Current Date

Search
Close this search box.
Search
Close this search box.

ലളിതമായ ദീനിനെ സങ്കീര്‍ണമാക്കരുത്

thorn2.jpg

ചിന്തയിലും കര്‍മത്തിലും ആരാധനാ അനുഷ്ഠാനങ്ങളിലും തീവ്രനിലപാടു വെച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം മതവിശ്വാസികള്‍ക്കിടയിലും ഉണ്ടെന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യമാണ്. അല്ലാഹുവിന്റെ ദീന്‍ സരളവും എളുപ്പവുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധന്‍മാര്‍ക്കുമെല്ലാം അനായാസേന സാധ്യമാകുന്ന കര്‍മങ്ങളാണ് അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചിട്ടുള്ളത്. ചിലര്‍ ആത്മീയ ലഹരികളില്‍ അഭിരമിച്ച് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സ്വന്തമായ തുരുത്തുകള്‍ നിര്‍മിച്ച് അതാണ് ദീനിന്റെ യഥാര്‍ത്ഥ ചൈതന്യം എന്ന് വിശ്വസിച്ച് ജീവിക്കുന്നു എന്നത് ദീന്‍ നേരിടുന്ന വലിയൊരു ഭീഷണിയാണിന്ന്. ഇസ്‌ലാമിനെ പ്രതികൂട്ടില്‍ നിര്‍ത്താനും അതിന്റെ ലൡമായ ആശയങ്ങളെ വികൃതമാക്കി ചിത്രീകരിക്കാനും നോമ്പുനോറ്റു കാത്തിരിക്കുന്ന ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് വടികൊടുക്കാന്‍ നമ്മുടെ തീവ്രനിലപാടുകള്‍ ഹേതുവാകുന്നുവെന്ന് സമ്മതിച്ചേ മതിയാവൂ.

മുസ്‌ലിം സമൂഹത്തില്‍ പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ വലിയൊരു വിഭാഗം ആത്മീയതയുടെ മായികമായ ഒരു ലോകത്ത് ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രം പരിമിതമായ ഒന്നല്ല, മറിച്ച് ആഗോളതലത്തില്‍ തന്നെയുള്ള പ്രതിഭാസമാണെന്ന് ലോക ഇസ്‌ലാമിക ചലനങ്ങളെ നിരീക്ഷിക്കുന്നവര്‍ വിലയിരുത്തിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ അല്ലാഹുവിന്റെ ദീന്‍ പ്രതിനിധാനം ചെയ്യുന്ന എളുപ്പത്തിന്റെ സരണിയെന്ന് ഖുര്‍ആനിന്റെയും നബിചര്യയുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ ബാധ്യസ്ഥരാണ് നാം.

ദീനിന്റെ ലളിതമായ സരണിയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതായി കാണാം. ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല.’ (2 : 185)
‘ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍.’ (22 : 78)
‘അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.’ (5 : 6)
‘അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനിഛിക്കുന്നു. എന്തെന്നാല്‍ മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.’ (4 : 28)
ഇതിലൂടെയെല്ലാം ഇസ്‌ലാമിനെ സംബന്ധിച്ച ലളിതമായ കാഴ്ച്ചപ്പാടാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വെക്കുന്നത്.

നബി(സ)യുടെ അധ്യാപനങ്ങള്‍ പരിശോധിക്കുമ്പോള്‍ തീവ്രവാദപരമായ സമീപനങ്ങളെ കുറിക്കാന്‍ മൂന്ന് സംജ്ഞകള്‍ ഉപയോഗിച്ചതായി കാണാം. ഗുലുവ്, തശദ്ദുദ്, തനത്വുഅ് എന്നീ മൂന്ന് വാക്കുകളും ഉപയോഗിച്ച് ഈ പ്രവണതയെ മുളയിലേ നുള്ളുകയാണ് പ്രവാചകന്‍(സ) ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ സഹാബികളില്‍ കാണാനിടയായാല്‍ അതിന്റെ അടിവേരറുത്ത് ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം അവതരിപ്പിക്കാന്‍ കണിശമായ ശ്രദ്ധയും ജാഗ്രതയും തിരുമേനി(സ) പുലര്‍ത്തിയിരുന്നെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.

വേദക്കാരുടെ തീവ്രനിലപാടുകളെ വിശുദ്ധ ഖുര്‍ആന്‍ രണ്ടിടത്ത് ശക്തമായി അപലപിച്ചിട്ടുണ്ട്. ‘അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. ‘ (4 : 171) മറ്റൊരിടത്ത് പറയുന്നു : ‘പറയുക: അല്ലയോ വേദക്കാരേ, സ്വന്തം മതത്തില്‍ അന്യായമായി തീവ്രത കൈക്കൊള്ളാതിരിക്കുക. നിങ്ങള്‍ക്കുമുമ്പ് സ്വയം ദുര്‍മാര്‍ഗികളാവുകയും അനേകരെ ദുര്‍മാര്‍ഗത്തിലാക്കുകയും സല്‍പന്ഥാവില്‍നിന്നു വ്യതിചലിക്കുകയും ചെയ്ത ജനത്തിന്റെ ഭാവനകളെ നിങ്ങള്‍ പിന്‍പറ്റാന്‍ പാടില്ലാത്തതാകുന്നു.’ (5 : 77) അല്ലാഹുവും അവന്റെ ദൂതനും അനുശാസിച്ചിട്ടില്ലാത്താ ആരാധനാ കര്‍മങ്ങളും തീവ്രനിലപാടുകളും സമീപനങ്ങളും സ്വീകരിക്കാനും ഭക്തിയുടെയും ആത്മീയതയുടെയും മായിക പ്രപഞ്ചം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ നമുക്ക് സാധ്യമല്ലെന്നാണ് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നത്.

‘അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി. എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.’ (57 : 27) ക്രിസ്ത്യാനികളെ സംബന്ധിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ദീനില്‍ പൗരോഹിത്യം ആവിഷ്‌കരിച്ചു എന്ന് പരമാര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ പൗരോഹിത്യം കെട്ടിച്ചമക്കാന്‍ ശ്രമിക്കുന്നത് ആര് തന്നെയായാലും ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെന്ന് പറയേണ്ട ബാധ്യത നമുക്കുണ്ട്. ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നവര്‍ ആരാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു. ‘ഇവ്വിധം നാം നിങ്ങളെ ഒരു മിതസമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോക ജനങ്ങള്‍ക്കു സാക്ഷികളാകുന്നതിനുവേണ്ടി; ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടിയും.’ (2 : 143) ഇടത്തോട്ടോ വലത്തോട്ടോ ചെരിയാത്ത, തീവ്രതയുടെയും ജീര്‍ണതയുടെയും മാലിന്യങ്ങള്‍ പുരളാത്ത മധ്യമ സമൂഹമായിട്ടാണ് വിശ്വാസികളെ അല്ലാഹു പരിചയപ്പെടുത്തുന്നത്.

ദീനിന്റെ ലളിതമായ സമീപനം നബി(സ) തനിക്ക് കിട്ടിയ ഓരോ സന്ദര്‍ഭത്തിലും അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നബി(സ) പറയുന്നു : ‘നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്, നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്, നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്.’ നബി(സ) ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നത് അതിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് കുറിക്കുന്നത്. ജനങ്ങളെ കഷ്ടപ്പെടുത്താതെ അവര്‍ക്ക് സന്തോഷവും ആനന്ദവും പകര്‍ന്നു നല്‍കുന്ന ദീനാണ് ഏറ്റവും ഉത്തമം. ഇമാം അഹ്മദ് റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു: ‘അല്ലാഹു എളുപ്പം ഉദ്ദേശിച്ച് പുറപ്പെടുവിച്ച സമുദായമാണ് നിങ്ങള്‍.’ പ്രതിനിധി സംഘങ്ങളെ അയച്ചപ്പോള്‍ അവക്കെല്ലാം നബി(സ) നല്‍കിയിരുന്ന ഉപദേശം ‘നിങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം നല്‍കുന്നവരാണ്, നിങ്ങളവര്‍ക്ക് ക്ലേശം ഉണ്ടാക്കരുത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം പകരണം, അവര്‍ക്ക് വെറുപ്പ് പകരരുത്.’ ജനമനസ്സുകളില്‍ ദീനിനോട് വെറുപ്പും വിരക്തിയും ഉണ്ടാക്കേണ്ടവരല്ല നിങ്ങള്‍ എന്നാണിത് പഠിപ്പിക്കുന്നത്. മറ്റൊരു ഹദീസില്‍ ദീനില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു : ‘ഈ ദീന്‍ എളുപ്പമാണ്, ദീനില്‍ കാര്‍ക്കശ്യം കൈക്കൊള്ളുന്നവര്‍ പരാജയപ്പെടും.’ മനസ്സിന് മടുപ്പോ ശരീരത്തിന് ക്ഷീണമോ ഇല്ലാത്തപ്പോഴാണ് നിങ്ങള്‍ ആരാധനകളിലേര്‍പ്പെടേണ്ടത്. മിതമായ വഴിയാണ് എപ്പോഴും നിങ്ങള്‍ സ്വീകരിക്കേണ്ടത്, അതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം.

തീവ്രവാദ നിലപാടുകള്‍ സമൂഹത്തിന് നാശമാണെന്നും നബി(സ) പഠിപ്പിക്കുന്നു. ‘ദീനിലെ തീവ്രനിലപാടുകളെ നിങ്ങള്‍ സൂക്ഷിക്കണം. മതത്തില്‍ തീവ്രമായ നിലപാടുകള്‍ കൈകൊണ്ടത് മൂലമാണ് നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചുപോയത്.’ സംസാരം, പെരുമാറ്റം, വേഷഭൂഷാധികള്‍, ആരാധനാ കര്‍മങ്ങള്‍ തുടങ്ങി ഏത് മേഖലകളിലാണെങ്കിലും സമുദായത്തിനത് ഗുണം ചെയ്യില്ല. ഒരിക്കല്‍ നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ചു പറഞ്ഞു : ‘തീവ്രനിലപാടു സ്വീകരിക്കുന്നവര്‍ നശിച്ചു.’ ഇമാം നവവി ഈ ഹദീസില്‍ ഉപയോഗിച്ച ‘മുതനത്വിഅ്’ എന്ന പദത്തെ വിശദീകരിക്കുന്നത് കാണുക. അദ്ദേഹം പറയുന്നു : ‘മുതനത്വിഅ് എന്നു പറഞ്ഞാല്‍ ഒന്നിന്റെ ആഴങ്ങളിലേക്കിറങ്ങി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നവര്‍, അതില്‍ തീവ്രമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നവര്‍, അതില്‍ ശരീഅത്തിന്റെ പരിധികള്‍ അതിര്‍ ലംഘിക്കുന്നവര്‍, അത് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ വിശ്വാസം കൊണ്ടോ ആവാം.’
ഇമാം ഇബ്‌നുല്‍ ഖയ്യിം ഈ ഹദീസ് വിശദീകരിച്ച് പറയുന്നു : ‘അല്ലാഹു നിങ്ങള്‍ക്ക് ഏതെങ്കിലും കല്‍പനകള്‍ ഇറക്കിയാല്‍ രണ്ട് രൂപത്തില്‍ പിശാച് അതില്‍ ഇടപെടും. ഒന്നുകില്‍ അതില്‍ വീഴ്ച്ചകളോടും പോരായ്മകളോടും നിര്‍വഹിക്കുന്ന അവസ്ഥ. അല്ലെങ്കില്‍ തീവ്രവും ആവശ്യത്തിനതീതവുമായ പരിധിവിട്ട അവസ്ഥ. എന്നാല്‍ മധ്യമമായ ദീന്‍ ഇവ രണ്ടിനുമിടയിലാണ്.’ ഒരിക്കല്‍ നബി(സ) ഇബ്‌നു അബ്ബാസ്(റ)നോട് ജംറയില്‍ എറിയുന്ന കല്ലുകള്‍ പെറുക്കി വരാന്‍ പറഞ്ഞു. ചെറിയ കല്ലുകള്‍ പെറുക്കി കൊണ്ടുവന്ന അദ്ദേഹത്തോട് നബി(സ) പറഞ്ഞു : ‘ഇത്തരം ചെറിയ കല്ലുകള്‍ കൊണ്ടാണ് നിങ്ങള്‍ എറിയേണ്ടത്. ദീനിന്റെ വിഷയത്തില്‍ നിങ്ങള്‍ അതിരുവിടുന്നത് നിങ്ങള്‍ സൂക്ഷിക്കുക.’ ഈ കല്‍പന വിശ്വാസങ്ങളുടെയും കര്‍മങ്ങളുടെയും എല്ലാ മണ്ഡലങ്ങളിലും ബാധകമായ പൊതുകല്‍പനയാണെന്ന് ഇബ്‌നുല്‍ ഖയ്യിം ഹദീസിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു.

പൂര്‍വസമുദായങ്ങള്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അല്ലാഹുവും അവരോട് കര്‍ക്കശ നിലപാട് സ്വീകരിച്ചെന്ന് നബി(സ) നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. ഹലാലായിരുന്ന പലതും അവര്‍ക്ക് ഹറാമാക്കി. തീവ്രമായ നിലപാടുമായി മുന്നോട്ട് പോകുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മുആദ് ബിന്‍ ജബല്‍(റ) ഇമാമായി നമസ്‌കരിക്കുമ്പോള്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. ഇങ്ങനെ ദീര്‍ഘമായി പാരായണം ചെയ്യുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജനങ്ങള്‍ നബി(സ)യോട് ആവലാതിപ്പെട്ടു. ഇത് കേട്ട തിരുമേനിയുടെ(സ) മുഖം കോപത്താല്‍ ചുവന്നു എന്നാണ് ഹദീസുകള്‍ വിവരിക്കുന്നത്. മുആദ്(റ) വിളിച്ചു വരുത്തി നബി(സ) ചോദിച്ചു : ‘അല്ലാഹുവിന്റെ ദീനില്‍ ഫിത്വ്‌നയുണ്ടാക്കുയാണോ താങ്കള്‍?’ നബി(സ)യുടെ ആരാധനാ കര്‍മങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തി ഇനി എല്ലാ ദിവസവും നോമ്പെടുക്കുമെന്നും, രാത്രി മുഴുവന്‍ നമസ്‌കരിക്കുമെന്നും, വിവാഹം കഴിക്കാതെ ജീവിക്കുമെന്നും തീരുമാനിച്ച മൂന്ന് യുവാക്കളോട് നബി(സ) പറഞ്ഞ ‘നിങ്ങളില്‍ ഏറ്റവുമധികം അല്ലാഹുവിനെ സൂക്ഷിക്കുന്നവനും ഭയക്കുന്നവനും ഞാനാണ്’ എന്ന വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഒരു വ്യക്തിക്ക് സ്വന്തത്തോടും തന്റെ കുടുംബത്തോടുമെല്ലാം അവകാശമുണ്ട്, ആ അവകാശങ്ങളെല്ലാം വകവെച്ചു കൊടുക്കണമെന്നാണ് നബി(സ) പഠിപ്പിക്കുന്നത്. ലളിതമായ ഈ ദീനിനെ ഒരിക്കലും സങ്കീര്‍ണമാക്കുന്നവരായി നാം മാറരുത്.
((2014 നവംബര്‍ 7-ന് കോഴിക്കോട് ലുഅ്‌ലുഅ്  മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : നസീഫ്

Related Articles