Current Date

Search
Close this search box.
Search
Close this search box.

വിശപ്പും ദാഹവും അനുഭവിക്കലോ നോമ്പിന്റെ ലക്ഷ്യം!

ഒരിക്കല്‍ ഒരു ഉമ്മ എന്റെ അടുക്കലെത്തി പറഞ്ഞു: എന്റെ മകന്‍ ചോദിക്കുകയാണ് ‘നമ്മളെന്തിനാണ് നോമ്പനുഷ്ഠിക്കുന്നത്?’ ഞാന്‍ പറഞ്ഞു ‘പാവപ്പെട്ടവരോട് കരുണകാണിക്കാനും അവരുടെ പ്രയാസം അനുഭവിച്ചറിയാനും’.
‘പക്ഷെ പതിനഞ്ച് മണിക്കൂറോളം മാത്രമല്ലേ നോമ്പനുഷ്ഠിക്കുന്നുള്ളൂ. കടുത്ത വേനലില്‍പോലും അഞ്ചോ ആറോ മണിക്കൂര്‍ മാത്രമേ നമ്മള്‍ വിശപ്പും ദാഹവും അനുഭവിക്കുന്നുള്ളൂ. ദാനധര്‍മ്മങ്ങളും മറ്റുമായി പാവപ്പെട്ടവരെ സഹായിക്കുന്ന ഞാനെന്തിനാണ് അവരുടെ പ്രയാസം മനസ്സിലാക്കാന്‍ വ്രതമനുഷ്ഠിക്കുന്നത്?’
അവനോട് പറയാന്‍ എനിക്ക് മറുപടിയില്ലായിരുന്നു.
‘വ്രതം ശാരീരികമായി കരുത്തുപകരും’ ഞാന്‍ പറഞ്ഞൊപ്പിച്ചു.
‘നീന്തുകയും ദിവസവും കളിക്കുകയും ചെയ്യുന്ന എനിക്ക് അവതന്നെ ധാരാളമല്ലേ പിന്നെ ഞാനെന്തിന് നോമ്പെടുക്കണം?’ മകന്റെ ചോദ്യം.
‘നോമ്പ് ചികിത്സയാണ്. വര്‍ഷത്തില്‍ ഒരു മാസം ആമാശയം ശുദ്ധീകരിക്കേണ്ടതുണ്ട്’. അപ്പോള്‍ മകന്റെ മറുപടി ‘എന്നാല്‍ ഡയറ്റിങ്ങിലൂടെയും ആരോഗ്യപരമായ ഭക്ഷണക്രമത്തിലൂടെയും നമുക്കീ ലക്ഷ്യത്തിലേക്കെത്താം.’
ഇനിയെന്തുപറയും? ഞാന്‍ കൈമലര്‍ത്തി. ഇതൊക്കെയായിരുന്നു നോമ്പിന്റെ ലക്ഷ്യങ്ങളായി ചെറുപ്പം മുതല്‍ക്കെ ഞാന്‍ പഠിച്ചതും മനസ്സിലാക്കിയതും.
‘നോമ്പിലൂടെ നീ കൂടുതല്‍ ക്ഷമയാര്‍ജ്ജിക്കും’. പറഞ്ഞു നിര്‍ത്തിയില്ല അപ്പോഴേക്കും അവന്റെ മറുപടിയെത്തി ‘വ്യായാമത്തിലൂടെ തന്നെ ഞാന്‍ ആവശ്യത്തിന് ക്ഷമ ശീലിക്കുന്നുണ്ട്.’

ഞാനാ ഉമ്മയോട് പറഞ്ഞു ‘പക്ഷെ നിങ്ങളിതുവരെ നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം പറഞ്ഞില്ലല്ലൊ’
‘ഏതാണത്?’
‘നിങ്ങള്‍ സൂക്ഷ്മാലുക്കളാകാന്‍ വേണ്ടി’
‘നിങ്ങളുദ്ദേശിച്ചത്?’
ഞാന്‍ തുടര്‍ന്നു ‘എല്ലാ ആരാധനാകര്‍മ്മങ്ങളുടെയും ലക്ഷ്യം തഖ്‌വയാണ്. തഖ്‌വ കരസ്ഥമാക്കുന്നതിലൂടെ വിശ്വാസി ഇച്ഛാശക്തി നേടുന്നു. വ്രതം മനുസഷ്യനെ ഇച്ഛാശക്തി പഠിപ്പിക്കുന്നു. അങ്ങനെയവന്‍ സ്വതന്ത്രനാകുന്നു. സ്വതന്ത്രനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിയാത്തതുപോലെ വികാരങ്ങള്‍ക്കോ ദേഹേച്ഛക്കോ അവനെ അടിമയാക്കാനാകില്ല. അതോടെ അവന്‍ തന്റെ ആത്മാവിന്റെ അധികാരിയായിമാറുന്നു.’
‘എന്താണ് ഇച്ഛാശക്തികൊണ്ടുദ്ദേശം?’
ഞാന്‍ പറഞ്ഞു ‘ഇച്ഛാശക്തിയുള്ളവന്‍ ഒരു തീരുമാനമെടുത്താല്‍ അത് വിജയിപ്പിക്കുംവരെ അതില്‍നിന്ന് പിന്‍വാങ്ങുകയില്ല. അവര്‍ക്ക് മാത്രമേ കൂടുതല്‍ പരിശ്രമശാലിയും സഹനശീലനുമാകാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ റമദാനില്‍ വിശ്വാസി ഭക്ഷണം, ഉറക്കം തുടങ്ങി എല്ലാ ദിനചര്യകളും സമൂലമായ മാറ്റത്തിന് വിധേയമാക്കുന്നു. അങ്ങനെ നോമ്പുകാരന്‍ തന്റെ പതിവ്ശീലങ്ങളില്‍ നിന്ന്മാറി ആത്മാവുമായുള്ള നിരന്തരപോരാട്ടത്തിലായിരിക്കും ദിനരാത്രങ്ങള്‍ കഴിച്ച് കൂട്ടുക. ഈ പോരാട്ടത്തില്‍ വിജയിക്കുന്നതോടെ നോമ്പുകാരന് ഏത് ദുഷിച്ച ശീലങ്ങളെയും അനായാസം മാറ്റിയെടുക്കാനുള്ള ആത്മവിശ്വാസവും കരുത്തുമാര്‍ജ്ജിക്കുന്നു. കാരണം മുപ്പത് ദിവസത്തെ അവന്റെ ചര്യ മാറ്റിയെടുക്കുന്നതില്‍ അവന്‍ വിജയം വരിച്ചിരിക്കുന്നു. അങ്ങനെ ഏത് ശീലങ്ങളെയും ഇച്ഛയെയും കീഴടക്കാനും അനായാസം അവന് സാധിക്കുന്നു. അങ്ങനെ വ്രതം ഉത്കൃഷട ഗുണങ്ങളും ഊര്‍ജ്ജസ്വലതയും മനസ്സിനെ അഭ്യസിപ്പിക്കാനുള്ള പരിശീലനക്കളരിയായി മാറുന്നു. അല്ലാഹു പറയുന്നു ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നാം നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മത കൈകൊള്ളുന്നവരാകുവാന്‍ വേണ്ടി.’ നിങ്ങള്‍ മകനോട് പറഞ്ഞ കാരണങ്ങള്‍ ശരിതന്നെയാണ്, എന്നാല്‍ തഖ്‌വയാണ് അടിസ്ഥാനോദ്ദേശം. കാരണം തഖ്‌വ അവനെ തെറ്റുകളില്‍ നിന്ന് അകറ്റിനിര്‍ത്തുകയും നന്മക്ക് വേണ്ടി നിലകൊള്ളാന്‍ പ്രേരിപ്പിക്കുകയും അങ്ങനെയവന്‍ പിശാചില്‍ നിന്നകന്ന് അല്ലാഹുവിലേക്ക് സമീപസ്ഥനാകുകയും ചെയ്യുന്നു.

കൗണ്‍സിലര്‍മാര്‍ പറയുന്നത് പോലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മൂന്ന് പടവുകളുണ്ട്; ഒന്നാമതായി നേടിയെടുക്കേണ്ട ലക്ഷ്യം കൃത്യമായിരിക്കണം. രണ്ടാമതായി ഏത് സമ്മര്‍ദങ്ങള്‍ അതില്‍ നിന്ന് പിന്‍മാറാന്‍ കാരണമാകരുത്. മൂന്നാമതായി ഇച്ഛാശക്തി കൂടെക്കൂടെ മൂര്‍ച്ചകൂട്ടികൊണ്ടിരിക്കുക. ഈ മൂന്ന് സംഗതികളും റമദാനില്‍ കാണാന്‍ കഴിയും. വ്രതവും സകാത്തും രാത്രിയില്‍ നിന്ന് നമസ്‌കരിക്കലും മുസ്‌ലിം  റമദാനില്‍ ആര്‍ജ്ജിച്ചെടുക്കുന്ന ലക്ഷ്യങ്ങളാണ്. റമദാനിലെ സവിശേഷമായ തോതിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളും സേവനങ്ങളും ദാനധര്‍മങ്ങളും വലിയ സമ്മര്‍ദമാണ് മനുഷ്യന് മേല്‍ ഉണ്ടാക്കുന്നത്. അങ്ങനെ റമദാനില്‍ ഓരോ ദിവസവും വിശ്വാസിയുടെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കഴിവും വര്‍ധിച്ചതായി അവന് അനുഭവപ്പെടുന്നു.

അതുകൊണ്ട്തന്നെ ഇച്ഛാശക്തി വര്‍ധിപ്പിച്ച് തരുന്നതിനും പ്രവര്‍ത്തനങ്ങളില്‍ സ്ഥൈര്യം ലഭിക്കുന്നതിനുമായി പ്രവാചകന്‍(സ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുമായിരുന്നു ‘അല്ലാഹുവെ, പ്രവര്‍ത്തനങ്ങളില്‍ സ്ഥിരതയും തീരുമാനങ്ങളില്‍ വിവേകവും പ്രദാനം ചെയ്യേണമേ.’
അവര്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നന്ദി, ഞാന്‍ ഉടന്‍തന്നെ എന്റെ മകനുമായി ഇത് സംസാരിക്കും.’
‘വായനക്കാരുമായി പങ്കുവെക്കാന്‍ പുതിയൊരു വിഷയം തന്നതിന് ഞാന്‍ നിങ്ങളോടും കടപ്പെട്ടിരിക്കുന്നു.’ എന്ന് ഞാനും അവരോട് പറഞ്ഞു.

മൊഴിമാറ്റം: ഹാബീല്‍ വെളിയങ്കോട്‌

Related Articles