Current Date

Search
Close this search box.
Search
Close this search box.

വിപ്ലവ മാര്‍ഗത്തിലെ തടസ്സങ്ങള്‍

blockade.jpg

1. ചിദ്രതയും അനൈക്യവും: ചിദ്രത, അനൈക്യം എന്നിവയില്‍ നിന്ന് അതീവ ജാഗ്രത പുലര്‍ത്താന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു. കാരണമത് ഉമ്മത്തിന്റെ ഐക്യത്തിനും ഭാവിക്കും അവ വലിയ അപകടം വരുത്തും. അല്ലാഹു പറയുന്നു ‘അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.’ ഒരു ലക്ഷ്യത്തിനുവേണ്ടി ഐക്യപ്പെടാതെ നാം ഉദ്ദേശിക്കുന്ന വിപ്ലവം സാധ്യമാവുകയില്ല. കാരണം അനൈക്യം വിപ്ലവത്തിന്റെ അന്തകനാണ്. സേഛ്വാധിപത്യ വ്യവസ്ഥയെ ജനകീയ വിപ്ലവത്തിലൂടെ പിഴുതെറിഞ്ഞ ശേഷം ആഭ്യന്തരകലഹങ്ങള്‍ മൂലം ലക്ഷ്യസാധൂകരണത്തില്‍ പരാജയപ്പെടുക എന്നത് സമൂഹം എങ്ങനെ സ്വീകരിക്കും? നഷ്ടപ്പെട്ട സ്വാതന്ത്ര്യം, രക്തവും ജീവനും നല്‍കി ഇഛാശക്തിയിലൂടെ വീണ്ടെടുത്തശേഷം അനൈക്യംമൂലം മരീചികയായി മാറുന്നത് ഏത് സമൂഹമാണ് തൃപ്തിപ്പെടുക?

 

പരാജയത്തിന്റെ സഹയാത്രികനാണ് അനൈക്യം. പരസ്പര കലഹം പരാജയത്തെ പടക്കുന്നു. അതിനാലാണ് അല്ലാഹു തന്റെ ദാസന്‍മാരോട് ഇപ്രകാരം അരുളിയത്. ‘നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു’ ഇത് അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. ‘അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല’. വിപ്ലവവാഹകര്‍ തമ്മിലുള്ള സാഹോദര്യം യോജിപ്പിന്റെയും സഹകരണത്തിന്റെയും കൂടിയാലോചനയുടെയും ഫലത്തില്‍ രൂപപ്പെടുന്ന ഭദ്രമായ കോട്ടയായിരിക്കണം. അതില്‍ വിദ്വേഷത്തിനോ ഭിന്നിപ്പിനോ സ്ഥാനമുണ്ടാവരുത്. രാഷ്ട്രീയം സാമ്പത്തികം സാമൂഹികം ശാസ്ത്രീയം സാംസ്‌കാരികം തുടങ്ങി ഒരുമ്മത്തിന്റെ നവോത്ഥാനത്തിന് ഹേതുവാകുന്ന എല്ലാവഴികളും സകലദൗര്‍ബല്ല്യങ്ങളില്‍ നിന്നും മുക്തമായിരിക്കണം.

 

അനൈക്യത്തെ എങ്ങനെ മറികടക്കാം?
അഭിപ്രായാന്തരങ്ങള്‍ അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. പക്ഷെ അവയൊരിക്കലും ഭിന്നിപ്പിനും അനൈക്യത്തിനും വഴിയൊരുക്കരുത്. വീക്ഷണവൈജാത്യങ്ങളെയും അഭിപ്രായാന്തരങ്ങളെയും ക്രിയാത്മകമായി സമീപിക്കാന്‍ നമുക്ക് കഴിയണം. വിപ്ലവവാഹകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വിദ്വേശത്തിലേക്കും വിഭാഗീയതയിലേക്കും എത്തുമ്പോള്‍ പരസ്പര സഹകരണം തകരും. മാനസികമായ അകല്‍ച്ച ഉടലെടുക്കും. ശത്രുക്കള്‍ ആഗ്രഹിക്കുന്ന ദൗര്‍ബല്യത്തിനവ വഴിയൊരുക്കും. അവരുടെ ആദരണീയതയും പ്രതാപവും ഐക്യവും നഷ്ടപ്പെടും. ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണ്. അതിന്റെ പ്രാരംഭം തര്‍ക്കവിതര്‍ക്കങ്ങളും അപ്രധാനകാര്യങ്ങള്‍ക്ക് അങ്ങേയറ്റ പരിഗണന നല്‍കലുമാണ്. പ്രവാചകന്‍(സ)പറഞ്ഞു: ‘ഒരു ജനതയും അവരില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്ത ശേഷമല്ലാതെ സന്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല’. ‘അല്ലാഹു കാര്യങ്ങളില്‍ ഉത്തമമായതിനെ ഇഷ്ടപ്പെടുകയും നീചമായതിനെ വെറുക്കുകയും ചെയ്യുന്നു. ചിന്തകളിലോ വീക്ഷണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ പ്രകടമാകുന്ന അഭിപ്രായവ്യത്യാസങ്ങളോടൊപ്പം ദേഹേച്ചക്കടിപ്പെടാത്ത ഹൃദ്യമായ ബന്ധവുമുണ്ടായിരിക്കണം. ശഹീദ് ഹസനുല്‍ ബന്നാ നിരന്തരമായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ‘നാഥാ നിനക്കറിയാം, ഈ ഹൃദയങ്ങള്‍ ഒരുമിച്ചുകൂടിയത് നിന്നോടുള്ള സ്‌നേഹത്തിലാണ്, നിന്നോടുള്ള അനുസരണത്തില്‍ ഇവര്‍ ചേര്‍ന്നുനിന്നു, നിന്റെ പ്രബോധനമാര്‍ഗത്തില്‍ ഇവര്‍ ഐക്യപ്പെട്ടു. നിന്റെ ദീനിന്റെ വിജയത്തിന് വേണ്ടിയാണ് ഇവര്‍ കരാര്‍ ചെയ്തത്.’ ഈ ഐക്യവും ചേര്‍ച്ചയും പാരസ്പര്യവും നിലനിര്‍ത്താന്‍ വിപ്ലവവാഹകര്‍ എന്ന നിലക്ക് നാം ബാധ്യസ്ഥരാണ്.

 

യഥാര്‍ത്ഥ ഇസ്‌ലാമിക വീക്ഷണത്തിലൂടെ അനൈക്യം ഇല്ലായ്മ ചെയ്യാം
എല്ലാ വിധ ചിദ്രതയും ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗമാണ് ഇസ്‌ലാമിനെ യ്ഥാര്‍ത്ഥ ജീവിത വ്യവസ്ഥയായി മനസ്സിലാക്കുകയെന്നത്. ഭിന്നിച്ച ഹൃദയങ്ങള്‍ കാര്യങ്ങള്‍ ശരിയാംവണ്ണം ഗ്രഹിക്കാന്‍ കഴിയാത്ത ചിന്താശൂന്യരുടെ സ്ഥാനത്താണ്. നമ്മുടെ താല്‍പര്യങ്ങള്‍ക്കപ്പുറം സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് നാം മുന്‍ഗണന നല്‍കണം. പ്രവാചകന്‍(സ)യുടെ മഹിതമാതൃകകള്‍ പിന്തുടര്‍ന്ന് ഐക്യത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്തംഭങ്ങളില്‍ ലോകത്ത് സമാധാനവും നിര്‍ഭയത്വവും വ്യാപിപ്പിക്കുവാന്‍ നമുക്ക് കഴിയണം. പ്രവാചകന്‍(സ) ഇസ്‌ലാമിക പ്രബോധനദൗത്യം ആരംഭിക്കുന്നതിനു മുമ്പ്തന്നെ മക്കക്കാരുടെ ഐക്യപ്പെടലില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതായി കാണാം. ഹജറുല്‍ അസ്‌വദ് തല്‍സ്ഥാനത്ത് വെക്കുന്നതില്‍ ഗോത്രങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ രമ്യമായി നബി(സ) പരിഹരിച്ചു. പ്രവാചകത്വത്തിന് മുമ്പ് എല്ലാ ഗോത്രനേതാക്കളും യോജിച്ച ഫുളൂല്‍ സഖ്യത്തെക്കുറിച്ച് പ്രവാചകന്‍(സ)സ്മരിച്ചപ്പോള്‍ പറഞ്ഞു.’അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടില്‍ വെച്ച് ചേര്‍ന്ന ഫുളൂല്‍ സഖ്യത്തില്‍ ഞാന്‍ പങ്കുചേര്‍ന്നു. ഇസ്‌ലാമിക കാലത്ത് അത്തരത്തിലുള്ള കരാറിന്നായി എന്നെ ക്ഷണിക്കപ്പെട്ടാല്‍ ഞാന്‍ പങ്കെടുക്കും’.

 

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles