Current Date

Search
Close this search box.
Search
Close this search box.

രഹസ്യമായ ഉണര്‍ത്തലാണ് ഉപദേശം

advice1.jpg

തന്റെ സഹോദരനെ തിരുത്താനോ അവന്റെ വീഴ്ചയെ ഇല്ലാതാക്കാനോ ഉദ്ദേശിക്കുമ്പോള്‍ അതിന്റെ പേരില്‍ അവനെ പൂര്‍ണമായി അപലപിക്കുകയോ അവനെതിരില്‍ വിധിപ്രസ്താവിക്കുകയോ ചെയ്യരുത്. മറിച്ച് അവന്റെ ഭാഗത്തുള്ള ന്യായങ്ങളും കാഴ്ചപ്പാടുകളും മനസ്സ് തുറന്നു കേള്‍ക്കാന്‍ നാം തയ്യാറാകണം. ബോധപൂര്‍വം തിന്മയിലേക്ക് പോകണമെന്ന് ആരും ആഗ്രഹിക്കുകയില്ല. സാഹചര്യത്തിന്റെ സമ്മര്‍ദ്ധവും താന്മനസ്സിലാക്കിയ തെറ്റായ അധ്യാപനങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കാത്തതുമെല്ലാം മാര്‍ഗഭ്രംശത്തിന് വഴിയൊരുക്കാം. അതിനാല്‍ തന്നെ അവനെ കുറിച്ചും അവന്‍ വളര്‍ന്ന സഹാചര്യത്തെ കുുറിച്ചും നല്ല പഠനം നടത്തി ഹൃദയം തൊട്ട് സംസാരിക്കാന്‍ നാം പരിശീലിക്കണം.

തന്റെ സഹോദരന്റെയടുത്ത് വീഴ്ച സംഭവിച്ചാല്‍ രഹസ്യമായി അവനെ ഉണര്‍ത്താനും ഉപദേശിക്കാനുമാണ് നാം തയ്യാറാകേണ്ടത്. ജനമധ്യത്തില്‍ നിന്നുള്ള ഉപദേശം അവഹേളനമായി മാറാനും പരസ്പരവിദ്വേഷത്തില്‍ കലാശിക്കാനുമാണ് സാധ്യത. പ്രവാചകന്‍ ചിലരുടെ തെറ്റായ സമീപനങ്ങളെ തിരുത്താനും അതിന്റെ ഗൗരവത്തെ കുറിച്ച് അനുയായികളെ ബോധ്യപ്പെടുത്താനും ഉദ്ദേശിക്കുമ്പോള്‍ അവരുടെ പേര്‍ പറയാതെയും ആരാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകാതെയും ഈ സമൂഹത്തിന്റെ അവസ്ഥ എന്താണ്? എന്ന രീതിയിലുള്ള പൊതുസംബോധനയാണ് സ്വീകരിച്ചിരുന്നത്. രഹസ്യമായ ഉണര്‍ത്തലാണ് ഉപദേശം. പരസ്യമായ ഉണര്‍ത്തലും അഭിപ്രായപ്രകടനങ്ങളും അവഹേളനവും തരംതാഴ്ത്തലുമാണെന്ന ഇമാം ശാഫിയുടെ നിരീക്ഷണം ശ്രദ്ദേയമാണ്.

ഉപദേശം വിപരീത ഫലം ചെയ്യുന്നതിനെ നാം കരുതിയിരിക്കണം. ഫിത്‌നയിലേക്കും അനൈക്യത്തിലേക്കും വഴിമാറുമെങ്കില്‍ അത്തരം ഉപദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സമൂഹത്തിന്റെ അവസ്ഥയും സാഹചര്യവും സന്ദര്‍ഭവും പ്രബോധകന് എപ്പോഴും പരിഗണിക്കണം. ആഇശ(റ) വിവരിക്കുന്നു. നബി(സ) പറഞ്ഞു. ഈ സമൂഹം സമീപകാലത്ത് ഇസ്‌ലാം ആശ്ലേഷിച്ചവരല്ലായിരുന്നെങ്കില്‍ ഇസ്മാഈല്‍ നബി പടുത്തുയര്‍ത്തിയ പ്രകാരം ഈ കഅ്ബയെ പുനര്‍നിര്‍മിക്കുമായിരുന്നു. ജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ ഒരു കവാടവും പുറത്തിറങ്ങാന് മറ്റൊരു കവാടവും നിര്‍മിക്കുമായിരുന്നു. (ബുഖാരി)

ഒരു തിന്മ തടയുന്നതു മൂലം അതിനേക്കാള്‍ വലിയ തിന്മ വ്യാപിക്കുന്നതിന് ഒരിക്കലും കാരണമാകരുത്. ഒരു നന്മ കൊണ്ടുവരുന്നതിനേക്കാള്‍ തിന്മ തടയുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് അടിസ്ഥാന തത്വം. ഈ അടിസ്ഥാനങ്ങളുടെ വെളിച്ചത്തില്‍ ഉപദേശം അനിവാര്യമാണെന്ന് തോന്നുന്ന സന്ദര്‍ഭത്തില്‍ അത് ഏറ്റവും യുക്തി ഭദ്രമായി നിര്‍വഹിക്കണം. നിങ്ങള്‍ യുക്തിദീക്ഷയോടെയും സദുപദേശത്തോടെയും പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നത് ഖുര്‍ആനികാധ്യപനമാണ്. തിന്മയെ ഏറ്റവും ഉത്തമമായ നന്മകൊണ്ട് നേരിടാന്‍ പ്രബോധകര്‍ക്ക് കഴിയണം. അപ്പോള്‍ കടുത്തശത്രുവിനെ പോലും മാറിച്ചിന്തിപ്പിക്കാനും തിരുത്താനും ഒരുവേള ഉറ്റമിത്രമാക്കിത്തീര്‍ക്കാനും സാധിക്കും. ഒരാള്‍ക്കും അരോചകമാകുന്ന രീതിയില്‍ പ്രവാചകന് ആരെയും അഭിമുഖീകരിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്.

തിന്മ തടയേണ്ടതല്ലെന്നോ അനീതിയോട് രാജിയാകണമെന്നോ ഇതില്‍ നിന്നും അര്‍ഥമാക്കരുത്. കാരണം ബനൂഇസ്രയേല്‍ സമൂഹത്തില്‍ ഒരനീതി നടമാടിയപ്പോള്‍ രണ്ടു നിലപാടുകള്‍ സ്വീകരിച്ചവരെ ഖുര്‍ആന് ശക്തമായി നിരൂപണം ചെയ്യുകയുണ്ടായി. ഒരു വിഭാഗം തിന്മ പ്രവര്‍ത്തിച്ചവരാണെങ്കില്‍ രണ്ടാമത്തെ വിഭാഗം ആ തിന്മയോട് നിസ്സംഗത പുലര്‍ത്തുകയും എന്തിനാണ് അല്ലാഹു വഴികേടിലാക്കിയ ഒരു വിഭാഗത്തിന്റെ കാര്യത്തില്‍ നാം ഇടപെടുന്നതെന്ന് ചോദിച്ചവരുമായിരുന്നു. അതിനാല്‍ യുക്തിഭദ്രമായും സദുപദേശത്തോടും കൂടി തെറ്റു തിരുത്താന് വിശ്വാസികള്‍ തയ്യാറാകണം.

Related Articles