Current Date

Search
Close this search box.
Search
Close this search box.

വിശ്വാസത്തോളം ശക്തമായ മറ്റെന്തുണ്ട്!

protection.jpg

ഏതൊരു പൂട്ടിനും അതിന്റേതായ താക്കോല്‍ ഉണ്ടാവും. അതല്ലാത്ത താക്കോലുകള്‍ കൊണ്ടത് തുറക്കാനാവില്ല. മുസ്‌ലിം വ്യക്തിത്വത്തിന്റെ താക്കോല്‍ വിശ്വാസമാണ്. ഈയൊരു വിശ്വാസം കൊണ്ടാണ് പ്രവാചക അനുചരന്മാര്‍ക്കും, ആദ്യകാല മുസ്‌ലിംകള്‍ക്കും ലോകത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാനായത്. അടിമകളുടെ അടിമത്വത്തില്‍ നിന്നും ജനങ്ങളെ അല്ലാഹുവിന്റെ അടിമത്വത്തിലേക്കും ഇഹലോകത്തിന്റെ ഇടുക്കത്തില്‍ നിന്ന് ഇഹപരലോകങ്ങളുടെ അതിവിശാലതയിലേക്കും നയിക്കാനാണ് ഞങ്ങളെ അല്ലാഹു നിയോഗിച്ചിരിക്കുന്നതെന്ന് പേര്‍ഷ്യന്‍ സേനാനായകന്റെ മുന്നില്‍ ധൈര്യത്തോടെ പ്രഖ്യാപിക്കാന്‍ പ്രവാചകാനുയായി രിബ്യ്യ് ബിന്‍ ആമിറിന് കരുത്തു പകര്‍ന്നതും ഈ വിശ്വാസമായിരുന്നു.

യൂറോപ്യര്‍ക്ക് മുസ്‌ലിംകളെ പരാജയപ്പെടുത്താനുള്ള ഭൗതിക ശേഷിയുണ്ടായിട്ടും തുടര്‍ച്ചയായ ഒമ്പത് കുരിശയുദ്ധങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വിജയിക്കാനായത് അവരുടെ വിശ്വാസം കൊണ്ടാണ്. യേശു ക്രിസ്തു (ഈസാ നബി) അല്ലാഹുവിന്റെ ദൂതനാണെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പേരില്‍ അവര്‍ നടത്തിയ കൂട്ടക്കശാപ്പുകള്‍ക്കൊന്നും അദ്ദേഹം ഉത്തരവാദിയുമല്ല. പതിമൂന്നാം നൂറ്റാണ്ടില്‍ ഏഷ്യ, യൂറോപ്പ്, മുസ്‌ലിം നാടുകളിലെ ചില ഭാഗങ്ങളും പിടിച്ചടക്കി മുന്നേറിയ താര്‍ത്താരികള്‍ക്ക് തടയിടാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചതും അവരുടെ വിശ്വാസവും ‘വാ ഇസ്‌ലാമാ..’ എന്ന സുപ്രസിദ്ധമായ മുദ്രാവാക്യമുയര്‍ത്തിയ മുളഫര്‍ സൈഫുദ്ദീന്‍ ഖുതുസിന്റെ നേതൃപാടവും കൊണ്ടായിരുന്നു.

ഒരാള്‍ ചോദിച്ചു, ഒരു മനുഷ്യന് പ്രധാനമായും വേണ്ടത് എന്താണ്? മനുഷ്യത്വവും അന്തസ്സും ഉണ്ടാവുകയും, ഇഹലോകത്തും പരലോകത്തും സന്തോഷകരമായ ജീവിതവുമാണ് വേണ്ടതെന്ന് ഒരാള്‍ മറുപടി നല്‍കി. അല്ലാഹുവില്‍ വിശ്വസിക്കുകയും അവനോടുള്ള കടമ നിറവേറ്റുകയും ചെയ്യുമ്പോഴാണ് ഇവ നേടാനാകുന്നത്. ഒരു ജനതക്കോ സമൂഹത്തിനോ ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്ക് മാറ്റമുണ്ടാവില്ല. മറിച്ച് ദീര്‍ഘകാല വിദ്യാഭ്യാസ പ്രകിയയിലൂടെ സാധ്യമാകുന്ന ഒന്നാണത്. അഥവാ അതിന്റെ ഓരോ സന്ധികളിലും അടിസ്ഥാനപരമായ മാറ്റം സംഭവിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ പറയുന്നു:”അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനൊഴികെ അവര്‍ക്ക് രക്ഷകനുമില്ല”. (അര്‍റഅ്ദ് :11)

വ്യക്തികളുടെയും സമൂഹത്തിന്റെയും അവസ്ഥയില്‍ മാറ്റം വരുത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന് സാധിക്കുന്ന ഒന്നാണത്. അത്യത്ഭുതകരമായ ഫലങ്ങളാണ് വിശ്വാസമുണ്ടാക്കുന്നത്. പ്രായമോ വിദ്യഭ്യാസ വിചക്ഷണരും മനശാസ്ത്രവിദഗ്ധരും വിജയോപാധിയായി എണ്ണുന്ന ജീവിത ഘട്ടങ്ങളോ വിശ്വാസത്തിന് ബാധകമില്ല. ഒരു വ്യക്തിയുടെ സ്വഭാവങ്ങളും ശീലങ്ങളും മാറുന്നത് ശൈശവഘട്ടത്തിലാണെന്ന് അവര്‍ വാദിക്കുന്നു. ഈ പ്രായം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുവാന്‍ കഴിയില്ലെന്ന് ”ചൊട്ടയിലെ ശീലം ചുടലവരെ” എന്ന ഇംഗ്ലീഷ് പഴമൊഴിയുടെ അടിസ്ഥാനത്തില്‍ അവര്‍ വിശ്വസിക്കുന്നു.

ഒരു വ്യക്തിയുടെ ഹൃദയത്തില്‍ വിശ്വാസം നേരാംവണ്ണം സ്പര്‍ശിക്കുമ്പോള്‍ അത്ഭുതകരമായ മാറ്റങ്ങളാണ് അതുണ്ടാക്കുന്നത്. അത് സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള അയാളുടെ സമീപനത്തിലും മനോഭാവത്തിലും കാര്യങ്ങളെ വിലയിരുത്തുന്ന രീതിയിലും വലിയ മാറ്റം വരുത്തും. ലോകത്തോടുള്ള ഒരാളുടെ കാഴ്ച്ചപ്പാട് തന്നെ അത് മാറ്റിയെടുക്കും. പ്രായമോ മറ്റെന്തെങ്കിലും ഘടകങ്ങളോ അതിന് തടസ്സമാവില്ല.

ജനങ്ങളുടെ വിശ്വാസത്തിലും പെരുമാറ്റത്തിലും എങ്ങനെ മാറ്റംവരുത്താന്‍ കഴിയുമെന്ന് ഫിര്‍ഔനിന്റെ ജാലവിദ്യക്കാരുടെ കഥകള്‍ ഉദാഹരിച്ച് കൊണ്ട് ഖുര്‍ആന്‍ വിവരിക്കുന്നു: ”അങ്ങനെ ജാലവിദ്യക്കാര്‍ വന്നു. അവര്‍ ഫിര്‍ഔനോട് ചോദിച്ചു: ”ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ!” ഫിര്‍ഔന്‍ പറഞ്ഞു: ”അതെ. ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.’ മൂസ അവരോടു പറഞ്ഞു: ”നിങ്ങള്‍ക്ക് എറിയാനുള്ളത് എറിഞ്ഞുകൊള്ളുക.”അവര്‍ തങ്ങളുടെ കൈയിലുണ്ടായിരുന്ന കയറുകളും വടികളും നിലത്തിട്ടു. എന്നിട്ടിങ്ങനെ പറഞ്ഞു: ”ഫിര്‍ഔനിന്റെ പ്രതാപത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍.”പിന്നെ മൂസ തന്റെ വടി നിലത്തിട്ടു. ഉടനെയതാ അത് അവരുടെ വ്യാജനിര്‍മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു അതോടെ ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു നിലത്തുവീണുഅവര്‍ പറഞ്ഞു: ”ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു മൂസായുടെയും ഹാറൂന്റെയും നാഥനില്‍.” ഫിര്‍ഔന്‍ പറഞ്ഞു: ”ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയും; തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും. അവര്‍ പറഞ്ഞു: ”വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്”ഫിര്‍ഔനിന്റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” (അശ്ശുഅറാഅ്:41-51)

കൂടാതെ, ഫിര്‍ഔനിന്റെ ജാലവിദ്യക്കാരോടുള്ള ഭീഷണികളെ സംബന്ധിച്ച് സൂറത്തുത്വാഹയില്‍ അല്ലാഹു വിവരിക്കുന്നു:ഫിര്‍ഔന്‍ പറഞ്ഞു: ‘ഞാന്‍ അനുമതി തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവന്‍. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ കൊത്തിമുറിക്കും. ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോള്‍ നിങ്ങളറിയും; തീര്‍ച്ച. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. ”ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.’ (ത്വാഹാ: 71-73)

വിശ്വാസം അവരുടെ വ്യക്തിത്വത്തെ എങ്ങനെയാണ് മാറ്റിയെടുത്തത്? അവരുടെ പ്രശ്‌നങ്ങളോടുള്ള സമീപനത്തെ എങ്ങനെയാണ് അത് മാറ്റം വരുത്തിയത്? അവരുടെ സ്വഭാവപെരുമാറ്റങ്ങളില്‍ എങ്ങനെയാണ് അത് പ്രതിഫലിച്ചത്? അവര്‍ പണത്തിനോടും സമ്പത്തിനോടും താല്‍പര്യമുള്ളവരായിരുന്നു. (‘ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ!)”(അശ്ശുഅറാഅ്: 41) അവരുടെ പ്രതീക്ഷകള്‍ ഫിര്‍ഔനൊപ്പമായിരുന്നു. വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ സ്പര്‍ശിക്കുന്നതിന് മുമ്പുള്ള ചിന്തയായിരുന്നു അത്. ഇപ്പോളവര്‍ വിശ്വാസത്തിന്റെ മാധുര്യം രുചിച്ചിരിക്കുന്നു. ഫിര്‍ഔന്‍ ഉയര്‍ത്തിയ ഭീഷണികള്‍ക്ക് അവര്‍ നല്‍കിയ ഒരേയൊരു മറുപടി ഇതായിരുന്നു. ”അവര്‍ പറഞ്ഞു: ”ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധനടക്കുകയുള്ളൂ”. (ത്വാഹാ :72)

തുടക്കത്തില്‍ അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെന്നത് ഇഹലോകജീവിതത്തിലെ നശ്വരതയിലായിരുന്നു. പിന്നീട് അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പരലോകത്തെ കുറിച്ചായി. ആദ്യമവര്‍ ഫിര്‍ഔന്റെ അന്തസ്സിലും ശക്തിയിലും ആകൃഷ്ടരായിരുന്നു, പിന്നീടവര്‍ അല്ലാഹുവിനെ സൃഷ്ടാവായി സത്യപ്പെടുത്താന്‍ തുടങ്ങി. അവരുടെ ചിന്തക്കും യുക്തിക്കും സ്വഭാവത്തിനും പെരുമാറ്റത്തിനുമെല്ലാം അത്ഭുതകരമായ മാറ്റങ്ങള്‍ അത് സമ്മാനിച്ചു. വിശ്വാസമല്ലാത്ത മറ്റൊന്നിനും അങ്ങനെയൊരു മാറ്റം സാധ്യമല്ല.

മനുഷ്യജീവിതത്തില്‍ വിശ്വാസം ചെലുത്തുന്ന സ്വാധീനത്തിന്റെ മറ്റൊരു ഉദാഹരണങ്ങളിലേക്ക് നോക്കാം. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ.് അദ്ദേഹം ക്രൂരനും പരുഷസ്വഭാവിയുമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ ദുര്‍ബലരായ മുസ്‌ലിംകളെ പീഡിപ്പിച്ചുവെന്ന് മാത്രമല്ല, പ്രവാചകനെ വധിക്കാന്‍ പുറപ്പെട്ട അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച സ്വന്തം സഹോദരിയെ ‘അച്ചടക്കം’ പഠിപ്പിച്ചാട്ടാവാം അതെന്ന് പിന്തിപ്പിക്കുകയായിരുന്നു. സഹോദരിയും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചതില്‍ പ്രകോപിതനായ ഉമര്‍ അവരെ അടിക്കുകയും അത് സഹോദരിയുടെ മുഖത്ത് മുറിവേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് സൂറത്തു ത്വാഹയിലെ ഏതാനും സൂക്തങ്ങള്‍ വായിച്ചപ്പോള്‍ വിശ്വാസം ഉമറിന്റെ ഉള്ളില്‍ പ്രവേശിച്ചു. വിശ്വാസത്തിന്റെ മാധുര്യം രുചിച്ച ഉമര്‍(റ) ഇസ്‌ലാമിന്റെ അനന്തമായ സൗന്ദര്യം തിരിച്ചറിഞ്ഞു. ജാഹിലിയത്തിന്റെയും ബഹുദൈവത്വത്തിന്റെയും വഴികേടുകളുടെയും ബന്ധങ്ങളെല്ലാം ജീവിതത്തില്‍ നിന്ന് പറിച്ചെറിയാന്‍ അദ്ദേഹത്തിന്റെ മനസ്സും ബുദ്ധിയും പാകപ്പെടുകയും ചെയ്തു. ബൈഅത്തുര്‍രിദ്‌വാന്‍ നടന്ന മരമായി ജനങ്ങള്‍ കരുതിയിരുന്ന മരം മുറിച്ചൊഴിവാക്കാന്‍ അദ്ദേഹം ഉത്തരവിട്ടത് ബഹുദൈവത്വത്തിലേക്കുള്ള വഴികള്‍ അടക്കുന്നതില്‍ പോലും എത്രത്തോളം സൂക്ഷ്മത അദ്ദേഹം കാണിച്ചു എന്നതാണ്. യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരാട്ടിന്‍ കുട്ടി വിശന്ന് മരിച്ചാല്‍ നാളെ ഞാന്‍ എന്റെ യജമാനനായ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വാസം അദ്ദേഹത്തിന്റെ മനസ്സിന് വരുത്തിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. വിശ്വാസത്തിന്റെ അത്ഭുതകരമായ ശക്തിയാണിതെല്ലാം കാണിക്കുന്നത്.

വിവ: കെ.സി കരിങ്ങനാട്

Related Articles