Current Date

Search
Close this search box.
Search
Close this search box.

വസന്തകാലം ആസ്വദിക്കുക ആസ്വദിപ്പിക്കുക

വ്രതം നിങ്ങള്‍ക്കും കല്‍പിക്കപ്പെട്ടിരിക്കുന്നു, കഴിഞ്ഞുപോയ സമൂഹങ്ങള്‍ക്ക് കല്‍പിക്കപ്പെട്ടതുപൊലെ എന്ന ദൈവ കല്‍പന ഗൃഹാതുരത്വ ഭാവത്തോടെ പെയ്തിറങ്ങുന്ന നാളുകള്‍ ഇതാ സമാഗതമായിരിക്കുന്നു. വിശ്വാസികള്‍ എല്ലാ അര്‍ഥത്തിലും ആത്മ സംസ്‌കരണത്തിന്റെ പുണ്യമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്. ഇസ്‌ലാമിക കര്‍മ്മങ്ങളില്‍ പൊതുവെ ദര്‍ശിക്കാവുന്ന സാമൂഹികതയുടെ ഉദാത്തമായ ഭാവം റമദാനിലും അത്യന്തം പ്രശോഭിതമായി പ്രതിഫലിക്കുന്നുണ്ട്.

മുന്‍ കഴിഞ്ഞ സമൂഹങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ആഹ്വാനത്തിലൂടെ കേവല സാമുദായിക വട്ടത്തില്‍ നിന്നും വിശാലമായ ഒരു സാമൂഹിക വൃത്തത്തിലേയ്ക്ക് വിശ്വാസി കൈപിടിച്ചുയര്‍ത്തപ്പെടുന്നുണ്ട്. ഇങ്ങനെ ഉയര്‍ത്തപ്പെട്ട വിതാനത്തിലാണ് താനെന്ന തിരിച്ചറിവ് വിശ്വാസിക്ക് നഷ്ടമാകുമ്പോള്‍ ദൈവ വചനങ്ങളുടെ ചൈതന്യം നിഷ്പ്രഭമാകും. വിശ്വാസപരമായ പാഠങ്ങള്‍ പഠിപ്പിക്കപ്പെടുമ്പോള്‍ പോലും അതിവിശാലമായ മാനസിക ഭാവമാണ് വിശ്വാസിയില്‍ പ്രചോദിപ്പിക്കപ്പെടുന്നത്. അന്ത്യ ദൂതരിലും മുമ്പുള്ള ദൂതന്മാരിലും വിശുദ്ധ വേദത്തിലും ഇതിനു മുമ്പ് അവതീര്‍ണ്ണമായതിലും എന്നീ അധ്യാപനങ്ങളുടെ ബോധന താല്‍പര്യം വേണ്ടവിധം ഗ്രാഹ്യമാകാത്ത സാംസ്‌കാരിക പരിസരത്ത് ഈ പ്രചോദനം ഫലം ചെയ്യുകയില്ല.

വിശ്വാസിയുടെ സാംസ്‌കാരിക ഭൂമികയെ ക്രമപ്പെടുത്തുന്നത് അഞ്ചു സമയങ്ങളിലെ നമസ്‌കാരമാണ്. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയുന്ന ഘടകവും നമസ്‌കാരമാണ്. ജീവിത വ്യവഹാരങ്ങളില്‍ ഏറെ പ്രയോജനപ്രദമായ സദ്ഗുണങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും വിശ്വാസിയുടെ ജീവിതത്തില്‍ സന്നിവേശിപ്പിക്കുന്ന സര്‍ഗാത്മകമായ പ്രക്രിയ നമസ്‌കാരകര്‍മ്മത്തിലൂടെ സാധ്യമാകേണ്ടതുണ്ട്. സമയബന്ധിതമായ നമസ്‌കാരം അഥവ സമയ നിഷ്ഠ. ഇതു തന്നെയാണ് ഇതിലെ ആദ്യത്തെ ശിക്ഷണം. ശുചിത്വം, സാമൂഹിക ബോധം, അച്ചടക്കം, അനുസരണ ശീലം, സമര്‍പ്പണ സന്നദ്ധത തുടങ്ങിയ സകല ഗുണങ്ങളും നമസ്‌കാരത്തിലൂടെ വിശ്വാസിക്ക് ആര്‍ജിക്കാനാകും.

വിധിക്കപ്പെട്ട പഞ്ച കര്‍മ്മങ്ങളില്‍ ആദ്യമായി എണ്ണപ്പെട്ട സത്യ സാക്ഷ്യത്തെ സാക്ഷാല്‍കരിക്കാന്‍  സഹായിക്കും വിധമായിരിക്കണം ഒരോ കര്‍മ്മവും. സംസ്‌കാര സമ്പന്നനായ, മ്‌ളേച്ചതകളില്‍ നിന്നും മുക്തനായ, സേവന സാന്ത്വന സന്നദ്ധനായ വിശ്വാസി ചരിത്രത്തിന്റെ കനല്‍ പഥങ്ങളില്‍ പ്രവാചകന്റെ പ്രതിനിധിയായി ഉണര്‍ന്നെഴുന്നേല്‍ക്കുന്നു എന്നതായിരിക്കണം ഈ കര്‍മ്മങ്ങളുടെ ധര്‍മ്മം.

ഇത്തരത്തില്‍ കര്‍മ്മങ്ങളിലൂടെ ഊര്‍ജജസ്വലാനായ വിശ്വാസിക്ക് പരിശുദ്ധ റമദാന്‍ പുണ്യങ്ങളുടെ വസന്തകാലം. അല്ലാത്തവര്‍ക്ക് ആണ്ടറുതിയിലെത്തുന്ന ഉത്സവക്കാലവും. വസന്തത്തെ വരവേല്‍ക്കുന്നവരുടെ കര്‍മ്മ മണ്ഡലവും ഉത്സവത്തെ വരവേല്‍ക്കുന്നവരുടെ ആവേശഭൂമികയും വിശ്വാസി സമൂഹത്തിലെ രണ്ട് തലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ഖേദകരം; ആവേശഭൂമികയുടെ വക്താക്കളാണ് പൊതു സമൂഹത്തിന്റെ ദൃഷ്ടിയില്‍ ഇസ്‌ലാമിന്റെ പ്രായോക്താക്കള്‍. ഇവരുടെ ചെയ്തികള്‍ ചേര്‍ക്കപ്പെടുന്നതാകട്ടെ ശുദ്ധമായ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കണക്ക് ബുക്കിലും. ഈ മഹാപിള്ളമാരുടെ സംസ്‌കരണം അവഗണിക്കപ്പെടാവതല്ല, കാരണം പൊതു സമൂഹത്താല്‍ ഏറെ വായിക്കപ്പെടുന്നവരാണിവര്‍ .  

നന്മയുടെ ഒരോ പൂവില്‍നിന്നും ആര്‍ജിക്കാവുന്നത്ര നുകര്‍ന്നെടുത്ത് സംഭരിക്കാനുള്ള പ്രയത്‌നങ്ങള്‍ സജീവമാകട്ടെ. റമദാനിലെ വിശ്രമമില്ലാത്ത അജണ്ടയില്‍ ആത്മ സംസ്‌കരണത്തിനുതകുന്ന പുണ്യങ്ങളുടെ വസന്തകാലത്തെ ആവോളം ആസ്വദിക്കുക എന്നതിലുപരി ആസ്വദിപ്പിക്കാനും സാധ്യമാകട്ടെ…

Related Articles