Current Date

Search
Close this search box.
Search
Close this search box.

റമദാനിന്റെ വാതായനത്തിലാണ് നാം

മരണാനന്തര ജീവിതത്തെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ? മരണാനന്തര ജീവിതത്തിന് വേണ്ടി എന്തെല്ലാം സ്വരുക്കൂട്ടിയിട്ടുണ്ടെന്നും നീ ചിന്തിച്ചിട്ടുണ്ടോ? എങ്ങനെ ആയിരിക്കുമത്? എന്താണ് അവിടെ ലഭിക്കാന്‍ പോകുന്നത്? ജീവിതത്തിനും മരണത്തിനുമിടയില്‍ നമ്മുടെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാഹുവിനെ അനുസരിച്ച്, അവനെ വണങ്ങി, ഹൃദയ വിശുദ്ധി പുലര്‍ത്തി, പാപങ്ങള്‍ അവനോട് ഏറ്റുപറഞ്ഞ് ജീവിക്കാന്‍ അല്ലാഹു നമുക്ക് അവസരം നല്‍കിയില്ലെങ്കില്‍ മരണനാനന്തര ജീവിതം സന്തോഷകരമായിരിക്കില്ല.

മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു പരലോക ജീവിതത്തിനുള്ള വിളനിലമായിട്ടാണ് ഇഹലോകത്തെ നിര്‍ണയിച്ചിട്ടുള്ളത്. മണ്ണില്‍ വിത്തിറക്കാന്‍ അല്ലാഹു മനുഷ്യന് നിരവധി സമയവും നല്‍കിയിരിക്കുന്നു. മാസങ്ങളെ പന്ത്രണ്ടു മാസങ്ങളായിട്ടാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്’ (തൗബ 36). വിത്തിറക്കുന്നതിനും വിളവെടുക്കുന്നതിനും അല്ലാഹു ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശ്രേഷ്ടത നല്‍കുകയും ചെയ്തിരിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ ഉന്നതരും ശ്രേഷ്ടരുമുള്ളതു പോലെ തന്നെ മാസങ്ങള്‍ക്കിടയിലും ഈ ശ്രേഷ്ടത നിലനില്‍ക്കുന്നു. എല്ലാ ഓരോ ആദം സന്തതിക്കും വിത്തിറക്കാനുള്ള അവസരം അല്ലാഹു നല്‍കിയിട്ടുണ്ട്, ഓരോരുത്തര്‍ക്കും അവനവന്‍ വിതച്ചത് ലഭിക്കുകയും ചെയ്യും. അല്ലാഹുവിന്റെ ഔദാര്യം ലഭിച്ചവന്‍ സന്തുഷ്ടനാകുന്നു, അവന് നാഥന്‍ മാര്‍ഗങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.

അല്ലാഹു ശ്രേഷ്ടമാക്കിയ മാസങ്ങളില്‍ പെട്ടതാണ് ശഅ്ബാന്‍. ഇബ്‌നു ഹജര്‍ പറയുന്നു : ‘യുദ്ധം വിലക്കപ്പെട്ട പവിത്ര മാസമായ റജബിന് ശേഷം വെള്ളം തേടിയുള്ള അവരുടെ യാത്രയും യുദ്ധവും തുടങ്ങുന്നതിന്റെ പേരിലാണ് ഈ മാസത്തിന് ‘ശഅ്ബാന്‍’ എന്ന് പേര് ലഭിച്ചിരിക്കുന്നത്. വേറെയും ചില കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്’.

റജബ്, റമദാന്‍ രണ്ട് പവിത്ര മാസങ്ങള്‍ക്കിടയിലാണ് അല്ലാഹു ശഅ്ബാന്‍ മാസത്തെ നിര്‍ണയിച്ചിട്ടുള്ളത്. പവിത്ര മാസങ്ങളില്‍ ഏറെ പ്രാധാന്യമേറിയതാണ് റജബ്, ഇസ്‌ലാമിന്റെ സ്തംബങ്ങളിലൊന്നായ നോമ്പ് നിര്‍വഹിക്കപ്പെടുന്ന മാസമാണ് റമദാന്‍, ഇതിന് രണ്ടിനുമിടയിലാണ് ശഅ്ബാന്‍ മാസമുള്ളത്. അതിനാല്‍ തന്നെ ഈ രണ്ട് പവിത്ര മാസങ്ങള്‍ക്കിടയിലുള്ള ശഅ്ബാന്‍ മാസത്തെ പരിഗണിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും അശ്രദ്ധയും അവഗണനയും പാടില്ലെന്നും, മറിച്ച് ആരാധനകള്‍ വര്‍ധിപ്പിച്ച് റമദാനിന് വേണ്ടി തയ്യാറെടുക്കണമെന്നും പ്രവാചകന്‍ (സ) പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു.

ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം : ഞാന്‍ പ്രവാചകനോട് ചോദിച്ചു ‘റസൂലേ, മറ്റു മാസങ്ങളെ അപേക്ഷിച്ച് ഈ മാസം താങ്കള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കുന്നതായി കാണുന്നുണ്ടല്ലോ?’ പ്രവാചകന്‍ ചോദിച്ചു ‘ഏത് മാസം?’ ഞാന്‍ പറഞ്ഞു ‘ശഅ്ബാനില്‍’. അദ്ദേഹം പറഞ്ഞു : ‘റജബിനും റമദാനിലുമിടയിലുള്ള ശഅ്ബാന്‍ മാസത്തെ തൊട്ട് ജനങ്ങള്‍ അശ്രദ്ധരാണ്, ഈ മാസം അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടുന്നു, ഞാന്‍ നോമ്പുകാരനായിരിക്കെ അല്ലാതെ എന്റെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’. മറ്റൊരു ഹദീസില്‍ ആയിശ (റ) പറയുന്നു : ‘ശഅ്ബാന്‍ മാസത്തെ പൊലെ മറ്റൊരു മാസവും പ്രവാചകന്‍ കൂടുതല്‍ നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാനിലെ മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹം നോമ്പ് നോറ്റിരുന്നു’ (മുസ്‌ലിം). റജബ് മാസമായാല്‍ പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു : ‘അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ, റമദാനിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ’. (ത്വബ്‌റാനി)

റമദാനിലേക്കുള്ള വാതായനമാണ് ശഅ്ബാന്‍. നന്മയുടെ വിത്തുകള്‍ വെള്ളം നനച്ച് വളര്‍ത്തിയെടുക്കാനും പരിപോഷിപ്പിക്കാനുമുള്ള സന്ദര്‍ഭമാണത്. റജബ്, ശഅ്ബാന്‍, റമദാന്‍ മാസങ്ങളെ ബന്ധപ്പെടുത്തി അബൂ ബകര്‍ ബല്‍ഖി പറയുന്നു : ‘റജബ് മാസം കൃഷിയുടെ മാസമാണ്, ശഅ്ബാന്‍ കൃഷിക്ക് വെള്ളം നനക്കേണ്ട മാസവും, റമദാന്‍ വിളവെടുക്കേണ്ട മാസവുമാണ്’. അദ്ദേഹം വീണ്ടും പറയുന്നു : ‘റജബ് മാസം കാറ്റിനെ പോലെയും ശഅ്ബാന്‍ മേഘത്തെ പോലെയും റമദാന്‍ മഴയെ പോലെയുമാണ്’.

സല്‍മതുബ്‌നു കുഹൈല്‍ പറയുന്നു : ശഅ്ബാന്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മാസമാണ്. ശഅ്ബാന്‍ മാസം ആഗതമായാല്‍ അംറുബ്‌നു ഖൈസ് മുലാഈ അദ്ദേഹത്തിന്റെ കട അടച്ചിടുകയും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും ചെയ്യുമായിരുന്നു. അനസ് (റ) ല്‍ നിന്നും ദുര്‍ബല പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം : ‘ശഅ്ബാന്‍ ആഗതമായാല്‍ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും റമദാനില്‍ നോമ്പ് നോല്‍ക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ വിശ്വാസികള്‍ അവരുടെ സമ്പത്തില്‍ നിന്നുള്ള സകാത്തും ശഅ്ബാനില്‍ നല്‍കാറുണ്ടായിരുന്നു’.

മുന്‍ കാലത്ത് ജീവിച്ച ഒരു അടിമ സ്ത്രീയുടെ കഥ ഇങ്ങനെ. ഒരു വിഭാഗം ജനങ്ങള്‍ അവളെ പണം കൊടുത്തു വാങ്ങി. റമദാന്‍ അടുത്തപ്പോള്‍ അവളെ വാങ്ങിയ ആളുകള്‍ റമദാനിനു വേണ്ടി ഭക്ഷണ പദാര്‍ഥങ്ങളും മറ്റും ശേഖരിക്കുന്നത് കണ്ട് അവള്‍ അവരോട് നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. റമദാനിനു വേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് അവര്‍ മറുപടിയും നല്‍കി. അപ്പോള്‍ അവള്‍ ചോദിച്ചു :’നിങ്ങള്‍ റമദാനില്‍ മാത്രമാണോ നോമ്പ് നോല്‍ക്കുന്നത്? ഞാന്‍ മുമ്പ് സേവിച്ചിരുന്ന ജനതക്ക് എല്ലാ കാലത്തും റമദാനെ പോലെയായിരുന്നു, അവരിലേക്ക് തന്നെ എന്നെ മടക്കി അയച്ചാലും’.

തീര്‍ച്ചയായും മനുഷ്യന്‍ അവന്റെ അനുഗ്രഹീത നിമിഷങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, അനുഗ്രഹീത നിമിഷങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് തീര്‍ത്തും അശ്രദ്ധനായ അവന്‍ അവസരങ്ങള്‍ തിരിച്ചു പിടിക്കുന്നതിനെ കുറിച്ചും ശ്രദ്ധാലുവല്ല. പ്രതീക്ഷകളും ആശകളുമില്ലാതെ കരയില്ലാ കടലിന്റെ ആഴങ്ങളില്‍ ആണ്ടുപോയവന് ഉയര്‍ത്തി എഴുന്നേല്‍ക്കാനുള്ള അവസരമാണ് ഈ അനുഗ്രഹീത മാസം. തെറ്റുകള്‍ ഏറ്റുപറഞ്ഞുള്ള യഥാര്‍ഥ പശ്ചാത്താപത്തിലൂടെയും റമദാനിലേക്കുള്ള പാതയില്‍ ത്യാഗങ്ങള്‍ അനുഷ്ടിച്ചുമാണ് ഈ ആഴക്കടലില്‍ നിന്നും മോചിതനാകേണ്ടത്. റമദാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിശ്വാസി അവന്റെ വസ്ത്രവും ഹൃദയവും മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കണം, പൂര്‍ണ വിശുദ്ധിയോടെയായിരിക്കണം റമദാനിലേക്ക് പ്രവേശിക്കാന്‍.

ഖിബ്‌ല മാറ്റത്തിന്റെ മാസം
വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ബൈത്തുല്‍ മുഖദ്ദസില്‍ നിന്നും കഅ്ബയിലേക്കുള്ള ‘ഖിബ്‌ല മാറ്റം’ സംഭവിച്ചത് ഈ മാസത്തിലാണ്. അല്ലാഹു പറയുന്നു : ‘നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്’ (അല്‍ ബഖറ 144). അബൂ ഹാതിം ബസ്തി പറയുന്നു : ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് വിശ്വാസികള്‍ 17 മാസവും മൂന്ന് ദിവസവും നിസ്‌കരിച്ചു. ശഅ്ബാന്‍ 15 ന് ഒരു ചൊവ്വാഴ്ച്ചയാണ് കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാന്‍ അല്ലാഹു കല്‍പ്പന നല്‍കിയത്’. (ഹിജ്‌റ രണ്ടാം വര്‍ഷം റജബ് 15 നാണ് ഖിബ്‌ല മാറിയതെന്ന അഭിപ്രായവും ഉണ്ട്. ഹാഫിള് ഇബ്‌നു ഹജര്‍ അദ്ദേഹത്തിന്റെ ‘ഫത്ഹി’ല്‍ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്).

ശഅ്ബാന്‍ 15 ന്റെ പ്രത്യേകത
നബി (സ) പറഞ്ഞിരിക്കുന്നു : ‘ശഅ്ബാന്‍ 15 ന്റെ രാത്രി ബഹുദൈവാരാധകര്‍ക്കും കുതര്‍ക്കികളുമല്ലാത്ത എല്ലാവര്‍ക്കും അല്ലാഹു പൊറുത്ത് കൊടുക്കും’ (സ്വഹീഹുല്‍ ജാമിഅ്, അല്‍ബാനി). പ്രവാചകന്‍ പറഞ്ഞു  :’ശഅ്ബാന്‍ 15 ന്റെ രാത്രി അല്ലാഹു ഭൂമിയോടടുത്ത ആകാശത്തേക്ക് ഇറങ്ങി വരികയും അല്ലാഹുവില്‍ പങ്കുകാരനെ ചേര്‍ത്തവനെയും ഹൃദയത്തില്‍ ശത്രുതയുളളവനെയും ഒഴിച്ച് എല്ലാവര്‍ക്കും പൊറുത്തു കൊടുക്കുകയും ചെയ്യും’ (അല്‍ബാനി). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം ‘ശഅ്ബാന്‍ 15 ന് രാത്രി അല്ലാഹു വിശ്വാസികള്‍ക്ക് പൊറുത്തു കൊടുക്കുകയും ഹൃദയത്തില്‍ പകയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നവരെ ഒഴിവാക്കുകയും ചെയ്യും’.

എന്നാല്‍ ഈ ദിവസം നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇബ്‌നു റജബ് അദ്ദേഹത്തിന്റെ ‘ലിത്വാഇഫില്‍ മആരിഫ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു : എല്ലാ മാസത്തിലും നോമ്പെടുക്കുന്നത് സുന്നത്താക്കപ്പെട്ട വെളുത്ത വാവിന്റെ ദിവസങ്ങളില്‍ പെട്ടതാണ് ശഅ്ബാന്‍ 15 ഉം. അതിനാല്‍ അന്ന് നോമ്പെടുക്കുന്നതിന് വിരോധമില്ല. അന്നേ ദിവസം നോമ്പെടുക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടതായുള്ള ദുര്‍ബലമായ ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അലിയ്യില്‍ നിന്നും ഇബ്‌നു മാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇങ്ങനെയാണ് : ‘ശഅ്ബാന്‍ 15 ന് രാത്രി നിന്ന് നമസ്‌കരിക്കുകയും അന്ന് പകല്‍ നോമ്പെടുക്കുകയും ചെയ്യുക, അന്നേ ദിവസം സൂര്യന്‍ അസ്തമിക്കുന്നതോടെ അല്ലാഹു ഭൂമിയോടടുത്ത ആകാശത്തേക്ക് ഇറങ്ങിവരും, എന്നിട്ട് പറയും : പാപമോചനം തേടുന്നവന് ഞാന്‍ പൊറുത്തുകൊടുക്കും, അന്നം തേടുന്നവന് ഞാന്‍ അന്നം നല്‍കും, പ്രയാസപ്പെടുന്നവന് ഞാന്‍ ആശ്വാസം നല്‍കും, ഇത് പ്രഭാതം വരെ തുടരും’.

എന്നാല്‍ ശൈഖ് ഇബ്‌നു ബാസ് പറയുന്നു : ‘ശഅ്ബാന്‍ 15 ന് രാത്രി നടക്കുന്ന നമസ്‌കാരം പോലുള്ള ആഘോഷ പരിപാടികളും അന്നേ ദിവസം പ്രത്യേക നോമ്പ് നോല്‍ക്കുന്നതും ബിദ്അത്താണ്. ശര്‍ഇല്‍ അടിസ്ഥാനങ്ങളേതുമില്ലാത്ത ഇതിന് പണ്ഡിതന്മാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വഹാബികളുടെ കാല ശേഷം ഇസ്‌ലാമില്‍ പുതുതായി ഉണ്ടായ കാര്യമാണിത്’. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോ.യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായം ഇങ്ങനെ : ‘ശഅ്ബാന്‍ 15 മായി ബന്ധപ്പെട്ട് വന്ന ഹദീസുകളൊന്നും ‘സ്വിഹ്ഹ’ത്തിന്റെ പദവിയിലേക്കെത്തുന്നതല്ല. പ്രവാചക സുന്നത്തിന് വിരുദ്ധമായതും തെളിവുകള്‍ ഏതുമില്ലാത്തതുമായ കാര്യങ്ങളാണ് ഇന്നേ ദിവസം രാത്രി നടക്കുന്ന അധിക കാര്യങ്ങളും’. അതോടൊപ്പം ശഅ്ബാന്‍ മാസത്തിലെ ഏതെങ്കിലും പ്രത്യേക ദിവസം നോമ്പ് നോല്‍ക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പറയുന്നു ‘ഏതെങ്കിലും നിര്‍ണ്ണിതമായ ദിവസം നോമ്പു നോല്‍ക്കുന്നതുമായി ബന്ധപ്പെട്ട് നസ്സ്വുകള്‍ ഒന്നുമില്ല. ശര്‍ഇയ്യായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഏതെങ്കിലും പ്രത്യേക ദിവസം നോമ്പ് നോല്‍ക്കുന്നതും രാത്രി നിന്ന് നമസ്‌കരിക്കന്നതും ശര്‍ഇല്‍ അനുവദനീയവുമല്ല. ശര്‍ഈ നിര്‍ദ്ദേശങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണ്, അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അനുവാദമില്ല’.

വിവ : ജലീസ് കോഡൂര്

Related Articles