ)വില്‍ നിന്ന് നിവേദനം : ആരെങ്കിലും ശഫാഅത്തിനെ കളവാക്കിയാല്‍ അവനതില്‍ ഒരു വിഹിതവും ലഭിക്കുകയില്ല’. പ്രവാചകന്‍ (സ)യുടെ പദവിയെയും തിരുസുന്നത്തിനെയും നിഷേധിക്കുന്നവന് തീര്‍ച്ചയായും പ്രസ്തുത അനുഗ്രഹം തടയപ്പെടും എന്നതില്‍ സംശയമില്ല.
4. ബിദ്അത്ത്:
ബിദ്അത്ത് ചെയ്യുന്നവന് പരലോകത്ത് പ്രത്യേകമായി ലഭിക്കുന്ന ഹൗദുല്‍ കൗസര്‍ നിഷേധിക്കപ്പെടുമെന്നും ശുപാര്‍ശ ലഭിക്കുകയില്ലെന്നും പ്രമാണങ്ങളില്‍ വന്നിട്ടുണ്ട് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: എന്റെ സമുദായത്തില്‍ നിന്ന് ഒരു വിഭാഗം പിന്നീട് വരും. ഇടതുഭാഗത്ത്‌നിന്നും അവരെ പിടികൂടും. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്റെ അനുചരന്മാരാണോ അവര്‍ എന്നു ചോദിച്ചു. നിനക്ക് ശേഷം ദീനില്‍ എന്തെല്ലാമാണ് അവര്‍ പുതുതായി ഉണ്ടാക്കിയതെന്ന് നിനക്കറിയില്ല എന്നായിരുന്നു അപ്പോള്‍ പ്രതികരണം.’
അവലംബം : ഇസ്‌ലാം വെബ്
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles