Current Date

Search
Close this search box.
Search
Close this search box.

വിഡ്ഢികളായ യാത്രക്കാര്‍

travellor.jpg

ആളുകള്‍ തങ്ങളുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞു പോകുമ്പോള്‍ ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഞാന്‍ അവരോട് പറയാറുള്ളത് ഇങ്ങനെയാണ്: നന്നെ ചുരുങ്ങിയത് കഴിഞ്ഞു പോയ വര്‍ഷത്തെ ഒരു വിലയിരുത്തി അതിന്റെ മൂല്യം കണക്കാക്കൂ, എന്നിട്ട് നിങ്ങള്‍ സന്തോഷിക്കുകയോ ദുഖിക്കുകയോ ചെയ്‌തോളൂ. അല്ലാതെ ആയുസ്സ് കടന്നു പോവുകയും, പാപങ്ങള്‍ അധികരിക്കുകയും, നേട്ടങ്ങള്‍ കുറയുകയും, വിചാരണ അടുത്ത് വരികയുമാണെങ്കില്‍ എങ്ങനെയാണ് മനുഷ്യന്‍ അതില്‍ സന്തോഷിക്കുക?

യൗവ്വനത്തിന്റെ ഘട്ടത്തിലേക്ക് അടുക്കുന്നവരെന്ന നിലയില്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്കുള്ള സന്തോഷം എനിക്ക് മനസ്സിലാക്കാനാകും. എന്നാല്‍ തങ്ങളുടെ അന്ത്യത്തോട് അടുത്തു കൊണ്ടിരിക്കുന്ന മുതിര്‍ന്നവര്‍ അതാഘോഷിക്കുമ്പോള്‍ വിഡ്ഢിത്തമായിട്ടല്ലാതെ അതിന് കാണാന്‍ എനിക്കാവുന്നില്ല. ഇങ്ങനെ ആഘോഷിക്കുന്നവര്‍ അതിന് മുമ്പായി തന്റെ കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തേണ്ടതുണ്ട്.

ജീവിതത്തിലൂടെ യാത്ര ചെയ്യുന്നവരിലേക്ക് നോക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ തെളിയുന്നത് സമീപകാല ഓര്‍മകളാണ്. ജീവിതമെന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു യാത്രയാണ്. അത് കടലിലൂടെയോ കരയിലൂടെയോ ആകാശത്തിലൂടെയോ ആവാം. അതിലെ ദിവസങ്ങള്‍ കരക്കടുക്കുന്നതോ മുങ്ങുന്നതോ ആയ ബോട്ടു പോലെയാണ്. മറയുന്നത് വരെ അകന്നു പോകുന്ന ട്രെയിന്‍ പോലെയാണത്.

യാത്രയില്‍ കൂടെ കരുതാനുള്ള വിഭവങ്ങളും മുന്നൊരുക്കങ്ങളും വളരെ കുറച്ച് മാത്രം ചെയ്യുന്ന വിഡ്ഢികളായ യാത്രക്കാരാണ് പലപ്പോഴും നമ്മള്‍. അതേസമയം ബാഹ്യമോടികള്‍ക്ക് നാം അമിത ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നു. വഴിയിലെ പര്‍വതങ്ങളും മരങ്ങളും മരുഭൂമിയും പച്ചപ്പുമെല്ലാം കണ്ണിമ വെട്ടാതെ നാം പിന്തുടരുന്നു. യാത്ര തുടങ്ങിയത് മുതലുള്ള ദൂരം നാം മറക്കുന്നു. വഴിയുടെ അന്ത്യത്തില്‍ എത്താറായിരിക്കുന്നു എന്നതിനെ കുറിച്ചും നാം അശ്രദ്ധരാവുന്നു.

ഇങ്ങനെ അശ്രദ്ധനായ ഒരു യാത്രക്കാരന്‍ താന്‍ പിന്നിട്ട ദൂരത്തെയോര്‍ത്ത് സന്തോഷിക്കുന്നതെന്തിനാണ്? പാതയുടെ അവസാനത്തോടടുക്കുമ്പോഴുള്ള അവന്റെ സന്തോഷത്തിന് എന്തര്‍ത്ഥമാണുള്ളത്?

നാം യാത്ര ചെയ്യുന്ന ഓരോ ദിവസവും അന്ത്യത്തോട് അടുക്കുകയാണ്. വിളവെടുപ്പല്ലാതെ മറ്റൊന്നുമില്ല. ദുഖമാണോ അതല്ല സന്തോഷമാണോ കാത്തിരിക്കുന്നതെന്ന് അവിടെയാണ് തീരുമാനിക്കപ്പെടുക.

കാലത്തിന്റെ കടന്നു പോക്കിനെ കുറിച്ച അശ്രദ്ധയില്‍ കഴിഞ്ഞവര്‍ വിചാരണാ നാളുകളെ കാത്തിരിക്കുമ്പോള്‍ എങ്ങനെയാണത് ആഘോഷിക്കുക? അന്ത്യത്തില്‍ തന്നെ കാത്തിരിക്കുന്നത് വേദനകളാണെങ്കില്‍ എങ്ങനെയാണ് ഒരാള്‍ക്ക് സന്തോഷിക്കാനാവുക!

പ്രവാചകന്‍(സ) നമുക്ക് ജീവിതത്തിന്റെ അര്‍ഥം വരച്ചു കാണിച്ചു തരുന്നുണ്ട്. നബി(സ) പറയുന്നു: ‘എനിക്ക് ഐഹിക ലോകവുമായി എന്ത് ബന്ധമാണുള്ളത്? മരച്ചുവട്ടില്‍ തണല്‍കാഞ്ഞ ശേഷം അതുപേക്ഷിച്ച് പിന്നെയും യാത്രതുടരുന്ന യാത്രക്കാരനെ പോലെ മാത്രമാണ് ഞാന്‍ ഈ ലോകത്ത്.’ യാത്രക്ക് പാഥേയവും നല്ല സഹയാത്രികരും മുന്നൊരുക്കവും ആവശ്യമാണെന്ന ബോധമാണ് നമ്മുടെ മനസ്സുകളിലേക്കത് പകര്‍ന്നു നല്‍കേണ്ടത്. ശാശ്വത ജീവിതത്തിലേക്കുള്ള യാത്രക്കാരെന്ന നിലയില്‍ ഐഹിക വിഭവങ്ങളില്‍ ആസക്തനായി അവന്‍ നിന്നു പോകരുത്. യാത്രികന്‍ ഒരിക്കലും താന്‍ എത്തിപ്പെട്ട സ്ഥലത്തിന്റെ മനോഹാരിതയില്‍ മയങ്ങിപ്പോകരുത്. തങ്ങള്‍ വിടപറയേണ്ടുന്ന അതിനെ മോടിപിടിപ്പിക്കാനായി കിണഞ്ഞു ശ്രമിക്കുകയും വേണ്ട. തങ്ങള്‍ക്ക് ഒരിക്കലും പിടിതരാത്ത വേട്ടമൃഗത്തിന്റെ പുറകെ പോകുകയും അരുത്.

നല്ല യാത്രികനെ സംബന്ധിച്ചിടത്തോളം എപ്പോഴും അവന്റെ കണ്‍മുന്നിലുണ്ടാവുക ലക്ഷ്യസ്ഥാനമായിരിക്കും. അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്ന അവന്റെ സ്വപ്‌നങ്ങളും അതിനെ ചുറ്റിപ്പറ്റിയായിരിക്കും. അതവരെ അതിന്റെ പാതയില്‍ മുന്നോട്ടു ചലിപ്പിക്കും. ആത്മാര്‍ഥമായി വിയര്‍പ്പൊഴുക്കി, ഉറക്കമിളച്ച് താനുണ്ടാക്കിയ വിളവ് കൊയ്‌തെടുക്കാനുള്ള മനസ്സുമായിട്ടായിരിക്കും അവരുടെ പ്രയാണം. ”അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമായി അവര്‍ക്കുവേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട, കണ്‍കുളിര്‍പ്പിക്കുന്ന സമ്മാനം ഒരാള്‍ക്കും അറിഞ്ഞുകൂടാ.” അതറിയാനുള്ള ആകാംക്ഷയോടെ ധൃതിയില്‍ അവരുടെ കാലുകള്‍ മുന്നോട്ടു നയിക്കും.

വിവ: നസീഫ്

Related Articles