Current Date

Search
Close this search box.
Search
Close this search box.

വിയോജിപ്പിന്റെ രീതിശാസ്ത്രം

diff.jpg

വൈവിധ്യങ്ങള്‍ എന്നത് പ്രകൃതിപരവും യാഥാര്‍ഥ്യവുമാണ്. അല്ലാഹു വിവരിക്കുന്നു : ‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും. നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. ‘.(ഹൂദ് 118,119).  വിവിധ നിറങ്ങളിലുള്ള പറവകള്‍, വ്യത്യസ്ത രൂപത്തിലുള്ള വൃക്ഷങ്ങള്‍, പല രൂപത്തിലും കോലത്തിലുമുള്ള മനുഷ്യര്‍..ഇപ്രകാരം ഈ പ്രപഞ്ചത്തില്‍ തന്നെ നിരവധി വൈവിധ്യങ്ങള്‍ നമുക്ക് ദര്‍ശിക്കാം.
അല്ലാഹു മനുഷ്യരെ രൂപത്തിലും യോഗ്യതയിലും ഗ്രാഹ്യശേഷിയിലുമെല്ലാം വൈവിധ്യത്തോടെ സൃഷ്ടിക്കുകയാണ് ചെയ്തത്. ഓരോരുത്തര്‍ക്കും തങ്ങളുടെ കഴിവിനനുസരിച്ച ഉത്തരവാദിത്തവും നല്‍കി. മറ്റൊരാള്‍ക്കുള്ള ശേഷി നേടിയെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. മാത്രമല്ല ഈ വൈവിധ്യം ഒരു അപകടവുമല്ല.

മറ്റുള്ളവരോട് സംവാദത്തിലേര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്.  മറ്റുള്ളവരുടെ വാദത്തെ കുറിച്ച് ജ്ഞാനമുണ്ടാകുക. അല്ലെങ്കില്‍ അത് വലിയ അപകടം വരുത്തും. അല്ലാഹു പറയുന്നു.’നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ’.(അല്‍ ഇസ്‌റാഅ് 36). വൈവിധ്യത്തിന്റെയും വൈരുധ്യത്തിന്റെയും സ്ഥാനം നിര്‍ണയിക്കുക. അഭിപ്രായ വ്യത്യാസത്തിന്റെ ഏരിയ ഏതാണെന്ന് കൃത്യപ്പെടുത്തുകയും അതിനനുസൃതമായ ചര്‍ച്ചയും നടത്തുക. വാക്കുകള്‍ അസ്ഥാനത്ത് ഉപയോഗിക്കുകയോ സന്ദര്‍ഭോചിതം അടര്‍ത്തി എഴുതുകയോ ചെയ്യരുത്. അത്തരക്കാരെ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നുണ്ട്. ‘അവര്‍ വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു'(അല്‍ മാഇദ 13). സദുദ്ദേശത്തോടും സദ് വികാരത്തോടും കൂടിയാകുക. ഊഹങ്ങളും മറ്റും വര്‍ജിക്കുക. ‘വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്'(അല്‍ ഹുജുറാത്ത് 12).

ഉദ്ദേശശുദ്ധി പരിശോധിക്കാതിരിക്കുക എന്നതും സംവാദത്തില്‍ അത്യധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉസാമ (റ) തനിക്കുണ്ടായ ഒരു സംഭവം വിവരിക്കുന്നത് ശ്രദ്ധിക്കുക. അദ്ദേഹം പറയുന്നു. റസൂല്‍ (സ) ഞങ്ങളെ ഒരു സൈനിക സംഘത്തില്‍ നിയോഗിച്ചു. അങ്ങനെ പ്രഭാതത്തില്‍ ഞങ്ങള്‍ ജുഹൈനയില്‍പെട്ട ഹുറാഖാത്തിലെത്തി. അവിടെ വെച്ച് ഞാന്‍ ശത്രുസംഘത്തിലെഒരാളെ പിടികൂടി. അപ്പോള്‍ അയാള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അയാളെ കുന്തംകൊണ്ട് കുത്തിക്കൊന്നു. പക്ഷെ, അതുമൂലം എനിക്ക് മനോവിഷമം ഉണ്ടായി, അങ്ങിനെ ഞാന്‍ ആ സംഭവം നബി (സ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അദ്ദേഹം ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞിട്ടും നീ അവനെ കൊന്നുവോ? ഞാന്‍ പറഞ്ഞു, അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം അത് പറഞ്ഞത് ആയുധം ഭയന്നിട്ടാണ്. അവിടുന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് അങ്ങിനെ തന്നെയോ എന്നറിയാന്‍ നിനക്ക് ഹൃദയം പിളര്‍ന്ന് നോക്കമായിരുന്നില്ലേ? അവിടുന്ന് അതെന്നോട് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ഞാന്‍ കൊതിച്ചുപോയി ഞാന്‍ മുസ്‌ലിമായത് അന്നായിരുന്നുവെങ്കില്‍ (മുസ്‌ലിം)

സത്യം അനുധാവനം ചെയ്യലായിരിക്കണം സംവാദത്തിന്റെ ലക്ഷ്യം. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യവുമായിരിക്കണം. സത്യം അയാള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ അവന് നന്ദി അര്‍പിക്കുക. അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍(സ) പറഞ്ഞു. ജനങ്ങളോട് നന്ദികാണിക്കാത്തവനോട് അല്ലാഹുവും നന്ദി കാണിക്കുകയില്ല. പ്രതിയോഗിയെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. അദ്ദേഹത്തിന്റെ മനസ്സില്‍ പകയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. പ്രവാചകന്‍ (സ) പറഞ്ഞു. എന്റെ അനുചരന്മാരെ കുറിച്ച് നല്ലതല്ലാത്ത ഒന്നും എന്നെ അറിയിക്കരുത്. അവരിലേക്ക് ശുദ്ധഹൃദയവുമായി എത്തുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  സത്യവിശ്വാസി തന്റെ സഹോദരങ്ങളോട് സംവദിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തമ മര്യാദകളാണിവ.

Related Articles