Current Date

Search
Close this search box.
Search
Close this search box.

ലോകത്ത് നീതിയും ന്യായവും ഇല്ലാതാകുന്നതെന്തുകൊണ്ട്?

dry.jpg

ലോകത്ത് നീതിയും ന്യായവും ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ആഴത്തില്‍ ചിന്തിക്കാന്‍ ശ്രമിച്ചാല്‍ ഈ അരക്ഷിതാവസ്ഥക്ക് അജ്ഞതയല്ലാതെ വേറെയും കാരണങ്ങളുണ്ടെന്ന് മനസ്സിലാക്കാനാവും. ചെറിയൊരു ചിന്തകൊണ്ടുതന്നെ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യര്‍ക്ക് – വര്‍ഗ-വര്‍ണ-ജാതി വ്യത്യാസമില്ലാതെ, ഏതു നാട്ടുകാര്‍ക്കും ഏത് കാലക്കാര്‍ക്കും- ജീവിക്കാന്‍ അവകാശമുണ്ട്. വ്യക്തി-കുടുംബ-സമൂഹ തലങ്ങളില്‍ ഈ അവകാശം സംരക്ഷിക്കപ്പെടണം. അവര്‍ക്ക് ജീവിക്കാന്‍ മാത്രമല്ല തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാനും അവര്‍ക്ക് അവകാശമുണ്ട്. അതുപോലെതന്നെ സുരക്ഷിതത്വവും നിര്‍ഭയത്വവും നീതിയും പ്രതാപവും ആത്മാഭിമാനവും ആദരണീയതയും അനുഭവിക്കാന്‍ എല്ലാവര്‍ക്കും തുല്യാവകാശമുണ്ട്.

മാനുഷിക സുഭിക്ഷത എന്നതിനര്‍ഥം ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെയോ കുടുംബത്തിന്റെയോ സമൂദായത്തിന്റെയോ സുഭിക്ഷതയല്ല. മനുഷ്യസമൂഹത്തിലെ എല്ലാ വ്യക്തികളുടെയും സുഭിക്ഷതയാണത്. ഒരു സമൂഹത്തിലെ ഒരാള്‍ സുഭിക്ഷത അനുഭവിക്കുകയും ധാരാളം പേര്‍ പ്രയാസപ്പെടുകയുമാണെങ്കില്‍ മാനവകുലം സുഭിക്ഷതയിലാണെന്ന് പറയാനാവില്ലല്ലോ! അതുപോലെതന്നെയാണ് സന്തോഷത്തിന്റെയും കാര്യം. നിങ്ങളില്‍ ഒരാള്‍ സന്തോഷത്തിലാണെങ്കില്‍ സമൂഹം സുസ്ഥിതിയിലാണെന്ന് പറയാന്‍ സാധിക്കില്ലല്ലോ! ഇവയാണ് സത്യമെങ്കില്‍ മാനുഷിക സുഭിക്ഷതയും സന്തോഷങ്ങളും സാക്ഷാല്‍കരിക്കുന്നതെപ്രകാരമാണ്?

മനുഷ്യര്‍ ഓരോ വ്യക്തിയും ചീര്‍പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്ന് തിരിച്ചറിയുന്ന ഒരു സൃഷ്ടാവായിരിക്കണം മനുഷ്യന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത് എന്നതാണ് ഈ സമത്വവും നീതിയും സാധ്യമാക്കാന്‍ ഏറ്റവും നല്ലവഴി. സ്വാര്‍ഥതകള്‍ക്കും പക്ഷപാതിത്വങ്ങള്‍ക്കും അതീതനായ ഒരു ശക്തിയായിരിക്കണം നിയമങ്ങള്‍ തീരുമാനിക്കുന്നത്. പ്രത്യേക വ്യക്തികളോടോ കുടുംബങ്ങളോടോ വര്‍ഗങ്ങളോടോ സമൂഹങ്ങളോടോ ഒരു ആഭിമുഖ്യവും ഉള്ളവനാകരുത് വിധികര്‍ത്താവ്. ജനങ്ങള്‍ സ്വമനസ്സാലെ ആരെയെങ്കിലും അനുസരിക്കണമെങ്കില്‍ അയാള്‍ വിധിപുറപ്പെടുവിക്കുന്നതില്‍ തെറ്റുകളും കുറവുകളും സംഭവിക്കാത്തവനാകണം. തന്റെ ഇച്ഛക്കനുസരിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും താല്‍പര്യങ്ങള്‍ക്കോ മുന്‍ഗണന നല്‍കി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരാകരുത്. ഒരാളുടെ കൂട്ടുകാരനും മറ്റൊരാളുടെ ശത്രുവുമാകരുത്. ഒരാളുടെ സഹായിയും മറ്റൊരാളുടെ എതിരാളിയുമാകരുത്. ആരിലേക്കും ഒരു ചായ്‌വും ഉള്ളവനാകരുത്.

ഇപ്രകാരമുള്ള ഒരു അജയ്യശക്തിയും നിഷ്പക്ഷനുമായ അധികാരിയില്ലാതെ മാനുഷികമായ സുഭിക്ഷതയും സന്തോഷവും നീതിയും ന്യായവും ഭൂമിയില്‍ സ്ഥാപിക്കപ്പെടുകയില്ല. ഭൂമില്‍നിന്ന് ശത്രുതയും അക്രമങ്ങളും അനീതികളും ഇല്ലാതാക്കാന്‍ അവന് മാത്രമേ സാധിക്കുകയുള്ളൂ. ഇതാണ് ഒരേയൊരു മാര്‍ഗം.

ഇത് നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ലോകത്ത് ഇത്തരത്തില്‍ ഒരാളോടും പ്രത്യേക മമത കാണിക്കാത്ത പൂര്‍ണനായ ഒരു മനുഷ്യനുണ്ടാകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുന്നുണ്ടോ! ഇത്ര ഋജുവും ശുദ്ധനുമായവനാരാണുണ്ടാവുക. മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളില്‍ നിന്നും മുക്തനായ ആരാണുണ്ടാവുക. ഇതെല്ലാം സാക്ഷാല്‍കരിക്കുക സര്‍വ്വശക്തനായ അല്ലാഹുവിന്റെ കാര്യത്തില്‍ മാത്രമായിരിക്കുമെന്ന് നമ്മുക്ക് ഉറപ്പിച്ച്പറയാം. ഇതില്‍ പങ്കുകാരായി അവന്റെ കൂടെ ആരുമില്ല.

എന്നാല്‍ മനുഷ്യന്റെ കാര്യമോ! അവന്‍ എത്രതന്നെ പരിശുദ്ധനും സല്‍വൃത്തനുമാണെങ്കിലും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും ചായ്‌വുകള്‍ക്കും അതീതനായിരിക്കില്ല അവന്‍. അവന് മാനുഷികമായ ചില ബന്ധങ്ങളും ബന്ധനങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കും. അവന്‍ ജനങ്ങളില്‍ ചിലരെ സ്‌നേഹിക്കുക്കുകയും, മറ്റുചിലരെ വെറുക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യന്റെ ദൗര്‍ബല്യം. എല്ലാ ന്യൂനതകളില്‍ നിന്നും ഒരാള്‍ മുക്തനായിരിക്കുകയെന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റേതല്ലാത്ത മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്ന, അവന്റെ രീതികളല്ലാതെ നടപ്പാക്കപ്പെടുന്ന എല്ലാ അധികാര മേഖലകളിലും അനീതിയും അക്രമങ്ങളും ശത്രുതയും വ്യത്യസ്ത രൂപങ്ങളില്‍ പ്രത്യക്ഷപ്പെടും.

ഇനി ഏത് കാലത്തും ഏത് ദേശത്തും ലോകത്ത് നിലനിന്ന ഭരണകൂടങ്ങളെ പരിശോധിച്ച് നോക്കുക. എന്തെങ്കിലും തരത്തിലുള്ള അന്യായങ്ങളും അനീതികളും അവയിലെല്ലാം നമുക്ക് കാണാനാവും. ഭരണാധികാരികളുടെ ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ നടപ്പിലാക്കുന്നവരുടെ താല്‍പര്യങ്ങള്‍ അതുമല്ലെങ്കില്‍ ഭരണീയരുടെ വികലവീക്ഷണങ്ങള്‍ ഇവയിലേതെങ്കിലും അതിനെ മലിനപ്പെടുത്തിയിട്ടുണ്ടാവും. രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും അധികാരപരിധിയില്‍ നിയമങ്ങളുണ്ടായിരിക്കും. പക്ഷെ ആ നിയമങ്ങള്‍ മറികടക്കുന്നവരും ഉണ്ടായിരിക്കും. ചിലര്‍ക്ക് ആ നിയമങ്ങള്‍ പ്രത്യേക പരിഗണന നല്‍കും. രാജാക്കന്മാരും അവരുടെ അടുത്ത ആളുകളും നിയമങ്ങള്‍ക്ക് അതീതരായിരിക്കും. ഇത്തരത്തില്‍ അക്രമം പ്രവര്‍ത്തിക്കാത്ത ഭൗതിക ഭരണകൂടങ്ങള്‍ കാണാനേ സാധിക്കില്ല.

എല്ലാ മനുഷ്യനിര്‍മിത നിയമങ്ങളിലും ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ പരിഗണന ലഭിക്കും. അവകാശങ്ങള്‍ വ്യത്യസ്തമായിരിക്കും. നിയമനിര്‍മാതാക്കള്‍ പരിശുദ്ധരായിരിക്കും, മറ്റുള്ളവര്‍ മ്ലേഛരും. അവര്‍ മാന്യരായിരിക്കും മറ്റുള്ളവര്‍ നിന്ദ്യരും. അവര്‍ ഉയര്‍ന്നവരായിരിക്കും മറ്റുള്ളവര്‍ താഴ്ന്നവരും. അവര്‍ ലാഭമുണ്ടാക്കാനുള്ളവരാണ്, മറ്റുള്ളവര്‍ കൊള്ളയടിക്കപ്പെടാനുള്ളവരും. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മറ്റുള്ളവരുടെ താല്‍പര്യങ്ങളെ അവര്‍ ബലികഴിക്കുന്നു. ഇത്തരം നിയമവ്യവസ്ഥകളെല്ലാം നീതിപൂര്‍വമാണെന്ന് നമുക്ക് വാദിക്കാന്‍ സാധിക്കുമോ! ഇത്തരം ആളുകള്‍ ഭരിക്കുന്ന രാജ്യത്ത് നീതിപൂര്‍വമായ നിയമം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാനാവുമോ?
തീര്‍ച്ചയായും നീതി സാധ്യമാകുന്നത് മനുഷ്യന്റെ ദൗര്‍ബല്യങ്ങളില്‍ നിന്ന് മുക്തനായ നിയമദാതാവിന്റെ നിയമത്തിന് കീഴില്‍ മാത്രമാണ്. ആ നിയമം ലോകത്ത് നടപ്പാക്കപ്പെടുന്നതോടെ ഭൂമിയില്‍ യഥാര്‍ഥ നീതിയും ന്യായവും പുലരും. തീര്‍ച്ച!

വിവ: ജുമൈല്‍ കൊടിഞ്ഞി       
 

Related Articles