Current Date

Search
Close this search box.
Search
Close this search box.

ശക്തിപ്രയോഗിക്കുന്നതിനുള്ള നിബന്ധനകള്‍ -2

power1.jpg

മുന്‍ഗണനാക്രമം പാലിക്കുക : ഏത് കാര്യത്തിലും ഇസ്‌ലാമിക ശരീഅത്ത് ചില മുന്‍ഗണനക്രമങ്ങള്‍ വെച്ചിട്ടുണ്ട്. അതില്‍ അതിര് കവിയുകയോ വീഴ്ചവരുത്തുകയോ ചെയ്യരുത്. ജിഹാദ് നിര്‍ബന്ധമാകുന്നതിന് കര്‍മശാസ്ത്രപണ്ഡിതന്മാര്‍ യോജിച്ച ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രരായ മുസ്‌ലിം പുരുഷന്മാരായിരിക്കണം. മറ്റു പ്രയാസങ്ങളില്‍ നിന്ന് അവര്‍ മുക്തരുമായിരിക്കണം. മക്കാ കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിനും അടിസ്ഥാനങ്ങള്‍ വിവരിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കിയിരുന്നത്. പിന്നീട് മദീനയിലെത്തിയപ്പോഴാണ് ജിഹാദ് നിര്‍ബന്ധമാക്കിയത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്ന മുജാഹിദുകള്‍ക്ക് മഹത്തായ പ്രതിഫലം നിശ്ചയിച്ചിട്ടുപോലും ജിഹാദ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലോ വിശ്വാസകാര്യങ്ങളിലോ ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ദേയമാണ്. ജിഹാദ് ഒരു അടിസ്ഥാനമല്ല; മറിച്ച് ഒരനിവാര്യതായാണെന്നതാണ് ഇതിന് നിദാനം. ജിഹാദിന്റെ മുന്നുപാധികളായി ഇസ്‌ലാം അനുശാസിക്കുന്ന കാര്യങ്ങളെല്ലാം തന്നെ സമൂഹം പൂര്‍്ത്തീകരിക്കേണ്ടതുണ്ട്.

ആദര്‍ശ സമൂഹമാകുക: യുദ്ധത്തിനു പങ്കെടുക്കുന്നവരുടെ അംഗബലത്തേക്കാള്‍ പ്രധാനം അവരുടെ ആദര്‍ശ നിഷ്ടയും ഗുണമേന്മയുമാണ്.. എത്രയെത്ര കൊച്ചു സംഘങ്ങളാണ് വന്‍സംഘങ്ങളെ അതിജയിച്ചതെന്ന ഖുര്‍ആനിക സൂക്തം ഇതിനെ അടിവരയിടുന്നതാണ്. മാത്രമല്ല ഹുനൈന്‍ യുദ്ധത്തില്‍ വിശ്വാസികളുടെ അംഗബലം അവര്‍ക്കൊട്ടും പ്രയോജനപ്പെട്ടില്ല എന്നും ഖുര്‍ആന്‍ വിലയിരുത്തുന്നുണ്ട്. അതിനാല്‍ തന്നെ നല്ല സഹനശേഷിയും ആദര്‍ശനിഷ്ടയുമുള്ളവര്‍ക്കാണ് ഇത് സാധ്യമാകുക.

ശഹീദ് ഹസനുല്‍ ബന്ന തന്റെ അനുയായികളെ ഈ യാഥാര്‍ഥ്യം പഠിപ്പിക്കുന്നതായി കാണാം. ‘അല്ലയോ ഇഖവാനുല്‍ മുസ്‌ലിമൂനില്‍ അണിചേര്‍ന്നിട്ടുള്ളവരേ! വിശിഷ്യാ ആവേശഭരിതരും അല്‍പം ധൃതി കാണിക്കുന്നവരുമായ പ്രവര്‍ത്തകരേ! ഈ സമ്മേളനത്തിലെ അനുഗ്രഹീതമായ വേദിയില്‍ നിന്നുള്ള എന്റെ ആഹ്വാനങ്ങള്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വം ചെവികൊള്ളുക!’ നിങ്ങളുടെ പ്രവര്‍ത്തന മണ്ഡലം വളരെ കൃത്യമാണ്. അതിന്റെ പരിധികള്‍ നിര്‍ണിതവുമാണ്. എനിക്ക് ബോധ്യപ്പെട്ട ഈ വ്യവസ്ഥകള്‍ ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല. കാരണം  നാം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താന്‍ എല്ലാം സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ചിലപ്പോള്‍ ഈ ലക്ഷ്യം അല്‍പം ദൈര്‍ഘ്യമേറിയതാകാം. പക്ഷെ, ഇതല്ലാതെ മറ്റൊരു മാര്‍ഗം നമ്മുടെ മുമ്പിലില്ല. നിരന്തരമായ പ്രവര്‍ത്തനവും കഠിനാധ്വാനവും സഹനശേഷിയുമാണ് നമ്മുടെ പൗരുഷത്തെ പ്രകടമാക്കുന്നത്. ആരെങ്കിലും പാകമാകുന്നതിനു മുമ്പ് ഫലം പ്രതീക്ഷിക്കുന്നുവെങ്കില്‍, വിടരുന്നതിനു മുമ്പ് പുഷ്പം പറിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പ്രബോധന സരണിവിട്ട് മറ്റുമാര്‍ഗം തേടുന്നതാണ് അവര്‍ക്ക് നല്ലത്. മറിച്ച് വിത്ത് മുളക്കാനും വളര്‍ന്നു വലുതാകാനും ഫലം പാകമാകുന്നതുവരെ സഹനത്തോടെ കാത്തുനില്‍ക്കാനും ആരാണുള്ളത്. അവര്‍ക്ക് അ്ല്ലാഹുവിങ്കല്‍ ഉന്നതമായ പ്രതിഫലമുണ്ട്. സുകൃതവാന്മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല. ഒന്നുകില്‍ വിജയവും നേതൃത്വവും അല്ലെങ്കില്‍ രക്തസാക്ഷിത്വവും സൗഭാഗ്യവുമാണ് നമ്മെ കാത്തിരിക്കുന്നത്.

അല്ലയോ സഹോദരന്മാരേ! നിങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിക്കുകയും ആത്മാര്‍ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലത്തോളം നിങ്ങള്‍ സുരക്ഷിതരാണ്. നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലം എത്ര എന്നല്ല, മറിച്ച് നിങ്ങളുടെ സത്യസന്ധതമായ തീരുമാനവും ദൃഢനിശ്ചയവുമാണ് അല്ലാഹു നോക്കുന്നത്. അതിനുശേഷം നമുക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇജ്തിഹാദില്‍ പിഴച്ചതിന്റെ ഒരു പ്രതിഫലം നമുക്ക് ലഭിക്കും, ശരിയായ പാന്ഥാവിലാണെങ്കില്‍ വിജയികളുടെ പ്രതിഫലവും കൂടി നമുക്ക് ലഭിക്കും. ഈ മാര്‍ഗം മാത്രമാണ് നിങ്ങള്‍ക്ക് ഗുണകരം എന്നാണ് ഇന്നിന്റെയും ഇന്നലകളുടെയും അനുഭവങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നത്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്താതിരിക്കുക. നിങ്ങളുടെ പ്രവര്‍്ത്തനങ്ങള്‍ അല്ലാഹു ഒരിക്കലും പാഴാക്കിക്കളയുകയില്ല. പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമാണ് വിജയം’.

ശത്രുവുമായി യുദ്ധമുഖത്ത് കണ്ടുമുട്ടിയാല്‍ പിന്തിരിഞ്ഞോടലും അനുവദനീയമല്ല. ശറഹുല്‍ മുഖ്‌നിയില്‍ ഇപ്രകാരം വിവരിക്കുന്നത് കാണാം. ‘നാശമുണ്ടെന്ന് കരുതിയാലും യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടാന്‍ വിശ്വാസികള്‍ക്ക് അനുവദനീയമല്ല. ‘വിശ്വസിച്ചവരേ സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുതെന്ന സൂക്തമാണ് ഇതിന് നിദാനം.’ (അല്‍ അന്‍ഫാല്‍ : 15). ശത്രുക്കളുടെ അംഗസംഖ്യ രണ്ടിരട്ടിയില്‍ കൂടരുതെന്ന് നിബന്ധന ചില പണ്ഡിതന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ‘നിങ്ങളില്‍ നൂറ് സഹനശീലരായ ആളുകളുണ്ടെങ്കില്‍ 200 പേരെ നിങ്ങള്‍ക്ക് അതിജയിക്കാം(അന്‍ഫാല്‍ : 60) എന്ന സൂക്തമാണ് ഇതിന് നിദാനം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു : ഒരാള്‍ രണ്ടാളുകളെ നേരിടേണ്ടി വരുന്ന സമയത്ത് ആരെങ്കിലും ഓടിയാല്‍ അവന്‍ പിന്തിരിഞ്ഞോടി. മൂ്ന്നാളുകളെ നേരിടേണ്ടിവന്ന സ്ഥാനത്താണ് ഓടിയതെങ്കില്‍ അത് പിന്തിരിഞ്ഞോട്ടമായി ഗണിക്കുകയില്ല’.

ചുരുക്കത്തില്‍ ആയുധത്തിന്റെ ഈ വിന ഇസ്‌ലാമിക സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. യഥാര്‍ഥ വിശ്വാസത്തെ നെഞ്ചേറ്റുന്നതിന് മുമ്പ് ആയുധമേന്തിയ അനേകം യുവാക്കളുടെ പതനത്തിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്. അനുസരണ വ്യവസ്ഥകള്‍ പാലിക്കുന്നതിനും പരിശീലിക്കുന്നതിനും മുമ്പേ ശക്തി പ്രയോഗിക്കുന്നതിനാണ് അവര്‍ പരിശീലനം നേടിയത്. അവരുടെ തീരുമാനത്തിനനുസൃതമായി ആയുധമെടുക്കുന്നതിനു പകരം ആയുധവും ശക്തിയും കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥ സംജാതമായി. ദേഹേഛകള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്താണ് നമ്മുടെ പരാജയം ആരംഭിക്കുന്നത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

ശക്തിപ്രയോഗിക്കുന്നതിനുള്ള നിബന്ധനകള്‍-1
പ്രബോധനസരണിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ബാഹ്യസമ്മര്‍ദ്ധങ്ങള്‍

Related Articles