Current Date

Search
Close this search box.
Search
Close this search box.

വിശ്വാസി സ്വന്തത്തെ നിന്ദിക്കുമോ?

hurt.jpg

പലപ്പോഴും ആവേശം മനുഷ്യനെ നല്ലതെന്നോ പ്രതിഫലാര്‍ഹമെന്നോ കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ചിലപ്പോള്‍ മനുഷ്യത്വത്തിന്റെയും പൗരുഷത്തിന്റെയും ഭാഗമായിട്ടായിരിക്കാം അവനത് ചെയ്യുന്നത്. പിന്നീട് അതുണ്ടാക്കിയ ദോഷവശങ്ങള്‍ കാണുമ്പോള്‍ അധികം താമസിയാതെ അവന്‍ ഖേദിക്കുകയും ചെയ്യാറുണ്ട്. തന്നെയതിന് പ്രേരിപ്പിച്ച ആ സമയം ഇല്ലായിരുന്നുവെങ്കില്‍ എന്നാണ് അപ്പോള്‍ അവന്‍ ചിന്തിക്കുന്നത്. അനന്തരഫലത്തെ കുറിച്ച് പഠിക്കാതെയോ സ്വന്തം കഴിവിനെയും ശേഷിയെയും കുറിച്ച് ശരിക്കും മനസ്സിലാക്കാതെയോ പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം അവസ്ഥ നമുക്കുണ്ടാവുന്നത്. നാം ശരിയായി കണ്ടിരുന്ന പ്രവര്‍ത്തനം ദോഷമായി മാറുന്ന അവസ്ഥയാണത്.

പരിചിതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിവരമുള്ളവര്‍ ഉപദേശിക്കുന്നുണ്ട്. അനന്തരഫലത്തെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത കാര്യങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. ചെയ്യുന്ന കാര്യം എന്താണെന്ന് പഠിക്കുകയാണ് പ്രാഥമിക നടപടി. എത്ര നിസ്സാരമായ സംഗതിയാണെങ്കിലും അതുണ്ടാക്കുന്ന നല്ലതും ചീത്തയുമായ ഫലങ്ങളും അതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

അടുത്തതായി വേണ്ടത് തന്റെ സാധ്യതകളും ശേഷിയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ്. ചെയ്യുന്ന കാര്യം പ്രത്യേക ഫലമൊന്നുമുണ്ടാക്കാത്ത കേവലം പ്രവര്‍ത്തനമായി മാറാതിരിക്കുന്നതിന് വേണ്ടിയാണത്. അതുണ്ടാക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കലാണ് അടുത്ത ഘട്ടം. അവയുടെ അടിസ്ഥാനത്തില്‍ ശരീഅത്തില്‍ അതിന്റെ സാധുത എത്രത്തോളമാണെന്നും അറിയേണ്ടതുണ്ട്. അതിന് ശേഷം അവിടെ ഏത് നിലപാട് സ്വീകരിക്കലാണ് ഉചിതമെന്ന് സ്വന്തത്തോട് ചോദിക്കണം. അതിനായി പണ്ഡിതന്‍മാരുമായും വിദഗ്ദരുമായും കൂടിയാലോചിക്കാം. അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. പിന്നീട് ദൈവത്തോട് നന്മ തേടി (ഇസ്തിഖാറഃ) ശാന്തമായ മനസ്സോടെ ഒരു തീരുമാനമെടുക്കുകയാണ് വേണ്ടത്.

ഇങ്ങനെയെല്ലാം ചെയ്യുന്ന ഒരാള്‍ ആവേശം കാരണം ഒന്നിലേക്ക് എടുത്തു ചാടില്ലെന്നത് സ്വാഭാവികമാണ്. കൂടുതല്‍ നേട്ടങ്ങളുള്ള, കുറച്ച് മാത്രം ദോഷങ്ങളുള്ള പ്രവര്‍ത്തനമായിരിക്കും അവന്‍ തെരെഞ്ഞെടുക്കുക. പണ്ഡിതന്‍മാരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും അവന്റെ ഇഹപര ജീവിതത്തിന് ഗുണം ചെയ്യുന്ന തരത്തിലാവും. അതില്‍ നിന്ന് അവന്‍ തെരെഞ്ഞെടുക്കുന്നത് സ്വന്തം സാധ്യതകളെ വിലയിരുത്തി കൊണ്ടുമാണ്. ദേഹേച്ഛയില്‍ നിന്നും വീഴ്ച്ചകളില്‍ നിന്നും വീണ്ടുവിചാരമില്ലായ്മയില്‍ നിന്നും അതവനെ അകറ്റും. ആവേശത്തിന്റെ പേരില്‍ നന്മയെന്ന് കരുതി ശരീഅത്തിന് നിരക്കാത്തതോ ദോഷകരമായതോ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളും അവന്‍ ചെയ്യില്ല. ദൈവത്തോട് നന്മ തേടി തീരുമാനമെടുക്കുന്നുന്നത് കൊണ്ട് ഓരോ കാല്‍വെപ്പിലും ദൈവാനുഗ്രഹവും കൂടെയുണ്ടാകും.

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘സ്വന്തത്തെ നിന്ദിക്കല്‍ വിശ്വാസിക്ക് ചേര്‍ന്നതല്ല.’ സഹാബിമാര്‍ ചോദിച്ചു: ‘എങ്ങിനെയാണ് സ്വന്തത്തെ നിന്ദിക്കല്‍?’ നബി(സ) പറഞ്ഞു: ‘താങ്ങാനാവാത്ത പ്രയാസത്തെ വഹിക്കുകയാണവന്‍.’ (അഹ്മദ്, തിര്‍മിദി) സ്വന്തത്തിന് ഉപദ്രവമോ നിന്ദ്യതയോ അപമാനമോ ഉണ്ടാക്കുന്ന എല്ലാറ്റില്‍ നിന്നും വിശ്വാസി സ്വന്തത്തെ സംരക്ഷിക്കണമെന്നാണ് ഹദീസ് വ്യക്തമാക്കുന്നത്. തനിക്ക് സാധിക്കാത്ത കാര്യങ്ങള്‍ ചെയ്ത് സ്വന്തത്തിന് ഉപദ്രവമുണ്ടാക്കുകയല്ല, തനിക്ക് സാധ്യമാകുന്ന നന്മകള്‍ ചെയ്യുകയെന്നതാണ് വിശ്വാസിയുടെ സമീപനം. അതുകൊണ്ട് തനിക്ക് സാധ്യമാകുന്ന പ്രവര്‍ത്തനങ്ങളായിരിക്കണം ചെയ്യേണ്ടത്. തനിക്ക് നിര്‍വഹിക്കാനോ പൂര്‍ത്തീകരിക്കാനോ സാധിക്കാത്ത കാര്യങ്ങള്‍ എടുത്ത് തലയില്‍ വെക്കരുത്.

തന്റെ കഴിവും സാധ്യതയും വെച്ച് അവന്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും വേണം. അതിനെ തുടര്‍ന്ന് സമാനമായതോ അതിനേക്കാള്‍ ശക്തമായതോ ആയ ഒരു തിന്മയുണ്ടാകുന്നതിനെ കുറിച്ച് ജാഗ്രത പുലര്‍ത്തുകയും വേണം. അല്ലാഹു നല്‍കിയ ഐഹിക വിഭവങ്ങളില്‍ തൃപ്തനാകാന്‍ അവന് സാധിക്കണം. സ്ഥാനമാനങ്ങള്‍ക്കായി ജനങ്ങള്‍ക്ക് മുമ്പില്‍ താണും വണങ്ങിയും സ്വന്തത്തെ ഒരിക്കലും നിന്ദിക്കരുത്. അതുകൊണ്ട് താന്‍ നല്ലതെന്ന് മനസ്സിലാക്കിയതില്‍ അവന്‍ നിലയുറപ്പിക്കട്ടെ. തനിക്ക് അജ്ഞാതമായതും തെറ്റാണെന്ന് കരുതുന്നതുമായ കാര്യങ്ങള്‍ ചെയ്യാതിരിക്കട്ടെ.

മൊഴിമാറ്റം: നസീഫ്‌

Related Articles