Current Date

Search
Close this search box.
Search
Close this search box.

വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന

chair.jpg

വ്യക്തികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന സ്ഥാനങ്ങളും പരിഗണനകളും നല്‍കാതിരിക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാതിരിക്കുന്നതിനും പ്രവര്‍ത്തകരെ നഷ്ടമാകുന്നതിനുമുള്ള പ്രധാന കാരണമാണ്. തങ്ങളുടെ അണികളുടെ ശേഷികളും കഴിവുകളും സംഘടനയുടെ വളര്‍ച്ചക്ക് പരമാവധി ഉപയോഗിക്കുന്നു എന്നത് വളരുകയും വികസിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ അടയാളമാണ്. ഓരോരുത്തരുടെയും ശേഷികള്‍ സൂക്ഷമമായി തിരിച്ചറിയാന്‍ കഴിയാതിരിക്കുമ്പോഴാണ് അവര്‍ക്കനുയോജ്യമായ സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ സംഘടന പരാജയപ്പെടുന്നത്. ഒരു സംഘടനയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ വിശാലാര്‍ഥത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഫലപ്രദമായി ഓരോരുത്തര്‍ക്കും അവ വിഭജിച്ചുകൊടുക്കാനും കഴിയുകയില്ല. കഴിവും യോഗ്യതയുമുള്ള പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാതെ സംഘടന ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെങ്കില്‍ അവ പരാജയപ്പെടുമെന്നതില്‍ സംശയമില്ല. ഇന്നിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം അനിവാര്യമാണെന്നും നാളെക്കുവേണ്ടി എന്തെല്ലാം ഒരുക്കൂട്ടിവെക്കണമെന്നും ദീര്‍ഘദൃഷ്ടിയുള്ള നേതാക്കള്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്നതാണ്.

സംഘടനയിലെ പ്രവര്‍ത്തകരെ അവരുടെ ശേഷിയും പ്രവര്‍ത്തന മികവും പരിഗണിച്ച് തര്‍ബിയ, രാഷ്ട്രീയം, സാമ്പത്തികം, കായികം തുടങ്ങി വിവിധമേഖലകളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഓരോ വിഭാഗത്തിന്റെയും കഴിവുകള്‍ പരിഗണിച്ച് അവര്‍ക്കെത്തിച്ചേരേണ്ട ലക്ഷ്യങ്ങളും പ്രവര്‍ത്തന മാര്‍ഗങ്ങളും വരച്ചുനല്‍കേണ്ടതാണ്. ഇതിന് സാധിക്കാത്ത പക്ഷം അവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തുകയും സംഘടനക്ക് അവരും അവര്‍ക്ക് സംഘടനയും ഒരു തലവേദനയായി മാറും.

പരുഷമായി പെരുമാറുന്ന ഒരാളെ കമ്പനിയുടെ പബ്ലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയുണ്ടായി. അയാളെ കുറിച്ച് ജനങ്ങളില്‍ നിന്ന് പരാതി വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ കമ്പനിക്ക് അയാളുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. അതോടെ അയാള്‍ കമ്പനിയുടെ ശത്രുവായിത്തീരുകയും കമ്പനിക്കെതിരെ സ്റ്റേജുകളിലും പേജുകളിലും പ്രതികരിക്കുകയും ബോധപൂര്‍വം ഇതിനെതിരെ മറ്റൊരു കമ്പനി തുടങ്ങാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയുമുണ്ടായി. സംഘടനയിലും അനര്‍ഹരായ ആളുകളെ നേതൃസ്ഥാനങ്ങളില്‍ നിയോഗിച്ചാലും ഇത് തന്നെയായിരിക്കും അവസ്ഥ.

തര്‍ബിയ രംഗത്തും സംസ്‌കരണ രംഗത്തും വേണ്ടത്ര മികവ് പുലര്‍ത്താത്ത ഒരാളെ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പിച്ച ഒരനുഭവം ഞാനോര്‍ക്കുന്നു. പിന്നീട് പുറത്ത് പറയാന്‍ കഴിയാത്ത ഗുരുതരമായ വീഴ്ചകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകുകയും ചെയ്തു. ചുരുക്കത്തില്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും പ്രബോധനസരണിയില്‍ നിന്ന് നഷ്ടപ്പെടുകയാണുണ്ടായത്.

സംഘടനക്ക് പ്രവര്‍ത്തിക്കേണ്ട വിവിധങ്ങളായ മേഖലകളെ കുറിച്ചും ഓരോ ഘട്ടത്തിലും ആവശ്യമായി വരുന്ന വിഭവങ്ങളെ കുറിച്ചും നല്ല ധാരണയുണ്ടായിരിക്കണം. ഓരോ പുതിയ പടവുകള്‍ കയറുന്നതിന് മുമ്പ് ആവശ്യമായ വിഭവശേഷികള്‍ ഒരുക്കാന്‍ സംഘടനക്ക് കഴിയേണ്ടതുണ്ട്. അത്യാവശ്യമായ ഹോംവര്‍ക്കുകള്‍ കൂടാതെ പുതിയ പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് കാലെടുത്തുവെക്കുകയാണെങ്കില്‍ എങ്ങനെയെങ്കിലും ആ ബാധ്യത പൂര്‍ത്തീകരിക്കാനായി യോഗ്യതകളും അയോഗ്യതകളും പരിഗണിക്കാതെ ആളുകളെ വിന്യസിക്കേണ്ടി വരും. ഇവിടം മുതല്‍ അതിന്റെ ഇടര്‍ച്ചയും പതര്‍ച്ചയും ആരംഭിക്കുകയും ചെയ്യും.

വിവ : അബ്ദുല്‍ബാരി കടിയങ്ങാട്

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?
സംഘടനകള്‍ പ്രബോധനസരണിയില്‍ നിന്ന് തെന്നിമാറുന്നതെങ്ങനെ?
സംസ്‌കരണത്തിന് വിഘാതമാകുന്ന മാരകരോഗം
വ്യക്തികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന‌
വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും
പ്രവര്‍ത്തനഭാരം ചില വ്യക്തികളില്‍ പരിമിതമാകുക
തീരുമാനമെടുക്കുന്നതിലെ കാലതാമസം
ആഭ്യന്തര സംഘര്‍ഷങ്ങള്‍
നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

Related Articles