Current Date

Search
Close this search box.
Search
Close this search box.

വാഹനം വാടകയ്‌ക്കെടുത്ത പ്രസിഡന്റ്

KHALIFA.jpg

ഒരിക്കല്‍ ഖലീഫയായ ഉമറുബ്‌നുല്‍ ഖത്താബ്(റ) ചില ആവശ്യങ്ങള്‍ക്കായി ഒരു കുതിരയെ വാടകക്ക് എടുത്തു. കുതിരപ്പുറത്ത് സഞ്ചരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ചുമലിലുണ്ടായിരുന്ന ഷാള്‍ താഴെ വീണു. എന്നാല്‍ ഉമര്‍(റ) ഇത് ശ്രദ്ധിച്ചിരുന്നില്ല. ഷാള്‍ വീണുപോയ സ്ഥലത്തു നിന്നും ഏറെ ദൂരം മുന്നോട്ട് പോയ ഉമറിനോട് വഴിയില്‍ വെച്ച് കണ്ട ഒരാളാണ് ഷാള്‍ ചുമലില്‍ നിന്ന് വീണുപോയ കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. ഉടനെ ഉമര്‍ കുതിരപ്പുറത്തു നിന്ന് ഇറങ്ങുകയും അയാളോട് കുറച്ചു നേരത്തേക്ക് കുതിരക്ക് കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് വന്ന വഴി തന്നെ ഉമര്‍(റ) തിരിച്ചു നടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഉമര്‍ ആ പുതപ്പുമായി തിരിച്ചുവന്നു. അപ്പോള്‍ കുതിരക്ക് കാവല്‍ നിന്ന മനുഷ്യന്‍ ഉമറിനോട് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു.

കുതിരപ്പുറത്ത് തന്നെ തിരിച്ചുപോകുന്നതിന് പകരം എന്തുകൊണ്ടാണ് താങ്കള്‍ കാല്‍നടയായി പോയതെന്നായിരുന്നു അയാളുടെ ആദ്യത്തെ ചോദ്യം. അതിന് ഉമര്‍(റ) പറഞ്ഞ മറുപടി: ”കുതിര എന്റേതല്ല, പോകുന്ന വഴിക്ക് തന്റെ ഷാള്‍ വീണാല്‍ ഈ കുതിരയില്‍ തിരിച്ചുപോയി എടുക്കാം എന്നൊരു കരാര്‍ ഇതിന്റെ യജമാനനുമായി ഞാന്‍ ഉണ്ടാക്കിയിട്ടില്ല” എന്നാണ്. രണ്ടാമതായി ആ മനുഷ്യന്‍ ചോദിച്ചത്, ”താങ്കള്‍ ഈ നാട്ടിലെ ഖലീഫയാണ്. അപ്പോള്‍ ഒരു സാധാരണ പ്രജയായ എന്നെ ഷാള്‍ എടുത്തുകൊണ്ടു വരാന്‍ നിയോഗിക്കുന്നതിന് പകരം താങ്കള്‍ സ്വയം പോയത് എന്തുകൊണ്ടാണ്?” അതിനും പുഞ്ചിരിച്ചുകൊണ്ട് ഉമര്‍(റ) മറുപടി പറഞ്ഞു: ”എന്റെ കാര്യങ്ങള്‍ക്ക് വേണ്ടി താങ്കളെ നിയോഗിക്കാനുള്ള അധികാരം എനിക്കാരും നല്‍കിയിട്ടില്ല.’ ആ മനുഷ്യന്‍ അതിശയിച്ചു നില്‍ക്കേ ഉമര്‍(റ) തന്റെ കുതിരയോടിച്ചു പോയി.

ഒരു കുതിരയെ വാടകയ്‌ക്കെടുത്ത ഉമറിന് അതിനെ യജമാനന് തിരികെ ഏല്‍പിക്കുന്നത് വരെ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ ഉമര്‍(റ) ചെയ്ത കരാര്‍ ഇന്നയിടം വരെ പോയി തിരിച്ചുവരണം എന്നായിരുന്നു. അതിലുപരിയായി ആ മൃഗത്തെ ഉപയോഗിക്കാതിരിക്കാന്‍ മാത്രം സൂക്ഷ്മത ഉമര്‍(റ) കാണിച്ചു. രാജ്യകാര്യങ്ങള്‍ മുഴുവന്‍ നോക്കി നടത്തുന്ന ഖലീഫക്ക് തന്റെ ഷാള്‍ എടുത്തു നല്‍കുവാന്‍ ആ പ്രജയോട് മാനുഷികമായ അഭ്യര്‍ത്ഥനയെങ്കിലും നടത്താമായിരുന്നു. എന്നാല്‍ തനിക്ക് ചെയ്യാവുന്ന ഒരു കാര്യം അന്യനെ ഏല്‍പിക്കുന്നതില്‍ പോലും ഒരു അഹംഭാവം മനസ്സിലാക്കുകയാണ് ഉമര്‍(റ) ചെയ്തത്. അത്രത്തോളം ജാഗ്രതയും സൂക്ഷ്മതയും ജീവിതത്തില്‍ പുലര്‍ത്തിയവരായിരുന്നു പ്രവാചകന്റെ സ്വഹാബിമാര്‍.

വിവ: അനസ് പടന്ന

Related Articles