Current Date

Search
Close this search box.
Search
Close this search box.

വിമര്‍ശിക്കാം, വാഴ്ത്താം മധ്യമനിലപാട് കൈവിടരുത്

balanced.jpg

സന്തുലിതമായ വീക്ഷണമാണ് ഏതൊരു കാര്യത്തിലും നന്മയുടെ ആധാരമായി വര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാം എല്ലാ കാര്യത്തിലും തീവ്രത വിലക്കുന്നു. ദിവ്യത്വത്തിന്റെ വിശേഷണങ്ങള്‍ ചേര്‍ത്ത് പ്രവാചകനെ പോലും മഹത്വപ്പെടുത്തുന്നത് ഇസ്‌ലാം വിലക്കുന്നു. ‘മുഹമ്മദ് ഒരു ദൈവദൂതന്‍ മാത്രമാണ്, അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ ആഗതരായിട്ടുണ്ട്’. (ആലുഇംറാന്‍: 144) സ്വശരീരത്തെ പീഢിപ്പിച്ചുകൊണ്ട് ആരാധന കാര്യങ്ങളില്‍ വരെ അതിരുകവിയുന്നത് പ്രവാചകന്‍ വിലക്കുകയുണ്ടായി. അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ അല്‍-ആസിന്റെ ഭാര്യ ഒരിക്കല്‍ പ്രവാചകന്റെയടുത്ത് വന്ന് തന്റെ ഭര്‍ത്താവിനെ പറ്റി പരാതി ബോധിപ്പിച്ചു. അദ്ദേഹം പകല്‍ മുഴുവന്‍ നോമ്പനുഷ്ടിക്കുന്നു, രാത്രി മുഴുവന്‍ നമസ്‌കാരത്തിലുമായി കഴിയുന്നു. തനിക്കുള്ള അവകാശങ്ങള്‍ നിര്‍വഹിക്കുന്നുമില്ല. ഉടന്‍ പ്രവാചകന്‍ ഒരു ദൂതനെ അയച്ചു അബ്ദുല്ലാഹ് ബിന്‍ ബിന്‍ അംറ് ബിന്‍ അല്‍-അംറുബ്‌നുല്‍ ആസിനെ വിളിപ്പിച്ചു. എന്നിട്ടു ചോദിച്ചു: നീ പകല്‍ മുഴുവന്‍ നോമ്പിലും രാത്രി നമസ്‌കാരത്തിലുമായി കഴിയുകയാണെന്നും ഭാര്യയുടെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്നും അറിയാന്‍ കഴിഞ്ഞു….. അതെ, അതുശരിയാണെന്ന് അദ്ദേഹം സമ്മതിച്ചു, ഉടന്‍ പ്രവാചകന്‍ പറഞ്ഞു. നീ അപ്രകാരം ചെയ്യരുത്, നോമ്പ് അനുഷ്ടിക്കണം, അത് എടുക്കാതിരിക്കണം. നമസ്‌കരിക്കണം, ഉറങ്ങണം. നിന്റെ ഭാര്യയുടെ അവകാശങ്ങള്‍ നിര്‍വഹിച്ചു കൊടുക്കണം. കാരണം നിന്റെ ആത്മാവിനോട് നിനക്ക് ചില ബാധ്യതകള്‍ ഉണ്ട്, ശരീരത്തോട് ചില ബാധ്യതകളുണ്ട്. നിന്റെ വീട്ടുകാരോടും ചില ബാധ്യതകളുണ്ട്.(ബുഖാരി)

സാമ്പത്തിക രംഗത്തും സന്തുലിതമായ കാഴ്ചപ്പാട് സ്വീകരിക്കണമെന്ന് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. ചിലവഴിക്കുന്നതിലെ ധൂര്‍ത്തിനെയും പിശുക്കിനെയും ഇസ്‌ലാം വിലക്കുന്നു. ചിലവഴിക്കാതെ കൈ പിരടിയിലേക്ക് ബന്ധിക്കുകയോ ഒരു നിയന്ത്രണവുമില്ലാതെ പൂര്‍ണമായും വിട്ടയക്കുകയോ ചെയ്യരുതെന്നും ധൂര്‍ത്തന്മാര്‍ പിശാചിന്റെ കൂട്ടാളികളാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷ്തത് നിലയുറപ്പിക്കണമെന്ന് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. ജനങ്ങളുമായി ഇടപഴകുമ്പോല്‍ ദേഹേഛയെ പിന്തുടരുന്നതും അനീതിയില്‍ തന്റെ സഹോദരന്റെ പക്ഷം ചേരുന്നതും  ഇസ്‌ലാം വിലക്കുന്നു. (അല്‍മാഇദ: 9, അന്നിസാഅ്: 134) നീതിയിലധിഷ്ടിതമല്ലാത്ത ഗോത്ര, കുടുംബ, സാമുദായിക പക്ഷപാതിത്വം വെച്ചുപുലര്‍ത്തുന്നത് ഇസ്‌ലാം വിലക്കുന്ന അസബിയ്യത്തില്‍ പെട്ടതാണ്. മൂന്ന് കാര്യങ്ങള്‍ രക്ഷാ കവചവും മൂന്നു കാര്യങ്ങള്‍ നാശഹേതുവുമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഇഷ്ടത്തിലും കോപത്തിലും നീതിപുലര്‍ത്തുക, രഹസ്യമായും പരസ്യമായും അല്ലാഹുവിനെ ഭയപ്പെടുക, ഐശര്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും അവസ്ഥയില്‍ മിതത്വം സ്വീകരിക്കുക എന്നത് രക്ഷാ കവചങ്ങളില്‍ പെട്ടതാണ്. പിശുക്കിന് വിധേയപ്പെടുക, ഇഛയെ പിന്തുടരുക, പൊങ്ങച്ചം കാണിക്കുക എന്നിവ നാശഹേതുവാണ്. (ത്വബ്‌റാനി)

എല്ലാ കാര്യത്തിലും സന്തുലിതവും മധ്യമവുമായ നിലപാട് സ്വീകരിക്കുക എന്നതാണ് ശരീഅത്തിന്റെ ചൈതന്യം. ഖുര്‍ആന്‍ ഉമ്മതുന്‍ വസത്വ് എന്ന് മുസ്‌ലിം സമൂഹത്തെ വിശേഷിപ്പിച്ചത് (അല്‍ബഖറ ) അതിനാലാണ്.

ജനങ്ങളുമായുള്ള ഇടപഴകലുകളില്‍ സന്തുലിമായ നിലപാട് സ്വീകരിക്കുകയും സ്‌നേഹിക്കുന്നതും വെറുക്കുന്നതും തൃപ്തിപ്പെടുന്നതും കോപിക്കുന്നതുമെല്ലാം നീതിപൂര്‍വുമായിരിക്കണം. സ്‌നേഹം ഊട്ടിയുറപ്പിക്കാനും ശത്രുത നിര്‍മാര്‍ജനം ചെയ്യാനുമുള്ള യുക്തിപൂര്‍വമായ മാര്‍ഗമാണവും അതാണ്. സൗഹൃദത്തിന് തുരങ്കം വെക്കുന്ന പൈശാചിക ഇടപെടലുകള്‍ക്ക് കടിഞ്ഞാണ് ഇടാനും ഇതുമൂലം കഴിയുന്നു. ശത്രുത വെച്ചുപുലര്‍ത്തിയവരുമായി ചങ്ങാത്തം കൂടാന്‍ മനുഷ്യന് പലപ്പോഴും നിര്‍ബന്ധിതനാകാറുണ്ട്. അതിനാല്‍ തന്നെ വിയോജിക്കുന്നവരുടെ ഉള്ളിലെ സ്‌നേഹത്തെയും സ്‌നേഹിക്കുന്നവരുടെ അകത്തെ കോപത്തെയും കുറിച്ച് നാം ചിന്തിക്കണം.

വിദ്യാര്‍ഥിയായിരിക്കെ ഉണ്ടായി ഒരനുഭവം ഞാനോര്‍ക്കുന്നു. നല്ല വൈജ്ഞാനിക ശേഷിയുള്ള ഒരു ഉസ്താദിന്റെ ബോധന ശൈലി  വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് അരോചകമായി തോന്നി. അതിനാല്‍ തന്നെ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വിജ്ഞാനത്തെ കുറിച്ചും അധ്യാപനത്തെ കുറിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ സന്ദേഹമുണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുകയും സമ്മര്‍ദ്ധമുപയോഗിച്ച് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇന്ന് ആ നിലപാട് ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുകയും വീഴ്ചയില്‍ ഖേദിക്കുകയും ചെയ്യുന്നു. ഇത്തരം നിലപാടുകള്‍ നാം ജീവിതത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

മുന്‍വിധികളാണ് മിക്കവരെയും പ്രബോധനസരണിയില്‍ പ്രവേശിക്കുന്നതിനും അതിനെ കുറിച്ച് മനസ്സിലാക്കുന്നതില്‍ നിന്നും തടയുന്നത്. വ്യാജപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചലുകള്‍ക്കിടയില്‍ സത്യപ്രബോധനം പലപ്പോഴും ജനം തിരസ്‌കരിക്കപ്പെടുന്നു. നീചന്മാര്‍ മാത്രമല്ല, നന്മേഛുക്കളായ നിഷ്‌കളങ്കര്‍ വരെ ഇതിലകപ്പെടുന്നു. അറിയാത്ത കാര്യങ്ങളില്‍ ബുദ്ധി ഉപയോഗിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നും നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ബുദ്ധിശക്തിയെ കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുമെന്നും ഖുര്‍ആന്‍ വിവരിക്കുന്നു. മാത്രമല്ല, ഊഹങ്ങളെ അനുഗമിക്കുന്നതിനെ ഇസ്‌ലാം ശക്തമായി വിലക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും സന്തുലിത നിലപാട് സ്വീകരിക്കുക, അവധാനതയോടെ കാര്യങ്ങളെ മനസ്സിലാക്കുക, പിന്തുണക്കുമ്പോഴും എതിര്‍ക്കുമ്പോഴും പരിധിയും നിയന്ത്രണവുമുണ്ടാകുക എന്നത് യാഥാര്‍ഥ്യബോധമുള്ള ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

നമ്മുടെ പാത ദൈര്‍ഘ്യമേറിയതും പ്രയാസങ്ങള്‍ താണ്ടാനുമുള്ളതാണ്. നിരവധി പ്രതിസന്ധികള്‍ നിറഞ്ഞതാണ് നമ്മുടെ ജീവിതം. നമ്മുടെ ശത്രുക്കള്‍ അംഗബലത്തിലും ആയുധബലത്തിലും മുന്നില്‍ നില്‍ക്കുന്നവരും എപ്പോഴും ഉണര്‍ന്നിരിക്കുന്നവരുമാണ്. എങ്കിലും നമുക്ക് വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത്. ജനങ്ങളുടെ വൈവിധ്യങ്ങളായ ശേഷികളെ നിങ്ങള്‍ മാനിക്കണം. വാഗ്വാദങ്ങളിലും തര്‍ക്കങ്ങളിലുമായി നിങ്ങളുടെ സമയം നിങ്ങള്‍ കവര്‍ന്നെടുക്കരുത്. വളരെ പണിപ്പെട്ട നെയ്‌തെടുത്തു ഭദ്രമാക്കിയ വസ്ത്രത്തെ നിമിഷ നേരം കൊണ്ട് നൂലിഴകള്‍ പിരിച്ചു ഇല്ലാതാക്കിയവളെ പോലെയാകരുത് നിങ്ങള്‍. വ്യക്തികളുടെ വൈവിധ്യമായ ശേഷികള്‍ നമ്മുടെ സമൂഹത്തിന്റെ സമ്പത്താണ്. ഓരോ വ്യക്തിയുടെ ആയുസ്സും ഈ സമൂഹത്തിന്റെ ആയുസ്സാണ്. അതിനാല്‍ തന്നെ വാഴ്ത്തലുകളിലും വിമര്‍ശനങ്ങളിലും തീവ്രമായ സമീപനം ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. നമ്മുടെ സാമൂഹിക ജീവിതത്തില്‍ സന്തോഷവും ഊഷ്മളതയും നിലനില്‍ക്കാനും അത് അനിവാര്യമാണ്.

വിവ: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles