Current Date

Search
Close this search box.
Search
Close this search box.

വീട്ടില്‍ പ്രവേശിക്കേണ്ടതെങ്ങനെ ?

callingbell.jpg

ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണ്. അത് മനുഷ്യരാശിയെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ മൂല്യങ്ങള്‍ പഠിപ്പിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം പാലിക്കേണ്ട മര്യാദകള്‍ പോലും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങേണ്ടതും വലതുകാല്‍ വെച്ചായിരിക്കണം. അപ്രകാരമാണ് പ്രവാചകന്‍(സ) പ്രവര്‍ത്തിച്ചിരുന്നത്. പ്രസിദ്ധ ഹദീസ് പണ്ഡിതനായിരുന്ന ഇമാം അബുല്‍ അലാ ഹസന്‍ ബിന്‍ അഹ്മദ് അല്‍ഹമസാനി, പ്രവാചകന്റെ ഇങ്ങനെയുള്ള ചര്യകള്‍ വളരെ ഗൗരവത്തില്‍ പാലിച്ചിരുന്നുവത്രെ. അദ്ദേഹം ആരെങ്കിലും എടതു കാല്‍ വെച്ച് വീട്ടില്‍ പ്രവേശിക്കുകയാണെങ്കില്‍ അവനോട് വീട്ടില്‍നിന്ന്  പുറത്തിറങ്ങി പിന്നീട് വലതുകാല്‍ വെച്ച് പ്രവേശിക്കാനാവശ്യപ്പെടുമായിരുന്നു. ആ നാട്ടിലെ രാജാവ് ഇദ്ദേഹത്തെ ആദരിച്ചു കൊണ്ട് അദ്ദേഹം പഠിപ്പിച്ചിരുന്ന മതപാഠശാലയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും വിജ്ഞാനം തേടുകയും ചെയ്തിരുന്നു. ഒരിക്കല്‍ രാജാവ് ഇടതുകാല്‍ വെച്ച് അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം രാജവിനോട് പുറത്ത് പോയി വലതുകാല്‍ വെച്ച് പ്രവേശിക്കാനാവശ്യപ്പെട്ടു.

വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാന കവാടത്തിലൂടെ തന്നെയാണ് പ്രവേശിക്കേണ്ടത്. പ്രധാന വാതിലൂലെടെയല്ലാതെ വീട്ടില്‍ പ്രവേശിക്കരുത്. ഇമാംബുഖാരി ഉദ്ധരിച്ച ഹദീസില്‍ പറയുന്നു: അല്‍ബറാഅ് പറയുന്നതായി ഞാന്‍ കേട്ടു: താഴെ പറയുന്ന ഖുര്‍ആന്‍ ആയതുകള്‍ ഞങ്ങളെ സംബന്ധിച്ച് അവതരിച്ചതാണ്, അന്‍സാരികള്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ച് വന്നാല്‍ വീടിന്റെ പ്രധാന വാതിലിലൂടെ അകത്ത് പ്രവേശിക്കാറുണ്ടായിരുന്നില്ല. പകരം അവര്‍ വീടിന്റെ പുറക് വശത്തിലൂടെയാണ് വീട്ടില്‍ പ്രവേശിച്ചിരുന്നത്. ഒരിക്കല്‍ ഒരു അന്‍സാരി പ്രധാന വാതിലിലൂടെ അകത്ത് കടന്നപ്പോള്‍ മറ്റുള്ളവര്‍ അതിന്റെ പേരില്‍ അയാളെ ആക്ഷേപിക്കാന്‍ തുടങ്ങി അപ്പോള്‍ താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചു. ‘നിങ്ങള്‍ സ്വഭവനങ്ങളില്‍ പിന്‍വശത്തിലൂടെ പ്രവേശിക്കുന്നത് ഒരു ധര്‍മമൊന്നുമല്ലെന്നും അവരോട് പറയുക. മനുഷ്യന്‍ അല്ലാഹുവിന്റെ അപ്രീതിയില്‍നിന്ന് മുക്തിനേടുക എന്നതല്ലോ യഥാര്‍ഥ ധര്‍മം. അതിനാല്‍ ഭവനങ്ങളിലേക്കു മുന്‍വാതിലുകളിലൂടെത്തന്നെ വന്നുകൊള്ളുക. അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ വിജയം വരിച്ചവരായേക്കാം.’ (അല്‍ബഖറ : 189)

വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് വീട്ടില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പറയുന്നു :
‘അല്ലയോവിശ്വസിച്ചവരേ, നിങ്ങളുടേതല്ലാത്ത വീടുകള്‍ക്കകത്ത് പ്രവേശിക്കാതിരിക്കുവിന്‍ ആ വീട്ടുകാരുടെ സമ്മതമറിയുകയും അവര്‍ക്കു സലാം പറയുകയും ചെയ്യുന്നതുവരെ. ഈ സമ്പ്രദായമാകുന്നു നിങ്ങള്‍ക്കുത്തമമായിട്ടുള്ളത്. ഇതു നിങ്ങള്‍ ശ്രദ്ധിക്കുമല്ലോ. (വിശുദ്ധഖുര്‍ആന്‍ 24:27)  
വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി കാത്ത് വീടിന്റെ പുറത്ത് നില്‍ക്കുമ്പോള്‍ വാതിലിന് നേരെ തിരഞ്ഞ് വാതിലിലേക്ക് നോക്കി നില്‍ക്കരുത്. പ്രവാചകന്‍ (സ) പ്രവേശനാനുമതി തേടി അനുമതിക്കായി വീടിന്റെ മുന്നില്‍ കാത്തിരിക്കുമ്പോള്‍ അദ്ദേഹം വാതിലിന്റെ നേരെ നോക്കാറുണ്ടായിരുന്നില്ല. പകരം ഇടതു ഭാഗത്തേക്കോ വലതുഭാഗത്തേക്കോ നോക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് പ്രവേശനാനുമതി ലഭിച്ചാല്‍ അദ്ദേഹം വീട്ടില്‍ പ്രവേശിക്കുകയും ഇല്ലെങ്കില്‍ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. (ബുഖാരി)

വീട്ടില്‍ പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്ത് പോകുന്നതും മാന്യമായിട്ടായിരിക്കണം. അനാവശ്യമായി വാതില്‍ വലിയ ശബ്ദത്തില്‍ അടക്കാനോ തുറക്കാനോ പാടില്ല. വാതിലുകള്‍ അടക്കുന്നതും തുറക്കുന്നതും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാതെ മാന്യമായി ചെയ്യണം. പ്രവാചകന്‍ (സ) പറയുന്നു.’എല്ലാ പ്രവര്‍ത്തനങ്ങളെയും മനോഹരമാക്കുന്നത് അവധാനതയും ലാളിത്യവുമാണ്, അതില്ലാതാകുന്നത് വിരൂപതയാണുണ്ടാക്കുക’ (മുസ്‌ലിം)

‘അവധാനതയും ലാളിത്യവും വേണ്ടെന്ന് വെക്കുന്നതിലൂടെ നന്മ വേണ്ടെന്ന് വെക്കുന്നു.’  (അബൂദാവൂദ്കിതാബുല്‍ അദബ്)

മിഖ്ദാദ്‌വില്‍(റ) നിന്ന് നിവേദനം: സുദീര്‍ഘമായ ഒരുഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട് . നബി(സ)ക്ക് ഞങ്ങള്‍ പാലില്‍ നിന്ന് ഒരു വിഹിതം നല്‍കാറുണ്ടായിരുന്നു, അദ്ദേഹം രാത്രിയില്‍ വരുംമ്പോള്‍ സലാം പറയാറുള്ളത് ഉറങ്ങുന്നവരെ ഉണര്‍ത്താതെയും ഉണര്‍ന്നിരിക്കുന്നവര്‍ കേള്‍ക്കുന്ന രൂപത്തിലുമായിരുന്നു. അങ്ങിനെ ഒരിക്കല്‍ അദ്ദേഹം വന്നപ്പോള്‍ സലാം പറയാറുള്ള പോലെ സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles