Current Date

Search
Close this search box.
Search
Close this search box.

ശത്രുവിനെ മിത്രമാക്കുന്ന നിലപാട്

bulbs.jpg

പ്രകൃതിപരമായി അല്‍പം അഭിമാന ബോധം ഉള്ളവനാണ് മനുഷ്യന്‍. തന്റെ ഭാഗമാണ് ശരി എന്നതാണ് അവന്റെ നിലപാട്. അതുകൊണ്ട് തന്നെ വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനും അവന്‍ പലപ്പോഴും തയാറാവുന്നില്ല. അല്ലെങ്കില്‍ കൂടുതല്‍ സമയം എടുക്കുന്നു. അപ്പോഴേക്കും കാര്യങ്ങള്‍ ചിലപ്പോള്‍ കൈ വിട്ടു പോയിട്ടുണ്ടാവും. സമൂഹത്തില്‍ ശത്രുതയും തുടര്‍ന്നുള്ള അനന്തര ഫലങ്ങളും ഉണ്ടാവുന്നതിന്റെ കാരണങ്ങളിലൊന്നാണത്.

മുസ്‌ലിം പണ്ഡിതന്മാര്‍ പോലും തന്നോട് പിണക്കം ഉള്ളവനോട് അകലം പാലിക്കുന്നതായി കാണാറുണ്ട്. അദ്ദേഹത്തിന്റെ ന്യായം ‘തന്റെ ഭാഗത്ത് തെറ്റ് ഒന്നും സംഭവിച്ചിട്ടില്ല’ എന്നതാണ്. പണ്ഡിതന്റെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ സാധാരണക്കാരന്‍ ആയ മുസ്‌ലിമിന്റെ കാര്യം പറയാനുണ്ടോ. തെറ്റ് എതിരാളിയുടേതായിരിക്കാം, എന്നാല്‍ അതിനോട് താന്‍ സ്വീകരിച്ച നിലപാട് എത്രത്തോളം ശരിയാണെന്നതാണ് വിഷയം. എന്തുകൊണ്ട് തന്നോട് ശത്രുത ഉള്ള ആളുടെ അടുത്ത് പോയി ഒരു ക്ഷമാപണത്തിന് ശ്രമിക്കുന്നില്ല? ദുരഭിമാനമാണ് അതിന് പ്രധാന തടസ്സം. അതിനാല്‍ തന്നെ ഒരു മുസ്‌ലിം തന്നോട് ശത്രുതയിലായിരിക്കെ മരിച്ചു പോകാന്‍ ഇടയാവുന്ന അനവധി സംഭവങ്ങള്‍ കഴിഞ്ഞു പോകാറുണ്ട്. ഇത് ഒരു നിസ്സാരമായ സംഗതി അല്ലെന്ന് ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും വ്യക്തമാക്കുന്നു. ‘നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം.’ (ഖുര്‍ആന്‍ : 41 : 34) വിശേഷിച്ചും തര്‍ക്ക വിഷയഹ്ങളില്‍ വളരെ പ്രധാന്യമുള്ള ഒരു കാഴ്ചപ്പാടാണ് ഈ ആയത്ത് ബോധിപ്പിക്കുന്നത്.

ഒരു വ്യക്തി തന്നോട് ശത്രുത ഉള്ള ആളുകള്‍ ആരൊക്കെ ആണെന്ന് അറിയുകയും അതിന്റെ കാരണം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. തന്റെ കാരണം കൊണ്ടാണതെങ്കില്‍ അത് തിരുത്തി ശത്രുത അവസാനിപ്പിക്കള്‍ അവന്റെ കടമയാണ്. മറുവശത്തുള്ളത് ഒരു സത്യവിശ്വാസിയാകുമ്പോള്‍ അതിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിക്കുന്നു. ഒരു സത്യ വിശ്വാസി മറ്റൊരു സത്യ വിശ്വാസിയുടെ ശത്രുവായിരിക്കരുത് എന്നതാണ് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നത്. അത് തന്റെ പരലോക മോക്ഷത്തെ ബാധിക്കുന്ന സംഗതിയാണ്. ശത്രുതയുടെ കാരണം താനല്ലെങ്കില്‍ എന്ത് നിലപാട് എടുക്കണം എന്നതിന് മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തം വ്യക്തമായ മറുപടി നല്‍കുന്നു. അല്‍പം സാഹസം ഉള്ള സംഗതി തന്നെയാണെങ്കിലും അതിന്റെ ഫലം ഏറെ വലുതാണ്. നമ്മുടെ അഭിമാന ബോധത്തെ തല്‍കാലം മാറ്റി വെച്ച് വിശുദ്ധ ഖുര്‍ആന്‍ നമ്മോടു ഉല്‍ബോധിപ്പിച്ച നിലപാട് കൈ കൊള്ളാന്‍ നാം തയാറാവേണ്ടതുണ്ട്. വിട്ടുവീഴ്ച്ച ഒരാളുടെ മഹത്വം അധികരിപ്പിക്കുകയല്ലാതെ ഒരിക്കലും മാനക്കേടായി മനസ്സിലാക്കേണ്ടതില്ല.

ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന ഒരു ഉദാഹരണം പരിശോധിക്കാം. ഒരാള്‍ അനുവാദം കൂടാതെ മറ്റൊരാളുടെ പറമ്പിലുള്ള മരത്തിന്റെ കൊമ്പ് മുറിച്ചെന്നിരിക്കട്ടെ. ഇത്തരം സംഭവങ്ങള്‍ ഒരു വലിയ പ്രശ്‌നത്തിന് വഴി വെക്കുന്ന കാരണമാണ്. നാം എന്ത് നിലപാട് എടുക്കും? ചിലര്‍ അയല്‍ വാസിയോടു (മുസ്‌ലിം ആവട്ടെ അല്ലാതിരിക്കട്ടെ ) തട്ടിക്കയറും, അത് വാക്ക് തര്‍ക്കത്തില്‍ എത്തും, സ്വാഭാവികമായും ശത്രുതയില്‍ കലാശിക്കും. അയാള്‍ ചെയ്തത് തന്നെയാണ് തെറ്റ് എന്നിരുന്നാലും ആ രണ്ട് അയല്‍ വാസികളില്‍ ഒരാള്‍ക്ക് നല്ല ഒരു നിലപാട് എടുക്കാമായിരുന്നു. ഉദാഹരണത്തിന് ഇങ്ങനെ പറയാം : ‘ സഹോദരാ (അല്ലെങ്കില്‍ പേര് വിളിക്കാം), നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ അത് വെട്ടുമായിരുന്നല്ലോ. ഇത് നിങ്ങള്‍ ചെയ്തത് തെറ്റ് തന്നെയാണ്, എന്നിരുന്നാലും ഇതിന്റെ പേരില്‍ നാം തമ്മില്‍ ഒരു പ്രശ്‌നവും വേണ്ടതില്ല. ‘അവിടെ ഒരിക്കലും ആ അയല്‍വാസി ശത്രുത കാണിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ല എന്നുറപ്പാണ്. മറിച്ചു ‘നിങ്ങള്‍ എന്ത് തെമ്മാടിത്തമാണ് കാണിച്ചത്, എനിക്ക് നഷ്ട പരിഹാരം തരണം….. ഞാന്‍ പോലീസില്‍ പരാതി കൊടുക്കും….’ എന്നിങ്ങനെ പ്രതികരിച്ചാല്‍ അതൊരിക്കലും ആരോഗ്യകരമായ ബന്ധത്തെ  സഹായിക്കുകയില്ല.

നോമ്പുകാരനായിരിക്കെ ആരെങ്കിലും തര്‍ക്കിക്കാന്‍ വന്നാല്‍ ‘സുഹൃത്തേ , ഞാന്‍ നോമ്പ് കാരനാണ്..’ എന്ന് പറഞ്ഞു ഒഴിയല്‍ ഏറ്റവും നല്ല നിലപാടിന്റെ ഉദാഹരണമാണ്. വിവരമില്ലാത്തവര്‍ തര്‍ക്കിക്കാന്‍ വന്നാല്‍ ‘സലാം’ പറഞ്ഞു ഒഴിഞ്ഞു മാറലും നിലപാടാണ്. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. ഒരാളുടെ സ്വഭാവം ആശ്രയിച്ചായിരിക്കും ആളുകള്‍ക്ക് അയാളോടുള്ള പെരുമാറ്റവും നിലപാടും. അതുകൊണ്ട് തന്നെ ഏറ്റവും ഉത്തമായ നിലപാട് സ്വീകരിക്കുക എന്നത് സത്യവിശ്വാസിയുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ‘എന്നോട് അവന്‍ മിണ്ടുന്നില്ല. അതിനാല്‍ ഞാന്‍ അവനോടും മിണ്ടുകയില്ല ‘ എന്ന സംഹാരാത്മകമായ നിലപാടല്ല അവന്‍ സ്വീകരിക്കേണ്ടത്. ഒരു വ്യക്തിയും സ്ഥായിയായ ശത്രുവല്ല, നാം അങ്ങോട്ട് സന്ധിക്കു ചെല്ലുകയാണെങ്കില്‍. മറിച്ച് എല്ലാ ശ്രമങ്ങള്‍ക്ക് ശേഷവും അവര്‍ ശത്രുതയില്‍തന്നെ തുടരാന്‍ ഉദ്ദേശിച്ചാല്‍ അവരുടെ കാര്യം അല്ലാഹുവിനു വിടുക എന്നത് മാത്രമേ അവിടെ കരണീയമായിട്ടുള്ളൂ.

Related Articles