Current Date

Search
Close this search box.
Search
Close this search box.

ലാഭം വേണ്ടെന്നു വെക്കുന്നവര്‍

waste.jpg

കൂടുതല്‍ ലാഭം നേടാനും സമ്പാദിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. കൂടുതല്‍ അധ്വാനമൊന്നും ഇല്ലാതെ വലിയ അളവില്‍ സമ്പാദിക്കാനുള്ള വല്ല മാര്‍ഗവും ഉണ്ടെങ്കില്‍ അതിനോടായിരിക്കും അവന് താല്‍പര്യം. അതിന്റെ ലാഭം ഓരോ ദിവസവും ലഭിക്കുന്നതാണെങ്കില്‍ അത് വളരെ കൃത്യമായി ചെയ്യാനും കൂടുതല്‍ സമ്പാദിക്കാനും ശ്രദ്ധിക്കുകയും ചെയ്യും.

അത്തരത്തിലുള്ള വലിയ ലാഭം നേടുന്നത് നിങ്ങളാണെന്ന് കരുതുക. അതിലൂടെ നിങ്ങള്‍ക്ക് വലിയ സമ്പാദ്യം ലഭിക്കുന്നു എങ്കില്‍ അതില്‍ വല്ല വീഴ്ച്ചയും നിങ്ങള്‍ വരുത്തുമോ? ലാഭത്തെ കുറിച്ചുള്ള ചിന്ത നിങ്ങളെ അതില്‍ നിന്ന് തടഞ്ഞു നിര്‍ത്തും. എന്നാല്‍ ഇത്തരത്തില്‍ സമ്പാദിക്കുന്നതിനായി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെങ്കില്‍, അഥവാ സമയത്ത് വരികയും ലളിതമായ ജോലി നിര്‍വഹിച്ച് വലിയ പ്രതിഫലം പറ്റാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണെങ്കിലോ? എല്ലാവരും ധൃതിപ്പെട്ട് ഉറ്റവരെയും ബന്ധുക്കളെയും അത് കരസ്ഥമാക്കുന്നതിന് ഉപദേശിക്കുമെന്ന അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? അതില്‍ പിന്നോട്ടടിക്കുന്നവന്‍ സ്വന്തത്തോട് തന്നെ അതിക്രമം ചെയ്യുന്നവനല്ലേ, വലിയ സമ്പത്ത് നേടാനുള്ള അവസരം കളഞ്ഞു കുളിച്ചവനല്ലേ അവന്‍?

എല്ലാവര്‍ക്കുമായി ഈ ഓഫര്‍ വെച്ചു നീട്ടുന്നത് നാട്ടിലെ ഏതെങ്കിലും വലിയ മുതലാളിയല്ല, പ്രപഞ്ച നാഥനായ അല്ലാഹുവാണ്. അവന്‍ നല്‍കുന്ന സമ്പത്ത് ദിര്‍ഹമോ ദീനാറോ സ്വര്‍ണമോ വെള്ളിയോ അല്ല, ഉന്നതമായ സ്ഥാനങ്ങളും സ്വര്‍ഗത്തോപ്പുകളുമാണ്. അതിനോടല്ലേ കൂടുതല്‍ താല്‍പര്യവും ആഗ്രഹവും ഉണ്ടാകേണ്ടത്? കാരണം, അത് നല്‍കുന്നവന്റെ ഖജനാവുകള്‍ ഒരിക്കലും കാലിയാവുന്നതല്ല. അവന്‍ വാക്ക് പാലിക്കാത്തവനുമല്ല. അറ്റമില്ലാത്ത ഉദാരതയുടെയും ഔന്നിത്യത്തിന്റെയും ഉടമയാണവന്‍. ഇത്തരം ഒരു അവസരം നഷ്ടപ്പെടുത്താതിരിക്കാനല്ലേ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. യാതൊരു കാരണവും ഇല്ലാതെ ഉറങ്ങി കൊണ്ട് ഈ സമ്പാദ്യം പാഴാക്കുന്നവന്‍ തന്നെയാണ് മഹാനഷ്ടകാരി.

സുബ്ഹി നമസ്‌കാരത്തിന്റെ സമയത്ത് ഉറങ്ങി അത് നഷ്ടപ്പെടുത്തുന്നവരെ ഉദ്ദേശിച്ചാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍. ആ വലിയ നേട്ടങ്ങളെ കുറിച്ച് ഉറങ്ങുന്ന ഓരോരുത്തരുടെയും ചെവിയില്‍ ഞാന്‍ മന്ത്രിക്കുകയാണ്. ധാരാളം ഫലങ്ങളും പ്രതിഫലങ്ങളും ഉള്ള ഒന്നാണ് പ്രഭാതം. ഉദാഹരണത്തിനായി മാത്രം അവയില്‍ ചിലത് ഉദ്ധരിക്കാം:
1. ഊര്‍ജ്ജ്വസ്വലത : ഒരു ഹദീസിലൂടെ നബി(സ) അത് വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും; ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും; സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുദു ഉണ്ടാക്കിയാല്‍ മറ്റേ കെട്ടും അഴിയും; അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും; അങ്ങനെ ഉന്‍മേഷഭരിതമായിരിക്കും അവന്റെ പ്രഭാതം. അല്ലെങ്കിലോ ദുഷ്ചിന്തകനും മടിയനുമായിരിക്കും.’
2. പ്രകാശത്തെ കുറിച്ച സന്തോഷവാര്‍ത്ത : പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘ഇരുട്ടില്‍ മസ്ജിദിലേക്ക് നടക്കുന്നവര്‍ക്ക് നിങ്ങള്‍ അന്ത്യദിനത്തിലെ പരിപൂര്‍ണമായ സന്തോഷവാര്‍ത്ത അറിയിക്കുക.’
3. മലക്കുകളുടെ സാക്ഷ്യം : അല്ലാഹു തന്നെ പറയുന്നു: ‘സൂര്യന്‍ തെറ്റുന്നതു മുതല്‍ രാവ് ഇരുളും വരെ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; ഖുര്‍ആന്‍ പാരായണം ചെയ്തുള്ള പ്രഭാത നമസ്‌കാരവും. തീര്‍ച്ചയായും പ്രഭാത പ്രാര്‍ഥനയിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാണ്.’ (അല്‍-ഇസ്‌റാഅ് : 78) ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അബൂഹുറൈറ റിപോര്‍ട്ട് ചെയ്ത ഹദീസ് ഉദ്ധരിക്കുന്നുണ്ട് : ‘രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട് അസര്‍ നമസ്‌കാരവേളയിലും സുബ്ഹി നമസ്‌കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം ഉണ്ടായിരുന്നവര്‍ കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്‍മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്‍മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്‌കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്‌കരിക്കുക തന്നെയാണ്.’
4. ദൈവികമായ സംരക്ഷണം : ജുന്‍ദുബ് ബിന്‍ സുഫ്‌യാന്‍ ഉദ്ധരിക്കുന്നു, പ്രവാചകന്‍(സ) പറയുന്നു : ‘ഒരാള്‍ സുബ്ഹി നമസ്‌കരിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്.’
5. മോക്ഷം : പ്രവാചകന്‍(സ) പറഞ്ഞു: ‘സൂര്യന്‍ ഉദിക്കുന്നതിന് മുമ്പും അസ്തമിക്കുന്നതിന് മുമ്പും നമസ്‌കരിച്ചവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല.’
6. സ്വര്‍ഗ പ്രാപ്തി : ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു : ‘രണ്ടു തണുപ്പു സമയങ്ങളില്‍ നമസ്‌കരിച്ചവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.’

സുബ്ഹി നമസ്‌കാരത്തിന് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരത്തിന് വലിയ പ്രാധാന്യമാണ് പ്രവാചകന്‍ കല്‍പിച്ചിട്ടുള്ളത്. ആ സമയത്തെ സുന്നത്തായ രണ്ട് റക്അത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ ശ്രേഷ്ഠത എത്രത്തോളമായിരിക്കും. പ്രവാചകന്‍(സ) പറയുന്നു : ‘ഇഹലോകവും അതുള്‍ക്കൊള്ളുന്ന മുഴുവന്‍ വസ്തുക്കളേക്കാളും ശ്രേഷ്ഠമാണ് സുബ്ഹിയുടെ രണ്ട് റക്അത്ത്.’ മറ്റൊരു റിപോര്‍ട്ട് പറയുന്നത് ഇഹലോകവും അതിലുള്ളതിനേക്കാളും അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതാണ് അതെന്നാണ്.

മഹത്തായ പ്രതിഫലവും ശ്രേഷ്ഠതയും നല്‍കുന്ന ഒന്നാണത്. ഇഹത്തിലും പരത്തിലും ഗുണം ചെയ്യുന്ന അത് നിങ്ങള്‍ക്ക് വിലക്കപ്പെടാന്‍ സുഖ നിദ്രയും ആ സമയത്തെ തണുത്ത കാറ്റും കാരണമാകുന്നുവോ? വലിയ പ്രയാസമൊന്നും ഇല്ലാതെ കൂടുതല്‍ ആശ്വാസം നല്‍കുന്ന ഒന്ന് നിങ്ങള്‍ക്ക് വേണ്ടന്നാണോ? അല്ലെങ്കില്‍ അശ്രദ്ധരുടെ കൂട്ടത്തിലാകുവാനാണോ നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? പ്രഭാത നമസ്‌കാരം ഉപേക്ഷിക്കുന്നതിന്റെയും വൈകിക്കുന്നതിന്റെയും അനന്തരഫലം നിനക്കറിയില്ലേ? അതുപേക്ഷിക്കുന്നത് അനുഗ്രഹങ്ങളെ നശിപ്പിക്കുന്നതും മനസിനെ ദുഷിപ്പിക്കുന്നതുമായ ഒന്നായി നീ മനസ്സിലാക്കിയിട്ടില്ലേ? രാത്രിയുടെ നിശബ്ദതയെ പിളര്‍ത്തി കൊണ്ട് തൗഹീദിന്റെയും വിജയത്തിന്റെയും വചനങ്ങള്‍ ബാങ്കുവിളിയായി വരുമ്പോള്‍ നീ എവിടെയാണ്? ആയിരക്കണക്കിന് മലക്കുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ നീ എവിടെയാണുള്ളത്? ഇതൊന്നും നിന്നിലെ ബോധത്തെ ഉണര്‍ത്തുന്നില്ലേ, മെത്ത ഉപേക്ഷിച്ച് നമസ്‌കാരത്തിലേക്കും വിജയത്തിലേക്കും എത്താന്‍ നിനക്കത് പ്രേരകമാവുന്നില്ലേ? അല്ലയോ ഉറങ്ങി കിടക്കുന്നവനേ, ഉണ്‍ന്നെഴുന്നേറ്റ് ഉന്നതമായ പ്രതിഫലത്തിലേക്ക് ദൃതിവെക്കുവിന്‍.

വിവ : അഹ്മദ് നസീഫ്‌

Related Articles