Current Date

Search
Close this search box.
Search
Close this search box.

ശഅ്ബാനിലെ പ്രവാചക വിശേഷങ്ങള്‍

shaaban741.jpg

ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുകയെന്നത് പ്രവാചകന്‍ തിരുമേനിയുടെ ചര്യകളില്‍പെട്ടതായിരുന്നു. ജനങ്ങള്‍ നോമ്പിന്റെ കാര്യത്തില്‍ അശ്രദ്ധ പുലര്‍ത്തന്ന മാസമാണത്. പവിത്രമായ റജബിനും പരിശുദ്ധ റമദാനിനും ഇടയിലുള്ള മാസമാണല്ലോ ശഅ്ബാന്‍. ഉസാമഃ ബിന്‍ സൈദ്(റ) പറയുന്നു ‘ഞാന്‍ ചോദിച്ചു. അല്ലയോ പ്രവാചകരെ, ശഅ്ബാനില്‍ നോമ്പനുഷ്ടിക്കുന്നത് പോലെ മറ്റ് മാസങ്ങളില്‍ താങ്കള്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടിട്ടില്ലല്ലോ. തിരുമേനി അരുളി ‘റജബിനും റമദാനിനും ഇടയിലുള്ള ഈ മാസത്തെ സംബന്ധിച്ച് ജനങ്ങള്‍ അശ്രദ്ധരാണ്. കര്‍മങ്ങള്‍ ലോകരക്ഷിതാവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണത്. എന്റെ കര്‍മങ്ങല്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’
ആയിശ(റ) പറയുന്നു ‘പ്രവാചകന്‍ മാസം മുഴുവന്‍ നോമ്പനുഷ്ടിച്ചിരുന്നത് റമദാനിലായിരുന്നു. കൂടുതല്‍ നോമ്പനുഷ്ടിച്ചിരുന്ന മാസം ശഅ്ബാനുമായിരുന്നു’.
ഇബ്്‌നു മുബാറകിനെപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായവും ഇത് തന്നെയാണ്. ശഅ്ബാന്‍ പൂര്‍ണമായെടുക്കുന്നതിന് പകരം കൂടുതല്‍ ദിവസവും നോമ്പനുഷ്ടിക്കുകയായിരുന്നു ചെയ്തിരുന്നത്.
റമദാനെ വരവേല്‍ക്കല്‍
റമദാന്‍ നന്മയുടെയും മൂല്യങ്ങളുടെയും മാസമാണ്. റജബ് പ്രവേശിച്ചാല്‍ തന്നെ റമദാന്‍ എത്തിച്ച് തരാന്‍ നബി തിരുമേനി(സ) അല്ലാഹുവോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ‘അല്ലാഹുവെ റജബിലും ശഅ്ബാനിലും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ, റമദാന്‍ ഞങ്ങള്‍ക്ക് എത്തിച്ച തരേണമെ’ എന്നായിരുന്നു പ്രാര്‍ത്ഥന. പ്രസ്തുത ഹദീസ് ഒരു പക്ഷെ ദുര്‍ബലമാണെന്നിരിക്കാം. പക്ഷെ പ്രാര്‍ത്ഥന പ്രസിദ്ധവും പൂര്‍വ്വസൂരികള്‍ അതുരുവിടുകയും ചെയ്യാറുണ്ടായിരുന്നു.
റമദാനിന്റെ നന്മകളും മഹത്വങ്ങളും മറ്റ് മാസങ്ങളുടെ മേല്‍ പൂത്തുലയുന്നു. ഖുര്‍ആന്റെയും, പാശ്ചാത്താപത്തിന്റെയും, പാപമോചനത്തിന്റെയും ക്ഷമയുടെയും മാസമാണത്. കാരുണ്യത്തിന്റെ കവാടങ്ങള്‍ അതില്‍ തുറക്കപ്പെട്ടിരിക്കുന്നു. പിശാചുക്കളും തിന്മേഛുക്കളും ബന്ധിക്കപ്പെട്ടിരിക്കുന്നു. ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായ രാവുണ്ടതില്‍. ഇത്രയധികം അനുഗ്രഹങ്ങളിറങ്ങുന്ന രാവിനെ സ്വീകരിക്കാന്‍ തയ്യാറാവേണ്ടത് അനിവാര്യമാണല്ലോ.
ശ്്ബാനിലെ നോമ്പ്് റമദാനിലേക്കുള്ള പരിശീലനമാണ്. റമദാന്‍ നോമ്പിന്റെ പ്രയാസങ്ങള്‍ അത് ലഘൂകരിക്കുന്നു. ശഅ്ബാനില്‍ നോമ്പനുഷ്ടിച്ച് പരിചയിച്ചവന്ന് റമദാനെ ആവേശത്തോടും ഉന്മേഷത്തോടും വരവേല്‍ക്കാന്‍ സാധിക്കും.
ഖുര്‍ആന്‍ പാരായണം, ദാനധര്‍മം, സുന്നത്ത് നമസ്‌കാരം തുടങ്ങിയ സല്‍പ്രവര്‍ത്തനങ്ങള്‍ അധികരിപ്പിക്കാനും ശഅ്ബാനില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നന്മയില്‍ മത്സരിക്കാന്‍ വിശ്വാസിക്ക് ലഭിക്കുന്ന പരിശീലനമാവുമത്.
ശഅ്ബാന്‍ അവസാനത്തിലെ നോമ്പ്
പ്രവാചകന്‍ തിരുമേനി(സ) അരുളിയതായി ബുഖാരിയും മുസ്്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു ‘റമദാന്റെ മുമ്പുള്ള ഒന്നോ രണ്ടോ ദിവസങ്ങളില്‍ നിങ്ങള്‍ നോമ്പനുഷ്ടിക്കരുത്. മുമ്പ് മുതലെ നോമ്പനുഷ്ടിച്ച് തുടങ്ങിയവര്‍ക്ക് അത് തുടരാവുന്നതാണ്’. റമാദാന്റെ മുമ്പ് നോമ്പനുഷ്ടിക്കുന്നതില്‍ നിന്ന് എന്ത് കൊണ്ട് പ്രവാചകന്‍ വിലക്കിയെന്നത് പ്രസക്തമായ ചോദ്യമാണ്. റമദാനില്‍ ഉള്‍പെടാത്ത ദിനങ്ങള്‍ അതിലേക്ക് ചേരാതിരിക്കാന്‍ വേണ്ടിയാണത്. പെരുന്നാള്‍ ദിനം നോമ്പനുഷ്ടിക്കുന്നതില്‍ നിന്നും പ്രവാചകന്‍ വിലക്കിയത് ഈ അര്‍ത്ഥത്തില്‍ തന്നെയാണ്. വേദക്കാര്‍ ഇപ്രകാരം ചെയ്യുകയും ഒടുവില്‍ നിര്‍ബന്ധമല്ലാത്ത കാര്യങ്ങള്‍ അവര്‍ നടപ്പിലാക്കുകയും ചെയ്തു. സംശയമുള്ള ദിനത്തില്‍ നോമ്പനുഷ്ടിക്കരുതെന്ന നിര്‍ദ്ദേശവും ഈ അര്‍ത്ഥത്തില്‍ തന്നെയുള്ളതാണ്.
നിര്‍ബന്ധ നോമ്പിനും ഐഛികനോമ്പിനുമിടയില്‍ വേര്‍തിരിവ് കല്‍പിക്കുകയെന്ന ആശയവും പ്രസ്തുത പ്രവാചക നിര്‍ദേശം ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ശഅബാന്റെ അവസാന പത്തില്‍ നോമ്പനുഷ്ടിക്കരുതെന്ന ഹദീസ് ദുര്‍ബലമാണ്.

 

ശഅ്്ബാനിലെ ആഘോഷം
ശഅ്ബാന്റെ രണ്ടാം പകുതിയില്‍ നോമ്പനുഷ്ടിക്കണമെന്നോ, നമസ്‌കരിക്കണമെന്നോ പ്രത്യേകമായി പറയുന്ന സ്ഥിരപ്പെട്ട പ്രവാചക വചനങ്ങള്‍ ലഭ്യമല്ല. അതിനാല്‍ തന്നെ അപ്രകാരം ചെയ്യുന്നത് ബിദ്അത്താണ്. ഇമാം ഇബ്്‌നു റജബ് തന്റെ ലത്വാഇഫില്‍ ഉദ്ദരിക്കുന്ന ദുര്‍ബലമായ ഹദീസാണ് ഇപ്രകാരം ചെയ്യുന്നവര്‍ തെളിവെടുക്കാറുള്ളത്. ദുര്‍ബലമാണെന്നും, അതല്ല കെട്ടിച്ചമച്ചതാണെന്നുമുള്ള അഭിപ്രായങ്ങള്‍ പ്രസ്തുത ഹദീസിനെക്കുറിച്ചുണ്ട്.
അതിനാല്‍ തന്നെ മേല്‍സൂചിപ്പിച്ച് രണ്ടാം പകുതിയിലെ നോമ്പ് പ്രവാചകചര്യയല്ല. ദുര്‍ബലമായ ഹദീസുകള്‍ കൊണ്ട് ശര്‍ഈ വിധികള്‍ സ്ഥാപിക്കപ്പെടുകയില്ലല്ലോ.

 

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles