Current Date

Search
Close this search box.
Search
Close this search box.

ലൈബ്രറിയില്‍ ഒരു ദിവസം

LIBRARY.jpg

ലൈബ്രറികള്‍ സ്റ്റുഡിയോകള്‍ പോലെയാണ്. ഒരു ശബ്ദവും കേള്‍ക്കാതെ പോകില്ല. പുസ്തകത്താളുകള്‍ മറിയുന്നതിന്റെയും ശ്വാസോച്ഛാസത്തിന്റെയും ശബ്ദം വരെ വളരെ കൃത്യമായി കേള്‍ക്കാം. ഷെല്‍ഫുകള്‍ക്കിടയിലൂടെ പുസ്തകം തേടി നടക്കുമ്പോള്‍ കാല്‍പെരുമാറ്റം കൊണ്ടുപോലും നിശബ്ദതയെ ഭഞ്ജിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ, ഹൃദയമിടിപ്പിന്റെ താളം മാത്രം എനിക്ക് നിയന്ത്രിക്കാന്‍ പറ്റിയില്ല. പതിവിലും ഉച്ചത്തിലാണോ അത് മിടിക്കുന്നത് എന്നുപോലും തോന്നിപ്പോയി. അപ്പോഴാണ് അകലെ എവിടെ നിന്നോ സുന്ദരമായൊരു ബാങ്കൊലി ലൈബ്രറി മുറിയിലേക്ക് ഒഴുകിയെത്തിയത്. എല്ലാവരും അതും ശ്രദ്ധിച്ച് നിശബ്ദമായി ഇരിക്കുകയാണെന്ന് എനിക്ക് തോന്നിപ്പോയി. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. നമസ്‌കരിക്കാന്‍ എവിടെയെങ്കിലും ഒരു സ്ഥലം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കോളേജില്‍ വെച്ച് ആദ്യമായാണ് ഇങ്ങനെയൊരു തോന്നല്‍. പക്ഷേ, ആളുകളുടെയൊക്കെ മുന്നില്‍ വെച്ച് ഞാന്‍ എങ്ങനെ നമസ്‌കരിക്കും? ആരെങ്കിലും എന്നെ ഭീകരവാദിയെന്നോ മതഭ്രാന്തയെന്നോ വിളിച്ചാലോ? നാളത്തെ പത്രങ്ങള്‍ എന്റെ ഫോട്ടോകളും വെച്ച് ഇറങ്ങുന്നത് ഞാന്‍ സങ്കല്‍പിച്ചു.

അണുമണിത്തൂക്കം പിഴക്കാത്ത ലൈബ്രറി ക്ലോക്കില്‍ പത്തു മിനുട്ട് കഴിഞ്ഞു. എനിക്കാണെങ്കില്‍ എങ്ങനെയെങ്കിലും നമസ്‌കരിക്കണം എന്ന ചിന്തയും. നമസ്‌കാരം ഒഴിവാക്കുന്നത് എന്തോ അപമാനമായി എനിക്ക് തോന്നി. പക്ഷേ, കോളേജ് ലൈബ്രറിയില്‍ എങ്ങനെ നമസ്‌കരിക്കും? എന്റെ മനോവിചാരം മനസ്സിലാക്കി ലൈബ്രേറിയന്‍ എനിക്ക് ഒരിടം കാണിച്ചു തന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. കുറച്ച് സമയം ചിന്തിച്ചിരുന്നപ്പോള്‍ ആളുകളുടെ കണ്ണെത്താത്ത ഒരിടം ഞാന്‍ കണ്ടെത്തി. ഉടനെ അവിടെ ഞാന്‍ നമസ്‌കരിക്കാനും ആരംഭിച്ചു. എന്നാല്‍ നമസ്‌കാരത്തിലെ ഓരോ ചലനവും ഭാരിച്ച പണിയായാണ് എനിക്ക് തോന്നിയത്. ആരെങ്കിലും കാണുമോ എന്ന ചിന്ത തന്നെയാണ് എന്നെ അലട്ടിയത്. പക്ഷേ, ഞാന്‍ കഴിയാവുന്നിടത്തോളം ചിന്ത അല്ലാഹുവിലേക്കും അവന്റെ സൃഷ്ടിപ്പിലേക്കുമൊക്കെ കേന്ദ്രീകരിച്ചു.

പക്ഷി-മൃഗാദികളും സസ്യ-ലതാദികളും നദികളും അരുവികളും എല്ലാം അവയുടേതായ രീതിയില്‍ മുടക്കമില്ലാതെ അവയുടെ സ്രഷ്ടാവിനെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ മാത്രമാണ് തന്റെ സ്രഷ്ടാവിനെ ഓര്‍ക്കുന്നതിലും അവനെ വണങ്ങുന്നതിലും വീഴ്ച വരുത്തുന്നത്. പ്രാര്‍ത്ഥന എന്നത് സ്രഷ്ടാവിനുള്ള വണക്കം മാത്രമല്ല, സ്വന്തം ആത്മാവിനുള്ള ഭക്ഷണം കൂടിയാണ്. അല്ലാഹു പറഞ്ഞത് അവനെ സ്മരിക്കുന്നതിലൂടെ ഹൃദയങ്ങള്‍ ശാന്തമാകുമെന്നാണ്. ഭക്ഷണം കഴിക്കുക, പാനം ചെയ്യുക, വ്യായാമങ്ങള്‍ ചെയ്യുക, ലൈംഗികബന്ധം പുലര്‍ത്തുക എന്നിങ്ങനെ ശാരീരികേച്ഛകള്‍ നാം പൂര്‍ത്തിയാക്കുന്നു. അതുപോലെ വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതിലൂടെ ബൗദ്ധികേച്ഛകളും നാം സഫലമാക്കുന്നു. എന്നാല്‍ നമ്മുടെ ശരീരത്തെ മൊത്തം ജീവസ്സുറ്റതാക്കുന്ന ആത്മാവിന്റെ അവകാശങ്ങളെ നാം വകവെച്ചു കൊടുക്കാറുണ്ടോ? സ്രഷ്ടാവിനെ കുറിച്ചുള്ള സ്മരണയാണ് ആത്മാവിനുള്ള വ്യായാമം. ആരാധന മനുഷ്യന്റെ മനസ്സിനെ പ്രകാശിപ്പിക്കുകയും അതിനെ വിശാലമാക്കുകയും ചെയ്യും.

എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്നത് ദിവസവും നടക്കുന്ന അഞ്ച് യുദ്ധങ്ങള്‍ പോലെയാണ്. എങ്ങനെയങ്കിലും പൊരുതി നില്‍ക്കുക എന്നതാണ് നമ്മുടെ രീതി. ആരും കണ്ടില്ലെങ്കില്‍ പിന്തിരിഞ്ഞോടുക. മതേതര ജീവിതത്തിന്റെ സുഖശീതളമായ ചക്രവാളത്തില്‍ ഒഴുകിനടക്കാനാണ് നമുക്കിഷ്ടം. നമസ്‌കാരങ്ങള്‍ എന്ന ഭാരിച്ച ചുമടുകള്‍ പലപ്പോഴും എവിടെയെങ്കിലും ഇറക്കിവെച്ച് നാം രക്ഷപ്പെടുകയും ചെയ്യും. എന്നാല്‍ എന്റെ പുതിയ തലമുറയിലെ സഹോദരീ സഹോദരന്മാര്‍ മനസ്സിലാക്കണം. ശരീരത്തിന്റെ ആഗ്രഹങ്ങള്‍ എത്ര കണിശമായാണ് നാം പൂര്‍ത്തിയാക്കുന്നത്, അതുപോലെ ആത്മാവിന്റെ ആഗ്രഹങ്ങളും പൂവണിയിക്കാന്‍ നമുക്ക് സാധിക്കണം. ഇല്ലെങ്കില്‍ അത് നമ്മുടെ മനസ്സിനെ ശിഥിലമാക്കും. ക്രമേണ ശരീരത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. ഇസ്‌ലാമിലെ നമസ്‌കാരമെന്നത് മനുഷ്യനിലെ അഹങ്കാരത്തെ വേരോടെ പിഴുതെറിഞ്ഞ് അവനെ ഭൂമിയോളം താഴ്ന്നവനാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതേസമയം അത് അവനെ ആകാശങ്ങള്‍ക്കപ്പുറത്തേക്ക് ഉയര്‍ത്തുകയും ചെയ്യും. ചിലപ്പോള്‍ മലക്കുകളേക്കാളും ഉയരത്തില്‍. എന്നാല്‍ പ്രാര്‍ത്ഥനാ മനസ്സിലാത്തവര്‍ പിഴാചിന്റെ ആഴക്കയങ്ങളിലേക്ക് പതിക്കും. അവിടെ അവര്‍ക്ക് കൂട്ട് അന്ധകാരവും ഭയാനകതയും മാത്രമായിരിക്കും.

വിവ: അനസ് പടന്ന

Related Articles