Current Date

Search
Close this search box.
Search
Close this search box.

വിശ്വാസി തെരെഞ്ഞെടുക്കേണ്ടത്

apple1.jpg

ജീവിതത്തിലും സാഹചര്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും രണ്ടിലൊരു നിലപാട് തെരെഞ്ഞെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ നമ്മെ എത്തിക്കാറുണ്ട്. രണ്ടിലേറെ സാധ്യതകള്‍ മുന്നിലുണ്ടാവുന്ന സന്ദര്‍ഭങ്ങളും ചിലപ്പോഴെല്ലാം ഉണ്ടാവാം. ജോലി, വിദ്യാഭ്യാസം, പ്രശ്‌നപരിഹാരം, സാഹചര്യം തുടങ്ങിയ ഏത് കാര്യങ്ങളിലുമാവാം അത്. പൊതുവെ നന്മകള്‍ തേടുന്നവരാണ് നാം ഓരോരുത്തരും എന്നതില്‍ സംശയമില്ല. ഐഹികമാവട്ടെ പാരത്രികമാവട്ടെ സമ്പാദിക്കുന്നതിലേക്ക് ചായുന്നതാണ് മനുഷ്യന്റെ പ്രകൃതം. നല്ലവരായ ആളുകള്‍ നല്ല സമ്പാദ്യം തേടുന്നു. അല്ലാത്തവര്‍ അത് പരിഗണിക്കുന്നുമില്ല. നാം അങ്ങേയറ്റം കിണഞ്ഞ് പരിശ്രമിക്കുന്നത് സന്തോഷം തേടികൊണ്ടാണെന്നതിലും സംശയമില്ല. ശാന്തത, നിര്‍ഭയത്വം, മതിയായ വരുമാനം, മാന്യമായ സ്ഥാനം, മക്കളുടെയും കുടുംബത്തിന്റെയും നല്ല അവസ്ഥ തുടങ്ങിയവയിലൂടെയാണ് അതെന്നും നമുക്കറിയാം.

അവയിലെ തെരെഞ്ഞെടുപ്പുകളില്‍ നമ്മുടെ മനുഷ്യ പ്രകൃതം നമുക്ക് മേല്‍ സമ്മര്‍ദം ചെലുത്തും. ഭൗതികമായ നേട്ടങ്ങള്‍ക്ക് നമ്മെ പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ സമ്മര്‍ദങ്ങളാണവ. പലപ്പോഴും തെളിമയാര്‍ന്ന ശുദ്ധമനസ്സിന്റെ താല്‍പര്യങ്ങളില്‍ നിന്ന് വളരെ അകലെയായിരിക്കും അവ. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ട ശേഷം മാത്രമേ നമ്മുടെ ആ വീഴ്ച്ചയെ നാം തിരിച്ചറിയുന്നുള്ളൂ. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുന്നു. കടുത്ത ദുഖവും ഖേദവും നമ്മിലത് ഉണ്ടാക്കുകയും ചെയ്യുന്നു. നാം ഓരോരുത്തരും നമ്മുടെ മനസ്സിനോട് അതിന് ശാന്തതയും സമാധാനവും നല്‍കുന്ന നിലപാടിനെ കുറിച്ച് തേടുകയും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നെങ്കില്‍ അതായിരുന്നും അവന് ഉത്തമം.

തീര്‍ച്ചയായും പ്രസ്തുത തീരുമാനം ഭൗതികതയുടെ നിറപകിട്ടില്‍ ചില വിട്ടുവീഴ്ച്ചകള്‍ നമ്മോട് ആവശ്യപ്പെടും. സ്ഥാനത്തിലും സമ്പാദിക്കുന്നതിലും ചില ത്യാഗങ്ങള്‍ക്ക് തയ്യാറാവേണ്ടി വരും. വലിയ വലിയ സമര്‍പ്പണങ്ങള്‍ നമ്മോടത് ആവശ്യപ്പെടും. ചിലപ്പോഴെല്ലാം പ്രയാസങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടി വരും. കാരണം വിശ്വാസിയായ ഒരു ഹൃദയത്തോടാണ് നാം അന്വേഷണം നടത്തിയിട്ടുള്ളത്. ഐഹികവിഭവങ്ങളുടെ കാര്യത്തില്‍ അത് നമ്മെ പിന്നോട്ട് വലിച്ചിഴച്ചേക്കാം.

ജീവിതത്തിലെ ആകര്‍ഷണീയതകള്‍ എപ്പോഴും നമ്മെ അതിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. നാം പ്രതീക്ഷിക്കുന്ന സമ്പാദ്യത്തിനും സമ്പത്തിനും പുറകെ പോകുമ്പോള്‍ നമ്മുടെ വിശ്വാസമാണ് ചോര്‍ന്നു പോകുന്നതെന്നത് ദുഖകരമാണ്. നമ്മുടെ യഥാര്‍ത്ഥ സ്വപ്‌നങ്ങളും അവിടെ പൊലിഞ്ഞു പോകുന്നു. മനസ്സിന് ആശ്വാസപ്രദമായ ഒരു ഇടം ലഭിക്കാതിരിക്കുമ്പോള്‍ ജീവിതത്തിന് അതിന്റെ രുചി നഷ്ടപ്പെടുകയാണ്. വിശ്വാസത്തിലൂടെ ലഭിക്കുന്ന ശാന്തതയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥത പകരുന്നത്. എത്ര കുറഞ്ഞ സമ്പാദ്യത്തിലും തൃപ്തനാകാന്‍ സാധിക്കുന്നതും അതിന്റെ ഭാഗമാണ്.

ഐഹികതയെ ഏറ്റവും വലിയ ലക്ഷ്യമായി സ്വീകരിച്ചവനേക്കാള്‍ ക്ഷീണിച്ച് പ്രയത്‌നിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് കാണാനാവില്ല. അവന്റെ മുഴുവന്‍ ശക്തിയും പ്രവര്‍ത്തനങ്ങളും മനസ്സും അത് നേടിയെടുക്കാനുള്ള ശ്രമത്തിലായിരിക്കും. ഭൗതികതയുടെ അലങ്കാരങ്ങള്‍ക്ക് പുറകെയുള്ള ഓട്ടത്തില്‍ അവന്റെ മനസ്സിന് മുറിവേല്‍ക്കുന്നു. അനസ്(റ) റിപോര്‍ട്ട് ചെയ്യുന്നു, പ്രവാചകന്‍(സ) പറഞ്ഞു: ‘പരലോകം ഒരാളുടെ ലക്ഷ്യമായാല്‍ അവന്റെ മനസ്സിന് അല്ലാഹു ഐശ്വര്യം നല്‍കും. അവന്റെ കാര്യങ്ങളെല്ലാം അല്ലാഹു വ്യവസ്ഥപ്പെടുത്തും. അവനാഗ്രഹിക്കാതെ ദുന്‍യാവ് അവനിലേക്ക് എത്തും. ഒരാളുടെ ഏറ്റവും വലിയ ലക്ഷ്യം ദുന്‍യാവാകുമ്പോള്‍ അവന് അല്ലാഹു ദാരിദ്യം നല്‍കും. അവന്റെ കാര്യങ്ങളെല്ലാം അലങ്കോലമാകും. ദുന്‍യാവില്‍ നിന്ന് അല്ലാഹു നിര്‍ണയിച്ചതല്ലാതെ അവന് ലഭിക്കുകയില്ല.’

ഭൗതികത പരമ ലക്ഷ്യമായി സ്വീകരിച്ചവര്‍ക്കുള്ള ശിക്ഷയുടെ ഭാഗമാണ് അവന്റെ ശരീരവും മനസ്സും എപ്പോഴും ഐഹിക ജീവിതത്തിന്റെ പ്രയാസങ്ങളാല്‍ വ്യാപൃതമായിരിക്കുമെന്ന് ഇബ്‌നുല്‍ ഖയ്യിം പറയുന്നു. ഇഹലോകത്തെ സ്‌നേഹിക്കുന്നവര്‍ അതിന്റെ പ്രയാസങ്ങള്‍ സഹിക്കാന്‍ മനസ്സിനെ സജ്ജമാക്കി കൊള്ളട്ടെ എന്ന് പൂര്‍വികര്‍ പറഞ്ഞിട്ടുള്ളത് ആ അര്‍ത്ഥത്തിലാണ്. അപ്രകാരം ഇഹലോകത്തെ സ്‌നേഹിക്കുന്നവരില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ വേര്‍പിരിയുകയില്ല. സ്ഥിരമായ ദുഖം, നിരന്തര അധ്വാനം, അവസാനിക്കാത്ത നിരാശ എന്നിവയാണവ. അതിനെ സ്‌നേഹിക്കുന്നവന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്നത് അവന്‍ നേടുകയില്ലെന്നതാണ് കാരണം. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ”മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര തന്നെ കിട്ടിയാലും രണ്ടാമതൊന്നവന്‍ കൊതിക്കും. രണ്ടെണ്ണം ലഭിച്ചാല്‍ മൂന്നാമത്തേത് മോഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല. എന്നാല്‍ പശ്ചാതപിക്കുന്നവന് അല്ലാഹു പൊറുത്ത് കൊടുക്കുന്നു.’

ഐഹിക ജീവിതത്തെ അല്ലാഹു ഉദാഹരിച്ചിരിക്കുന്നത് കാണുക: ‘ഐഹികജീവിതത്തിന്റെ യാഥാര്‍ഥ്യം ഒരു ഉദാഹരണത്തിലൂടെ അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുക: ഇന്ന് നാം വിണ്ണില്‍നിന്ന് ജലം വര്‍ഷിക്കുന്നു. അതുവഴി ഭൂമി സസ്യങ്ങളാല്‍ പച്ചപിടിച്ചു. നാളെ ഇതേ സസ്യങ്ങള്‍, കാറ്റില്‍ പാറിപ്പോകുന്ന വരണ്ട ധൂളികളായിത്തീരുന്നു. അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനല്ലോ. ഈ സമ്പത്തും സന്താനങ്ങളുമൊക്കെ ഐഹികജീവിതത്തിന്റെ ക്ഷണിക സൗന്ദര്യമാകുന്നു. വാസ്തവത്തില്‍, നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങളാകുന്നു നിന്റെ നാഥന്റെ ദൃഷ്ടിയില്‍, അനന്തരഫലത്താല്‍ ഉല്‍കൃഷ്ടമായിട്ടുള്ളത്.’ (അല്‍-കഹ്ഫ്: 45-46) മനുഷ്യര്‍ ഏതൊരു ഐഹികലോകത്തിന് വേണ്ടിയാണോ പരസ്പരം പോരടിക്കുന്നത് അതിനെയാണ് അതിലൂടെ ഉദാഹരിച്ചിരിക്കുന്നത്. അതിന്റെ തിരക്കില്‍ ഹൃദയത്തെ കുറിച്ചവന്‍ അശ്രദ്ധനാവുന്നു. മഴ പെയ്യുമ്പോള്‍ മുളച്ചുപൊങ്ങി കുറച്ചു നാളുകള്‍ക്കകം നശിക്കുന്ന സസ്യങ്ങളെ പോലെയാണത്. ആ നിസ്സാരമായ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് മനുഷ്യന്‍ പരലോകത്തെ കുറിച്ചും മനസ്സിന്റെ ശാന്തിയെ കുറിച്ചും അശ്രദ്ധനായി യുദ്ധം ചെയ്യുന്നത്. ഐഹിക ജീവിതത്തിന്റെ നിസ്സാരതയും നൈമിഷികതയുമാണ് ഈ ഉദാഹരണത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നത്. മഴയില്‍ മുളക്കുന്ന വിവിധ സസ്യങ്ങള്‍ കാറ്റില്‍ പറക്കുന്ന ധൂളികളായി മാറുന്നു. വളരെ ചുരുങ്ങി വിശേഷണത്തിലൂടെ ഐഹിക ജീവിതത്തെ വരച്ചു കാട്ടുകയാണിത്. തുടര്‍ന്ന് മനുഷ്യന്‍ ശദ്ധവെക്കേണ്ട എന്നെന്നും നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഉണര്‍ത്തുകയും ചെയ്യുന്നു.

സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങള്‍ മാത്രമാണ്. അനുവദനീയമായ അലങ്കാരങ്ങളെ ഇസ്‌ലാം വിലക്കുന്നില്ല. അതിന് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. അലങ്കാരം ആളുകളെ അളക്കുന്നതിനുള്ള മാനദണ്ഡമാകാവതല്ല. ജീവിതത്തിലെ യാഥാര്‍ത്ഥ മൂല്യങ്ങളായ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളും വാക്കുകളും അനുഷ്ഠാനങ്ങളുമാണ് അതിന് മാനദണ്ഡമായി മാറേണ്ടത്. സന്താനങ്ങള്‍, സ്ഥാനമാനങ്ങള്‍, സമ്പത്ത്, മണിമാളികകള്‍, പ്രസിദ്ധി തുടങ്ങിയവയാണ് സാധാരണ മനുഷ്യരുടെ മോഹങ്ങളായി കടന്നു വരാറുള്ളത്. വിശ്വാസികള്‍ തങ്ങളുടെ പ്രതീക്ഷയും മോഹവുമെല്ലാം പരലോകത്തെ പ്രതിഫലത്തില്‍ മാത്രം അര്‍പ്പിച്ചവരായിരിക്കും.

Related Articles