Current Date

Search
Close this search box.
Search
Close this search box.

ലുഖ്മാന്റെ പത്ത് ഉപദേശങ്ങള്‍

pearls.jpg

ലോക രക്ഷിതാവില്‍ നിന്നും യുക്തി ലഭിച്ചിട്ടുള്ള വ്യക്തിയെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന പത്ത് ഉപദേശങ്ങളുണ്ട്. ഇന്നും പ്രസക്തമാണ് ആ ഉപദേശങ്ങള്‍. മക്കളെ ഇസ്‌ലാമിക ചിട്ടയില്‍ വളര്‍ത്താല്‍ ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ക്ക് നല്‍കേണ്ടവയാണവ. എല്ലാ രക്ഷിതാക്കളും ലുഖ്മാന്റെ ഉപദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ പിന്നെ അവരുടെ പരലോകത്തെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ടി വരില്ല. കാരണം അവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പാതയാണ് അതിലൂടെ കാണിച്ചു കൊടുക്കുന്നത്.

ഇഹപര വിജയത്തിനുതകുന്ന ലുഖ്മാന്റെ പ്രസ്തുത ഉപദേശങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്. ആ ഉപദേശങ്ങള്‍ ഏന്തെല്ലാമാണെന്ന് നമുക്ക് നോക്കാം:

1. ”മകനേ, നീ ആരെയും അല്ലാഹുവിന്റെ പങ്കാളിയാക്കരുത്. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നത് മഹാ ധിക്കാരമാകുന്നു.” (ലുഖ്മാന്‍: 13)
പേര് വിളിക്കുന്നതിന് പകരം അവനുമായുള്ള രക്തബന്ധത്തിന് ഊന്നല്‍ നല്‍കി സ്‌നേഹത്തോടെ ‘മോനേ’ എന്നാണ് ലുഖ്മാന്‍ വിളിക്കുന്നത്. അതിലൂടെ താന്‍ പറയാനുദ്ദേശിക്കുന്ന വിഷയം ശ്രദ്ധയോടെ കേള്‍ക്കാനുള്ള പ്രചോദനം അവനില്‍ ഉണ്ടാക്കുകയാണ്. അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രാധാന്യമുള്ള വിഷയത്തിലേക്കാണ് അദ്ദേഹം മകന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. ദൈവത്തിനൊപ്പം മറ്റു പങ്കാളികളെ വെക്കുന്നത് ഗുരുതരമായ പാപവും സ്രഷ്ടാവിനോടുള്ള അനീതിയുമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ കോപത്തിനും ശാശ്വതമായ ശിക്ഷിക്കും കാരണമാകുന്ന കുറ്റമാണത്.

2. ”സ്വന്തം മാതാപിതാക്കളോട് കൂറും സ്നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്.” (ലുഖ്മാന്‍: 14)
ഇസ്‌ലാമില്‍ ഏറ്റവും പ്രധാനപ്പെട്ട ഏകദൈവ വിശ്വാസത്തോട് ചേര്‍ത്തുവെച്ചാണ് മാതാപിതാക്കളോടുള്ള കടമയെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. മാതാപിതാക്കളോട് അനുകമ്പയോടെയും ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുന്നതിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണ് അത് വ്യക്തമാക്കുന്നത്. തുടര്‍ന്ന് മക്കളെ വളര്‍ത്തുന്നതില്‍ ഉമ്മമാര്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് അല്ലാഹു വിവരിക്കുന്നു. മക്കള്‍ മാതാപിതാക്കളോട് നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യവും അത് വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം അല്ലാഹു കഴിഞ്ഞാല്‍ പിന്നെ അവന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് എന്ന പാഠമാണ് അല്ലാഹു ഇതിലൂടെ ഓര്‍മപ്പെടുത്തുന്നത്.

3. ”മകനേ, ഒരു സംഗതിയും, അത് കടുകുമണിയോളമേയുള്ളൂവെങ്കില്‍ പോലും, അതുതന്നെ വല്ല പാറക്കെട്ടിലോ വാനലോകത്തോ ഭൂമിയിലോ എവിടെയെങ്കിലും ഒളിഞ്ഞുകിടന്നാലും അല്ലാഹു അതിനെ ഹാജരാക്കുന്നതാകുന്നു. അവന്‍ സൂക്ഷ്മമായി കാണുന്നവനും അഗാധജ്ഞനുമല്ലോ (ലുഖ്മാന്‍: 16)
തുടര്‍ന്ന ലുഖ്മാന്‍ ദൈവത്തിന്റെ അപാരമായ ശക്തിയെ കുറിച്ചാണ് ഉണര്‍ത്തുന്നത്. സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കുന്നതുമായ എല്ലാറ്റിനെയും കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നു. അവനെ വെല്ലുവിളിക്കാനോ ചോദ്യം ചെയ്യാനോ ആരും തന്നെയില്ല.

4. ”മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം.”
നമസ്‌കാരങ്ങള്‍ അതിന്റെ ശരിയായ സമയത്തും രൂപത്തിലും നിര്‍വഹിക്കാനാണ് ലുഖ്മാന്റെ മറ്റൊരു ഉപദേശം. ഓരോ രക്ഷിതാവും എങ്ങനെ നമസ്‌കരിക്കണമെന്ന് പഠിപ്പിച്ചാല്‍ മാത്രം പോരാ, മറിച്ച് എന്തിനാണ് നമസ്‌കരിക്കുന്നതെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും അവരെ ബോധ്യപ്പെടുത്തുക കൂടി ചെയ്യണം. നമസ്‌കാരത്തെ കുറിക്കാന്‍ അറബിയില്‍ ഉപയോഗിക്കുന്ന ‘സ്വലാത്’ എന്ന പദം ബന്ധത്തെയാണ് കുറിക്കുന്നത്. സ്രഷ്ടാവുമായുള്ള നമ്മുടെ ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള മാര്‍ഗമാണ് നമസ്‌കാരം. നിര്‍ണിതമായ സമയങ്ങളിലെ നമസ്‌കാരം ഈ ലോകത്തെ നമ്മുടെ ദൗത്യത്തെ കുറിച്ച് ഓര്‍മപ്പെടുത്തുകയും ദൈവത്തെ സ്മരിക്കുന്നതിലൂടെ തെറ്റായ ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

5. ”ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം.”
ധര്‍മം കല്‍പിക്കലും അധര്‍മം വിലക്കലും ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്. ഓരോരുത്തരുടെ തന്റെ സ്ഥാനവും സാധ്യതയും അനുസരിച്ച് അത് നിര്‍വഹിക്കേണ്ടതുണ്ട്.

6. ”നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം.”
നമസ്‌കാരം നിര്‍വഹിക്കാനും നന്മ കല്‍പിക്കാനും തിന്മ വിലക്കാനും കല്‍പിച്ച ശേഷം ലുഖ്മാന്‍ മകനെ ഉപദേശിക്കുന്നത് ഇത്തരം വിഷയങ്ങളമായി ആളുകളെ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊള്ളാനാണ്. ദൈവത്തെ സ്മരിക്കുന്നതും അവന്റെ മഹത്വത്തെ കുറിച്ച് ചിന്തിക്കുന്നതും ക്ഷമയുടെ താക്കോലാണ്. ക്ഷമയോ ശാശ്വതമായ സ്വര്‍ഗത്തിലേക്കുള്ള താക്കോലും. അതുകൊണ്ട് തന്നെ വളരെ പ്രസക്തമായ ഒരുപദേശമാണിത്.

7. ”നീ ആളുകളില്‍ നിന്ന് അഹങ്കാരത്തോടെ മുഖംതിരിക്കരുത്.”
മറ്റുള്ളവരേക്കാളെല്ലാം ശ്രേഷ്ഠനാണ് താന്‍ എന്ന തരത്തില്‍ പെരുമാറരുതെന്ന ഉപദേശമാണിത്. ഏതൊരു വിശ്വാസിക്കും ഉണ്ടായിരിക്കേണ്ട ഗുണമാണ് വിനയം. അഹങ്കാരം നരകത്തിലേക്ക് നയിക്കുന്നത് പോലെ വിനയം നമ്മെ സ്വര്‍ഗത്തിലേക്കാണ് നയിക്കുന്നത്. അഹങ്കാരത്തിന്റെ പേരില്‍ അഥവാ വിനയത്തിന്റെ അഭാവത്തില്‍ പിശാച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടുക മാത്രമല്ല ചെയ്തത്, അവനും അവന്റെ കൂട്ടാളികളും നരകം കൊണ്ട് ശപിക്കപ്പെടുക കൂടി ചെയ്തു. തന്നെക്കാള്‍ ശ്രേഷ്ഠനാണെന്ന തരത്തിലായിരുന്നു മുഹമ്മദ് നബി(സ) മറ്റുള്ളവരോട് പെരുമാറിയിരുന്നത്. സേവകരോടും ജോലിക്കാരോടും വരെ ഏറ്റവും നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അനുചരന്‍മാരുടെ സാക്ഷ്യപ്പെടുത്തലുകള്‍ കാണാം.

8. ”ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.”
അഹങ്കാരത്തിന്റെ മറ്റൊരു രൂപമാണ് ഭൂമിയിലൂടെയുള്ള ധിക്കാരത്തോട് കൂടിയുള്ള നടത്തം. വിനയത്തിന്റെ പ്രാധാന്യത്തിന് ഒന്നുകൂടി ഊന്നല്‍ നല്‍കുകയാണ് ലുഖ്മാന്‍ ഈ ഉപദേശത്തിലൂടെ. ദൈവത്തിന്റെ മുമ്പില്‍ മുഴുവന്‍ മനുഷ്യരും സമന്‍മാരാണ്. എന്തെങ്കിലും സവിശേഷതയുണ്ടെങ്കില്‍ അത് ദൈവഭക്തിയുടെ പേരില്‍ മാത്രമാണ്. പ്രവാചകന്‍(സ)യുടെ അനുചരന്‍മാരും ഇസ്‌ലാമിലെ ആദ്യകാല തലമുറകളും ഈ ആശയം നന്നായി ഉള്‍ക്കൊണ്ടവരായിരുന്നു.

9. ”നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക.”
മാന്യമായി നടക്കാനാണ് ലുഖ്മാന്‍ മകനെ ഉപദേശിക്കുന്നത്. സത്യവിശ്വാസികളുടെ പെരുമാറ്റം എപ്പോഴും സൗമ്യവും മാന്യവും ആയിരിക്കണമെന്ന താല്‍പര്യമാണ് ഇതിലൂടെ പ്രകടമാവുന്നത്.

10. ”ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദം തന്നെ.”
അവസാനമായി ലുഖ്മാന്‍ ഉപദേശിക്കുന്നത് ശബ്ദം താഴ്ത്താനാണ്. ഉച്ചത്തിലുള്ള പരുക്കന്‍ ശബ്ദത്തെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്. അട്ടഹാസങ്ങള്‍ക്ക് ഹൃദയങ്ങളെ കീഴടക്കാനാവില്ല, ആളുകളെ അകറ്റുകയാണത് ചെയ്യുക.

യുക്തിമാനായ ലുഖ്മാന്‍ തന്റെ മകന് നല്‍കുന്ന ഉപദേശം തുടങ്ങുന്നത് ഏറ്റവും പ്രധാന വിഷയത്തില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഏകദൈവത്തിലുള്ള വിശ്വാസമാണത്. ദൈവത്തിന് മറ്റ് പങ്കാളികളെ വെക്കുന്നത് പൊറുക്കപ്പെടാത്ത പാപമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ അടിത്തറ പാകിയ ശേഷം അടിസ്ഥാന മൂല്യങ്ങളെ കുറിച്ചാണ് മകനെ ഉണര്‍ത്തുന്നത്. അതോടൊപ്പം തന്നെ അഹങ്കാരവും പൊങ്ങച്ചവും ത്യജിക്കാനും അദ്ദേഹം ഉപദേശിക്കുന്നു. രക്ഷിതാക്കള്‍ ഈ പത്ത് ഉപദേശങ്ങള്‍ മക്കള്‍ക്ക് നല്‍കുന്നതിലൂടെ അവരുടെ സന്തോഷകരമായ ജീവിതത്തിന് അടിത്തറ പാകുകയാണ് ചെയ്യുന്നത്. ഈ ഗുണങ്ങള്‍ക്ക് മാതൃകയായി രക്ഷിതാക്കള്‍ നിലകൊള്ളുകയാണെങ്കില്‍ മികച്ച ഫലം അത് നല്‍കുന്നു.

Related Articles