Current Date

Search
Close this search box.
Search
Close this search box.

ലളിതമാവട്ടെ നമ്മുടെ വിവാഹങ്ങള്‍

marriage1.jpg

വിവാഹം ലളിതമാകുക എന്നത് നിര്‍ബന്ധ ബാധ്യതയും മാനുഷികമായ ഒരു ആവശ്യവുമാണ്. വിവാഹം എന്നത് ഒരു കടമ്പയാകാതിരിക്കണമെങ്കില്‍ ആ മാര്‍ഗത്തില്‍ അഭിമുഖീകരിക്കുന്ന എല്ലാ സാമ്പത്തിക പ്രയാസങ്ങളും പ്രതിസന്ധികളും ദൂരീകരിക്കേണ്ടതുണ്ട്.

1. വിശുദ്ധി ആഗ്രഹിക്കുന്നവരെ അല്ലാഹു സഹായിക്കും എന്ന ദൃഢബോധ്യം :
വിശുദ്ധി ആഗ്രഹിച്ച് വിവാഹത്തിലേര്‍പ്പെടുന്നവരെ  സഹായിക്കും എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ‘നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും  നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.’ (അന്നൂര്‍ 32) പ്രവാചകന്‍ (സ) പറഞ്ഞു: മൂന്ന് വിഭാഗം ആളുകളെ സഹായിക്കുക അല്ലാഹുവിന്റെ ബാധ്യതയില്‍ പെട്ടതാണ്:  ദൈവമാര്‍ഗത്തിലെ പോരാളി, സ്വതന്ത്രനാകാനായി മോചന പത്രം എഴുതിയവന്‍, വിശുദ്ധി ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവന്‍’ (തിര്‍മുദി)

2. വൈവാഹിക ജീവിതത്തിലെ വിജയം സമ്പത്തിനെ ആശ്രയിച്ചല്ല; ദൈവ ബോധത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വൈവാഹിക ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും കളിയാടണമെങ്കില്‍ ഇസ്‌ലാമിക മൂല്യങ്ങളും ഉല്‍കൃഷ്ട സ്വഭാവങ്ങളും അനിവാര്യമാണ്. ഭൗതിക വിഭവങ്ങള്‍ എന്നത് അതിനുള്ള മാര്‍ഗം മാത്രമാണ്. പാഥേയങ്ങളില്‍ ഉല്‍കൃഷ്ടമായത് ദൈവബോധമാണെന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ധനം കൂമ്പാരമാക്കി ഒരുക്കൂട്ടുന്നതിലല്ല സൗഭാഗ്യം നിലകൊള്ളുന്നത്, യഥാര്‍ഥ സൗഭാഗ്യവാന്‍ ദൈവബോധമുള്ളവനാണെന്ന് കവിവാക്യം ശ്രദ്ദേയമാണ്.

3. ലളിത വിവാഹത്തില്‍ ബറകത്ത് ഉണ്ടാകും. ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ്, ഞെരുക്കമല്ല ഉദ്ദേശിക്കുന്നത് എന്ന ഖുര്‍ആനിക അധ്യാപനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഏറ്റവും മഹത്തായതും ബറകത്തുള്ളതുമായ വിവാഹം എന്നത് ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് (അഹ്മദ്).

4. പുത്തന്‍ ആചാരങ്ങളും പ്രവണതകളും ഉപേക്ഷിക്കുക. ഖുര്‍ആനിലോ ഇസ്‌ലാമിക പ്രമാണങ്ങളിലോ തെളിവില്ലാത്ത പുത്തന്‍ നാട്ടാചാരങ്ങളും സമ്പ്രദായങ്ങളുമാണ് വിവാഹത്തിന്റെ ലാളിത്യത്തിനു മുമ്പില്‍ വലിയ വിഘാതമായി നില്‍ക്കുന്നത്. അവ വലിയ ബാധ്യതയും പ്രശ്‌നങ്ങളും സാധാരണ സൃഷ്ടിക്കാറുണ്ട്. ഇസ്‌ലാം മനുഷ്യരെ ലാളിത്യത്തിലേക്ക് ക്ഷണിക്കുകയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരമാവധി ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെടുന്നത്.’ നിങ്ങള്‍ ലളിതമാക്കുക, ഞെരുക്കമുണ്ടാക്കരുത്, സന്തോഷം പകര്‍ന്നുനല്‍കുക, വെറുപ്പിക്കരുത്’ ( ബുഖാരി)  

5. ഇസ്‌ലാമികമായ മുന്‍ഗണനാക്രമം പാലിക്കുക. വൈവാഹിക ചിലവുകളില്‍ മുന്‍ഗണനാക്രമം പാലിക്കുക വളരെ അനിവാര്യമാണ്. ചിലവഴിക്കുമ്പോള്‍ ധൂര്‍ത്തോ പിശുക്കോ ഇല്ലാതെ മധ്യമ നിലപാടു സ്വീകരിക്കുന്നവരാണ് അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. ‘ മിതത്വം പാലിക്കുന്നവന്‍ നിരാശ്രയനാവുകയില്ല’ എന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്.

6. ജനങ്ങളുടെ മുന്നില്‍ മോടി പ്രകടിപ്പിക്കാനായുള്ള പൈശാചികമായ ധൂര്‍ത്തും ദുര്‍വ്യയങ്ങളും ഉപേക്ഷിക്കുക.
പ്രവാചകന്‍ പറഞ്ഞു: ‘ ആരെങ്കിലും ജനങ്ങളെ തൃപ്തിപ്പെടാന്‍ വേണ്ടി അല്ലാഹുവിന്റെ കോപം വിളിച്ചുവരുത്തിയാല്‍ അല്ലാഹുവിന്റെയും ജനങ്ങളുടെയും കോപത്തിനവന്‍ ഇരയാകും. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ജനങ്ങളുടെ കോപത്തിനിരയായവനെ അല്ലാഹുവും ജനങ്ങളും ഇഷ്ടപ്പെടും’.

7. പലിശക്ക് കടം വാങ്ങുക പോലുള്ള ബറകത്ത് മായ്ച്ചുകളയപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുക.
ഇത്തരം ഇടപാടുകളിലൂടെ വിവാഹത്തിലുണ്ടാകുന്ന ബറകത്ത് നഷ്ടപ്പെട്ടുപോകും. ‘അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല’. (അല്‍ബഖറ 276). മാത്രമല്ല, പലിശ ഇടപാടുകള്‍ നടത്തുന്നവരെ റസൂല്‍(സ) ശപിച്ചിട്ടുണ്ട്.

8. ലളിതമായ വിവാഹങ്ങളെ സഹായിക്കുക എന്നത് ശറഇയ്യും മാനുഷികവുമായ ബാധ്യതയാണ്.
വിശുദ്ധി ഉദ്ദേശിച്ച് വിവാഹത്തിന് തയ്യാറാകുന്നവരെ എല്ലാ അര്‍ഥത്തിലും സഹായിക്കുക എന്നത് നന്മ കാംക്ഷിക്കുന്നവരുടെയും കഴിവുളളവരുടെയും ബാധ്യതയാണ്. മുസ്‌ലിംകളുടെ കാര്യങ്ങള്‍ക്ക് ശ്രദ്ദപുലര്‍ത്താത്തവര്‍ അവരില്‍ പെട്ടവരല്ല എന്ന പ്രവാചക വചനം നാം ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. ഇസ്‌ലാമിക് ബാങ്കുകള്‍, സേവന സംരംഭങ്ങള്‍ എന്നിവയെല്ലാം ഇവരെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. ഇസ്‌ലാമിക ഭരണകൂടങ്ങള്‍ വിവാഹങ്ങള്‍ ലാളിത്യവല്‍കരിക്കാനുള്ള നടപടികളിലേര്‍പ്പെടേണ്ടതുണ്ട്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles