Current Date

Search
Close this search box.
Search
Close this search box.

വ്യക്തിയും സാമൂഹിക പുരോഗതിയും

future.jpg

വ്യക്തികള്‍ക്ക് രോഗം പിടിപെടുന്നത് പോലെ സമൂഹത്തിനും രോഗം ബാധിക്കും. പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും വ്യക്തികളെ പിടികൂടുന്നതില്‍ നിന്ന് ഭരണകൂടം ജാഗ്രതപുലര്‍ത്തുന്നത് കാണാം. അപ്രകാരം തന്നെ ധാര്‍മിക രംഗത്തെ കാര്‍ന്നുതിന്നുന്ന മാരകരോഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന നാഗരിക വ്യവസ്ഥകളും നിയമങ്ങളും ജാഗ്രത പുലര്‍ത്തും. ആരോഗ്യമുള്ള വ്യക്തി, സന്തുഷ്ടകുടുംബം, സുരക്ഷിത സമൂഹം എന്ന അവസ്ഥ കൈവരുമ്പോഴാണ് ഒരു സമൂഹം പുരോഗതി പ്രാപിക്കുന്നത്.

വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹം. ആരോഗ്യമുള്ള വ്യക്തിയിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹം രൂപപ്പെടുകയുള്ളൂ. ധാര്‍മികസംസ്‌കരണ മേഖലയില്‍ ഒരു സമൂഹം ഉയര്‍ച്ച പ്രാപിക്കുമ്പോള്‍ മാത്രമാണ് അതിന്റെ യഥാര്‍ഥ വികസനം സാധ്യമാകുന്നത്. ധാര്‍മികശിക്ഷണത്തിലൂടെ കരുത്തുറ്റ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഇസ്‌ലാം വലിയ പരിഗണന നല്‍കുകയുണ്ടായി. ആത്മീയരംഗത്തും ധാര്‍മിക രംഗത്തും ആരോഗ്യരംഗത്തും കരുത്തുറ്റ ഒരു സമൂഹമായി അവരെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. ശക്തനായ വിശ്വാസിയാണ് ദുര്‍ബല വിശ്വാസിയേക്കാള്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് എന്ന പ്രവാചക വചനം വളരെ ശ്രദ്ദേയമാണ്.

രോഗാതുരമായ ഒരു സാമൂഹികസംവിധാനത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാതെ സാമൂഹിക നവോഥാനം സാധ്യമാകുകയില്ല. അതിനാല്‍ ഈ രോഗങ്ങളെ ചികിത്സിക്കാനുള്ള മാര്‍ഗങ്ങളാണ് നാം ആരായുന്നത്. ഹൃദയങ്ങളോടും ആത്മാവിനോടും സംവദിക്കുന്നതിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ ചികിത്സിച്ചുമാറ്റാന്‍ കഴിയുക. സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോശമെന്ന നിലക്ക് വ്യക്തികളില്‍ നിന്നാണ് ഈ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിക്കേണ്ടത്. ഓരോ പ്രദേശത്തെയും പത്ത് വ്യക്തികളെ ടാര്ജറ്റ് ചെയ്യുകയും മികച്ച ശിക്ഷണത്തിലൂടെ സമൂഹത്തെ നയിക്കാന്‍ പ്രാപ്തരായ നേതൃത്വമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരികുയും ചെയ്യുക. സാമൂഹിക-രാഷ്ട്രീയ-മത ജീവിതത്തില്‍ അത് വലിയ പ്രതിധ്വനികള്‍ സൃഷ്ടിക്കും. പ്രവാചകന്‍ തന്റെ മക്കകാലഘട്ടത്തില്‍ മികച്ചശിക്ഷണം നല്‍കിക്കൊണ്ട് ഉന്നത വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുകയാണ ചെയ്തത്. അവരിലൂടെയാണ് ഒരു രാഷ്ട്രത്തിനുള്ള അസ്ഥിവാരമിട്ടത്. അജഞാനയുഗത്തില്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു നാഗരികത രൂപപ്പെടുത്താന്‍ പ്രവാചകന് കഴിഞ്ഞത് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഇബ്‌നുമസ്ഊദ് തുടങ്ങിയവരെ പോലെയുള്ള വ്യക്തിത്വങ്ങളിലൂടെയാണ്. മക്കാ താഴ്‌വര, ദാറുല്‍ അര്‍ഖം, കഅ്ബയുടെ മുറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം പ്രവാചകന്‍ അവരുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അവരുടെ ഇഛാശക്തിയെ ഉദ്ദീപിപ്പിക്കുകയും ചിന്തകളെ ഊതിക്കാച്ചുകയും സ്വഭാവങ്ങളെ സംസ്‌കരിക്കുകയും ചെയ്തു. അതിനാല്‍ തന്നെ ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍ മായാത്തമുദ്രകളായി അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന ഇഛാശക്തിയും ധാര്‍മിക വിപ്ലവബോധവും ഉള്‍ച്ചര്‍ന്ന വ്യക്തികള്‍ക്കാണ് അജ്ഞതയുടെ മൂടുപടലങ്ങള്‍ നീക്കിക്കൊണ്ട് വിജ്ഞാനത്തിന്റെ ചക്രവാളത്തിലൂടെ സഞ്ചരിച്ച് ചരിത്രത്തിന്റെ ഗതിതിരിച്ചുവിടാനും ശോഭനമായ നാഗരികതകള്‍ പടുത്തുയര്‍ത്താനും സാധിക്കുക.

ഉല്‍കൃഷ്ട വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇസ്‌ലാമിന്റെ ആവര്‍ഭാവ കാലഘട്ടത്തില്‍ മതപാഠശാലകളുടെയും പള്ളിക്കൂടങ്ങളുടെയും സംഘടനകളുടെയും ദൗത്യം നിര്‍വഹിക്കപ്പെട്ടത് പള്ളികളിലൂടെയായിരുന്നു. മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു പള്ളിയുടെ അടിത്തറ പാകുകയായിരുന്നു. ചരിത്രത്തിന്റെ ഗതികൂടി മാറ്റിയ രാഷ്ട്രത്തിന്റെ കൂടി അടിത്തറയായിരുന്നു അത്. അബൂബക്കര്‍, ഉമര്‍, അലി, ഖാലിദ് തുടങ്ങിയ ധീരരായ യോദ്ധാക്കളെയും രാഷ്ട്രതന്ത്രജ്ഞരെയും വളര്‍ത്തിയെടുത്തത് ആ പാഠശാലയായിരു്ന്നു. മധ്യനൂറ്റാണ്ടുകളില്‍ വിജ്ഞാനത്തിന്റെയും നാഗരികതയുടെയും പ്രഭവകേന്ദ്രങ്ങളായി വര്‍ത്തിച്ചതും പള്ളികളായിരുന്നു. മസ്ജിദുന്നബവി, കൊര്‍ദോവ, അല്‍അസഹര്‍ തുടങ്ങിയ പള്ളികളെല്ലാം ഉയര്‍ന്ന വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുള്ള വിജ്ഞാനകുതുകികളെല്ലാം  അറിവി ന്റെ തേന്‍ നുകരാന്‍ ഈ പള്ളികളില്‍ ഒരുമിച്ചുകൂടി. എത്രത്തോളമെന്നാല്‍ കൊര്‍ദോവയിലെ ഒരു പള്ളിയില്‍ ആയിരം തൂണുകളുണ്ടായിരുന്നു. അതില്‍ ഓരോന്നിനു കീഴിലും ഒരുപണ്ഡിതന്റെ കീഴില്‍ ശിഷ്യന്മാര്‍ക്ക് ദര്‍സ് നടന്നിരുന്നു. സമൂഹത്തെ ഗ്രസിച്ച രോഗങ്ങളെ ചികിത്സിക്കുന്നതില്‍ പള്ളികള്‍ക്ക് വലിയ പങ്കുണ്ട്. ബിലാല്‍! ഞങ്ങള്‍ക്ക് ആശ്വാസമേകൂ! എന്നു ബാങ്കിന്റെ സമയമായാല്‍ പ്രവാചകന്‍ ബിലാലിനെ വിളിച്ചു പറയുമായിരുന്നു. പ്രവാചകന് വല്ല അസ്വസ്ഥതയും നേരിട്ടാല്‍ ഉടന്‍ നമസ്‌കാരത്തില്‍ അഭയം പ്രാപിക്കുമായിരുന്നു. നിശയുടെ നിശ്ശബ്ദതയില്‍ അല്ലാഹുമായി സംവദിക്കുന്ന നമസ്‌കാരത്തിന്റെ ആനന്ദത്തെ കുറിച്ച് സൂഫിവര്യനായ ഇബ്‌റാഹീം ബിന്‍ അദ്ഹം ഇപ്രകാരം വിവരിക്കുകയുണ്ടായി. ഈ നമസ്‌കാരത്തില്‍ നാം അനുഭവിക്കുന്ന ആനന്ദം ചക്രവാളങ്ങള്‍ വെട്ടിപ്പിടിച്ച ഭരണാധികാരികള്‍ അറിഞ്ഞിരുന്നെങ്കില്‍ അത് നേടിയെടുക്കാനായി അവര്‍ നമ്മോട് യൂദ്ധം ചെയ്യുമായിരുന്നു.

ഈ മനശാന്തിയും ആനന്ദവുമാണ് ആധുനിക ലോകം ആവശ്യപ്പെടുന്നത്. നമ്മുടെ സമൂഹത്തെ ബാധിച്ച അസ്വസ്ഥതകളുടെയും ടെന്‍ഷനുകളുടെയും ചികിത്സയും ഇതുതന്നെയാണ്. അനീതിയും അഴിമതിയുടെ പാപക്കറയിലും മുങ്ങിയ ഭരണകൂടങ്ങള്‍ക്ക് ധാര്‍മികതയിലേക്കുള്ള ഈ തിരിച്ചുപോക്ക് മാത്രമാണ് ഏക പരിഹാരം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles