Current Date

Search
Close this search box.
Search
Close this search box.

വിരല്‍ചൂണ്ടുന്നത് സ്വന്തത്തിലേക്കാവട്ടെ

oneself.jpg

തിരക്കേറിയ റോഡില്‍ ഒരു വാഹനം മാത്രം എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നു. അടുത്തുതന്നെ ഒരു ട്രാഫിക് പോലീസുണ്ട്. ഉടനെ വയര്‍ലെസ് ഫോണില്‍ ട്രാഫിക്കിന് സന്ദേശം വന്നു. ‘ഇവിടെ ഒരു കാര്‍ ട്രാഫിക് നിയമം ലംഘിച്ച് എതിര്‍ ദിശയില്‍ പോകുന്നുണ്ട്.’ ഉടനെ ആ ട്രാഫിക് പോലീസ് ആലോചിക്കാന്‍ തുടങ്ങി: ‘ഇത് ശരിയായ ദിശയില്‍ പോകുന്ന ഒറ്റ വാഹനമായിക്കൂടെ? ബാക്കിയെല്ലാം തെറ്റായ ദിശയിലാണെങ്കിലോ പോകുന്നത്.’

ഈ കഥ ഞാന്‍ എന്റെ മകളോട് പറഞ്ഞു. അവള്‍ മറ്റൊരു കഥ അതിനോട് ചേര്‍ത്ത് എനിക്ക് പറഞ്ഞു തന്നു. ഒരിക്കല്‍ ഒരാള്‍ തന്റെ ഭാര്യക്ക് കേള്‍വി കുറവുണ്ടെന്ന് ഡോക്ടറോട് പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ യാതൊരു പ്രശ്‌നവും കണ്ടില്ല. പക്ഷെ ഭര്‍ത്താവ് അത് സമ്മതിച്ചില്ല. എനിക്ക് അവളുടെ കേള്‍വിക്കുറവ് അനുഭവപ്പെട്ടതാണെന്നയാള്‍ പറഞ്ഞു. അവസാനം ഡോക്ടര്‍ അയാളോട് ഒരു പരീക്ഷണം നടത്താന്‍ നിര്‍ദേശിച്ചു. ദൂരെനിന്ന് ഭാര്യയോട് കാര്യം പറയുക. പിന്നെ അടുത്തേക്ക് അടുത്തേക്ക് വന്ന് അത് ആവര്‍ത്തിക്കുക. എവിടെനിന്ന് പറയുമ്പോഴാണ് അവള്‍ കേള്‍ക്കുന്നതെന്ന് ശദ്ധിക്കുക.

അപ്രകാരം അടുത്ത ദിവസം അയാള്‍ ഭാര്യയോട് ദൂരെനിന്ന് ‘എന്താണ് ഇന്ന് രാത്രി ഭക്ഷണം’ എന്ന് ചോദിച്ചു. ഉത്തരമൊന്നും കേള്‍കാതിരുന്നപ്പോള്‍ അടുത്തേക്ക് ചെന്ന് വീണ്ടും ചോദിച്ചു. വീണ്ടും അടുത്തുചെന്ന് ചോദിച്ചു. അവസാനം അവളുടെ തലയുടെ അടുത്ത് ചെന്ന് ചോദിച്ചു. അപ്പോള്‍ ഭാര്യ പറഞ്ഞു: ‘കോഴിപൊരിച്ചതാണെന്ന് ഞാന്‍ എത്ര തവണ പറഞ്ഞു! എന്താ നിങ്ങള്‍ക്ക് സംഭവിച്ചത്?’ അപ്പോഴാണ് അയാള്‍ക്ക് കാര്യം മനസ്സിലായത്. കേള്‍വിക്കുറവ് ഭാര്യക്കല്ല. തനിക്കാണെന്ന്.

എന്ത് പ്രശ്‌നത്തിലും മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങുന്നതിലും മുമ്പ് എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് ഒരാള്‍ ആദ്യം ആലോചിക്കേണ്ടത്. മറ്റുള്ളവരുടെ കഴിവിനെയോ പ്രവര്‍ത്തനങ്ങളെയോ കുറ്റപ്പെടുത്തുമ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് എന്റെ വീഴ്ചകൊണ്ടാണോ പ്രശ്‌നങ്ങളുണ്ടായത് എന്നാണ്. ഇല്ലെങ്കില്‍ സ്വയംഅപമാനിതനാകാന്‍ അത് കാരണമാക്കും. ഈ ഗുണം ഒരാളുടെ ജീവിതവിജയത്തിന് അനിവാര്യമാണ്. ഇതിനാണ് ആത്മവിമര്‍ശനം അല്ലെങ്കില്‍ ആത്മവിചാരണ എന്ന് പറയുന്നത്. എല്ലാ പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും പരിഹാരത്തിന്റെ തുടക്കം സ്വന്തത്തില്‍ നിന്ന് തന്നെയാകണം. എന്നാല്‍ മാത്രമേ പരിഹാരം പൂര്‍ണമാകുകയുള്ളൂ. അല്ലാഹു പറയുന്നത് കാണുക: ‘പറയുക: നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും ഇതെങ്ങനെ സംഭവിച്ചുവെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കേല്‍പിച്ചിട്ടുണ്ട്. പറയുക: ‘ഇത് നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.’

കൂട്ടുത്തരവാദിത്തമുള്ള ഒരു കാര്യത്തിന്റെ പൂര്‍ണതക്ക് ഓരോരുത്തരും കൃത്യമായ ആത്മവിമര്‍ശനം നടത്തല്‍ നിര്‍ബന്ധമാണ്. മറ്റുള്ളവരെ പഴിചാരി എനിക്കെങ്ങനെ രക്ഷപ്പെടാം എന്നാകരുത് ഒരാളുടെ ചിന്ത. കാര്യം ഏറ്റവും ഭംഗിയാക്കാന്‍ എന്താണ് ചെയ്യാനാകുക. അതിന് ഞാനെന്താണ് ചെയ്തത്. ഇതൊക്കെയാണ് ഒരാള്‍ ആവര്‍ത്തിച്ച് ചിന്തിച്ച് ഉറപ്പിക്കേണ്ടത്. അപ്രകാരം തന്റെ ഭാഗത്തുനിന്ന് വന്നതും വരാന്‍ സാധ്യതയുള്ളതുമായ പ്രശ്‌നങ്ങള്‍ക്ക് മുന്‍കൂട്ടി പരിഹാരം കണ്ടെത്താനും അത് പരിഹരിക്കാനും സാധിക്കണം.

തനിക്ക് യാതൊരു തെറ്റും സംഭവിക്കുകയില്ലെന്നുള്ള ചിന്തയാണ് ഒരാളെ പരാജയത്തിലേക്ക് നയിക്കുന്ന സുപ്രധാന കാരണം. ഈ ചിന്തവെച്ചുപുലര്‍ത്തുന്ന ഒരാളുള്ള സംഘം വിജയിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇനി വിജയിച്ചാല്‍ തന്നെ കൂടെയുള്ളവര്‍ പ്രയാസപ്പെട്ടാല്‍ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ ആത്മവിചാരണയില്ലാത്ത പ്രവര്‍ത്തകന്‍ ഒരു സംഘടനക്ക് കൂടുതല്‍ ബാധ്യതയാകുകയാണ് ചെയ്യുക. അവനെകൊണ്ട് ഉപകാരമുണ്ടാവില്ലെന്ന് മാത്രമല്ല, ഉപദ്രവമാണുണ്ടാവുക. കാരണം അവന്റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും സാക്ഷാല്‍കരിക്കാന്‍ അവന്‍ പദ്ധതികളും ഗൂഢാലോചനകളും നടത്തും. സംഘടനയുടെ ലക്ഷ്യങ്ങളോ വിജയമോ ആകില്ല പിന്നെ അവന്റെ ഉന്നം. മറിച്ച് തന്റെ എതിരാളിയെ തറപറ്റിക്കലാകും.

ആത്മവിചാരണയും വിമര്‍ശനവും ഇല്ലാത്ത ആളാണെങ്കില്‍ മറ്റുള്ളവര്‍ തന്റെ എന്തെങ്കിലുമൊരു കുറ്റമോ കുറവോ ചൂണ്ടിക്കാണിച്ചാല്‍ അത് അവന് ഉള്‍കൊള്ളാനാവില്ല. തന്നെ പരിഹസിച്ചതായും അവഗണിച്ചതായും തനിക്കെതിരെ നീക്കങ്ങള്‍ നടക്കുന്നതുമായാണ് അവന് അനുഭവപ്പെടുക. തന്റെ വ്യക്തിപരമായ സ്വഭാവങ്ങളോ, കുടുംബപരമായ പെരുമാറ്റങ്ങളോ, സാമൂഹികമായ വ്യവസ്ഥകളോ നന്നാക്കാന്‍ അവന്‍ തയ്യാറാകില്ല. അതിനെ കുറിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതൊരിക്കലും അവന്‍ ഉള്‍കൊള്ളുകയില്ല.

മറ്റുള്ളവരുടെ നിരൂപണങ്ങള്‍ ഉള്‍കൊണ്ട് ആത്മവിമര്‍ശനത്തിന് തയ്യാറാകുന്നതോടെ പുരോഗമനത്തിന്റെ പ്രഥമപടിയാണ് ഒരാള്‍ പിന്നിടുന്നത്. തുടക്കത്തില്‍ കുറച്ച് കൈപ്പനുഭവപ്പെട്ടേക്കാമെങ്കിലും തുടര്‍ന്നുള്ള മുന്നോട്ടു പോക്കിന് ഇത് വലിയ മുതല്‍കൂട്ടാകും. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും. തുറന്ന, വിശാല മനസ്സോടെ വിമര്‍ശനങ്ങളെ സ്വീകരിക്കുക. മുഖസ്തുതി പറഞ്ഞ് നടക്കുന്നവരെക്കാള്‍ ഒരാള്‍ക്ക് ഉപകാരപ്പെടുക വിമര്‍ശകനെയാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ നിന്ന് മനസ്സിലാക്കാം. അപ്രകാരം ചൂണ്ടിക്കാണിക്കപ്പെട്ട വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുകയാണെങ്കില്‍ ധീരമായി മുന്നോട്ട് പോകാന്‍ ഒരാള്‍ക്ക് ധൈര്യം ലഭിക്കും. ആത്മവിചാരണചെയ്ത് ശിക്ഷിക്കുകയും മനസ്സുകൊണ്ട് സ്വയം പ്രഹരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്റെ ശരീരം ശിക്ഷയില്‍ നിന്നും പ്രഹരങ്ങളില്‍ നിന്നും രക്ഷപ്പെടും. ഈ ലോകത്തും പരലോകത്തും. 

ഇനി വിമര്‍ശകര്‍ ശത്രുക്കളാണെങ്കിലും അതിന്റെ വെളിച്ചത്തില്‍ സ്വയം വിലയിരുത്താന്‍ സന്നദ്ധരാകേണ്ടതുണ്ട്. കാരണം വിശ്വാസിയുടെ ചെറിയ വീഴ്ചകള്‍ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ ശത്രു അതൊരു പ്രചാരണായുധമാക്കുകയും അവസരം ലഭിക്കുമ്പോള്‍ അടിക്കാനുള്ള ഒരു വടിയായി അത് ഉപയോഗിക്കുകയും ചെയ്യും. അല്ലാഹു പറയുന്നത് കാണുക: ‘നിങ്ങള്‍ക്ക് എന്തെങ്കിലും നന്മയുണ്ടാവുന്നത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിക്കുന്നതോ, അതവരെ സന്തോഷിപ്പിക്കും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു വിപത്തും വരുത്തുകയില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.’ (ആലുഇംറാന്‍: 120)

ഇന്ന് സംഘടനകളില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് സംഘടനയെ വിമര്‍ശിക്കുകയെന്നത്. ഇതു നല്ല കാര്യം തന്നെയാണ്. എന്നാല്‍ കൂട്ടുത്തരവാദിത്തത്തിലുള്ള ഏത് കാര്യത്തെയും വിമര്‍ശിക്കുമ്പോള്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത് അത് തനിക്കെതിരെകൂടിയുള്ള വിമര്‍ശനമാണ് എന്നതാണ്. പ്രസ്ഥാനങ്ങളെയും സംഘടനകളെയും വിമര്‍ശിച്ച് അവയുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തുന്ന ചില ആളുകളുണ്ട്, അവര്‍ക്ക് ക്രിയാത്മകമായി മറ്റൊന്ന് അവതരിപ്പിക്കാനോ അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചു പറയാനോ ഉണ്ടാവില്ല. അത് വെറും വൃഥാവേലയാണ്. അത്തരം ആളുകളെ പരിഗണിക്കാതിരിക്കുന്നതാണ് എപ്പോഴും സംഘടനകള്‍ക്ക് നല്ലത്.

ആത്മവിചാരണയും വിമര്‍ശനവും സംസ്‌കരണമല്ല. പക്ഷെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള വഴിയും ചൂണ്ടുപലകയുമാണ്. വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരാണെങ്കില്‍ തുടങ്ങേണ്ടത് സ്വന്തത്തില്‍ നിന്നാണ്. അപ്രകാരം ക്ഷമയോടെ വിമര്‍ശനങ്ങളുള്‍കൊണ്ടാലേ ഉന്നതമായ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുകയുള്ളൂ. അല്ലാഹു പറയുന്നു: ‘ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.’ (അല്‍ഫുസ്സിലത്ത്: 35).

വിവ: ജുമൈല്‍ കൊടിഞ്ഞി

 
 

Related Articles