Current Date

Search
Close this search box.
Search
Close this search box.

രോഗങ്ങളും വിശ്വാസിയും

patient.jpg

പലതരം മാരകരോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് നടുവിലാണ് നാം ജീവിക്കുന്നത്. ചെറിയ രോഗങ്ങളെങ്കിലും ഇല്ലാത്തവര്‍ മനുഷ്യരില്‍ ഇല്ലെന്ന് തന്നെ പറയാം. യഥാര്‍ത്ഥത്തില്‍ രോഗികളുടെ ദുരിതത്തില്‍ അവന്റെ വിചാര ഗതികള്‍ക്ക് വല്ല പങ്കുമുണ്ടോ? രോഗശമനവും മാനസികാവസ്ഥയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ രോഗങ്ങള്‍ പെരുകുന്നതില്‍ മറ്റൊരു പാട് കാരണങ്ങളോടൊപ്പം നമ്മുടെ മാനസികാരോഗ്യത്തിന് (നിലപാടിന്) വല്ല പങ്കുമുണ്ടോ? വിശ്വാസിക്ക് രോഗം അനുഗ്രഹമാണെന്ന് മുഹമ്മദ് നബി അരുളിയതിന്റെ അര്‍ത്ഥമെന്താവാം? തിരുദൂതര്‍ അരുളുന്ന നന്മ നമുക്ക് അനുഭവിക്കാനാവാത്തത് നമ്മുടെ മാനസി കാവസ്ഥ കാരമാണെന്ന് ഗ്രഹിക്കാനാവുന്നിടത്താണ് നമ്മുടെ വിജയം നില കൊള്ളുന്നത്.

നശ്വരമാണീ ലോകം. നിസ്സാരന്മാരാണ് നാം. സഹിക്കുകയല്ലാതെ നമുക്ക് നിവൃത്തിയില്ല. സര്‍വ്വശക്തന്റെ മുന്നില്‍ വിനയത്തോടെ നിസ്സഹായത പ്രകടിപ്പിക്കുന്നതിന് പകരം നാം എന്തിന് നിരാശയും വെപ്രാളവും കാണിക്കണം?നിരാശ സത്യനിഷേധിയുടെ സ്വഭാവമത്രെ. നിഷ്ഫലമായ അക്ഷമ നമുക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയല്ലേ ചെയ്യുക? എത്രയെത്ര അനുഗ്രഹങ്ങള്‍ നാം ആഗ്രഹിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ഗുണകരമായ കാര്യങ്ങളെ ഏറ്റവും നന്നായറിയുന്ന അല്ലാഹുവില്‍ സമര്‍പ്പിച്ച് അവനോട് പ്രാര്‍ഥിക്കുമ്പോള്‍ നന്മകള്‍ നേടുന്ന വിശ്വാസികളായി നാം മാറുന്നു.

നമ്മുടെ ആരോഗ്യമടക്കം മുഴുവന്‍ അനുഗ്രഹങ്ങളും നശിക്കുന്നതാണ്. എന്നെന്നും നമ്മോടൊപ്പമുണ്ടാകാവുന്ന ഒന്നും തന്നെ ഈ ഭൂമിയിലില്ലെന്ന് അല്ലാഹു പറയുന്നു: ‘അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷ ഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല’.

ദുന്‍യാവിനെയും അതിന്റെ വിഭവങ്ങളെയും സുപ്രധാനമായിക്കരുതുന്നവര്‍ക്കല്ലാതെ അവ നഷ്ടപ്പെടുമ്പോള്‍ വേവലാതിപ്പെടേണ്ടതില്ലല്ലോ? തിരുദൂതര്‍ അരുളുന്നു.:’ഞാന്‍ ഈ ഭൗതിക ലോകത്ത് ജീവിക്കുന്നത് ഒരു യാത്രക്കാരനെ പോലെയാണ്. അയാള്‍ ഒരു മരത്തണലില്‍ വിശ്രമിക്കാനിരുന്നു. യാത്ര തുടര്‍ന്നപ്പോള്‍ തണല്‍ ഉപേക്ഷിച്ച് പോയി.'(തിര്‍മിദി) മറ്റൊരു നിവേദനത്തില്‍ നബി പറയുന്നത്: ‘കൊതുകിന്‍ ചിറകോളമെങ്കിലും അല്ലാഹുവിങ്കല്‍ ഈ ദുനിയാവിന് സ്ഥാനമുണ്ടായിരുന്നെങ്കില്‍ ഒരൊറ്റ നിഷേധിക്കും ഒരിറ്റ് വെള്ളം പോലും ലഭിക്കുമായിരുന്നില്ല.'(തിര്‍മുദി)

രോഗങ്ങളുമായി ബന്ധപ്പെട്ട് നാം ഗ്രഹിക്കേണ്ട മറ്റൊരു കാര്യം പരീക്ഷണങ്ങള്‍ അല്ലാഹുവിന്റെ സ്‌നേഹം സമ്പാദിക്കാനുള്ള നിമിത്തങ്ങളാണെന്നുള്ളതാണ്. അല്ലാഹുവിന്റെ ദൂതര്‍ പറയുന്നതായി അനസ്(റ) വില്‍ നിന്ന് നിവേദനം. ‘പ്രതിഫലത്തിന്റെ പെരുപ്പം പരീക്ഷണത്തിന്റെ വലുപ്പത്തിനനുസരിച്ചാണ്. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നു. ആരെങ്കിലും അതില്‍ തൃപ്തിപ്പെടുമെങ്കില്‍ അവന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കും, ആരെങ്കിലും അതൃപ്തി കാണിച്ചാലോ അല്ലാഹുവിന്റെ കോപവും ലഭിക്കും.’ (തിര്‍മുദി) അല്ലാഹുവിന്റെ പരീക്ഷണങ്ങളോ രോഗങ്ങളോ നേരിടുകയും അതില്‍ ക്ഷമയവലംബിക്കാന്‍ സാധിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അവന്‍ നല്‍കാനുദ്ദേശിക്കുന്ന നന്മകളുടെയും സൂചനയാണ്. നബി(സ)പറഞ്ഞു: ‘അല്ലാഹു തന്റെ ഒരടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ ഇഹലോകത്ത് അവനെ വേഗത്തില്‍ പരീക്ഷണ വിധേയനാക്കും.'(തിര്‍മുദി)

പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ നേരിട്ട പരീക്ഷണങ്ങളുടെ തീവ്രതയും രോഗങ്ങളുടെ കാഠിന്യവും ഗ്രഹിക്കാനാകും. അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) രോഗസന്ദര്‍ശനം നടത്തിയപ്പോള്‍ നബി(സ) അതികഠിനമായ വേദന അനുഭവിക്കുന്നതായി കണ്ടു. അദ്ദേഹം ചോദിച്ചു.: ‘അല്ലാഹുവിന്റെ ദൂതരെ താങ്കള്‍ക്ക് വേദന അല്‍പം കടുത്തതാണല്ലോ?’ തിരുമേനി പ്രതിവചിച്ചു: ‘അതെ, നിങ്ങള്‍ രണ്ടു പേര്‍ അനുഭവിക്കുന്നത്ര വേദന ഞാന്‍ അനുഭവിക്കുന്നു. (ബുഖാരി, മുസ്‌ലിം) ആര്‍ക്കാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരികയെന്ന് ചോദിച്ച സഅ്ദ് ബിന്‍ അബീവഖാസ്(റ) നോട് തിരുദൂതര്‍ പറഞ്ഞു.: ‘ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നവര്‍ നബിമാരും പിന്നീട് അവരോട് അടുപ്പമുള്ളവരുമായിരിക്കും. തന്റെ ആദര്‍ശത്തിന്റെ കരുത്തിനനുസരിച്ചാണ് ഓരോരുത്തരും പരീക്ഷിക്കപ്പെടുക. ഉറച്ച നിലപാടുകാരന്റെ പരീക്ഷണം കടുത്തതായിരിക്കും. എന്നാല്‍ നിലപാടില്‍ മയം കാണിക്കുന്നവന്‍ അവന്റെ നിലവാരത്തിനനുസരുച്ചും പരീക്ഷിക്കപ്പെടും.’ ഈ വാക്യങ്ങളുടെ പൊരുളറിഞ്ഞ മുന്‍ഗാമികള്‍ പരീക്ഷണങ്ങളെ അനുഗ്രഹങ്ങളായി കണ്ടു. രോഗങ്ങള്‍ സന്തോഷ വാര്‍ത്തകളായി സ്വീകരിച്ചു. വഹബ് കുഷ്ടരോഗം ബാധിച്ച അന്ധനായ നിസ്സഹയനായ ഒരാളുടെ അടുക്കലൂടെ നടന്നു പോകവെ, അയാളതാ പ്രാര്‍ത്ഥിക്കുന്നു. ‘അല്ലാഹു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്തുതി’. വഹബിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ ചോദിച്ചു.:’സ്തുതിക്കാന്‍മാത്രം നിങ്ങള്‍ക്ക് എന്ത് അനുഗ്രഹമാണ് താങ്കള്‍ക്കുള്ളത്? ‘അയാള്‍ പറഞ്ഞു.: ‘പട്ടണവാസികളെ ഒന്ന് കണ്ണോടിച്ച് നോക്ക്, അവരില്‍ ഭൂരിഭാഗത്തെയും നീ കണ്ടില്ലേ. ഞാന്‍ അല്ലാഹുവിനെ സ്തുതിക്കണ്ടേ.. കാരണം അവിടെ എന്നെക്കാള്‍ അവനറിയുന്നവര്‍ ആരുമില്ലല്ലോ?’ അതെ, അല്ലാഹു പരീക്ഷിക്കുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെയാണെന്ന് തിരിച്ചറിയുന്നവരുടെ രോഗത്തോടുള്ള സമീപനം അത്ഭുതകരം തന്നെയല്ലേ?

പരീക്ഷണങ്ങള്‍ പാപമോചനത്തിന്റെ സ്വര്‍ഗ്ഗ പാതയാണ് രോഗങ്ങളിലൂടെ അല്ലാഹു തന്റെ അടിയാറുക ളുടെ വിശ്വാസവും ക്ഷമയും പരീക്ഷിക്കുകയാണ്. അതോടൊപ്പം നാം നന്ദിയര്‍പ്പുക്കേണ്ട വളരെ വലിയ അനുഗ്രഹം കൂടിയാണത് എന്നും നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു: ‘ഭയം, പട്ടിണി, ജീവധനാദി കളുടെ നഷ്ടം, വിളനാശംഎന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവിന്റേതാണ്, അവനിലേക്കുതന്നെ ?തിരിച്ചുചെല്ലേണ്ടവരും. അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റഅനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ്‌നേര്‍വഴി പ്രാപിച്ചവര്‍.’ (അല്‍ ബഖറ: 155157) അതെ, നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവും നേടാനുള്ള അര്‍ഹതയാണ് പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്യുന്നവരെ കാത്തിരിക്കുന്നതെന്ന് നാഥന്‍ സന്തോഷ വാര്‍ത്തയറി യിക്കുന്നുവെന്നത് നമ്മെ സന്തോഷിപ്പിക്കേണ്ടതല്ലേ? അതിലപ്പുറം എന്ത് നേട്ടമാണ് ഈ ലോകത്തോ പര ലോകത്തോ നമുക്ക് നേടാനാവുക? തിരുദൂതര്‍ അരുളിയതായി ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ‘ഒരു വിശ്വാസിക്ക് രോഗത്തിന്റെയോ, മറ്റു വല്ലതിന്റെയോ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ മരം ഇല പൊഴിക്കുന്നത് പോലെ അവന്റെ പാപങ്ങള്‍ അതിലൂടെ അല്ലാഹു മായ്ച് കളയുന്നതാണ്. (മുസ്‌ലിം)
 
അബൂ ഹുറൈറ(റ) പറയുന്നു തിരുദൂതര്‍ പറഞ്ഞു:ഒരടിമക്ക് തന്റെ ശരീരത്തിലും മക്കളിലും സമ്പത്തിലും പരീക്ഷണങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും; അങ്ങനെ അവന്റെ പാപങ്ങളൊന്നും ശേഷിക്കാത്ത വിധം അല്ലാഹുവിനെ കണ്ടു മുട്ടുന്നതു വരെ.(തിര്‍മുദി) നബി(സ) ഉമ്മു സാഇബിനെ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ ചോദിച്ചു: ‘ഉമ്മു സാഇബ് എന്താണ് പിറു പിറുക്കുന്നത്?’ അവര്‍ പറഞ്ഞു: ‘പനി, അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ!’ നബി പറഞ്ഞു: ‘നീ ഒരിക്കലും പനിയെ ആക്ഷേപിക്കരുത്, കാരണം അത് ഉല ഇരുമ്പിലെ കറ നീക്കുന്നത് പോലെ മനുഷ്യ പുത്രന്റെ പാപങ്ങളെ നീക്കിക്കളയും..’
 
ഒരു പക്ഷേ അല്ലാഹു നമുക്ക് അവന്റെയടുക്കല്‍ ഉന്നത് പദവി വിധിച്ചിട്ടുണ്ടായിരിക്കാം. കര്‍മ്മങ്ങള്‍ കൊണ്ട് മാത്രം എത്തിപ്പെടാനാവാത്ത ആ പദവിയില്‍ നമ്മെ എത്തിക്കാനായി അവന്‍ നമ്മെ പരീക്ഷിക്കുകയും അത് നേരിടുവാനുള്ള കഴിവ് നല്‍കുകയും ചെയ്യുകയാണെങ്കില്‍ നാം അക്ഷമ കാണിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്?നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനായി പുതിയ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്നു എന്നത് അല്ലാഹുവിന്റെ അപാരമായ ഔദാര്യമാണ്. രോഗികള്‍ക്ക് അവരുടെ കഠിന രോഗം, ക്ഷമ എന്നിവക്ക് നല്ല പ്രതിഫലം നല്‍കുന്നു. അതോടൊപ്പം രോഗം കാരണം തങ്ങളുടെ പ്രവര്‍ത്തികളില്‍ കുറവു വരുന്നു എന്നത് കൊണ്ട് അവര്‍ക്ക് നല്‍കുന്ന പ്രതിഫലം കുറക്കുന്നുമില്ല. ബുഖാരി(റ) ഉദ്ധരിച്ച ഹദീസില്‍ അബൂ മൂസാ അല്‍അശ്അരി(റ) നബിയില്‍ നിന്ന് ഉദ്ധരിക്കുന്നു. ‘ഒരടിമ രോഗിയാവുകയോ, യാത്രക്കാരനാവുകയോ, ചെയ്താല്‍ അല്ലാഹു സ്ഥിരതാമസക്കാരനായ ആരോഗ്യവാനായ ഒരാള്‍ക്ക് നല്‍കുന്നത്ര പ്രതിഫലം അവന് രേഖപ്പെടുത്തുന്നതാണ്.’

പ്രയാസത്തോടൊപ്പം എളുപ്പവും.: അല്ലാഹുവിന്റെ സുന്നത്തില്‍പ്പെട്ടതാണ് തന്റെ അടിമകളില്‍ പ്രയാസത്തിന് ശേഷം എളുപ്പമുണ്ടാക്കുക എന്നത്. എത്ര കടുത്ത പ്രസായത്തിനും അവസാനമുണ്ട്. സമയമാകുമ്പോള്‍ അത് നീങ്ങുക തന്നെ ചെയ്യും. അല്ലാഹു അരുളുന്നത്: ‘നിശ്ചയം പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്’. വഹബ് ബിന്‍ മുനബ്ബഹ് പറയുന്നു: ‘ഒരു മനുഷ്യന്‍ പൂര്‍ണ്ണജ്ഞാനിയാകുന്നത് പരീക്ഷണങ്ങളെ അനുഗ്രഹമായി ഗണിക്കുകയും, ഐശ്വര്യത്തെ വിപത്തായി ഗണിക്കുകയും ചെയ്യുമ്പോഴാണ്, കാരണം പരീക്ഷിക്കപ്പെടുന്നവന്‍ ഐശ്വര്യം പ്രതീക്ഷിക്കണം; ഐശ്വര്യവാന്‍ പരീക്ഷണങ്ങളും.’

രോഗം കൊണ്ടുള്ള നേട്ടങ്ങള്‍. രോഗി അതിന്റെ ഗുണങ്ങളറിഞ്ഞിരുന്നെങ്കില്‍ അത് മാറാന്‍ ആഗ്രഹിക്കുമായിരുന്നോ? പാപങ്ങള്‍ക്ക് പരിഹാരം, പാരത്രിക ലോകത്ത് തന്റെ പദവി ഉയരുക, ചെയ്തു കൊണ്ടിരുന്ന സല്‍പ്രവൃത്തികള്‍ക്ക് തുടര്‍ന്നും ലഭിക്കുന്ന പ്രതിഫലം എന്നിവയോടൊപ്പം സമയം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരം കൂടിയാണത്. അതിനാല്‍ അല്ലാഹുവുമായി അടുക്കാനുള്ള കര്‍മ്മങ്ങള്‍ക്ക് രോഗാവസരങ്ങള്‍ നാം പ്രയോജനപ്പെടുത്തണം. ഖുര്‍ആന്‍ പാരായണം, മനഃപാഠമാക്കല്‍, ഖുര്‍ആന്‍ പഠനം, ഐഛിക കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, നന്മ കല്‍പ്പിക്കുക തിന്മ വിരോധിക്കുക, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുക, തുടങ്ങി ഒരു മുസ്‌ലിമിന് രോഗാവസ്ഥയിലും ആരോഗ്യാവസ്ഥയിലുമെല്ലാം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം ചെയ്ത് സമയം പ്രയോജനപ്പെടുത്താന്‍ സാധിക്കണം.

എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്. മനുഷ്യന്‍ സ്വയം വരുത്തിവക്കുന്നതാണെങ്കിലും, എത്ര കടുത്ത രോഗങ്ങളാണെങ്കിലും അവക്ക് മരുന്നുകളും നല്‍കി അല്ലാഹു തന്റെ അടിയാറുകള്‍ക്ക് കാരുണ്യം ചൊരിഞ്ഞിരിക്കുന്നു. നബിതിരുമേനി പറഞ്ഞതായി അബൂ ഹുറൈറ(റ) പറയുന്നു.: ‘ശമനമില്ലാത്ത യാതൊരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല തന്നെ’. എന്നാല്‍ ശമനത്തിന് ചില കാര്യങ്ങള്‍ അനിവാര്യമായും നാം ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്.

ഒന്ന്) അല്ലാഹുവിലുള്ള പരിപൂര്‍ണ്ണ സമര്‍പ്പണം. അല്ലാഹുവെക്കുറിച്ചുള്ള സദ്‌വിചാരവും അവനോട് അഭയം തേടലും വിശ്വാസിയുടെ അടയാളമാണ്. ഇബ്‌റാഹീം(അ) യുടെ പ്രഖ്യാപനം കാണക : ‘രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ’.(അശ്ശുഅറാഅ്: 80) യഥാര്‍ത്ഥ രോഗശമനം അല്ലാഹുവില്‍ നിന്ന് മാത്രമാണ്. അവനല്ലാതെ രോഗം സുഖപ്പെടുത്താന്‍ ആരും തന്നെയില്ല എന്നുള്ള ബോധ്യത്തില്‍ നിന്നുള്ള സമര്‍പ്പണവും പ്രാര്‍ത്ഥനയും സമ്പൂര്‍ണ്ണ രോഗശമനത്തിന്റെ അനിവാര്യ മുന്നുപാധിയാണ്. അനുവദനീയ മന്ത്രങ്ങളും, മരുന്നുകളും, വൈദ്യന്‍മാരുമെല്ലാം അല്ലാഹു നല്‍കുന്ന രോഗശമനത്തിന്റെ നിമിത്തങ്ങള്‍ മാത്രമാണെന്നതാണല്ലോ യാഥാര്‍ത്ഥ്യം. സമര്‍പ്പണത്തിലൂടെ തന്റെ ഭൗതിക രോഗശമനത്തോടൊപ്പം പാരത്രിക വിജയം കൂടി നേടാന്‍ വിശ്വാസിക്ക് കഴിയുന്നു. അതാണ് നബി തിരുമേനി പറയുന്നത്: ‘വിശ്വാസിയുടെ കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്, പ്രതാപവാനും മഹോന്നതനുമായ അല്ലാഹു എന്ത് വിധിച്ചാലും അതവനു ഗുണമായല്ലാതെ ഭവിക്കുന്നില്ല.’ (അഹ്മദ്)
രണ്ട്) ഖുര്‍ആനിലും പ്രവാചകചര്യയിലും വന്നിട്ടുള്ള മന്ത്രങ്ങളും പ്രാര്‍ത്ഥനകളും രോഗശമനം നല്‍കാന്‍ നമ്മെ സഹായിക്കും. സൂറഃ അല്‍ ഫാതിഹ, അല്‍ ബഖറ, മുഅവ്വദതൈനി എന്നിങ്ങനെ രോഗ ശമനത്തിനായി പാരായണം ചെയ്യാന്‍ തിരുമേനി നിര്‍ദേശിച്ച സൂറകള്‍ നമുക്ക് കാണാനാകും, ഖുര്‍ആന്‍ പാരായണം സ്വയം തന്നെ രോഗശമനമാണെന്ന് നാം അറിയേണ്ടതുണ്ട്. ‘ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല. (17:82). അപ്രകാരം ധാരാളം പ്രാര്‍ത്ഥനകള്‍ തിരുമേനിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അവയും നാം നമ്മുടെ ചികില്‍സയുടെ ഭാഗമാക്കേണ്ടതുണ്ട്.

ചില പ്രാര്‍ത്ഥനകള്‍
ആരെങ്കിലും രോഗം ബാധിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്ത് തിരുമേനിയുടെ അടുക്കല്‍ വന്നാല്‍ അവിടുന്ന് ചൂണ്ടുവിരല്‍ മണ്ണില്‍ കുത്തി ഉയര്‍ത്തിയ ശേഷം പറയും.

بسم الله، تربة أرضنا، بريقة بعضنا، يشفى به سقيمنا، بإذن ربنا” – متفق عليه

(അല്ലാഹുവിന്റെ നാമത്തില്‍, നമ്മുടെ ഭൂമിയിലെ മണ്ണ്, നമ്മില്‍ ചിലരുടെ ഉമിനീര്, അതിലൂടെ നമ്മിലെ രോഗി യെ നമ്മുടെ നാഥന്റെ അനുമതിയാല്‍ സുഖപ്പെടുത്തുന്നു)

രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ തിരുമേനി വലതു കൈകൊണ്ട് രോഗിയെ തടവിയ ശേഷം പ്രാര്‍ത്ഥിക്കും.

اللهم رب الناس أذهب الباس، واشف، أنت الشافي لا شفاء إلا شفاؤك، شفاء لا يغادر سقما – متفق عليه

(ജനങ്ങളുടെ നാഥനായ അല്ലാഹുവേ, രോഗങ്ങള്‍ നീക്കിത്തരണം, ശമനം നല്‍കണം, നീയല്ലാതെ ശമനം നല്‍കുന്നവനില്ല, നിന്റെ ശമനമല്ലാതെ രോഗശമനവുമില്ല. ഒരു രോഗവും ബാക്കിയാക്കാത്ത ശമനം.)

ഉസ്മാന്‍ ബിന്‍ അല്‍-ആസ്വ്(റ) തന്റെ ശരീരത്തിലെ വേദനകളെക്കുറിച്ച് പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു. ശരീരത്തില്‍ വേദനയുള്ള ഭാഗത്ത് നിന്റെ കൈ വെക്കുക, എന്നിട്ട് മൂന്ന് പ്രാവശ്യം بسم الله (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറയുക, തുടര്‍ന്ന് ഏഴ് പ്രാവശ്യം നീ പറയണം.

أعوذ بعزة الله وقدرته من شر ما أجد وأحاذر – رواه مسلم

(ഇപ്പോള്‍ അനുഭവിക്കുന്നതും, അനുഭവപ്പെടുമെന്ന് ഞാന്‍ ആശങ്കിക്കുന്നതുമായ എല്ലാ വിപത്തുകളില്‍ നിന്നും ഞാന്‍ അല്ലാഹുവിന്റെ പ്രതാപത്തെയും ശക്തിയെയും മുന്‍നിര്‍ത്തി രക്ഷ തേടുന്നു.)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു. നബി(സ) കഷ്ടപ്പാടുകളുണ്ടാകുമ്പോള്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു.

لا إله إلا الله العظيم الحليم، لا إله إلا الله رب العرش العظيم، لا إله إلا الله رب السّموات وربّ الأرض وربّ العرش الكريم – متفق عليه

(മഹാനും വിവേകശാലിയുമായ അല്ലാഹുവല്ലാതെ ഇലാഹില്ല, മഹത്തായ സിംഹാസനത്തിനുടയവനല്ലാതെ ഇലാഹില്ല, ആകാശങ്ങളുടെ നാഥനായ, ഭൂമിയുടെ നാഥനായ, ആദരണീയമായ സിംഹാസനത്തിന്റെ നാഥനല്ലാതെ ഇലാഹില്ല.)

സഅ്ദ് ബിന്‍  അബീവഖാസ്(റ) പറയുന്നു. നബി(സ) പറഞ്ഞു. ദുന്നൂനിന്റെ (യൂനുസ് നബി) പ്രാര്‍ത്ഥന, അദ്ദേഹം മത്സ്യത്തിന്റെ വയറ്റില്‍ നിന്നും പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയായ

لا إله إلا انت سبحانك إني كنت من الظالمين

(നീയല്ലാതെ ഇലാഹില്ല, നീ പരിശുദ്ധന്‍, നിശ്ചയം ഞാന്‍ അക്രമികളില്‍പ്പെട്ടവനായിരിക്കുന്നു) എന്നത് ഒരു മുസ്‌ലിം ഏതെങ്കിലും കാര്യത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അവന് ഉത്തരം ലഭിക്കാതിരിക്കില്ല. (തിര്‍മുദി)
 
അതെ നാം അറിയുക അല്ലാഹു രോഗങ്ങളിലൂടെ നമ്മളെ പരീക്ഷിക്കുകയാണ്, നമ്മുടെ കൈകള്‍ പ്രാര്‍ത്ഥനാ നിരതമായി, വിനയാന്വിതമായി പ്രതീക്ഷയോടെ അവന്റെ നേരെ ഉയരുന്നുണ്ടോ എന്നറിയാന്‍. അതിനാല്‍ നാം കൈകളുയര്‍ത്തി കണ്ണീരൊഴുക്കി ദൈന്യത പ്രകടിപ്പിച്ച് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ പരിശ്രമിക്കുക. നമസ്‌കാരത്തിലൂടെ സഹായം തേടാനുള്ള കല്‍പന പാലിക്കുക, തിരുമേനി വല്ല കാര്യ ത്തിലും പ്രയാസം നേരിട്ടാല്‍ നമസ്‌കരിക്കാറായിരുന്നു പതിവ്. (അഹ്മദ്). നിരാശയില്‍ നിന്നും പിശാചില്‍ നിന്നും രക്ഷ തേടി പ്രതീക്ഷയോടെ അല്ലാഹുവിലേക്ക് മടങ്ങാനാകണം പരീക്ഷണങ്ങള്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. നാഥന്‍ അനുഗ്രഹിക്കട്ടെ.

Related Articles