Current Date

Search
Close this search box.
Search
Close this search box.

വിശ്വാസി അപരന്റെ രഹസ്യങ്ങള്‍ ചികയുന്നവനല്ല

privacy.jpg

ആരും അറിയരുതെന്ന് ആഗ്രഹിക്കുന്ന പലതും എല്ലാവര്‍ക്കുമുണ്ടാകും. കുടുംബജീവിതത്തിലും കച്ചവടത്തിലും സാമൂഹിക രാഷ്ട്രീയ മേഖലകളിലുമെല്ലാം ഇത്തരം രഹസ്യങ്ങളുണ്ടാകാം. ഈ രഹസ്യങ്ങള്‍ എന്ത് തന്നെയായാലും ചികഞ്ഞന്വേഷിക്കരുത്. ഒരാള്‍ മറ്റൊരാളുടേതോ, ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റേയോ രഹസ്യങ്ങള്‍ അന്വേഷിക്കുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. അഭിമാനം പവിത്രമാണ്. അത് പിച്ചിച്ചീന്തുന്നത് മാതാവിനെ വൃഭിചരിക്കുന്നതിലേറെ കടുത്ത പാപമായി തിരുമൊഴികളില്‍ രേഘപ്പെടുത്തിയിരിക്കുന്നു.

ഊഹങ്ങളാണ് ചാരവൃത്തിയിലേക്ക് നയിക്കുന്നത്. അത്‌കൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.’ (അല്‍ഹുജുറാത്: 12)

മറ്റൊരാളുടെ രഹസ്യങ്ങള്‍ അന്വേഷിക്കുന്നതും വീട്ടില്‍ ഒളിച്ചുനോക്കുന്നതും വാതിലിന് മറഞ്ഞുനിന്ന് കേള്‍ക്കുന്നതും, അപ്രതീക്ഷിതമായി വീടുകളില്‍ പ്രവേശിക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദിക്കപ്പെടാത്ത കാര്യങ്ങളാണ്. ഒരു വ്യക്തി പാപകര്‍മങ്ങളില്‍ മുഴുകുന്നുവെന്ന പരാതിയില്‍ തെളിവ് അന്വേഷിക്കാനായി അപ്രതീക്ഷിതമായി കടന്നുകയറുന്നതും ഈ ഗണത്തില്‍ പെടുന്നതാണ്. ഒരിക്കലും ശരീഅത്ത് ഇത് അംഗീകരിക്കുന്നില്ല. ഒളിക്യാമറ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും സ്‌പൈവെയറുകളും ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് ഇസ്‌ലാം വളരെ ഗൗരവമായിത്തന്നെയാണ് കാണുന്നത്.

മുമ്പെന്നോ ചെയ്തുപോയ പാപകര്‍മങ്ങളേയും അരുതായ്കകളേയും അന്വേഷിക്കുന്നതും അത് ചെയ്തത് ആരാണെന്ന് പരിശോധിക്കുന്നതും നിരോധിക്കപ്പെട്ട ഒളിച്ചുനോട്ടമാണ്. ഹമ്പലി പണ്ഡിതന്‍ സഫാരീനീ പറയുന്നു: ‘ഭൂതകാലത്ത് സംഭവിച്ച് പോയ കള്ളുകുടി പോലെയുള്ള അനുസരണക്കേടുകളെ സംബന്ധിച്ച് കുറച്ച് കാലം കഴിഞ്ഞ് ചുഴിഞ്ഞന്വേഷിക്കുന്നത് ഹറാമാണ്. കാരണം ഒരു വേണ്ടാതീനം പ്രചരിപ്പിക്കാമെന്നല്ലാതെ വേറെ നേട്ടമൊന്നും അതിലില്ല. വീണ്ടും ഒരു പ്രചാരണം കൊടുക്കാതെ അത് മറന്നുകളയുന്നതാണ് നല്ലത്. ആ വ്യക്തി അത്തരമൊരു പാപത്തിലേക്ക് മടങ്ങാത്ത കാലത്തോളം അതിനെ കുറിച്ച് അന്വേഷിക്കരുത്. അതേ പാപം തന്നെ തുടര്‍ന്നും ചെയ്യുന്നുണ്ടെങ്കില്‍ അമ്പേഷണം തെറ്റല്ല.’ രിആയ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു: ‘മാസങ്ങള്‍ക്ക് മുമ്പോ മറ്റോ സംഭവിച്ചുപോയ ആരാണെന്നോ എവിടെവെച്ചാണെന്നോ അറിയപ്പെടാതെ പോയ തെറ്റുകളെ കുറിച്ച് അന്വേഷിക്കുന്നത് ഹറാമാണ്. എന്നാല്‍ വിശ്വാസരംഗത്തുണ്ടാകുന്ന അത്തരം അപചയങ്ങളെ അന്വേഷിക്കുന്നതില്‍ പ്രശ്‌നമില്ല.’ (ഗദാഉല്‍ അല്‍ബാബ് 1/263)

മറ്റുള്ളവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അവരുടെ സംസാരം ശ്രവിക്കുന്നതും ഇത്തരത്തില്‍ നിഷിദ്ധമായ ചാരവൃത്തി തന്നെയാണ്. ഇത്തരം പ്രവണതകളെ നബിതിരുമേനി(സ) ശക്തമായി താക്കീതുചെയ്തിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: പ്രവാചകന്‍(സ) പറഞ്ഞിരിക്കുന്നു: തങ്ങളുടെ സംസാരം (മറ്റൊരാള്‍) കേള്‍ക്കുന്നത് ഇഷ്ടമില്ലാത്തവരുടെയോ, അല്ലെങ്കില്‍ (മറ്റാരും കേള്‍ക്കാതിരിക്കാനായി) ദൂരെ മാറിപ്പോകുന്നവരുടെയോ, സംസാരം ശ്രദ്ധിക്കുന്നവന്റെ ചെവിയില്‍ അന്ത്യദിനത്തില്‍ ഈയം ഉരുക്കിയൊഴിക്കപ്പെടും. (ബുഖാരി).
നബി(സ) പറയുന്നു: നിങ്ങള്‍ വിശ്വാസികളുടെ ന്യൂനതകളെ അന്വേഷിക്കരുത്. ആര് വിശ്വാസികളുടെ ന്യൂനതകള്‍ പിന്തുടരുന്നുവോ, അവന്റെ ന്യൂനത അല്ലാഹു അന്വേഷിക്കും, അല്ലാഹു ആരുടെയെങ്കിലും ന്യൂനത അന്വേഷിക്കുന്ന പക്ഷം വീടിന്റെ ഉള്ളിലാണെങ്കിലും അല്ലാഹു അവനെ നാണംകെടുത്തും. (അല്‍കാഫീ)

മറ്റുള്ളവരുടെ ഫോണ്‍സംഭാഷണം ശ്രദ്ധിക്കുന്നതും ഇഷ്ടമില്ലാത്തത് കേള്‍ക്കുക എന്നതിന്റെ പരിധിയില്‍ വരുന്നതാണ്. കാരണം സാധാരണയായി ഫോണ്‍ സംഭാഷണം മറ്റൊരാള്‍ ശ്രവിക്കുന്നത് അധികമാളുകള്‍ക്കും ഇഷ്ടമില്ലാത്തതാണ്.

കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി നടപടിയെടുക്കേണ്ട ഘട്ടത്തില്‍ പോലും കുറ്റവാളികളുടെ അഭിമാനത്തിന് ഭംഗം വരുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് ഇസ്‌ലാമിന്റെനിര്‍ദേശം. നബി(സ) പറഞ്ഞു: ജനത്തിന്റെ മനസ്സുകള്‍ നിരീക്ഷിക്കാന്‍ എന്നോട് കല്‍പിക്കപ്പെട്ടിട്ടില്ല, അവരുടെ വയറുകള്‍ ഞാന്‍ കീറിനോക്കുകയില്ല. (കന്‍സുല്‍ ഉമ്മാല്‍). അലി(റ) പറയുന്നു: ‘വ്യഭിചാരിണിയോട് അവളെ വ്യഭിചരിച്ചത് ആരാണെന്ന് നിങ്ങള്‍ ചോദിക്കരുത്. സ്വന്തത്തിനെതിനെതിരെയുള്ള തെമ്മാടിത്തരം നിസ്സാരമായി ഗണിച്ചവള്‍ ഒരുപക്ഷെ, നിരപരാധിയായ മുസ്‌ലിമിനെ അപവാദത്തില്‍ കുടുക്കാന്‍ മടികാണിച്ചെന്നുവരില്ല.’

അനുവദനീയമായ ചാരവൃത്തി
എല്ലാത്തരം അന്വേഷണങ്ങളും ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധിക്കപ്പെട്ടതാകുന്നില്ല. ‘ആവശ്യമാകുന്ന പക്ഷം സാമൂഹികശത്രുക്കളുടെ സ്ഥിതിവിവരക്കണക്കുകള്‍ രഹസ്യമായി അന്വേഷിക്കാമെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. സമൂഹത്തെ നശിപ്പിക്കാനായി ശത്രുക്കള്‍ മെനയുന്ന കുതന്ത്രങ്ങള്‍ അറിഞ്ഞുവെക്കേണ്ടത് നേതൃത്വത്തിന് അനിവാര്യമാണ്.’ (അലിയ്യ് ബിന്‍ ദരിയാന്‍, ബഹ്ജതുല്‍ അസ്മാഅ് ഫീ അഹ്കാമി സ്സമാഅ് ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമിയ്യ് പേജ്-376)

യുദ്ധസന്ദര്‍ഭങ്ങളിലൊക്കെ ഇത് അത്യന്താപേക്ഷിതമാണ്. ഖുര്‍ആനും സുന്നത്തും ഇതിന്റെ നിയമസാധുത അംഗീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി.’ (അല്‍അന്‍ഫാല്‍ 60)
ശത്രുവിനെ നേരിടാനാവശ്യമായ എല്ലാ ശക്തിയും സംഭരിക്കണമെന്നുള്ളതാണ് ആയത്തിന്റെ നിര്‍ദേശം. ശത്രുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാതെ ശക്തി സംഭരിക്കാനാവില്ലല്ലോ. യുദ്ധസന്ദര്‍ഭത്തില്‍ ശത്രുപാളയത്തിലെ സ്ഥിതിഗതികള്‍ അന്വേഷിക്കാനായി നബി തിരുമേനി(സ) ചാരന്മാരെ നിയോഗിക്കാറുണ്ടായിരുന്നു എന്ന് സ്വഹീഹായ നിവേദനങ്ങളില്‍ വരുന്നുണ്ട്. അഹ്‌സാബ്, ഹുദൈബിയ്യാ സന്ധി, ബദര്‍ തുടങ്ങിയ അവസരങ്ങളിലൊക്കെ ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. ഈ ഹദീസുകള്‍ എല്ലാം ദ്യോതിപ്പിക്കുന്നത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ശത്രുക്കളുടെ വിവരങ്ങള്‍ രഹസ്യമായി അന്വേഷിക്കാമെന്നാണ്.

അതുപോലെ തന്നെ അപകടകാരികളായ മുസ്‌ലിംകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തെറ്റില്ലെന്നാണ്. ഇത്തരക്കാരുടെ കുറ്റകൃത്യങ്ങള്‍ സമൂഹത്തിനോ വ്യക്തികള്‍ക്കോ ദോഷകരമാകുന്ന പക്ഷം, അല്ലെങ്കില്‍ കൊലപാതകമോ വ്യഭിചാരമോ പോലുള്ള ഗുരുതര തെറ്റുകള്‍ ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുകയും രഹസ്യാന്വേഷണത്തിലൂടെയല്ലാതെ അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാവുകയില്ലെന്നും ബോധ്യപ്പെടുന്ന പക്ഷം രഹസ്യാന്വേഷണം ശറഇല്‍ അനുവദിക്കപ്പെടും. ഇമാം റംലി, ഖാദീ അബൂ യഅ്‌ല എന്നിവര്‍ ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരെയും അശരണരെയും കണ്ടെത്തി സഹായിക്കുകയെന്ന ഉദ്ദേശ്യത്തില്‍ രഹസ്യാന്വേഷണം നടത്തുന്നതും ഭരണാധികാരിക്ക് അനുവദിക്കപ്പെടുന്നുണ്ട്. ഉമര്‍(റ) രാത്രികാലങ്ങളില്‍ മദീനയിലൂടെ ഇങ്ങിനെ ചുറ്റിനടക്കാറുണ്ടായിരുന്നു.

Related Articles