Current Date

Search
Close this search box.
Search
Close this search box.

വിശ്വാസി പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പതറില്ല

quran.jpg

വൈകുന്നേരം പിതാവിന്റെ അടുക്കല്‍ മടങ്ങിയെത്തിയ യൂസുഫിന്റെ സഹോദരങ്ങള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു: ”പിതാവേ, യൂസുഫിനെ സാമാനങ്ങള്‍ക്കരികില്‍ നിര്‍ത്തിയിട്ട് ഞങ്ങള്‍ ഓട്ടമത്സരത്തിലേര്‍പ്പെട്ടതായിരുന്നു. ഇതിനിടയില്‍ ചെന്നായ വന്ന് അവനെ തിന്നുകളഞ്ഞു. അങ്ങ് ഞങ്ങളുടെ വാക്ക് വിശ്വസിക്കുകയില്ല; ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും.” (യൂസുഫ്: 17) യൂസുഫിനെ കിണറ്റിലെറിഞ്ഞ ശേഷം കള്ളം പറഞ്ഞു കൊണ്ട് തന്നെ സമീപിച്ച മക്കള്‍ക്ക് യഅ്ഖൂബ് നബി(സ) നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ”നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം.” (യൂസുഫ്: 18)

ആത്മനിയന്ത്രണം, മക്കളോടുള്ള പെരുമാറ്റത്തിലെ യുക്തി, അല്ലാവിലുള്ള ഉറച്ച വിശ്വാസം അവനില്‍ ഭരമേല്‍പിക്കല്‍ തുടങ്ങിയ ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് യഅ്ഖൂബ് നബി(അ)യുടെ മറുപടി.

ആത്മ നിയന്ത്രണം
യഅ്ഖൂബ് നബിക്ക്(അ) ഏറ്റവും പ്രിയപ്പെട്ട മകനായിരുന്ന യൂസുഫിനെ നഷ്ടമായിട്ടു പോലും ആവലാതിയും പരിഭവവുമായി കഴിയുന്നതിന് പകരം അല്ലാഹുവിന്റെ സഹായം തേടുകയും ക്ഷമയവലംബിക്കുകയുമാണ് ചെയ്തത്. രണ്ടാമതൊരു മകനെ കൂടി നഷ്ടമായപ്പോഴും അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം നഷ്ടപ്പെടുന്നില്ല. ക്ഷമയുടെ ഏറ്റവും മനോഹരമായ മാതൃക കാണിച്ചു കൊണ്ട് അദ്ദേഹം പറയുന്നു: ”അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.” (യൂസുഫ്: 83)

കടുത്ത പരീക്ഷണങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മനോഹരമായി ക്ഷമിക്കല്‍ ഉദാത്തമായ ഗുണങ്ങളില്‍ പെട്ടതാണ്. അതിന്റെ ഏറ്റവും മികച്ച മാതൃകകളാണ് പ്രവാചകന്‍മാര്‍. അല്ലാഹുവല്ലാത്ത ആരോടും അവര്‍ പരിഭവം പറഞ്ഞില്ല. കടുത്ത പ്രയാസത്തില്‍ യഅ്ഖൂബ് നബി പറയുന്നത് കാണുക: ”എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു.” (യൂസുഫ്: 86)

മക്കളോടുള്ള സമീപനത്തിലെ യുക്തി
രണ്ട് മക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയിലും അങ്ങേയറ്റത്തെ യുക്തിയോടെയാണ് യഅ്ഖൂബ് നബി മക്കളോട് പെരുമാറുന്നത്. മനസ്സിന്റെ നിയന്ത്രണം അദ്ദേഹം കൈവിട്ടില്ല. വിവേകരഹിതമായി പെരുമാറുകയോ മക്കളോട് കോപിക്കുകയോ അദ്ദേഹം ചെയ്തില്ല. അങ്ങനെയാണ് അദ്ദേഹം ചെയ്തിരുന്നതെങ്കില്‍ അവശേഷിച്ചിരുന്ന മക്കള്‍ കൂടി അദ്ദേഹത്തെ ഉപേക്ഷിച്ച് പോകുക എന്നതായിരിക്കും ഫലം.

അല്ലാഹുവിന്റെ സൃഷ്ടിയെന്ന നിലയില്‍ അദ്ദേഹം അവനോട് സഹായം തേടുകയും മനോഹരമായി ക്ഷമിക്കുകയും ചെയ്യുന്നത് നാം കാണുന്നു. അങ്ങേയറ്റത്തെ യുക്തിയോടെയും നൈര്‍മല്യത്തോടെയും അനുകമ്പയോടെയമാണ് മക്കളോട് അദ്ദേഹം സംവദിക്കുന്നത്. അത് സ്വന്തത്തെ കുറിച്ച തിരിച്ചറിവിന് അവരെ സഹായിക്കുന്നു. നഷ്ടപ്പെട്ട സഹോദരങ്ങളെ കണ്ടെത്തേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന ശക്തമായ പ്രേരണ അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ”എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.” (യൂസുഫ്: 87)

കാരുണ്യത്തിനും അനുകമ്പക്കും യുക്തിയോടെയുള്ള പെരുമാറ്റത്തിനും ജനങ്ങളില്‍ ഏറ്റവും അര്‍ഹരായിട്ടുള്ളവര്‍ മക്കളാണ്. മക്കളെ സംബന്ധിച്ച് അഹ്‌നഫ് ബിന്‍ ഖൈസ് മുആവിയക്ക് നല്‍കിയ ഉപദേശം എത്ര മനോഹരമാണ്. ‘നമ്മുടെ ഹൃദയത്തിന്റെ ഫലങ്ങളും നമ്മുടെ മുതുകിന്റെ താങ്ങുമാണവര്‍. അവരെ സംബന്ധിച്ചടത്തോളം താഴ്ന്നുകിടക്കുന്ന ഭൂമിയും തണലേകുന്ന ആകാശവുമാണ് നാം. അവരിലൂടെയാണ് നിങ്ങള്‍ മഹത്തായ എല്ലാറ്റിലും എത്തുന്നത്. അഅമീറുല്‍ മുഅ്മിനീന്‍, അവര്‍ ദേഷ്യപ്പെട്ടാല്‍ അവരെ തൃപ്തിപ്പെടുത്തണം, അവര്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ നല്‍കണം. അവരുടെ സ്‌നേഹം നിങ്ങള്‍ക്ക് നല്‍കും, അവരുടെ പ്രവര്‍ത്തനം നിങ്ങളെ തൃപ്തിപ്പെടുത്തും. അവര്‍ക്കൊരു ഭാരമായി നിങ്ങള്‍ മാറരുത്. അപ്പോള്‍ നിങ്ങളുടെ മരണം അവര്‍ ആഗ്രഹിക്കും, നിങ്ങളുടെ സാമീപ്യം അവര്‍ വെറുക്കും, അവര്‍ക്കത് മടുപ്പുണ്ടാക്കും.’

അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം
ദുഖത്താല്‍ കണ്ണുകള്‍ വെളുത്തുവിളറിയിട്ടും യഅ്ഖൂബ് നബിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരു കുറവും വന്നില്ല. തനിക്ക് നഷ്ടപ്പെട്ടത് അല്ലാഹു തിരിച്ചു നല്‍കുമെന്നവിശ്വാസവും ഒട്ടും ദുര്‍ബലപ്പെട്ടില്ല. ‘ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം.’ എന്ന ശുഭ പ്രതീക്ഷയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. യൂസുഫിന്റെ വേര്‍പാടിന് ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അല്ലാഹുവിലുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷ മുറിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. സഹനം പാലിക്കുന്നതിനൊപ്പം മകനെ കണ്ടെത്താനുള്ള ശ്രമങ്ങളും പ്രതീക്ഷയോടെ അദ്ദേഹം നടത്തുന്നു. അവസാനം അത് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.

അല്ലാഹുമായുള്ള ഉറച്ച ബന്ധവും അവനും അവന്റെ കാരുണ്യവും സദാ തന്നോടൊപ്പമുണ്ടെന്ന ബോധ്യവുമാണ് അദ്ദേഹത്തില്‍ പ്രകടമാവുന്നത്. തന്റെ മക്കള്‍ അറിയാത്ത കാര്യങ്ങള്‍ അല്ലാഹുവില്‍ നിന്ന് അദ്ദേഹം അറിഞ്ഞിരുന്നു. പ്രവാചകന്‍മാരുടെ ഗുണങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ജനങ്ങളിലെ ആദരണീയരായ വ്യക്തികളിലും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമാണ് നിറഞ്ഞു നില്‍ക്കുക. അല്ലാഹു പറയുന്നു: ”അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.” (അല്‍അന്‍ആം: 17-18)

ക്ഷമാശീലരായ സദ്‌വൃത്തര്‍ രാത്രിക്ക് ശേഷം പ്രഭാതമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. പ്രയാസത്തോടൊപ്പം എളുപ്പമുണ്ടെന്നും സഹനത്തിനൊപ്പം വിജയമുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. മനുഷ്യവചനങ്ങള്‍ അവസാനിച്ചാലും ദൈവിക വചനങ്ങള്‍ അവസാനിക്കുന്നില്ലെന്നും എല്ലാ വാതിലുകളും അടയുമ്പോഴും ആകാശലോകത്തെ വാതില്‍ അടയുന്നില്ലെന്നും അവര്‍ വിശ്വസിക്കുന്നു. പ്രതീക്ഷയുടെ കിരണങ്ങള്‍ അസ്തമിക്കുമ്പോളും അല്ലാഹുവില്‍ പ്രതീക്ഷയര്‍പിക്കുന്നവരുമാണവര്‍.

വിവ: നസീഫ്‌

Related Articles